Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കല്യാണം നടക്കാൻ ജോസഫ് അച്ചന്റെ 'മധ്യസ്ഥത'യിൽ കർത്താവുമായി ഉടമ്പടി വെക്കാൻ താൽപര്യമില്ലെന്ന് 27കാരി; കുടുംബശ്രീയിൽ നിന്നും കടമെടുത്ത 2000 രൂപയ്ക്ക് കൃപാസനം പത്രം വെഞ്ചരിപ്പിച്ച് വാങ്ങി മാതാവ്; അനുഗ്രഹം നാട്ടുകാർക്ക് പോകണ്ടെന്നു കരുതി പത്രം ദോശമാവിനൊപ്പം അരച്ച് മകൾക്ക് ഒരാഴ്‌ച്ച നൽകി; രുചി വ്യത്യാസം തോന്നിയപ്പോൾ പുത്തൻ എണ്ണയുടേതെന്ന് വാദം; ചൊറിച്ചിലും ചർദ്ദിയുമായി യുവതി അരൂക്കൂറ്റി ആശുപത്രിയിൽ കയറിയപ്പോൾ പുറത്ത് വന്നത് 'കൃപാസനത്തിന്റെ' ശക്തി അമ്മ പരീക്ഷിച്ച കഥ

കല്യാണം നടക്കാൻ ജോസഫ് അച്ചന്റെ 'മധ്യസ്ഥത'യിൽ കർത്താവുമായി ഉടമ്പടി വെക്കാൻ താൽപര്യമില്ലെന്ന് 27കാരി; കുടുംബശ്രീയിൽ നിന്നും കടമെടുത്ത 2000 രൂപയ്ക്ക് കൃപാസനം പത്രം വെഞ്ചരിപ്പിച്ച് വാങ്ങി മാതാവ്; അനുഗ്രഹം നാട്ടുകാർക്ക് പോകണ്ടെന്നു കരുതി പത്രം ദോശമാവിനൊപ്പം അരച്ച് മകൾക്ക് ഒരാഴ്‌ച്ച നൽകി; രുചി വ്യത്യാസം തോന്നിയപ്പോൾ പുത്തൻ എണ്ണയുടേതെന്ന് വാദം; ചൊറിച്ചിലും ചർദ്ദിയുമായി യുവതി അരൂക്കൂറ്റി ആശുപത്രിയിൽ കയറിയപ്പോൾ പുറത്ത് വന്നത് 'കൃപാസനത്തിന്റെ' ശക്തി അമ്മ പരീക്ഷിച്ച കഥ

മറുനാടൻ ഡെസ്‌ക്‌

ചേർത്തല: കൃപാസനം പത്രം കൊണ്ട് അനുഗ്രഹം നേടുന്നതിനായി സംഭവിച്ചിട്ടുള്ള വാർത്തകൾ പലതും പുറത്ത് വന്നെങ്കിലും കേൾവിക്കാരെ അമ്പരിപ്പിക്കുന്ന വാർത്തയാണ് ചേർത്തല തൃച്ചാറ്റുകുളത്ത് നിന്നും പുറത്ത് വരുന്നത്. 27കാരിയായ മകളുടെ വിവാഹം നീണ്ടു പോകുന്നതിൽ ആശങ്കപ്പെട്ട് മാതാവ് കാട്ടിക്കൂട്ടിയതിന്റെ ഫലം മകളുടെ ആരോഗ്യനിലയെ തന്നെയാണ് ബാധിച്ചത്. ക്രിസ്തീയ വിശ്വസിയാണെങ്കിലും മധ്യസ്ഥ പ്രാർത്ഥനയിലോ ധ്യാന ഗുരുക്കന്മാരിലോ പെൺകുട്ടിക്ക് തീർത്തും താൽപര്യമില്ലായിരുന്നു. ഇവർക്ക് പരിചയമുള്ള ജോസഫ് എന്ന അച്ഛന്റെ മധ്യസ്ഥതയിൽ പ്രാർത്ഥന നടത്താനും മറ്റും അമ്മ നിർബന്ധിച്ചിട്ടും പെൺകുട്ടി ഇതിനോട് ഒട്ടും താൽപര്യം കാണിച്ചിരുന്നില്ല.

എന്നാൽ മകളുടെ വിവാഹം നടക്കാനായി അമ്മ തന്നെ ഒടുവിൽ മധ്യസ്ഥത ഉടമ്പടി എടുത്തു. മാത്രമല്ല 2000 രൂപ കുടുംബശ്രീയിൽ നിന്നും കടം വാങ്ങി മാതാവ് കൃപാസനം പത്രം വെഞ്ചരിപ്പിച്ച് വാങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല ഇതിനു പിന്നാലെ അമ്മ ചെയ്തത് കേട്ട് അമ്പരന്നിരിക്കുകയാണ് ഏവരും. പത്രത്തിൽ ആവാഹിച്ചിരിക്കുന്ന അനുഗ്രഹം പുറത്ത് പോകാതിരിക്കുന്നതിനായി ഇത് വെള്ളത്തിലിട്ട് കുതിർക്കുകയും അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ദോശമാവിലും ചമ്മന്തിയിലും കലർത്തി നൽകുകയുമായിരുന്നു.

മകളുടെ വിവാഹം വൈകിയത് എന്തൊക്കെയോ പൈശാചിക ബന്ധനകളുടെ ഫലമായിട്ടാണെന്നും എന്നാൽ ആ കെട്ടുകളെല്ലാം ആദ്യം ഉടമ്പടിവെച്ച് പ്രാർത്ഥിച്ച ദിവസം തന്നെ ജോസഫ് അച്ചൻ അഴിച്ചെന്നും അവരെ വിശ്വസിപ്പിച്ച് കൃപാസനം പത്രം വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു. 2000 രൂപയുടെ കൃപാസനം പത്രം അവർക്ക് വെഞ്ചരിച്ചു നൽകി.അച്ചന്റെ പ്രാർത്ഥനയുടെ ശക്തിമുഴുവൻ ആവാഹിച്ച് നൽകിയ കൃപാസനത്തിലെ വചനങ്ങൾക്ക് ശക്തിയുണ്ടെന്നും അത് ചുളുവിൽ അങ്ങനെ അയൽവാസികൾക്ക് കൊടുക്കണ്ട എന്ന് തീരുമാനിച്ച 'അമ്മ അതു മുഴുവൻ അരച്ച് മകൾക്ക് തന്നെ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടു ദിവസമായി ശരീരത്തിൽ ചൊറിച്ചിലും മനംപുരട്ടലുമൊക്കെ അനുഭവപ്പെട്ട പെൺകുട്ടി ശാരീരിക അസ്വസ്ഥത വർധിച്ചതോടെ ആദ്യം അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേർത്തല ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് ഫുഡ് പോയ്‌സൺ ആണ് ചൊറിച്ചിലിനും ഛർദ്ദിക്കും കാരണമെന്ന് മനസിലാക്കിയത്. രണ്ടു ദിവസമായി ഭക്ഷണത്തിൽ രുചിവ്യത്യാസം അനുഭവപ്പെടുന്നത് മകൾ ചോദിച്ചിരുന്നെങ്കിലും അമ്മ അപ്പോഴെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈകോയിൽനിന്ന് കിട്ടുന്ന സൂര്യകാന്തി എണ്ണയാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണെന്നും അതിന് വെളിച്ചെണ്ണയുടെ പകുതി വിലയേ ഉള്ളൂ എന്നും പറഞ്ഞു നുണപറയുകയായിരുന്നു.

മകൾ ആശുപത്രിയിലാകുകയും ഫുഡ് പോയിസൺ ആണെന്ന് ഡോക്റ്റർ കണ്ടുപിടിക്കുകയും ചെയ്തതോടെ അവസാനം അമ്മ സത്യം തുറന്നുപറയുകയായിരുന്നു. ആശുപത്രി വിട്ടശേഷം Drugs and Magic Remedies Act, 1954 പ്രകാരം താൻ പരാതി നൽകുമെന്ന് യുവതി പറഞ്ഞു. എന്നാൽ കേസടുത്തലും ഇത് അറിവില്ലാത്തവരെങ്കിൽ അഭിഭാഷകർക്ക് അവരെപറ്റിച്ച് കുറച്ച് പൈസ ഉണ്ടാക്കാൻ ഒരുവഴിയൊരുക്കാം എന്നല്ലാതെ കുറ്റം സമ്മതിച്ചാൽ കേവലം കുറ്റം 500 രൂപ പിഴയടച്ച് സുഖമായി ഇറങ്ങിപ്പോയി വീണ്ടും തട്ടിപ്പ് തുടരാവുന്ന ഒരു അവസ്ഥയാണ് ഉള്ളത്.

നൈഷ്ടീകം സംരക്ഷിക്കാൻ പാർലമെന്റിലും നിയമസഭയിലുമൊക്കെ ബില്ലുകൊണ്ടുവരാൻ ശ്രമിച്ചവർ ആരും ഈ നിയമം ഭേദഗതി ചെയ്യാനോ പരിഷ്‌കരിക്കാനോ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാനോ സന്നദ്ധരുമല്ല എന്നതാണ് വസ്തുത. അന്ധവിശ്വാസ തട്ടിപ്പിൽ താത്പര്യമില്ലാത്ത മക്കളും ഇത്തരത്തിൽ ഭീഷണിനേരിടുകയാണ് ഈ തട്ടിപ്പുകേന്ദ്രം മൂലം ആലപ്പുഴയിൽ ഇത്തരം ഒരു തട്ടിപ്പുകേന്ദ്രത്തിന് ആണ് കഴിഞ്ഞ ബഡ്ജറ്റിൽ വകകൊള്ളിച്ച് 25 ലക്ഷം കേരള സർക്കാർ അനുവദിച്ചത് എന്നതും വിചിത്രമാണ്.

ഇതിനിടെയാണ് കൃപാസനം പത്രത്തിന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ നടന്നുവന്ന വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരുന്നത്. തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശാരദക്കുട്ടിയുടെ വിമർശനം. കൃപാസനം പത്രത്തിൽ കൊണ്ട് പൊതിഞ്ഞാൽ കാര്യങ്ങൾ എല്ലാം ഫലിക്കുമെന്ന അന്ധവിശ്വാസത്തേയാണ് ശാരദക്കുട്ടി ചോദ്യം ചെയ്യുന്നത്. ആലപ്പുഴ യാത്രയിൽ കൃപാസനം എന്ന ആത്മീയ കേന്ദ്രത്തിന് അടുത്ത് കൂടി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളെ കുറിച്ചാണ് അവർ ഫേസ്‌ബുക്കിൽ കുറിച്ചത്. ചില മുന്നറിയിപ്പുകളും അവർ പങ്കുവെയ്ക്കുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കായ്ഫലമുണ്ടാകാൻ കൃപാസനം പത്രം പൊതിഞ്ഞ മാവുകൾ, തെങ്ങുകൾ. പാൽ കൂടുതൽ ലഭിക്കാൻ കൃപാസനം പൊതിഞ്ഞ അകിടുമായി പശുക്കൾ. കൃപാസനം പത്രത്തിലിരുന്ന് ളയ പോസ്റ്റിട്ടയാളിന് നിമിഷങ്ങൾ കൊണ്ട് 10 k ലൈക് കിട്ടിയത്രേ ! ആലപ്പുഴ കലവൂർ റോഡിൽ കൂടി ഇന്നലെ പോയി.ഇപ്പോൾ അവിടെ കൃപാസനം ബസ് സ്റ്റോപ്പായി. കൃപാസനം വെയ്റ്റിങ് ഷെഡായി. ആ സ്റ്റോപ്പിലെത്തുമ്പോൾ ബസ്സുകൾ തിരക്കൊഴിഞ്ഞ് കാലിയാകുന്നു. അതൊരു വലിയ മാനസികരോഗ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഓർക്കണം, ആലപ്പുഴയാണ്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നാടാണ്. പുരോഗമന സാഹിത്യ പ്രസ്ഥാന നായകരെ വളർത്തിയെടുത്ത നാടാണ്.

എന്തൊക്കെ ബാഹ്യ ശൈഥില്യങ്ങളുണ്ടാകുമ്പോഴും അകമേ ഭദ്രമായ ഒരു ലോകം സ്വപ്നം കണ്ടു ശീലിച്ച തൊഴിലാളി വർഗ്ഗത്തിന്റെ മണ്ണാണ്. പല തരം മടുപ്പുകളിൽ പെട്ട നിസ്സഹായരായ മനുഷ്യരെ വിശ്വാസവള്ളിയിൽ കെട്ടി വലിക്കുന്ന മറ്റൊരു പ്രസ്ഥാനം കൂടി വളരെപ്പെട്ടെന്നു തഴയ്ക്കുകയാണ്. നിത്യ വേദനയിൽ പെടുന്ന സാധുക്കളുടെ വേദനകളിൽ മാന്തി മാന്തി അതൊരു വലിയ പ്രസ്ഥാനമാകും. പോട്ട പോലെ, വള്ളിക്കാവു പോലെ.പിന്നെല്ലാരും അവിടെയെന്തു നടന്നാലും തൊടാൻ ഭയക്കും. ചണ്ഡരൂപിയായി അതു വളരുമ്പോൾ ഹീനമായ വിധേയത്വത്തിനു വഴങ്ങി, കൃപാസനം പത്രത്തിലിരുന്നു വോട്ടു ചോദിക്കാൻ വരെ വിപ്ലവ സിംഹങ്ങൾ തയ്യാറാകും.

ഭയാനകമായ അത്തരം ഒരവസ്ഥയിലേക്ക് എത്തുന്നതു വരെ ട്രോളാനും ചിരിക്കാനുമുള്ള വിഷയം മാത്രം.മാനുഷികമായ സ്വച്ഛതകളിൽ നിന്ന്, സ്വാതന്ത്ര്യത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ഇത്തരം കുരുപ്പുകളെ മുളയിലേ നുള്ളിക്കളയേണ്ടതെങ്ങനെയാണ്? ചരിത്ര ജ്ഞാനവും സാമൂഹിക ബോധവും യുക്തിചിന്തയുമുള്ളവർ, ഈയാംപാറ്റകൾ പോലെ അഗ്‌നിയിലേക്കു പായുന്ന സാധുക്കളെ കുറിച്ചു ഗൗരവമായി ചിന്തിക്കുകയും വേണ്ട രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും ചെയ്‌തെങ്കിൽ.

വെളിച്ചങ്ങൾ ഒന്നൊന്നായി കെട്ടു പോവുകയാണ്. അവശേഷിക്കുന്ന ഒരിറ്റു വെ ളിച്ചവും കൂടി അണയുന്നതു വരെ നമ്മൾ കണ്ണുപൊത്തിയിരിക്കരുത്. ശാന്തിവനങ്ങൾ ഒന്നാകെ കത്തിയമരുന്നതു വരെ കണ്ണു പൊത്തിയിരിക്കരുത്. കെട്ട ദീപങ്ങളെ ജ്വലിപ്പിച്ചെടുക്കേണ്ടത് ആരുടെ വിധിയാണ്? പ്രതിരോധ ക്രിയകളിലൂടെ ഇതിനെയെല്ലാം ചെറുക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം സർക്കാരിനുണ്ട്.

എസ്.ശാരദക്കുട്ടി
19.5.2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP