Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിംഷീദ് റഹ്മാനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിപരം; കസറോൾ റെസ്റ്റോറന്റ് പൂട്ടിയത് നഷ്ടമായതിനാൽ; ഫ്രീതിങ്കേഴ്‌സുമായി ബന്ധപ്പെട്ട തട്ടിപ്പ് ആക്ഷേപങ്ങൾക്ക് വിശദീകരണവുമായി സന്തോഷ് പാലത്തിങ്കൽ

നിംഷീദ് റഹ്മാനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിപരം; കസറോൾ റെസ്റ്റോറന്റ് പൂട്ടിയത് നഷ്ടമായതിനാൽ; ഫ്രീതിങ്കേഴ്‌സുമായി ബന്ധപ്പെട്ട തട്ടിപ്പ് ആക്ഷേപങ്ങൾക്ക് വിശദീകരണവുമായി സന്തോഷ് പാലത്തിങ്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട്ടെ കാസറോൾ റെസ്‌റ്റോറന്റിന് ഫെയ്‌സ് ബുക്കിലെ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരണം. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിന്റേതായിരുന്നില്ല ഈ ഹോട്ടൽ. നടത്തിക്കൊണ്ട് പോകാൻ ആവാത്തവണ്ണം നഷ്ടമായതിനാണ് റെസ്‌റ്റോറന്റ് പൂട്ടിയത്. ഈ കൂട്ടായ്മയുടെ ഭാഗമായി തുടങ്ങിയ കമ്പനി ഇപ്പോഴും നിലവിലുണ്ട്. കമ്പനിയിലെ എല്ലാ പേർക്കും ഷെയർ സർട്ടിഫിക്കറ്റ് നൽകും. സാങ്കേതിക കാരണങ്ങളാലാണ് ഇതിന് താമസം വരുന്നതെന്നും കാസറോൾ ഹോട്ടൽ നടത്തിപ്പിലെ മുഖ്യ പങ്കാളിയായ സന്തോഷ് പാലത്തിങ്കൽ വ്യക്തമാക്കി. ഹോട്ടൽ തുടങ്ങാൻ സന്തോഷിനൊപ്പം മുൻനിരയിലുണ്ടായിരുന്ന നംഷീദ് റഹ്മാനെതിരെ ഉയരുന്ന പരാതികൾ തീർത്തും വ്യക്തിപരമാണ്. അതിന് കാസറോളുമായി ബന്ധമില്ലെന്നും സന്തോഷ് പറയുന്നു.

ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ അംഗങ്ങളായിരുന്ന സന്തോഷ് പാലത്തിങ്കലും, നംഷീദ് റഹ്മാനുമാണ് ബിസിനസ് ആശയം ഗ്രൂപ്പിൽ പങ്കുവച്ചതും തുടർന്ന് പണം സ്വരൂപിച്ച് ഹോട്ടൽ നടത്തിപ്പുകാരുടെ ചുമതല ഏറ്റെടുത്തതും. ഈ സാഹചര്യത്തിൽ ഹോട്ടൽ പൂട്ടിയതോടെ പല സംശയങ്ങളും ഉയർന്നു. സോഷ്യൽ മീഡിയ ഇക്കാര്യം ഗൗരവത്തോടെ ചർച്ച ചെയ്തു. ഇവർക്ക് പണം നൽകിയ പലരും ആക്ഷേപവുമായി രംഗത്ത് വന്നു. നംഷീദ് റഹ്മാനെതിരെ സ്ത്രീകളും പരാതിയുമായി ചർച്ചകളിലെത്തി. ഇവ മറുനാടൻ മലയാളി കഴിഞ്ഞ ദിവസം വിശദമായി വാർത്തയാക്കി. ഇതോടെയാണ് വിശദീകരണവുമായി സന്തോഷ് രംഗത്ത് വന്നത്. നംഷീദിനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിപരമാണ്. അതിന് ബിസിനസ്സുമായി കൂട്ടിക്കുഴയ്ക്കരുതെന്നും സന്തോഷ് ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ഫേസ്‌ബുക്ക് ഗ്രൂപ്പായ ഫ്രീ തിങ്കേഴ്‌സ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പു നടന്നുവെന്നാണ് ആക്ഷേപം അടിസ്ഥാന രഹിതമാണെന്നാണ് സന്തോഷിന്റെ നിലപാട്. താനും സുഹൃത്തുക്കളും ചേർന്നാണ് കമ്പനിയുണ്ടാക്കിയത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ പ്രവർത്തകരായിരുന്നു ഞങ്ങൾ. അതുവഴിയുള്ള സുഹൃത്തുക്കളും ഇതിൽ പങ്കാളിയാണ്. ഫെയ്‌സ് ബുക്ക് ഗ്രൂപ്പിനെ തട്ടിപ്പിനായി ഉപയോഗിച്ചിട്ടില്ല. ഫ്രീതിങ്കേഴ്‌സുകാർ മാത്രമല്ല ഈ കമ്പനിയിൽ ഓഹരി എടുത്തത്. നഷ്ടം സംഭവിച്ചതിനാൽ ഹോട്ടൽ നിറുത്തി. കൂടുതൽ ധനനഷ്ടം ഉണ്ടാകാതിരിക്കാനായിരുന്നു അത്. അല്ലാതെ ആരേയും പറ്റിക്കുക ഞങ്ങളുടെ ലക്ഷ്യമല്ലെന്നും മറുനാടൻ മലയാളിയോട് സന്തോഷ് പാലത്തിങ്കൽ വിശദീകരിച്ചു.

എരുമേലി സ്വദേശിയായ താൻ ഗൾഫിയിൽ ജോലി ചെയ്ത വ്യക്തിയാണ്. കേരളത്തിലുടനീളമുള്ള സുഹൃത്തുക്കൾ കാസറോൾ റെസ്‌റ്റോറന്റ് തുടങ്ങനായി പണം മുടക്കി. ആരേയും പറ്റിക്കുക ലക്ഷ്യമില്ല. കോഴിക്കോട് കാസറോൾ തുടങ്ങിയപ്പോൾ നല്ല ലാഭമായിരുന്നു. അന്ന് കാര്യമായ എതിരാളികൾ ഹോട്ടൽ നടത്തിപ്പിൽ ആ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ വളർച്ച കണ്ട് വമ്പൻ കമ്പനികൾ ഈ സ്ഥലത്ത് ഹോട്ടൽ തുടങ്ങി. ഇതോടെ കച്ചവടം കുറഞ്ഞു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ ഹോട്ടൽ പൂട്ടുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. അല്ലാതെ ആളുകളുടെ പണവുമായി തട്ടിപ്പ് നടത്തി ഒളിവിൽ പോയെന്നത് ശരിയല്ല. പണം മുടക്കിയ എല്ലാവരുടേയും ബുദ്ധിമുട്ടുകളും പ്രയാസവും അറിയാം. അതനുസരിച്ചുള്ള നടപടികൾ ചെയ്യുകയാണെന്നും സന്തോഷ് പറയുന്നു.

ക്‌സറോൾ ഹോട്ടൽ നടത്തിപ്പിനായി കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും നിലവിലുണ്ട്. അടുത്ത് തന്നെ ഡയറക്ടർ ബോർഡ് യോഗം ചേരും. അതിന് ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കും. കമ്പനിയുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യമെന്നും വ്യക്തമാക്കി. പലർക്കും ഷെയർ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന ആശങ്കകളോടും സന്തോഷ് പ്രതികരിച്ചു. കമ്പനി രജിസ്ട്രാറുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് കാരണം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നംഷീദ് റഹ്മാൻ അടക്കമുള്ള എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. ആരും ഒളിവിലല്ല. നഷ്ടത്തിന്റെ പേരിൽ ഹോട്ടൽ പൂട്ടിയെന്നത് കാര്യമാക്കരുത്. അടുത്ത ഡയറക്ടർ ബോർഡ് യോഗം തന്നെ ഭാവി പരിപാടികളിൽ വ്യക്തത വരുത്തുമെന്നും സന്തോഷ് വിശദീകരിച്ചു.

ഫ്രീ തിങ്കേഴ്‌സ് . ഗ്രൂപ്പിലെ സജീവ അംഗങ്ങളിൽ നിന്നും പണം പിരിച്ച് ഹോട്ടൽ തുടങ്ങുകയും ഈ ഹോട്ടൽ പിന്നീട് അടച്ചുപൂട്ടുകയും ചെയ്തതോടെയാണ് തട്ടിപ്പു നടന്നെന്ന വിധത്തിൽ ആരോപണം ഉയർന്നത്. തട്ടിപ്പിന് ഇരയായവർ ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ തന്നെ ആക്ഷേപങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. മലയാളത്തിൽ പുരോഗമന ചിന്തകളും ചർച്ചകളും നടത്തുന്ന ഗ്രൂപ്പാണ് ഫ്രീ തിങ്കേഴ്‌സ്. യുക്തിവാദികൾ അടക്കമുള്ള നിരവധി പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ലോകം മുഴുവൻ ചർച്ച ചെയ്ത കിസ് ഓഫ് ലവ് പരിപാടിയുടെ അമരക്കാരായി നിന്നതും ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഹോട്ടൽ കാസറോൾ ആരംഭിച്ച് മാസങ്ങൾക്കകം അടച്ചു പൂട്ടുകയും നടത്തിപ്പുകാർ ഒളിവിൽ പോവുകയും ചെയ്തു എന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.

പലരും പണം മുടക്കിയത് മതിയായ രേഖകൾ ഇല്ലാതെയായിരുന്നു. നിക്ഷേപിച്ച തുകയ്ക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഇതുവരെയും ലഭിക്കാത്തതിനാൽ നിയമപരമായി പോലും നീങ്ങാൻ കഴിയാത്തവിധം വഴിമുട്ടി നിൽക്കുകയാണ് പലരുമെന്നും ചർച്ചകളെത്തി. വിശ്വാസത്തിന്റെ പുറത്ത് കിട്ടിയ പണത്തോടൊല്ലാം തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സന്തോഷ് വിശദീകരിക്കുന്നത്. 70 ലക്ഷം രൂപ മുടക്കിയെന്നും പിരിച്ചെടുത്തുവെന്നും പറയുന്നത് ശരിയല്ല. ഏതാണ്ട് 40 ലക്ഷം രൂപയോളം മാത്രമേ ഹോട്ടലിന് വേണ്ടി പിരിച്ചെടുത്തുള്ളൂ എന്നാണ് വിശദീകരണം.

ഇതിനുപുറമേ നടത്തിപ്പുകാരിൽ ഒരാൾ പ്രണയം നടിച്ചു ചില യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും പണം തട്ടി എടുത്തെന്നാണ് ഇവർക്കെതിരായ മറ്റൊരു ആക്ഷേപം. പലരും മാനഹാനി ഭയന്ന് പരസ്യമായി രംഗത്തെത്തുന്നില്ല എന്നു മാത്രം. എന്നാൽ, ഇവർ പലരോടും തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. പദ്ധതിയുടെ മുഖ്യ സൂത്രധാരനായ നംഷീദ് റഹ്മാൻ ഉദ്ദേശിച്ചുള്ള വിമർശനങ്ങളായിരുന്നു ഇവയെന്നാണ് മനസ്സിലായത്. എന്നാൽ ഈ ആക്ഷേപങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സന്തോഷ് പറയുന്നത്. ബിസിനസും ഈ ആക്ഷേപങ്ങളും തമ്മിൽ ബന്ധമില്ല. അതൊക്കെ നംഷീദിന്റെ വ്യക്തിപരമായ വിഷയങ്ങളാണെന്നും സന്തോഷ് പ്രതികരിച്ചു.

നംഷീദ് മേന്മുണ്ട എന്ന സ്ഥലത്ത് 20 ലക്ഷം മുടക്കി ഈയിടെ സ്ഥലം വാങ്ങിയെന്നും അറിയുന്നു. ഇത് തട്ടിപ്പുപണം ഉപയോഗിച്ചാണെന്നും ആക്ഷേപമുണ്ട്. ബഹ്‌റൈനിൽ ജോലി നോക്കിയിരുന്ന ഇയാൾ അവിടെ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയെുന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹോട്ടൽ നടത്തി പണം പിരിച്ച ഇവർ വടകരയിൽ ഒളിവിൽ കഴിയുന്നു എന്നായിരുന്നു ഫെയ്‌സ് ബുക്കിലെ വിമർശനങ്ങൾ. എന്നാൽ നംഷീദ് ഒളിവിലാണെന്ന് പറയുന്നത് ശരിയല്ലെന്ന് സന്തോഷ് പറഞ്ഞു. കാസറോൾ ഹോട്ടലിന് വേണ്ടിയുണ്ടാക്കിയ കമ്പനിക്കായി ആരിൽ നിന്നും പണം തട്ടിയിട്ടില്ല. നിയമപരമായി മാത്രമാണ് എല്ലാം ചെയ്തതെന്നാണ് സന്തോഷിന്റെ നിലപാട്.

2014 ജൂലൈ മാസത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ മെമ്പർമാരായ നൂറോളം പേരിൽ നിന്നും പണം പിരിച്ചായിരുന്നു ഹോട്ടൽ തുടങ്ങിയത്. എന്നാൽ ഹോട്ടൽ ബിസിനസ് വിജയകരമല്ലെന്ന് കണ്ടതോടെ ഈ വർഷം ഫെബ്രുവരി 14 സ്ഥാപനത്തിന് താഴ് വീഴുകയും ചെയ്തു. പദ്ധതിയുടെ മുഖ്യസൂത്രധാരനായ നംഷീദ് തട്ടിപ്പു നടത്തിയെന്ന ആരോപണം ഉന്നയിച്ച് ചിലർ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. നംഷീദ് തന്നെ പ്രണയം നടിച്ചു പല യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും തട്ടിയെന്ന വിധത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP