Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും എല്ലാ മാസവും പണം വന്നുമറിഞ്ഞ് ജയലളിതയുടെ ബാങ്ക് അക്കൗണ്ടുകൾ; കോടനാട് ഉൾപ്പെടെയുള്ള ആസ്തികളിലെ വരുമാനം വന്നു നിറയുമ്പോൾ പെരുകി നികുതി കുടിശ്ശികയും; പുരട്ചി തലൈവിയുടെ പോയ്‌സ് ഗാർഡനിലെ വേദനിലയംപോലും 2007ൽ തന്നെ നികുതി കുടിശ്ശികയ്ക്ക് അറ്റാച്ച് ചെയ്‌തെന്ന് ഐടി വകുപ്പ്; കോടനാട് എസ്‌റ്റേറ്റ് കവർച്ചയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്ക് എതിരെപ്പോലും ആരോപണം നീളുമ്പോൾ ഉയരുന്നത് ജയയുടെ ശതകോടികളുടെ സ്വത്ത് ആരുടെ പക്കലെന്ന ചോദ്യം

മരിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും എല്ലാ മാസവും പണം വന്നുമറിഞ്ഞ് ജയലളിതയുടെ ബാങ്ക് അക്കൗണ്ടുകൾ; കോടനാട് ഉൾപ്പെടെയുള്ള ആസ്തികളിലെ വരുമാനം വന്നു നിറയുമ്പോൾ പെരുകി നികുതി കുടിശ്ശികയും; പുരട്ചി തലൈവിയുടെ പോയ്‌സ് ഗാർഡനിലെ വേദനിലയംപോലും 2007ൽ തന്നെ നികുതി കുടിശ്ശികയ്ക്ക് അറ്റാച്ച് ചെയ്‌തെന്ന് ഐടി വകുപ്പ്; കോടനാട് എസ്‌റ്റേറ്റ് കവർച്ചയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്ക് എതിരെപ്പോലും ആരോപണം നീളുമ്പോൾ ഉയരുന്നത് ജയയുടെ ശതകോടികളുടെ സ്വത്ത് ആരുടെ പക്കലെന്ന ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരാവകാശി ആര്. അവിവാഹിതയായ, മക്കളില്ലാത്ത ജയലളിത ആരുടെ പേരിലാണ് തന്റെ സഹസ്രകോടികൾ മതിക്കുന്ന സ്വത്ത് എഴുതിവച്ചിട്ടുള്ളത്? തമിഴ്‌നാടിന്റെ അമ്മയായി വിലസിയ, കോടികളുടെ ആസ്തിയുള്ള മുഖ്യമന്ത്രി മരിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. എന്നാൽ അവരുടെ സ്വത്തുക്കൾ ആരൊക്കെയോ വിദഗ്ധമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിന് തെളിവായി നിൽക്കുന്നത് അവരുടെ ബാങ്ക് അക്കൗണ്ടുകളാണ്. ഏറെ വിവാദങ്ങളും ദുരൂഹതകളും ചൂഴ്ന്നുനിൽക്കുന്ന കോടനാട് എസ്‌റ്റേറ്റിൽ നിന്നുൾപ്പെടെയുള്ള വരുമാനം ജയലളിത മരിച്ച് രണ്ടുവർഷങ്ങൾക്ക് ശേഷവും അവരുടെ അക്കൗണ്ടിൽ എത്തുന്നതായി ഇൻകംടാക്‌സ് വകുപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ ആരാണ് ജയലളിതയുടെ സ്വത്തുക്കൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്ന ചോദ്യവും സജീവമായിരിക്കുകയാണ്.

കൃത്യമായി ടാക്‌സ് അടയ്ക്കാത്തതിനാൽ 2007 മുതൽ തന്നെ ജയലളിത താമസിച്ചുവന്നിരുന്ന പോയ്‌സ് ഗാർഡനിലെ വസതിയായ വേദനിലയം 2007 മുതലേ ഐ ടി ഡിപ്പാർട്ട്‌മെന്റ് അറ്റാച്ച് ചെയ്തിരിക്കുകയാണ്. പതിനാറ് കോടിയാണ് അവരുടെ നികുതി കുടിശ്ശിക. എന്നാൽ ഇത്രയും കുടിശ്ശികയുണ്ടെങ്കിലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക ഇപ്പോഴും പണം ഒഴുകുകയാണ്. വിവിധ റസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളുടെ വാടകയായും കോടനാട് എസ്‌റ്റേറ്റുൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പണമാണ് അക്കൗണ്ടുകളിലേക്ക് എത്തുന്നത്. എല്ലാമാസവും പണം കൃത്യമായി എത്തുന്നുണ്ടെന്നും ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ വരുമാനം വരുന്നുണ്ടെങ്കിലും നികുതി കൃത്യമായി അടയ്ക്കാത്തതിനാൽ മുൻ കുടിശ്ശികയ്‌ക്കൊപ്പം വീണ്ടും നികുതി ബാധ്യത കൂടിക്കൊണ്ടിരിക്കുകയുമാണ്. 2016 ഡിസംബർ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം. അതിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങൾ നടക്കുകയും ആരാണ് ജയയുടെ അനന്തരാവകാശിയെന്ന തർക്കങ്ങൾ സജീവമാകുകയും ചെയ്തു. അതേസമയം, സഹസ്രകോടികൾ തന്നെ ആസ്തിയുണ്ടെന്ന് കരുതപ്പെടുന്ന ജയലളിതയുടെ നികുതി കുടിശ്ശിക അടച്ചുതീർക്കാനോ തുടർന്നും ലഭ്യമാകുന്ന വരുമാനത്തിന്റെ നികുതി അടയ്ക്കാനോ ആരും മുന്നോട്ടുവന്നതുമില്ല. ഇതോടെ ജയയുടെ നാല് വസ്തുവകകൾ ഇതിനകം ഇൻകംടാക്‌സ് വകുപ്പ് അറ്റാച്ച് ചെയ്തു കഴിഞ്ഞു. ഇവയുടെ കാര്യത്തിൽ ഇനി വസ്തു ഇടപാട് പാടില്ലെന്ന് ബന്ധപ്പെട്ട സബ് രജിസ്ട്രാർമാരെയും അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കുടിശ്ശിക അടച്ചുതീർക്കാതെ ഈ വസ്തുവകകൾ കൈമാറ്റം ചെയ്യാൻ ആർക്കും കഴിയില്ല.

അതേസമയം, ജയലളിത ജീവിച്ചിരിക്കുമ്പോൾ തന്നെ അറ്റാച്ച് ചെയ്ത വസ്തുവകകൾ റിലീസ് ചെയ്ത് കിട്ടാൻ നികുതി കുടിശ്ശിക ഉടൻ അടച്ചുതീർക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നതായി ഐ ടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പക്ഷേ, അവർ അതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. പോയ്‌സ് ഗാർഡനിലുള്ള വേദനിലയത്തിനുപുറമെ അണ്ണാശാലൈയിലെ പാർസൺ മാനറിൽ ഗ്രൗണ്ട് ഫ്‌ളോറിലുള്ള എട്ടാം നമ്പർ അപ്പാർട്ട്‌മെന്റ്, മന്ദവേലി സെന്റ് മേരീസ് റോഡിലെ വസ്തു, ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ ശ്രീനഗർ കോളനിയിലുള്ള വസ്തു എന്നിവയെല്ലാം 2007ന് മുമ്പുതന്നെ നികുതി കുടിശ്ശികയുടെ പേരിൽ അറ്റാച്ച് ചെയ്യപ്പെട്ടിരുന്നു.

ഏതായാലും ഇതുസംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതിയിലാണിപ്പോൾ. വേദനിലയം അറ്റാച്ച് ചെയ്യുന്നതുൾപ്പെടെയുള്ള വിഷയത്തിൽ ഒരു പൊതു താൽപര്യ ഹർജി സോഷ്യൽ ആക്റ്റിവിസ്റ്റായ കെആർ ട്രാഫിക് രാമസ്വാമി നൽകിയിട്ടുണ്ട്. പോയ്‌സ് ഗാർഡനിലെ വസതി സർക്കാർ ഏറ്റെടുത്ത് ജയയുടെ സ്മാരകമായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇത്.

കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ

അനന്തരാവകാശികളോ അടുത്ത് ഇടപഴകുന്ന ബന്ധുക്കളോ ഇല്ലായിരുന്നു കോടികൾ ആസ്തിയുള്ള ജയലളിതയ്ക്ക്. ഉറ്റതോഴി ശശികലയായിരുന്നു മനസ്സാക്ഷി സൂക്ഷിപ്പുകാരി. സ്വത്തുകൾ നോക്കി നടത്തിയിരുന്നതാകട്ടെ ശശികലയുടെ ഭർത്താവ് എം. നടരാജന്റെ നേതൃത്വത്തിലും. ശശികലയുടെ ബന്ധുക്കൾ ഉൾപ്പെട്ട 'മന്നാർഗുഡി മാഫിയ'യുടെ പൂർണ നിയന്ത്രണത്തിലായിരുന്നു ജയലളിതയുടെ സ്വത്ത് കൈകാര്യം. എന്നാൽ ജയയ്ക്കു ശേഷം തമിഴ്‌നാടിന്റെ അധികാരവും അണ്ണാ ഡിഎംകെയുടെ നേതൃത്വവും ശശികലയിലേക്ക് എത്തുമെന്നായിരുന്നു പരക്കെ ധാരണ. പക്ഷേ, അത് തെറ്റി. പകരം ശശികലയേയും ദിനകരനേയും ഒക്കെ വെട്ടി പളനിസ്വാമിയും പന്നീർ ശെൽവവും എഐഎഡിഎംകെയുടെ അധികാരം കയ്യാളി. അതോടൊപ്പം അനധികൃത സ്വത്തുകേസിൽ ശശികല ജയിലിലുമായി.

ഇത്തരത്തിൽ രാഷ്ട്രീയ രംഗത്ത് ശശികലയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ അവരുടേയും ബന്ധുക്കളുടേയും കൈവശം തന്നെയെന്നും അവ കൈകാര്യം ചെയ്യുന്നത് മന്നാർ ഗുഡി മാഫിയ തന്നെയെന്നുമായിരുന്നു സൂചനകൾ. അതിനിടെയാണ് ജയയുടെ കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് കൊലപാതകവും അതിന് പിന്നാലെ പ്രതികളുടെ ദുരൂഹ മരണവും ഉൾപ്പെടെ ഉണ്ടായത്. ഇതോടെ ജയയുടെ ആസ്തിയുമായി ബന്ധപ്പെട്ട രേഖകൾ അതീവരഹസ്യമായി കോടനാട് എസ്‌റ്റേറ്റിൽ നിന്ന് കടത്തിയെന്ന നിലയിൽ ആരോപണവും വന്നു. ഏറ്റവും ഒടുവിൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിവരെ എത്തുകയും തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ പങ്ക് വരെ ചർച്ചയാവുകയും ചെയ്തു. ഇത്തരത്തിൽ ജയയുടെ സ്വത്ത് സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെയാണ് ഇൻകംടാക്‌സ് വിഷയത്തിൽ ജയക്ക് കോടികളുടെ ബാധ്യതയുണ്ടെന്ന വിവരവും ചർച്ചയാവുന്നത്.

കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് പളനിസാമിക്ക് വേണ്ടിയെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയൻ രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് അടുത്തിടെ പുതിയ മാനം നൽകിയത്. അഞ്ചു കോടി രൂപയ്ക്കാണ് കവർച്ചയ്ക്കുള്ള ക്വട്ടേഷൻ നൽകിയതെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സയൻ പറഞ്ഞു. എടപ്പാടി പളനിസാമിയെ ലക്ഷ്യംവച്ച് പ്രതികളുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത് ഇന്ത്യ എഹെഡ് എഡിറ്റർ മാത്യു സാമുവലാണ്. ജയലളിതയുടെ മരണത്തിലടക്കമുള്ള ദുരൂഹതകളെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും മാത്യു സാമുവൽ അറിയിച്ചു. ഇതോടെയാണ് മാത്യു സാമുവലിനെതിരെ വേട്ടയാടൽ തുടങ്ങിയത്. സയൻ, വാളയാർ മനോജ് എന്നിവരെ പളനിസ്വാമി നൽകിയ പരാതിയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തിയാണ് പിടികൂടിയത്.

സയനെയും മനോജിനെയും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇവരുടെ വെളിപ്പെടുത്തൽ ദൃശ്യങ്ങൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ ആരോപിച്ചു. പളനിസ്വാമിയുടെ പരാതിയെ ത്തുടർന്ന് കേസെടുത്ത ചെന്നൈ സിറ്റി പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലേക്ക് തിരിച്ചത്. സയനും മനോജും കേരളത്തിലുണ്ടായിരിക്കാമെന്ന സംശയത്തെ ത്തുടർന്ന് തൃശ്ശൂരിലേക്ക് മറ്റൊരു സംഘവും പുറപ്പെട്ടിരുന്നു. 2017 ഏപ്രിലിൽ നടന്ന കോടനാട് എസ്റ്റേറ്റിലെ കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ എടപ്പാടി പളനിസ്വാമിയാണെന്ന് ഈ കേസിലെ പ്രതികളായ സയനും മനോജും ആരോപണമുന്നയിച്ചത്.

ജയലളിതയുടെ കോടികളുടെ സ്വത്തിന്റെ അവകാശി ആര്? വിൽപ്പത്രം എവിടെ?

ജയലളിതയുടെ വേനൽക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കവർച്ചയിലും തുടർന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയനും വാളയാർ മനോജും ആരോപിക്കുന്നത്. കവർച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷൻ നൽകിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം. 2017 ഏപ്രിൽ 23ന് കൊടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേർ ഉള്ളിൽകടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റിൽ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ യഥാർഥ ലക്ഷ്യം രേഖകളായിരുന്നു. എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞെന്ന് സയൻ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈബെംഗളൂരു ദേശീയപാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ അപകടത്തിൽ മരിക്കുകയായിരുന്നു. 2007 മുതൽ അഞ്ചുവർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു ഇയാൾ. രണ്ടാം പ്രതി കോയമ്പത്തൂർ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുകയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. വിനുപ്രിയയും മകൾ നീതുവും അപകടത്തിൽ തൽക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തിൽ സമാനരീതിയിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു.

ജയലളിതയുടെ ചെന്നൈ പോയസ് ഗാർഡനിലെ വീടായ വേദനിലയവും സുഖവാസകേന്ദ്രമായ കോടനാട് എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, ജയലളിത ഇവ ഓരോന്നിനും അവകാശികളെ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ വിൽപ്പത്രം ലഭിക്കണം. 2016-ലെ ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജയലളിത കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല.

എന്നാൽ, അതിനുമുമ്പ് മത്സരിച്ചപ്പോൾ സ്വത്തുക്കളുടെ കൂട്ടത്തിൽ കോടനാട് എസ്റ്റേറ്റുമുണ്ടായിരുന്നു. വിൽപ്പത്രം ലഭിച്ചാൽമാത്രമേ ഇക്കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ. കോടനാട് എസ്റ്റേറ്റിൽനിന്ന് കവർച്ച ചെയ്യപ്പെട്ടതെന്തൊക്കെയാണെന്ന് ഇനിയും പൂർണമായും വ്യക്തമല്ല. കൊല്ലപ്പെട്ട കോടനാട് എസ്റ്റേറ്റ് കാവൽക്കാരൻ റാം ബഹദൂറും വാഹനാപകടത്തിൽ മരിച്ച മുൻഡ്രൈവർ കനകരാജും ജയലളിതയുമായി അടുപ്പമുള്ളവരായിരുന്നു. എസ്റ്റേറ്റിൽ എന്തൊക്കെയാണുണ്ടായിരുന്നതെന്ന് ഇവർക്ക് അറിയാമായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP