Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് കാത്തു നിന്ന യുവതിയോട് യുവാവ് സംസാരിച്ചു പരിചയം പുതുക്കി; തിരിച്ചിറങ്ങിയപ്പോൾ ഒരു സംഘം യുവാക്കൾ ചേർന്ന് കാരണം ചോദിക്കാതെ മർദ്ദിച്ചു; പരിചയമുള്ള യുവതി ആണെന്ന് പറഞ്ഞിട്ടും വിടാതെ മർദ്ദനം; ആളൊഴിഞ്ഞ മൂലയിൽ പിടിച്ച് കൊണ്ടുപോയി കൂട്ടമായി ആക്രമിച്ചു; പ്രശ്‌നത്തിൽ ഇടപെട്ട പ്രാദേശിക നേതാവിന് തെറിവിളിയും: തളിപ്പറമ്പിൽ സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്ന അവസ്ഥ ഇങ്ങനെ

ബസ് കാത്തു നിന്ന യുവതിയോട് യുവാവ് സംസാരിച്ചു പരിചയം പുതുക്കി; തിരിച്ചിറങ്ങിയപ്പോൾ ഒരു സംഘം യുവാക്കൾ ചേർന്ന് കാരണം ചോദിക്കാതെ മർദ്ദിച്ചു; പരിചയമുള്ള യുവതി ആണെന്ന് പറഞ്ഞിട്ടും വിടാതെ മർദ്ദനം; ആളൊഴിഞ്ഞ മൂലയിൽ പിടിച്ച് കൊണ്ടുപോയി കൂട്ടമായി ആക്രമിച്ചു; പ്രശ്‌നത്തിൽ ഇടപെട്ട പ്രാദേശിക നേതാവിന് തെറിവിളിയും: തളിപ്പറമ്പിൽ സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്ന അവസ്ഥ ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: പരിചയക്കാരായ യുവതികളേയോ പെൺകുട്ടികളേയോ കണ്ടാൽ സംസാരിക്കാനോ പരിചയം പുതുക്കാനോ പാടില്ലാത്ത നഗരമായി മാറുകയാണ് തളിപ്പറമ്പ്. സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്ന ഈ നഗരത്തിൽ ഒരാഴ്‌ച്ചക്കകം രണ്ട് പേർ അക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ന്യൂസ് കോർണർ ജഗ്ഷന് സമീപത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു സദാചാര ഗുണ്ടകളുടെ വിളയാട്ടം. ബസ്സ് കാത്ത് നിൽപ്പുണ്ടായിരുന്ന ഒരു യുവതിയോട് ഏഴാം മൈൽ സ്വദേശിയായ യുവാവ് സംസാരിച്ചതോടെയാണ് അയാൾക്കു നേരെ അക്രമമുണ്ടായത്. പഴയങ്ങാടിയിൽ വ്യാപാരിയായ യുവാവ് അവിടെ വരാറുള്ള യുവതിയെ കാണുകയും പരിചയം പുതുക്കുകയും ചെയ്തു, ഇത് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴേക്കും അവിടെയെത്തിയ ഒരു സംഘം യുവാക്കൾ കാരണം പോലും ചോദിക്കാതെ മർദ്ദിക്കുകയായിരുന്നു. പരിചയമുള്ള യുവതിയായതിനാൽ സംസാരിച്ചതാണെന്ന് യുവാവ് ആവർത്തിച്ച് പറഞ്ഞിട്ടും മർദ്ദന മുറകൾ തുടർന്നു.

തളിപ്പറമ്പ് ടൗണിൽ നിന്നും യുവാവിനെ മാർക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മൂലയിൽ പിടിച്ച് കൊണ്ടു പോയി വീണ്ടും മർദ്ദനം അഴിച്ചു വിട്ടു. ന്യൂസ് കോർണറിലേക്ക് തിരിച്ച് കൊണ്ട് വന്നും യുവാവിന് നേരെ അക്രമം തുടർന്നു. ഇത് ശ്രദ്ധയിൽപെട്ട സിപിഎം. പ്രാദേശിക സമിതി അംഗം ടി.ആർ. ശിവൻ ഇടപെട്ടെങ്കിലും അയാളെ തെറിവിളിച്ചും അക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു. എന്നാൽ അതു വഴി വന്ന ആധാരമെഴുത്തുകാരൻ കൂടിയായ സിപിഎം. ഏറിയാ കമ്മിറ്റി അംഗം കെ. മുരളീധരന്റെ ശ്രദ്ധയിലും സംഭവം പെട്ടു. തന്റെ ഓഫീസിൽ നിന്നും അല്പസമയം മുമ്പ് ഇറങ്ങിയ യുവാവാണ് അക്രമത്തിന് ഇരയാകുന്നതെന്ന് കണ്ട് മുരളി ചെറുത്തു നിൽക്കുകയും യുവാവിനെ മോചിപ്പിക്കുകയുമായിരുന്നു. യുവാവിന് നേരെ ഗുണ്ടാ സംഘം വീണ്ടും അക്രമം അഴിച്ചു വിടുമെന്ന ഭയത്തിൽ അയാളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

അതിനിടെ അവിടെ ഓടിക്കൂടിയെത്തിയ ആളുകൾ ചേരിതിരിഞ്ഞ് ഉന്തും തള്ളുമായി. യുവാവിനെ മർദ്ദിച്ചവർ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തളിപ്പറമ്പ എസ്‌ഐ.യും സംഘവും സ്ഥലത്തെത്തി മർദ്ദനമേറ്റ യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവമെല്ലാം യുവാവ് വിശദീകരിച്ചെങ്കിലും ഭയം മൂലം പരാതി നൽകാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് കേസുമെടുത്തില്ല. കഴിഞ്ഞാഴ്ചയും തളിപ്പറമ്പിൽ സമാന സംഭവം അരങ്ങേറിയിരുന്നു. കപ്പാലത്തെ പാറോൽ മുഹമ്മദ് ആഷിഖ് പരിചയക്കാരിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് അക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഇപ്പോഴും മംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനത്തിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് ആഷിക്കിനെ കയറ്റിക്കൊണ്ടു പോവുകയും പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ട് അടിവയറിന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ തന്നെ തട്ടിക്കളയുമെന്നും വീട്ടിന് തീയിടുകയും ചെയ്യുമെന്ന് തട്ടിക്കൊണ്ടു പോയ സംഘം പറഞ്ഞിരുന്നു. എന്നാൽ സ്വന്തം വീട്ടിലെത്തിയ ആഷിക്ക് വിവരം ആരോടും പറഞ്ഞില്ല. വീണ് പരിക്കേറ്റുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. പിറ്റേ ദിവസം പുറത്തിറങ്ങാൻ ശ്രമിച്ച ആഷിക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ ഡോക്ടരോട് യഥാർത്ഥ വിരങ്ങൾ വെളിപ്പെടുത്തിയില്ല.

മൂന്ന് ദിവസം സഹകരണ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും വയർ വീങ്ങി. ഇതേ തുടർന്ന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയക്കായി മംഗലാപുരത്തെ യേനപ്പൊയ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അസാധാരണമായ ഭയം മൂലം ആഷിക്ക് അവിടേയും കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഫുട്ബോൾ കളിക്കിടെ വിണതെന്നായിരുന്നു അവിടേയും ഡോക്ടരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽ ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടെന്ന് അടിവയറ്റിൽ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

ഈ സംഭവത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെക്കൂടി പ്രതികളാക്കാനാണ് പൊലീസ് നീക്കം. പ്രതികൾ കേരളത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞതായും രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ബംഗളൂരുവിൽ നിന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആഷിഖിനെ തട്ടിക്കൊണ്ടുപോയ കാർ ഇതുവരേയും കണ്ടെത്താനായില്ല. പ്രതികളെ അവരുടെ രക്ഷിതാക്കളും ചില സുഹൃത്തുക്കളുമാണ് ഒളിവിൽ കഴിയാൻ സഹായിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ വിദേശത്ത് കടന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP