Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ'യുടെ യഥാർഥ നിലപാട് ഞങ്ങൾക്കറിയണം; അക്രമത്തെ അതിജീവിച്ച നടിക്ക് പരിപൂർണ പിന്തുണ നൽകിയവർ കടകവിരുദ്ധതീരുമാനമെടുത്തത് എന്തുകൊണ്ട്? ദിലീപിനെ തിരിച്ചെടുത്തതിൽ ആശങ്ക; വേണ്ടത്ര കൂടിയാലോചനയില്ലാതെ തീരുമാനം എടുത്തത് ഞെട്ടിച്ചുകളഞ്ഞു; പൊരുതാനുറച്ച് പെൺകൂട്ടായ്മ; താരസംഘടനയുടെ അടിയന്തര യോഗം വീണ്ടും വിളിക്കണമെന്ന് ഡബ്യുസിസി; ഇടവേള ബാബുവിന് കത്തയച്ചത് രേവതിയും പത്മപ്രിയയും പാർവതിയും

'അമ്മ'യുടെ യഥാർഥ നിലപാട് ഞങ്ങൾക്കറിയണം; അക്രമത്തെ അതിജീവിച്ച നടിക്ക് പരിപൂർണ പിന്തുണ നൽകിയവർ കടകവിരുദ്ധതീരുമാനമെടുത്തത് എന്തുകൊണ്ട്? ദിലീപിനെ തിരിച്ചെടുത്തതിൽ ആശങ്ക; വേണ്ടത്ര കൂടിയാലോചനയില്ലാതെ തീരുമാനം എടുത്തത് ഞെട്ടിച്ചുകളഞ്ഞു; പൊരുതാനുറച്ച് പെൺകൂട്ടായ്മ; താരസംഘടനയുടെ അടിയന്തര യോഗം വീണ്ടും വിളിക്കണമെന്ന് ഡബ്യുസിസി; ഇടവേള ബാബുവിന് കത്തയച്ചത് രേവതിയും പത്മപ്രിയയും പാർവതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മ' നേതൃത്വത്തിനെതിരെ വിമർശനവുമായി കൂടുതൽ നടിമാർ രംഗത്തത്തി. ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാൻ വീണ്ടും അടിയന്തര യോഗം വിളിക്കണമന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാർ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തെഴുതി. ഡബ്ല്യുസിസിയുടെ പേരിലാണ് കത്ത്. രേവതി, പത്മപ്രിയ,പാർവതി എന്നിവരാണ് കത്തെഴുതിയത്. അമ്മയുടെ യോഗത്തിലെടുത്ത തീരുമാനം തങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയിൽ പുതിയ നിർവാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ അംഗങ്ങളെല്ലാം പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അംഗങ്ങളെല്ലാം ശക്തമായി അലപപിക്കുകയും ചെയ്തു. എന്നാൽ, ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലുണ്ടായത്. അമ്മയുടെ യഥാർഥ നിലപാട് എന്താണെന്ന് അറിയുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്നും നടിമാർ കത്തിൽ പറഞ്ഞു.

ഇടവേള ബാബുവിന് അയച്ച കത്തിന്റെ പൂർണ രൂപം:

ശ്രീ .(ഇടവേള)ബാബു
ജനറൽ സെക്രട്ടറി
Association of Malayalam Movie Artists

പ്രിയ സർ,

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറൽ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയിൽ ഞങ്ങൾക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായതിനെ തുടർന്ന സംഘടനയിൽ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിർണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തിൽ യോഗത്തിന്റെ അജൻഡയിലുൾപ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.കേസിൽ കുറ്റാരോപിതനായ വ്യക്തിയെ സംഘടനിൽ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂർണ്ണ പിന്തുണ നൽകുമെന്ന AMMA യുടെ മുൻ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യിൽ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങൾ അവർ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇതൊട്ടും ഗുണകരമാവില്ല.

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനൽകുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതിൽ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങൾ അന്ന നിലക്ക് ഞങ്ങൾ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തിൽ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത്. ഈ വിഷയം ചർച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളുടെ ആശങ്കകൾ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ പ്ര്ത്യേകയോഗം ചേരാൻ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേർക്കണമെന്നും താഴെ പറയുന്ന വിഷങ്ങൾ പുനപ്പരിശോധിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികൾ

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

4. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങൾ

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഇത്തരമൊരു നിർണ്ണായക സന്ദർഭത്തിൽ അംഗങ്ങളുടെയെല്ലാം ഉത്തമ താൽപര്യത്തെ മുൻനിർത്തി സംഘടന ഉയർന്നു പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെ

A M M A അംഗങ്ങളായ,രേവതി ആശാ കേളുണ്ണി,പത്മപ്രിയ ജാനകിരാമൻ,പാർവതി തിരുവോത്ത്

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവർത്തകർക്കൊപ്പം. എന്നും #അവൾക്കൊപ്പം .

മാറ്റങ്ങളുണ്ടാവാൻ ക്രിയാത്മകസംവാദങ്ങൾക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നവരാണ് WCC അംഗങ്ങൾ. AMMAയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു . AMMA യുടെ അംഗങ്ങളെന്ന നിലയിൽ സംഘടനയുടെ പുതിയ നിർവാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ അതിജീവിച്ച നടിക്ക് AMMA യിലെ എല്ലാ അംഗങ്ങളും പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ AMMA യിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറൽബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തിൽ AMMAയുടെ യഥാർത്ഥ നിലപാടെന്താണെന്ന് ഞങ്ങൾക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്

നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമ്മ ജനറൽ ബോഡിയിൽ നടന്ന നീക്കങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് സംഘടനയിൽ കൂടി അംഗത്വമുള്ള മൂന്നു വനിതാ കളക്റ്റിവ് അംഗങ്ങൾ അമ്മയിൽ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് അമ്മയ്ക്ക് പുറത്തു പോയത്. ഇവർ കൂടാതെ കളക്റ്റിവിൽ ഉള്ള അമ്മ അംഗങ്ങളായ മഞ്ജു വാര്യർ, പത്മപ്രിയ, പാർവ്വതി തിരുവോത്ത്, രേവതി എന്നിവരാണ് അമ്മയ്ക്കുള്ളിൽ തുടർന്നു കൊണ്ട് അവരോടു ചർച്ചയ്ക്കു ശ്രമിക്കുന്നത്.

എന്നാൽ ഫേസ്‌ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയ ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെയുള്ള ണഇ ഇ അംഗങ്ങളുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് അമ്മ നേതൃത്വം. രാജിക്കത്ത് ലഭിച്ചാൽ സ്വീകരിക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബൂ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കു പുറമെ ഡബ്ല്യൂസിസി അംഗങ്ങളായ റിമ കല്ലിങ്കൽ, ഗീതുമോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരാണ് ഫേസ് ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP