Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനവ സ്‌നേഹത്തിന്റെ മാതൃകയായി കവളപ്പാറ മാറുന്നു; മതമറിയാത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നു കൊടുത്തത് പോത്തുകല്ല് മുജാഹിദ് പള്ളി; ശവശരീരങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ പോലും ഇടം ബാക്കിയാക്കാതെ ഒഴുകിയെത്തിയ മലയേയും തോൽപ്പിച്ച് മലയാളിയുടെ മനുഷ്യ സ്‌നേഹം

മാനവ സ്‌നേഹത്തിന്റെ മാതൃകയായി കവളപ്പാറ മാറുന്നു; മതമറിയാത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നു കൊടുത്തത് പോത്തുകല്ല് മുജാഹിദ് പള്ളി; ശവശരീരങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ പോലും ഇടം ബാക്കിയാക്കാതെ ഒഴുകിയെത്തിയ മലയേയും തോൽപ്പിച്ച് മലയാളിയുടെ മനുഷ്യ സ്‌നേഹം

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: കവളപ്പാറയിൽ നിന്നും ലോകത്തിന് കാണാനാകുന്നത് ഈശ്വര വിശ്വാസത്തിന്റെ ഉദാത്തമാതൃക. മതമോ ജാതിയോ മൗലിക വിശ്വാസങ്ങളോ എന്തെന്നറിയാത്ത മനുഷ്യ ശരീരങ്ങൾ. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ. ഇവ എത്രയും പെട്ടെന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള കെട്ടിടങ്ങൾ കവളപ്പാറയുടെ അടുത്തെങ്ങുമില്ല. സമീപമുള്ള സ്‌കൂളുകളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളും. മണ്ണിനടിയിൽ നിന്നും കിട്ടുന്ന മനുഷ്യശരീരങ്ങൾ എങ്ങനെ പോസ്റ്റുമോർട്ടം ചെയ്യും എന്ന വലിയ ചോദ്യത്തിന് മറുപടിയെത്തിയത് തക്‌ബീർ മുഴങ്ങുന്ന മസ്ജിദിൽ നിന്നും. ദൈവമാണ് വലിയവൻ എന്ന മഹാസത്യം തിരിച്ചറിയുന്ന പള്ളിക്കമ്മിറ്റി മൃതശരീരങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ തുറന്നു കൊടുത്തത് പള്ളിയുടെ നിസ്‌കാര ഹാൾ.

പോസ്റ്റ്മോർട്ടം സൗകര്യമുള്ള നിലമ്പൂർ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റർ ദൂരത്താണെന്നുള്ളത് പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നതിന് കാരണമായതിനെ തുടർന്നാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരത്തുള്ള നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാൽ ഇവിടെ പോസ്റ്റ്മോർട്ടം നടത്താൻ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികൾ ചെയ്തുകൊടുത്തു.

വെള്ളിയാഴ്‌ച്ച ദിവസങ്ങളിൽ സ്ത്രീകൾ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്മോർട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങൾ പള്ളിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് പള്ളിയിൽ പോസ്റ്റ്മോർട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർ പറഞ്ഞു. നാല് ദിവസം കൊണ്ട് 7 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തത്. ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്ന് മെഡിക്കൽ സംഘത്തിലെ പ്രതിനിധി പറഞ്ഞു.

മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്മോർട്ടത്തിന് എത്തിയത്. പല മൃതദേഹങ്ങളുടേയും അവസ്ഥ അതിദയനീയമാണ്. തിരിച്ചറിയാൻ ഉറ്റബന്ധുക്കൾ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയുന്നത്. ഒട്ടും തിരിച്ചറിയാൻ സാധിക്കാത്ത കേസുകളിൽ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണ് നിലവിൽ ചെയ്യുന്നത്. അഞ്ച് പോസ്റ്റുമോർട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകൾ ചേർത്തുവച്ച് തയ്യാറാക്കിയത്. പോസ്റ്റുമോർട്ടം മുറിയിൽ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പര്യാപ്തമായ സ്ഥലമാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരിച്ചറിയുന്നവ മാത്രമാണ് നിലവിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഇന്ന് ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പ്രദേശത്ത് തെരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തിൽപ്പെട്ട് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 30 ആയി. 63 പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ 65 പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP