Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസർ, ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസ് സ്വന്തമാക്കിയ വ്യക്തി; ചെറുപ്രായത്തിൽ തന്നെ ആതിര സ്വന്തമാക്കിയ നേട്ടങ്ങൾ ഒട്ടേറെ; 2016ലെ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പിലെ വിജയം ഈ മിടുമിടുക്കിയുടെ പേരുയർത്തിയത് വാനോളം; ഭൂതത്താൻകെട്ടിലെ മഡ് റേസിനിടെ തന്റെ അനുഭവങ്ങൾ ആതിര മറുനാടനോട് പങ്കുവയ്ക്കുന്നു

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസർ, ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസ് സ്വന്തമാക്കിയ വ്യക്തി; ചെറുപ്രായത്തിൽ തന്നെ ആതിര സ്വന്തമാക്കിയ നേട്ടങ്ങൾ ഒട്ടേറെ; 2016ലെ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പിലെ വിജയം ഈ മിടുമിടുക്കിയുടെ പേരുയർത്തിയത് വാനോളം; ഭൂതത്താൻകെട്ടിലെ മഡ് റേസിനിടെ തന്റെ അനുഭവങ്ങൾ ആതിര മറുനാടനോട് പങ്കുവയ്ക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:മോട്ടോർ സ്പോർട്സിലേക്ക് കടന്നുവന്നില്ലങ്കിലും വനിതകൾ ഡ്രൈവിങ് പഠിച്ചിരിക്കണമെന്ന പക്ഷക്കാരിയാണ് ആതിര മുരളി.വീട്ടിലാർക്കെങ്കിലും ഒരു അസ്വസ്ഥതയുണ്ടായാൽ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനെങ്കിലും ഇത് ഉപകാരമാവും.അവർ ചൂണ്ടിക്കാട്ടി.വനിത ഡ്രൈവർമാരുടെ ഒരു കൂട്ടായ്മ ഇപ്പോൾ നിലവിലുണ്ട്.കൂടുതൽ പേരെ അണി ചേർക്കുക എന്ന ലക്ഷ്യത്തിലേയ്ക്കായി ഞങ്ങൾ ബോധവൽക്കരണവും പരിശീന പരിപാടികളുമെല്ലാം നടത്തുന്നുണ്ട്.താൽപര്യപ്പെട്ട് വരുന്നവർക്ക് ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി ഒപ്പമുണ്ടാവും.ആതിര കൂട്ടിച്ചേർത്തു.

മോട്ടോർ സ്പോർട്സ് രംഗത്ത് കേരളത്തിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ രംഗത്തേക്ക് നിരവധി വനിതകൾ എത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.ഈ രംഗത്തേയ്ക്ക് സ്ത്രീകളെ ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുന്നുണ്ട്. റാലികളിലും റൈഡുകളിലും മറ്റും ഞാൻ പങ്കെടുക്കുന്നതും ഈ ലക്ഷ്യം മുന്നിൽക്കണ്ടാണ്.ആതിര വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസർ, ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസുകൾ സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി,ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം എന്നിവയിൽ ഇടം പിടിച്ച ഇന്ത്യാക്കാരി എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഈ കോട്ടയം സ്വദേശിനി ഇന്നലെ ഭൂതത്താൻകെട്ടിൽ സംഘടിപ്പിച്ചിരുന്ന മഡ് റൈസിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മറുനാടനോട് മനസ്സുതുറന്നത്.

സ്വദേശത്തും വിദേശത്തും ജോലിചെയ്യുന്ന ആയിരക്കണക്കിന് ഡ്രൈവർമാർ അംഗങ്ങളായ ഓൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ് (എ കെ ഡി എഫ് )എന്ന ഗ്രൂപ്പിന്റെ അഡ്‌മിൻ,ടീം മോട്ടോ എയിഞ്ചൽ എന്ന വനിത ഡ്രൈവേഴ്സ് ഗ്രൂപ്പിന്റെ ഭാരവാഹി എന്നീ നിലകളിലും ആതിര പ്രവർത്തിച്ചുവരുന്നു.

പ്രളയകാലത്ത് ഓരോ ജില്ലകളിലും എ കെ ഡി എഫ് അംഗങ്ങൾ ഗ്രൂപ്പുകളായി നിന്ന് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽപ്പെടുത്തിയുള്ള ശസ്ത്രക്രിയകൾക്കായി അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് ഗ്രൂപ്പിലെ അംഗങ്ങൾ നൽകിയ സേവനവും അർപ്പണമനോഭാവവും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.ചികിത്സാ സഹായം വീടുനിർമ്മാണം,പൊലീസുമായി സഹകരിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ അടിയന്തിരമായി മാറ്റി ഗതാഗത തടസ്സം ഒഴിവാക്കുക തുടങ്ങി നിരവധി കർമ്മപദ്ധതികളിലും ഗ്രൂപ്പ് അംഗങ്ങൾ സജീവമായി ഇടപെടുന്നുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും ഖത്തർ,ഒമാൻ,സൗദി അറേബ്യാ,ദുബായ്,അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ ഗ്രൂപ്പിലെ ഡ്രൈവർമാർ ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്.ആതിര പറഞ്ഞു.

മോട്ടോർ സ്പോർട്സിലേക്ക് തിരിഞ്ഞതിനേക്കുറിച്ചും താൻ കടന്നുവന്ന വഴികളെക്കുറിച്ചും ആതിരയുടെ വാക്കുകൾ ഇങ്ങിനെ.സ്്കൂൾ പഠനത്തിന്റെ ആരംഭ കാലം മുതൽ തുടങ്ങിയ വാഹന കമ്പം 12-ാം വയസ്സിൽ അതിരുകടന്നു.ആദ്യം സൈക്കിൾ സവാരി വശമാക്കി.ബൈക്ക് ഓടിക്കണമെന്നതായിരുന്നു അടുത്ത ലക്ഷ്യം.ആവശ്യം തുറന്നു പറഞ്ഞപ്പോൾ സർവ്വപിൻതുണയുമായി അച്ഛനും റെഡി.ആദ്യ ഗുരുവും അച്ഛൻ തന്നെ.പിതാവിന്റെ സുസുകി മാക്സ് 100-ലായിരുന്നു പരിശീലനം.പിന്നെ ജീപ്പ് ,ലോറി, ജെസിബി തുടങ്ങി വലിയ വാഹനങ്ങളുടെ വളയം പിടിക്കാനും പ്രാപ്തയായി.

പരിശീലനം പൂർത്തിയാക്കിയെങ്കിലും ഒരു വാഹനവും റോഡിൽ ഇറക്കി ഓടിക്കാൻ കഴിയാത്ത വിഷമത്തിൽ വർഷങ്ങൾ കഴിച്ചുകൂട്ടി.ലൈസൻസിന്റെ ആഭാവമായിരുന്നു വാഹനവുമായി റോഡിലിറങ്ങുന്നതിന് തടസ്സം 18 വയസ്സ് പൂർത്തിയായതോടെ ടൂ ,ത്രീ ,ഫോർ..എന്നീ ക്രമത്തിൽ ലൈസൻസുകൾ സ്വന്തമാക്കി.23 വയസ്സിനുള്ളിൽ വ്യത്യസ്ഥ വിഭാഗത്തിൽപ്പെട്ട 7 വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കി.പിന്നെ കമ്പം മോട്ടോർ സ്പോർട്സിനോടായി.ബൈക്ക് സ്റ്റണ്ടും ഓഫ് റോഡ് ഡ്രൈവിംഗും പഠിച്ചെടുക്കുന്നതിനായി പിന്നീടുള്ള നീക്കം.വിദഗ്ധരുടെ കീഴിൽ പരിശീനം നേടി. ഇപ്പോൾ ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള അറിയപ്പെടുന്ന താരമാണ് ആതിര.

2016-ലെ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പിലെ വിജയി ആയതോടെ ആതിര ദേശീയ-അന്തർ ദേശീയ തലത്തിൽ ഈ രംഗത്തെ മത്സാരാർത്ഥികൾക്കിടയിലും ശ്രദ്ധേയയായി.ബി സി എ പാസ്സായി.ഇപ്പോൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് എന്ന സ്ഥാപനത്തിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയാണ് ആതിര.ഒഴിവ് ദിവസങ്ങളിൽ ലോംഗ് ഡ്രൈവ് പോകാനും വേണ്ടിവന്നാൽ ഏതെങ്കിലും സ്വകാര്യബസ്സിൽ ഡ്രൈവറായി സേവനം അനുഷ്ടിക്കുന്നതിനും ആതിര റെഡി.പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ്സിൽ ഇടയ്ക്കൊക്കെ ഡ്രൈവറുടെ വേഷത്തിലും ആതിര പ്രത്യക്ഷപ്പെടാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP