Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കലാപം തുടങ്ങിയതോടെ കുടുംബത്തോടൊപ്പം സുരക്ഷിതമായി ഇരുന്നത് വീടിനുള്ളിൽ; ഭയന്ന് തളർന്ന കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ വക തേടി ഇറങ്ങിയ മുഹമ്മദ് ഫുർകാൻ ചെന്ന് പെട്ടത് കലാപകാരികളുടെ മുന്നിൽ; ഡൽഹി കലാപത്തിനിടെ കരകൗശല വ്യാപാരിക്ക് ജീവൻ നഷ്ടമായത് സ്വന്തം കുഞ്ഞുങ്ങൾക്ക് ആഹാരം തേടി പോകവെ

കലാപം തുടങ്ങിയതോടെ കുടുംബത്തോടൊപ്പം സുരക്ഷിതമായി ഇരുന്നത് വീടിനുള്ളിൽ; ഭയന്ന് തളർന്ന കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ വക തേടി ഇറങ്ങിയ മുഹമ്മദ് ഫുർകാൻ ചെന്ന് പെട്ടത് കലാപകാരികളുടെ മുന്നിൽ; ഡൽഹി കലാപത്തിനിടെ കരകൗശല വ്യാപാരിക്ക് ജീവൻ നഷ്ടമായത് സ്വന്തം കുഞ്ഞുങ്ങൾക്ക് ആഹാരം തേടി പോകവെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലിതുള്ളി എത്തുന്ന കലാപകാരികൾക്കിടയിൽ പെട്ട് പലപ്പോഴും ജീവൻ നഷ്ടമാകുന്നത് നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുകയും കുടുംബത്തെയും സഹജീവികളെയും സ്‌നേഹിച്ച് കഴിയുകയും ചെയ്യുന്നവർക്കാകും. തൊട്ട് മുമ്പത്തെ നിമിഷം വരെ ചിരിക്കുകയും സ്‌നേഹിക്കുകയും കുശലം പറയുകയും ചെയ്തവർ മതത്തിന്റെ പേരിൽ തങ്ങളെ ഇല്ലായ്മ ചെയ്യും എന്ന് വിശ്വസിക്കാതെ വീടിന് വെളിയിൽ ഇറങ്ങുന്നവരാണ് പല ലഹളകളിലും കൊല്ലപ്പെടുന്നത്. ഡൽഹി കലാപത്തിലും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനായി വീടിനുള്ളിൽ തന്നെ ഇരുന്ന മുഹമ്മദ് ഫുർകാൻ കൊല്ലപ്പെട്ടത് സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ എ്‌തെങ്കിലും കിട്ടുമോ എന്നറിയാൻ പുറത്തേക്കിറങ്ങിയപ്പോഴാണ്.

വീടിനുള്ളിൽ സുരക്ഷിതമായി അടച്ചിരുക്കുകയായിരുന്ന കുഞ്ഞുങ്ങളുടെ വിശപ്പ് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദ് ഫുർകാൻ വീടിന് പുറത്തേക്കിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് ഇമ്രാൻ പറയുന്നു. വടക്കു കിഴക്കൻ ഡൽഹിയിലെ കർത്താർപുരി സ്വദേശികളാണ് ഇവർ. കരകൗശല വ്യാപാരം ചെയ്ത് സമാധാനപരമായി കഴിയുന്നവർ. നിർഭാഗ്യവശാൽ, മതഭ്രാന്ത് മൂത്ത ചിലർ കലാപം അഴിച്ച് വിട്ട ജഫ്രാബാദ് ഇവർ താമസിക്കുന്ന സ്ഥലത്തിനടുത്തായിരുന്നു.

കലാപം തുടങ്ങിയപ്പോൾ തന്നെ മുഹമ്മദ് ഫുർകാൻ കുടുംബാംഗങ്ങളുമായി വീടിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കുകയായിരുന്നു. എന്നാൽ, വീടിനുള്ളിൽ ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ഉണ്ടായിരുന്നില്ല. കലാപത്തെ തുടർന്ന് സമീപത്തെ കടകളെല്ലാം അടച്ചു. കുട്ടികളുടെ വിശപ്പ് കണ്ട് സഹിക്കാനാകാതെയാണ് എവിടെയെങ്കിലും പോയി ആഹാരം വാങ്ങിവരാം എന്ന് പറഞ്ഞ് മുഹമ്മദ് ഫുർകാൻ വെളിയിലേക്ക് പോയത്. എന്നാൽ ചെന്ന് പെട്ടത് കലാപകാരികളുടെ വെടിയുണ്ടകൾക്ക് മുന്നിലായിരുന്നു.

''ഉച്ചയ്ക്ക് ശേഷം 2.30 ന് ഞാൻ അദ്ദേഹത്തെ കാണാൻ പോയതാണ്. അയാൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇമ്രാൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് കടകളെല്ലാം അടച്ചിരുന്നതിനാൽ കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. ''പിന്നീട് ആരോ വിളിച്ചിട്ട് എന്നോട് പറഞ്ഞു, നിങ്ങളുടെ സഹോദരന്റെ കാലിൽ വെടിയേറ്റു എന്ന്. എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അപ്പോഴേയ്ക്കും എനിക്ക് ആധിയായി.'' ഇമ്രാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് നിരവധി പേർ ഇമ്രാനെ ഫോണിൽ വിളിച്ചു. സഹോദരന് വെടിയേറ്റു എന്നും ജിറ്റിബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നുമാണ് വിളിച്ചവർ അറിയിച്ചത്.

''ഞാൻ ഹോസ്പിറ്റലിലേക്ക് ഓടിഎത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കാൻ ഞാൻ ഡോക്ടേഴ്‌സിനോട് അപേക്ഷിച്ചു. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ രക്ഷിക്കാമായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. രക്ഷപ്പെടാൻ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്റെ ലോകം തന്നെ അവസാനിച്ചത് പോലെ തോന്നുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. മക്കൾ തീരെ ചെറിയ കുട്ടികളാണ്. ഒരു മകനും ഒരു മകളുമുണ്ട്.'' ഇമ്രാൻ തൊണ്ടയിടറി പറഞ്ഞു.

സംഘർഷത്തിൽ കൊല്ലപ്പട്ട ഏഴുപേരിൽ ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ രത്തൻലാൽ എന്ന പൊലീസുകാരനും ഉൾപ്പെടുന്നു. നൂറിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പേരും മതവും ചോദിച്ചാണ് ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്‌നിക്കിരയാക്കി. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഗോകുൽപുരിയിൽ ടയർ മാർക്കറ്റ് കത്തിച്ചു. മൗജ്പൂരിൽ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവൻ അക്രമികൾ കൈക്കലാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തിൽ ഇന്നും രണ്ടുപേർക്ക് വെടിയേറ്റിട്ടുണ്ട്. കലാപകാരികൾ വടക്കുകിഴക്കൻ ഡൽഹിയിലെ തെരുവുകളിലും ജനവാസ കേന്ദ്രങ്ങളിലും അഴിഞ്ഞാടുകയാണ്. തങ്ങളുട കയ്യിൽ കിട്ടുന്ന എതിർ വിഭാഗത്തിൽ പെടുന്നവരെ യാതൊരു ദാക്ഷണ്യവും ഇല്ലാതെയാണ് ഇരുവിഭാഗവും കൈകാര്യം ചെയ്യുന്നത്. എതിർ വിഭാഗക്കാരുടേത് എന്ന് തോന്നുന്ന വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കത്തിക്കുകയാണ്. പൊലിന്റെയും പട്ടാളത്തിന്റെയും അസാന്നിധ്യമാണ് കലാപത്തെ കൂടുതൽ രൂക്ഷമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP