Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ലീഗ് നേതാക്കൾ പതിറ്റാണ്ടിലേറെക്കാലം ശ്രമിച്ചിട്ടും പരിഹരിക്കാത്ത മുജാഹിദ് ഐക്യത്തിന് വഴിയൊരുങ്ങി; ചിന്താപരമായ ജഡത്വം കൂടുതൽ മൂടിപ്പുതപ്പിക്കുമോ? അതോ ചിന്താപരമായ നവോത്ഥാനത്തിന് വേഗം കൂട്ടുമോ? ഇരുഗ്രൂപ്പിലെയും നയതന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ച എ അസ്ഗറലിയും എം അബുദ്റഹ്മാൻ സലഫിയും ഐക്യനീക്കങ്ങളുടെയും സൂത്രധാരകർ

ലീഗ് നേതാക്കൾ പതിറ്റാണ്ടിലേറെക്കാലം ശ്രമിച്ചിട്ടും പരിഹരിക്കാത്ത മുജാഹിദ് ഐക്യത്തിന് വഴിയൊരുങ്ങി; ചിന്താപരമായ ജഡത്വം കൂടുതൽ മൂടിപ്പുതപ്പിക്കുമോ? അതോ ചിന്താപരമായ നവോത്ഥാനത്തിന് വേഗം കൂട്ടുമോ? ഇരുഗ്രൂപ്പിലെയും നയതന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ച എ അസ്ഗറലിയും എം അബുദ്റഹ്മാൻ സലഫിയും ഐക്യനീക്കങ്ങളുടെയും സൂത്രധാരകർ

കെ സി റിയാസ്

കോഴിക്കോട്: വെള്ളത്തിലുള്ള കപ്പലല്ല; കപ്പലിലുള്ള വെള്ളമാണ് അതിനെ മുക്കുക എന്നു പറയാറുണ്ട്. ഏതൊരു സംഘടനയായാലും പ്രസ്ഥാനമായാലും അതിന്റെ സുഗമമായ മുന്നോട്ടുപോക്കിലും ഈ തത്വത്തിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിൽ 1921-ൽ കേരള മുസ്ലിം ഐക്യസംഘത്തിന്റെ പിറവിയിലൂടെ രൂപംകൊണ്ട മുസ്ലിം സംഘടിത ശക്തി ഒമ്പതര പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് കാക്കത്തൊള്ളായിരം സംഘടനകളും ഗ്രൂപ്പുകളുമായി യോജിച്ചും വിയോജിച്ചും പിളർന്നും വളർന്നും തകർന്നും കഴിയുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം ബഹുജന സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പിളർപ്പിനു ശേഷം കേരളം കണ്ട മറ്റൊരു വലിയ പിളർപ്പായിരുന്നു മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന കേരള നദ്വത്തുൽ മുജാഹിദീനിൽ (കെ എൻ എം) ഉണ്ടായ 2002ലെ പിളർപ്പ്. കേരളീയ മുസ്ലിം നവോത്ഥാന ധാരയിൽ ശ്രദ്ധേയമായ സംഭാവനകൾ സമർപ്പിച്ച, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന പത്രാധിപരെ ലോകത്തിന് സംഭാവന ചെയ്ത വക്കം അബ്ദുൽഖാദർ മൗലവി, കെ പി സി സിയുടെ സ്ഥാപക പ്രസിഡന്റും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, നൂറ്റാണ്ടിന്റെ സാക്ഷി ഇ മൊയ്തു മൗലവി തുടങ്ങിയവരുടെ പിന്മുറക്കാരിൽ ഉണ്ടായ പിളർപ്പ് ആ അർത്ഥത്തിൽ സമൂഹത്തിൽ ഏറെ ചർച്ചയ്ക്കു വഴിവച്ചു.

പിളർപ്പിന് ഇരുകൂട്ടരും സംഘടനാപരവും ആദർശപരവുമായ മേമ്പൊടികൾ ചാർത്തി ഇക്കാലമത്രയും പിടിച്ചുനിൽക്കാനും മത്സരിച്ചു ശക്തി കാണിക്കാനും ആവനാഴിയിലെ സർവ്വ അസ്ത്രങ്ങളും പുറത്തെടുത്തു. കേരളീയ മുസ്ലിംകളിലെ പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് ഇതുണ്ടാക്കിയ നേട്ടകോട്ടങ്ങളും വിവിധ തലങ്ങളിൽ ചർച്ചയായി. നോമ്പും പെരുന്നാളും ഓണവും ക്രിസ്മസും മാറി മാറി വന്നെങ്കിലും ഐക്യനീക്കങ്ങളെല്ലാം വഴിയിൽ ഉടക്കിനിന്നു. അതിനിടെ, ഇരുവിഭാഗത്തിന്റെയും സമുന്നതരായ പല പണ്ഡിതരും പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിച്ച നിസ്വാർത്ഥരായ എത്രയോ പ്രവർത്തകരും കാലയവനികയിൽ മറഞ്ഞു. ആളും അർത്ഥവും സമയവും നോക്കാതെ സമ്പത്തെറിഞ്ഞ് കോടതി വ്യവഹാരങ്ങളും ഏറെയുണ്ടായി.

നാടും നഗരവും ഇളക്കിമറിച്ച് ആരോപണപ്രത്യാരോപണങ്ങൾ ഉയർത്തി പള്ളികളും മദ്റസകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിച്ചടക്കാനും ശ്രമങ്ങളുണ്ടായി. ജ്യേഷ്ടനും അനിയനും തമ്മിൽ, വാപ്പയും മക്കളും തമ്മിൽ, ഇണകൾ തമ്മിൽ, മരുമക്കൾ തമ്മിൽ, കുടുംബങ്ങളിൽ, അയൽവാസികളിൽ...അങ്ങനെ പലേടത്തും ഛിദ്രതയുടെ/കാലുഷ്യത്തിന്റെ കനലുകൾ പുകഞ്ഞു. അറിയാനും അറിയിക്കാനും എന്നതിനപ്പുറം അന്ധമായ സംഘടനാ കക്ഷിത്വം ഗുണകാംക്ഷയുടെ സർവ്വസീമകളും ലംഘിച്ച് പലേടത്തും തെറി പുരാണങ്ങളായി കവലകളിൽ നിന്ന് കവലകളിലേക്കു കാലുകുത്തി. പക്വതയും പാകതയും കൈമോശം വരാതെ ഇടപെടാൻ ചിലർ സൂക്ഷ്മത കാണിച്ചെങ്കിലും വാശിയും വക്കാണവും പൊതുസമൂഹത്തിൽ ഏറെ അവമതിപ്പുണ്ടാക്കി. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും നീണ്ട 14 വർഷത്തെ സംഘടനാപരമായ പോർവിളികൾ മാപ്പാക്കി പരസ്പര വിട്ടുവീഴ്ചകളിലൂടെ ഇരു വിഭാഗം മുജാഹിദ് ഗ്രൂപ്പുകളും ഒന്നിക്കുന്നുവെന്ന ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിനാണിപ്പോൾ വഴി ഒരുങ്ങിയിട്ടുള്ളത്.

ഇതിന്റെ മുന്നോടിയായുള്ള ഐക്യ പ്രഖ്യാപന കൺവൻഷനും ഇരു വിഭാഗങ്ങളുടെയും സംയുക്ത എക്സിക്യൂട്ടീവും ഡിസംബർ അഞ്ചിന് രാവിലെ പത്തിന് കോഴിക്കോട് സി ഡി ടവറിൽ നടത്താനാണ് തീരുമാനം. തുടർന്ന് ഇരു വിഭാഗം കെ എൻ എമ്മിന്റെയും സംയുക്ത കൗൺസിലും ഐക്യ സമ്മേളനവും ഡിസംബർ 20നു നടക്കും. അന്ന് രാവിലെ 11ന് സംയുക്ത കൗൺസിലും ശേഷം വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് മുജാഹിദ് ആദർശ ഐക്യ ബഹുജന സമ്മേളനവും നടത്താനാണ് സംയുക്ത തീരുമാനം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കാനാണ് നേതൃ ധാരണ. തിങ്കളാഴ്ച രാവിലെ ഇരുവിഭാഗത്തിന്റെയും സംയുക്ത എക്സിക്യൂട്ടീവ് യോഗം സി ഡി ടവറിൽ ചേരുന്നുണ്ട്. അതിനു ശേഷമായിരിക്കും വാർത്താസമ്മേളനം.

ഇതോടെ ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ സംസ്ഥാന തലങ്ങളിൽ ഇരുവിഭാഗവും ഒരൊറ്റ കുടക്കീഴിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കും. അല്ലറ ചില്ലറ സംശയങ്ങളും ആശങ്കകളും ഒഴിച്ചുനിർത്തിയാൽ കേരളമുസ്ലിംകളിൽ ബഹുഭൂരിപക്ഷവും ഈ കുട്ടായ്മയെ, വിട്ടുവീഴ്ചയുടെ തിരിച്ചറിവിനെ മനസ്സറിഞ്ഞ് ശ്ലാഘിക്കുന്നു. എന്നാൽ, മരം നടലും എയ്ഡ്സ് വിരുദ്ധ ബോധവത്കരണവും ജീവകാരുണ്യ പ്രവർത്തനങ്ങളുമെല്ലാം ആദർശ വ്യതിയാനത്തിന്റെ ദിശാ ഫലകങ്ങളാക്കി വിമർശങ്ങളുടെ കൂരമ്പുകൾ തൊടുത്തവർ പുതിയ കാലത്തോടും കലകളോടും വിവിധ പ്രശ്നങ്ങളോടും തുടർന്ന് എത്രമാത്രം സർഗാത്മകമാവുമെന്നും, ചിന്താപരമായ ജഡത്വം കൂടുതൽ മൂടിപ്പുതപ്പിക്കാൻ പുതിയ ഐക്യത്തിന്റെ മേച്ചിൽപ്പുറങ്ങൾ നിർബന്ധിതമാക്കുമോ എന്നിത്യാദി സംശയങ്ങളും പലർക്കുമുണ്ട്. ഇത് ഭാവിയിൽ മറ്റൊരു പിളർപ്പിന് വഴിയൊരുക്കാതിരിക്കട്ടെ എന്നാണവരുടെ പ്രാർത്ഥന.

കെ എൻ എമ്മിന്റെ സംഘടനാ തെരഞ്ഞെടുപ്പിലെ ജനാധിപത്യാവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് 2002-ൽ മുജാഹിദ് പിളർപ്പിന് കളമൊരുക്കിയത്. കീഴ്ഘടകങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നാൽ കാര്യങ്ങൾ പന്തികേടാവുമോ എന്ന ഭയം ഔദ്യോഗിക നേതൃത്വത്തെ വേട്ടയാടി. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് ചർച്ചകളുടെയും മധ്യസ്ഥ ശ്രമങ്ങളുടെയും ഭാഗമായി പലവട്ടം നീട്ടിവച്ചു. അവസാനം, മറ്റു പാനലുകൾ ഒന്നും അനുവദിക്കാതെ ഇരുവിഭാഗം നേതാക്കളെയും ഉൾപ്പെടുത്തി മധ്യസ്ഥന്മാരുണ്ടാക്കിയ ഒരേയൊരു പാനൽ മാത്രം ചർച്ചയ്ക്കിട്ട് ഉണ്ട്/ഇല്ല എന്നു മാത്രം കുറിപ്പ് എഴുതാൻ സംസ്ഥാന കൗൺസിലിൽ പരമാധികാരസഭ നിർബന്ധിതമായി. ഇതിൽ 105-നെതിരെ 107 വോട്ടുകൾക്ക് ഔദ്യോഗിക വിഭാഗം മേൽക്കൈ നേടി. തുടർന്ന് ഔദ്യോഗിക വിഭാഗത്തിന് വഴങ്ങാത്ത അവരുടെ പോഷക വിഭാഗമായ യുവജന വിഭാഗത്തെ മാതൃസംഘടനയായ കെ എൻ എം മരവിപ്പിച്ചു നിർത്തി.

പകരം ഔദ്യോഗിക വിഭാഗം പുതിയൊരു അഡ്ഹോക്ക് കമ്മിറ്റിയെ അവരോധിക്കുകയും ചെയ്തു. ഇത് സംഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഔദ്യോഗിക പാനലിൽ ഭാരവാഹികളായി വന്ന ഡോ. ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തമായി ചോദ്യം ചെയ്യുകയും അഡ്ഹോക്ക് കമ്മിറ്റിയെ തള്ളിപ്പറയുകയും ചെയ്തു. ഇതാണ് പിളർപ്പിന്റെ മർമ്മം. സംഘടനയിലെ ജനാധിപത്യവും അധികാരത്തർക്കവുമാണ് ഭിന്നിപ്പിന്റെ കേന്ദ്ര ബിന്ദുവെങ്കിലും യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ ആഗോളീകരണ കാലത്തെ ചലനാത്മകമായ ചില പ്രവർത്തനങ്ങളെ ഔദ്യോഗിക വിഭാഗം ആദർശവ്യതിയാനമായി ചിത്രീകരിച്ച് ഗൾഫ് സലഫിസത്തിന്റെ നവയാഥാസ്ഥിതിക സമീപനങ്ങൾ ഏറ്റുവിളിക്കാൻ തുടങ്ങിയതോടെ, മർകസ്സുദ്ദഅ്വ വിഭാഗം അതിനെതിരെ ശക്തമായി രംഗത്തുവന്നു.

അതോടെ ടി പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും എ പി അബ്ദുൽഖാദർ മൗലവി ജനറൽസെക്രട്ടറിയുമായി ഔദ്യോഗിക വിഭാഗവും മുൻ എംഎൽഎ- എ വി അബ്ദുറഹ്മാൻ ഹാജി പ്രസിഡന്റും ഡോ. ഹുസൈൻ മടവൂർ ജനറൽസെക്രട്ടറിയുമായി മർകസുദ്ദഅ്വ വിഭാഗവും പോർമുഖം കനപ്പിച്ചു. മാതൃസംഘടനയിലെയും യുവജന വിഭാഗത്തിലെയും പ്രശ്നങ്ങൾ വിദ്യാർത്ഥി, വനിതാ ഘടകങ്ങളിലേക്കും സ്വാഭാവികമായും പടർന്നു. ഇത് പള്ളികളിലും മദ്രസകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം കൂടുതൽ പ്രകടമായി. ഇരുവിഭാഗവും മത്സരിച്ച് പ്രസിദ്ധീകരണങ്ങളും ഡസൻ കണക്കിന് പുസ്തകങ്ങളും നൂറുകണക്കിന് സി ഡികളും വാറോലകളുമെല്ലാം പുറത്തിറക്കി. ആശയപരവും സംഘടനാപരവുമായ വിമർശങ്ങൾക്കപ്പുറം പലതും വ്യക്തിപരമായ അധിക്ഷേപങ്ങളായി. ഇത് ഖണ്ഡന മണ്ഡനങ്ങളും വാദപ്രതിവാദങ്ങളുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കും നഗരങ്ങളിലേക്കും കത്തിക്കയറി. അണികളെ ആകർഷിക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും, വിവിധ ഗൾഫ് നാടുകളിലുമായി പ്രചണ്ഡമായ പ്രചാരണങ്ങൾ വേറെയുമുണ്ടായി. എന്നാൽ ആ പ്രചാരണങ്ങൾക്കും വാഗ്വാദങ്ങൾക്കുമാണിപ്പോൾ വലിയൊരു ഫുൾസ്റ്റോപ്പുണ്ടാവുന്നത്.

ഇരു വിഭാഗം നേതൃത്വത്തിലെയും ഒറ്റപ്പെട്ട ചില വ്യക്തികൾ മുൻകയ്യെടുത്ത് ഒരു വർഷത്തിലധികമായി നടക്കുന്ന ചർച്ചകൾക്കാണ് ശുഭകരമായ പര്യവസാനമുണ്ടാകുന്നത്. സംഘടനാ പിളർപ്പിന് മുമ്പും ശേഷവും അതിന്റെ നയതന്ത്രജ്ഞരായി അനുയായികളും എതിരാളികളും ഒരുപോലെ നിരീക്ഷിക്കുന്ന കെ എൻ എം മർകസുദ്ദഅ്വ വിഭാഗം സംസ്ഥാന ട്രഷറർ എ അസ്ഗറലിയും മുജാഹിദ് സിസി ടവർ വിഭാഗം സംസ്ഥാന സെക്രട്ടറി എം അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളാണ് മുജാഹിദ് ഐക്യമെന്ന ആശയത്തിന് കൂടുതൽ ജീവൻ പകർന്നത്. (ഇതിൽ പരേതനായ പി ടി വീരാൻകുട്ടി സുല്ലമിയുടെ ഇടപെടലാണ് നിർണായക വഴിത്തിരിവായത്.) ഇരു ഗ്രൂപ്പുകളുടെയും തന്ത്രകുതന്ത്രങ്ങളുടെ ചാണക്യരായി വിശേഷിപ്പിക്കപ്പെടുന്ന സലഫിയും അസ്ഗറലിയും വിവരങ്ങൾ പരമാവധി രഹസ്യമാക്കി ഇരു സംഘടനാ തലങ്ങളിലും പരിധിവിട്ട ചർച്ചകൾക്ക് ഇടം കൊടുക്കാത്തവിധം ആശയ പ്രതലം ഒരുക്കുകയായിരുന്നു ആദ്യം ചെയ്തത്.

ഒപ്പം ചർച്ച വളരെയേറെ മുന്നോട്ടുപോയ ഘട്ടത്തിൽ ഇരുവിഭാഗത്തിലും ഇക്കാര്യത്തിൽ സ്വീകാര്യതയുടെ തോത് വർധിപ്പിക്കാനും ലയന സാധ്യതയ്ക്കെതിരെ വിമത ശബ്ദം ഉയരാതിരിക്കാനും അഞ്ചു വീതം നേതാക്കളെ ഓരോ വിഭാഗത്തിൽ നിന്നും മുന്നോട്ടു വെക്കുകയും തുടർ ധാരണകൾ രൂപപ്പെടുത്താൻ ഇവരുടെ നേതൃത്വത്തിലുള്ള ബോഡിയെ ചർച്ചകൾക്ക് മുന്നിൽ നിർത്തുകയുമായിരുന്നു. ഇത് ഐക്യചർച്ചയ്ക്കുള്ള പാര പണിയൽ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കവുമായി. ഇതാണ് ഇതിനു മുമ്പ് നടന്ന ഒട്ടേറെ ഐക്യ ശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു റിസൾട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതിനിടെ ഐ എസിന്റെ മറപിടിച്ച് സലഫി സംഘടനകൾക്കെതിരെ അന്തർദേശീയ തലത്തിലും, പ്രത്യേകിച്ച് ദേശീയ തലത്തിൽ മോദി സർക്കാറും ചില ഗൂഢനീക്കങ്ങൾ നടത്തിയതും ഡോ. സാക്കിർ നായികിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധത്തിനു പിന്നിലെ ദുഷ്ടലാക്കു വരെ സലഫി സംഘടനകളിലെ നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു.

2002-ലെ പിളർപ്പിൽ രണ്ടു വിഭാഗമാണുണ്ടായതെങ്കിലും പിന്നീട് ഔദ്യോഗിക വിഭാഗത്തിൽ രണ്ടു ചെറു ഭിന്നിപ്പടക്കം മൂന്നു പിളർപ്പുകളുണ്ടായി. സുബൈർ മങ്കടയുടെ നേതൃത്വത്തിൽ വളരെ കുറച്ചാളുകൾ ആടുമെയ്‌ക്കലിന് ഊന്നൽ നൽകി ആത്മീയ പലായനം നടത്തി വേറിട്ടുപോയതാണ് ഇതിൽ ആദ്യത്തേത്. ശേഷം പ്രഭാഷകനും പണ്ഡിതനുമായ ഡോ. കെ കെ സകരിയ്യ സ്വലാഹി, വിവാദ പ്രാസംഗികൻ ശംസുദ്ദീൻ പാലത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചിലർ ഔദ്യോഗിക ചേരിയുമായി ഇടഞ്ഞു സ്വന്തം രീതിയിൽ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. ജിന്ന്, സിഹ്റ് ബാധയുമായി ബന്ധപ്പെട്ട ആദർശപരമായ ചില വ്യതിയാന ചിന്തകളുടെ ഫലമായാണ് ഈ ചേർച്ചക്കുറവുകളുണ്ടായതെങ്കിലും ഈ ചേരികളെല്ലാം കെ എൻ എമ്മിന് ബദലായി കെ എൻ എം ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒപ്പം 2012-ൽ മുജാഹിദ് വിസ്ഡം ഗ്രൂപ്പ് എന്ന ബാനറിൽ മൂന്നാമത്തെ പിളർപ്പും സംഭവിച്ചു. ഇവർ ഔദ്യോഗിക വിഭാഗത്തിന് കടുത്ത വെല്ലുവിളി ഉയർത്തി. 2002-ലെ മുജാഹിദ് പിളർപ്പിനും ശേഷമുണ്ടായ ഐക്യനീക്കങ്ങൾക്ക് തുരങ്കം വെക്കുന്നതിലും ഈ വിഭാഗം അനൽപ്പമായ പങ്കുവഹിച്ചതിനാൽ ഔദ്യോഗിക വിഭാഗവുമായുള്ള ഇവരുടെ ഭിന്നിപ്പ് സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി.

സംഘടനാ സംവിധാനങ്ങളും സ്ഥാപനങ്ങളും ആസ്തികളുമൊക്കെ ഒദ്യോഗിക വിഭാഗത്തോടൊപ്പമായിരുന്നുവെങ്കിലും യുവതുർക്കികളായ പ്രാസംഗികരും അണികളും കൂടുതൽ വിസ്ഡത്തോടൊപ്പമാണെന്ന ഒരു പ്രതീതിയുണ്ടാക്കാനും ജിന്ന് വിഭാഗമെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന വിസ്ഡം ഗ്രൂപ്പുകാർക്കായി. എന്നാൽ മുജാഹിദിലെ പ്രബല വിഭാഗങ്ങൾ തമ്മിൽ ഐക്യപ്പെടുന്നത് വിസ്ഡം ഗ്രൂപ്പിൽ കടുത്ത ആഭ്യന്തര സമ്മർദ്ദമുണ്ടാക്കുന്നതായാണ് വിവരം. അവരുടെ പ്രമുഖ നേതാക്കളും പണ്ഡിതന്മാരുമായ കരുവള്ളി മുഹമ്മദ് മൗലവി, പ്രഭാഷണങ്ങളിലൂടെ പതിനായിരക്കണക്കിന് ആസ്വാദകവലയങ്ങളുള്ള ഹുസൈൻ സലഫി (ഷാർജ), മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ തടങ്ങിയവർ അധികം വൈകാതെ ഐക്യ കൂട്ടായ്മയിലേക്ക് കടന്നുവരാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരമൊരു ഇളക്കം ഇല്ലാതാക്കാനും ഔദ്യോഗിക വിഭാഗവും മർകസുദ്ദഅ്വ വിഭാഗവും തമ്മിലുള്ള മുൻകാല പ്രസ്താവനകളും സിഡികളും ആയുധമാക്കി ഐക്യ ചേരിയിൽ ഭിന്നതയുണ്ടാക്കാനും അണികളെ പിടിച്ചുനിർത്താനുമുള്ള കടുത്ത കരുനീക്കങ്ങളാണ് ഇവരിൽ ഒരുവിഭാഗം മെനയുന്നതെന്നാണ് വിവരം.

പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ്, പി വി അബ്ദുൽവഹാബ് തുടങ്ങി മുസ്ലിം ലീഗ് നേതാക്കളിൽ പലരും പല ഘട്ടങ്ങളിലായി ഐക്യനീക്കങ്ങൾ നടത്തിയെങ്കിലും ഔദ്യോഗിക വിഭാഗത്തിലെ ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ ശക്തമായ എതിർപ്പു കാരണം ഫലം കണ്ടിരുന്നില്ല. പിന്നീട് പ്രമുഖ പണ്ഡിതനും ചിന്തകനും ഒരു മുജാഹിദ് ഗ്രൂപ്പിലും കക്ഷിയാകാത്ത, എല്ലാ വിഭാഗങ്ങളും ഏറെ ആദരിക്കുന്ന ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി, പ്രൊഫ. എൻ വി സകരിയ്യ തുടങ്ങിയവരുടെ ഭാഗത്തു നിന്ന് ഊർജിതമായ ചില നീക്കങ്ങളുണ്ടായെങ്കിലും അതോടെ ഔദ്യോഗിക വിഭാഗത്തിലെ ഭിന്നസ്വരം മൂലം പാളി. പിന്നീട് ഒറ്റപ്പെട്ട ചില ഐക്യശ്രമങ്ങൾ വേറെ പലരുടെയും ഭാഗത്തു നിന്നുണ്ടായെങ്കിലും ഒന്നും ലക്ഷ്യബിന്ദുവിലേക്ക് അടുത്തു പോലുമില്ല.

ഔദ്യോഗിക വിഭാഗത്തിലെ സമുന്നത നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനി, പരേതനായ എ പി അബ്ദുൽഖാദർ മൗലവി, എം മുഹമ്മദ് മദനി തുടങ്ങിയവർ ഐക്യനീക്കത്തിന് പച്ചക്കൊടി കാണിച്ചപ്പോഴും എല്ലാവരിലും ഏകോപിച്ച് ഒരു തീരുമാനത്തിലെത്താൻ സമയമെടുത്തു. ഇതേ തുടർന്ന് എല്ലായ്‌പ്പോഴും ഐക്യശ്രമങ്ങളോട് പോസിറ്റീവായി പ്രതികരിച്ചിരുന്ന സി പി ഉമർ സുല്ലമിയും ഡോ. ഹുസൈൻ മടവൂരും എം സലാഹുദ്ദീൻ മദനിയും നേതൃത്വം നൽകുന്ന കെ എൻ എം മർകസുദ്ദഅ്വ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇനി ഐക്യ ചർച്ചകൾക്കു മറുപക്ഷം മുന്നോട്ടു വന്നാൽ മാത്രം അതേകുറിച്ച് പ്രതികരിച്ചാൽ മതിയെന്നും അവരിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അപ്പോഴും ഒരുമിച്ചു കഴിയേണ്ടവർ ഭിന്നിച്ചിരിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകൾ നിരാശയിലും ചിലർ ഉപേക്ഷിച്ചിരുന്നില്ല. ആ പ്രതീക്ഷകളാണിപ്പോൾ സഫലമാവുന്നത്.

കെ എൻ എമ്മിൽ ഇരുവിഭാഗത്തിനും സംഘടനാപരമായോ ആദർശപരമായോ യാതൊരു വ്യതിയാനവും ഇല്ലെന്ന തീരുമാനമാണ് ഐക്യസന്ധി നീക്കങ്ങളുടെ മർമ്മം. ഖുർആനും സുന്നത്തുമാകുന്ന രണ്ട് വജ്രായുധങ്ങൾ മൂലപ്രമാണമാക്കി മുന്നോട്ടു പോകുന്ന സംഘം പോയ കാര്യങ്ങളൊന്നും പോസ്റ്റ്മോർട്ടം ചെയ്ത് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ജിന്ന്സിഹ്റ് വിഷയത്തിലും മറ്റും ആദർശപരമായ ചില തിരുത്തലുകൾ വരുത്തിയാൽ വിസ്ഡം ഗ്രൂപ്പിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന സന്ദേശമാണ് നൽകുന്നത്.

ഒന്നാകുന്നതോടെ ഇരുവിഭാഗത്തിന്റെയും വിദ്യാർത്ഥി, വനിത, യുവജന, മാതൃസംഘടനകളിൽ തുല്യമായ അധികാര പങ്കാളിത്തമാണുണ്ടാവുക. എന്നാൽ കെ എൻ എം സംസ്ഥാന കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിന് കൂടുതൽ മേൽക്കൈയുണ്ടാവും. നിലവിലുള്ള ഔദ്യോഗിക കെ എൻ എമ്മിൽ മറുവിഭാഗത്തിലെ 15 പേരെ നോമിനേറ്റ് ചെയ്ത് എക്സിക്യുട്ടീവ് അംഗ സംഖ്യ അമ്പതാക്കും. ഇത് സംഘടനയുടെ അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ട മൂന്നു വർഷ കാലയളവ് വരെയാകും. ശേഷം സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ സാരഥികളെ കണ്ടെത്തും. അതുവരെ സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഷയത്തിലും ഐകകണ്ഠേനയുള്ള അഭിപ്രായമില്ലാതെ ഒന്നും തീരുമാനമാക്കില്ല. എക്സിക്യൂട്ടീവിൽ ഒരു വ്യക്തി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയാലും ഇതാവും സ്ഥിതിയെന്നിരിക്കെ ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള ഒരു തീരുമാനവും കൈക്കൊള്ളില്ല. എന്നാൽ കെ എൻ എം ജില്ലാ കമ്മിറ്റികളിൽ ഇരുവിഭാഗത്തിനും തുല്യ പ്രാതിനിധ്യമാണ് എക്സിക്യൂട്ടീവിലും കൗൺസിലിലും ഉണ്ടാവുക.

യുവജന വിഭാഗമായ ഐ എസ് എം, വിദ്യാർത്ഥി വിഭാഗമായ എം എസ് എം, വനിതാ വിഭാഗമായ എം ജി എം എന്നി പോഷക ഘടകങ്ങളിൽ ഇരുവിഭാഗത്തിന്റെയും സംയുക്ത കൗൺസിലാണുണ്ടുണ്ടാവുക. ഭാരവാഹിത്വത്തിലും എക്സിക്യൂട്ടീവിലുമെല്ലാം ഇരുവിഭാഗത്തിനും തുല്യ പ്രാതിനിധ്യമാണുണ്ടാവുക.

ഡോ. ഹുസൈൻ മടവൂർ ജനറൽ സെക്രട്ടറിയായുള്ള ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റ് ദേശീയ കമ്മിറ്റിയിലും ഇപ്രകാരം അവസര സമത്വം ഉറപ്പാക്കും. ഔദ്യോഗിക ഗ്രൂപ്പിലെ പല നേതാക്കളും ഇതിന്റെ തലപ്പത്തെത്തും. എന്നാൽ മർകസുദ്ദഅ്വ വിഭാഗം ഐ എസ് എം പ്രായപരിധി കഴിഞ്ഞവരെ കുടിയിരുത്തിയുണ്ടാക്കിയ ഫോക്കസ് ഇന്ത്യ ആവശ്യമായ മാറ്റങ്ങളോടെ യുവജന വിഭാഗത്തിന്റെ ദേശീയ മുഖമാക്കാനും ആലോചനകകളുണ്ട്. കെ എൻ എം ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയും സോഷ്യൽ സർവീസിൽ ഈടുറ്റ ഇടപെടലുകളിലൂടെ കർമനിരതനായ ഡോ. സുൽഫീഖറലിയെ പോലുള്ളവർ മുജാഹിദ് ദേശീയ നേതൃനിരയിലേക്ക് വന്നേക്കും. മർകസുദ്ദഅ്വ വിഭാഗത്തിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഊടും പാവും നൽകുന്ന ബുദ്ധികേന്ദ്രങ്ങളിൽ മുഖ്യനായ എ അസ്ഗറലിയെ കെ എൻ എമ്മിന്റെ സംഘടനാ കാര്യ സെക്രട്ടറിയാക്കാനും സാധ്യതകളുണ്ട്. മദ്യ നിരോധന സമിതി സംസ്ഥാന നേതാവും പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവർത്തകയുമായ ഖദീജ നർഗീസ്, വാഗ്മിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുഹ്റ മമ്പാടിനെ പോലുള്ളവരുടെ നേതൃത്വത്തിൽ മുജാഹിദ് വനിതാ വിഭാഗത്തിനു ദേശീയ സമിതിയുണ്ടാക്കാനും നീക്കങ്ങളുണ്ടാവും.

ഇസ്ലാമിന്റെ 14 നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിൽ പിളർന്ന സംഘടനകൾ ഒന്നായ ചരിത്രമില്ലെങ്കിലും 14 വർഷത്തെ പിളർപ്പിനിടയിൽ രണ്ടു സംഘടനകൾ ഒന്നായതിന്റെ സന്തോഷത്തിലാണ് ഇരുവിഭാഗവും, മറ്റു സംഘടനാ പക്ഷപാതിത്വങ്ങളില്ലാത്ത മുസ്ലിംകളിലെ വലിയൊരു വിഭാഗവും. മുസ്ലിം ഐക്യസംഘത്തിന്റെ പിന്മുറക്കാർക്ക് ഒന്നര പതിറ്റാണ്ട് കലയളവിലെ അന്ധമായ കക്ഷിത്വങ്ങളോട് വിടുതിയാകാൻ സാധിച്ചതിന്റെ സന്തോഷമാണിപ്പോൾ. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവും പണ്ഡിതനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, ഗ്രന്ഥകാരനും പണ്ഡിതനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീറുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ, എം എസ് എസ് സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, മുസ്ലിംലീഗിന്റെ മുഴുവൻ നേതാക്കളും ഐക്യനീക്കത്തിന് മനസ്സറിഞ്ഞ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഇപ്രകാരം ഒന്നിക്കട്ടെ എന്നാണ് ഇവരുടെയെല്ലാം ആഗ്രഹം. അത്തരമൊരു ആലോചനയ്ക്കും വഴി ഒരുങ്ങട്ടെ.

സംഘടനാപരമായ കൂട്ടായ്മയ്ക്കപ്പുറം സാമൂഹ്യ പരിഷ്‌കരണത്തിൽ/നവോത്ഥാനത്തിൽ മുജാഹിദ് ഐക്യം എന്തു ചലനങ്ങളാണുണ്ടാക്കുകയെന്നു കാതോർക്കുകയാണ് മതനിരപേക്ഷ കേരളം. തീവ്രവാദത്തിനും മതരാഷ്ട്രവാദത്തിനും വേണ്ടി നിലമുഴുത മുസ്ലിംകളിലെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ വഴിവിട്ട ചിന്തകളെയും അവിവേകങ്ങളെയും തുറന്നുകാണിക്കാൻ മറ്റാരേക്കാളും ശബ്ദിച്ചവരാണ് ഇപ്പോൾ യോജിപ്പിലെത്തുന്ന മുജാഹിദ് വിഭാഗങ്ങൾ. എന്നാൽ, ഗൾഫ് സലഫിസത്തിന്റെ ബാധകൾ ഏറിയും കുറഞ്ഞും ഇരുകൂട്ടരെയും സ്വാധീനിച്ചിട്ടുണ്ട്. മതപ്രമാണങ്ങളിൽ ഊന്നുമ്പോൾ തന്നെയും പുതിയ കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുന്ന ആധുനികവത്കരണ പ്രക്രിയകളിൽ ധിഷണാപരമായ ഇടപെടൽ വൈകിയെങ്കിലും തുടരാൻ ഇവർക്കാവുമോ എന്നതും കാത്തിരുന്നു കാണണം. രാഷ്ട്രീയപരമായി ഇരുവിഭാഗത്തിലെയും ബഹുഭൂരിപക്ഷവും സാമുദായിക രാഷ്ട്രീയ പാർട്ടിയോട് ഒട്ടിനിൽക്കുന്നവരാണെങ്കിലും തമ്മിൽ ഭേദം തൊമ്മൻ വ്യത്യാസമേയുള്ളൂ. അതിനു കുറച്ചുകൂടി പരിമിതികൾ കൂടാനാണ് സാധ്യത. മുസ്ലിംകളിലെ ഇതര മത ഗ്രൂപ്പുകളോടും വിവിധ രാഷ്ട്രീയ പാർട്ടികളോടുമെല്ലാം അന്ധമായ വിരോധമോ വിധേയത്വമോ കാണിക്കാതെ വഷളൻ മതപ്രബോധന രീതികൾ മാറ്റി ഗുണകാംക്ഷപരമായ ഒരു നിലപാട്തറ സ്വീകരിക്കാൻ ഇവർക്കാവുമോ എന്നതും കാലം തെളിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP