Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയത ഇസ്ലാമിക വിരുദ്ധം; ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളത്; ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും; ഇന്ത്യ സംസ്‌ക്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡി; വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖയ്ക്കും ദേശീയതക്കുമെതിരായ മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്‌സിൻ ഐദീദിന്റെ വാദങ്ങൾ വിവാദത്തിൽ

ദേശീയത ഇസ്ലാമിക വിരുദ്ധം; ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളത്; ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും; ഇന്ത്യ സംസ്‌ക്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡി; വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖയ്ക്കും ദേശീയതക്കുമെതിരായ മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്‌സിൻ ഐദീദിന്റെ വാദങ്ങൾ വിവാദത്തിൽ

എം പി റാഫി

കോഴിക്കോട്: ഇന്ത്യയുടെ ദേശിയതയെ ചോദ്യം ചെയ്യുന്ന ലഘുലേഖ പുറത്തിറക്കി മുജാഹിദ് പണ്ഡിതൻ വിവാദത്തിൽ. ദേശീയതയെന്ന സങ്കൽപ്പം ഇസ്ലാമിൽ ഇല്ലെന്നും ദേശീയത അനിസ്ലാമികവുമാണെന്ന വാദവുമായാണ് മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്‌സിൻ ഐദീദ് രംഗത്തെത്തിയിരിക്കുന്നത്.

നാല് അധ്യായങ്ങളിലായി 'അൽ അസ്വലാ' എന്ന മുഹ്‌സിൻ ഐദീദിന്റെ വെബ്‌സൈറ്റിലാണ് ദേശീയതെക്കെതിരെയുള്ള ലേഖനങ്ങൾ എഴുതി പുത്തൻ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് ഇറക്കിയ രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖയ്‌ക്കെതിരെയാണ് ഐദീദ് ദേശീയതയെ ചോദ്യം ചെയ്യുന്ന ലഖുലേഖയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുജാഹിദ് വിസ്ഡം വിഭാഗം കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖകളിലും കൈപുസ്തകങ്ങളിലും ദേശീയതക്കും രാജ്യസ്‌നേഹത്തിനും അനുകൂലമായി പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് അക്കമിട്ടാണ് ലേഖനത്തിലുടനീളം ദേശിയതയ്‌ക്കെതിരെ അബ്ദുൽ മുഹ്‌സീൻ ഐദീദിന്റെ മറുപടി. നാല് ദിവസങ്ങളിലായി തുടർച്ചയായാണ് ലേഖനങ്ങൾ പുറത്തുവിട്ടത്. ലേഖനമടങ്ങുന്ന വെബ് പേജ് തന്റെ ഫേസ്‌ബുക്ക് പേജിൽ മഹ്‌സിൻ ഐദീദ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നും പറയൽ അനിസ്ലാമികമാണെന്ന വാദമാണ് ഐദീദ് ഉന്നയിക്കുന്നത്.  ഇസ്ലാമിക കാഴ്ചപ്പാടിൽ ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ഖുർആനിൽ വിശ്വസിച്ചവരെ മുസ്ലിം എന്നും അല്ലാത്തവരെ മുശ്രിക്കും കാഫിറുമായാണ് വേർതിരിച്ചിട്ടുള്ളതെന്നും ഐദീദ് പറയുന്നു. ഇതിന് തെളിവായി ഖുർആൻ സൂക്തങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

ജനങ്ങളെ പൊതുവായി വിഭജിക്കാൻ ഇസ്ലാമിലുള്ള ഏക മാനദണ്ഡം മുസ്ലീമും കാഫിറും എന്നതാണ്. അല്ലാതെയുള്ള ദേശീയതാ വിവാദങ്ങൾക്കോ ദേശാതിർത്തികൾ തിരിച്ചുള്ള ഐക്യ ക്രമങ്ങൾക്കോ ഇസ്ലാം പ്രാധാന്യവും പരിഗണനയും കല്പിക്കുന്നില്ല എന്നാണ് മുഹ്‌സിൻ ഐദീദ് ലേഖനത്തിൽ പറഞ്ഞു വെയ്ക്കുന്നത്.

രാജ്യവും ദേശവും ഭാഷയും വേർതിരിച്ചതിൽ ജനങ്ങൾക്ക് തിരിച്ചറിയുക എന്നല്ലാതെ അള്ളാഹുവിൽ യാതൊരു ശ്രേഷ്ഠതയുമില്ല. ഇന്ത്യൻ ദേശീയതയെ മാത്രമല്ല, അറബ് രാഷ്ട്രങ്ങളിലെ ദേശീയ വാദങ്ങളെ എതിർക്കപ്പെട്ടിട്ടുണ്ടെന്നും പിന്നെ എങ്ങിനെയാണ് അനിസ്ലാമിക രാജ്യങ്ങളുടെ ദേശീയതക്ക് വേണ്ടി ഒരു മുസ്ലിംസിന്ദാബാദ് വിളിക്കുക?. - മുഹ്‌സിൻ ലേഖനത്തിൽ പറയുന്നു. ഇതിന് തെളിവായി സലഫി പണ്ഡിതൻ അബ്ദുൽ അസീസ് ബ്‌നു ബാസിന്റെ ഉദ്ദരണികൾ തെളിവായി ലേഖനത്തിൽ കാണിക്കുന്നുണ്ട്.



ദേശീയതാ വാദം ഇസ്ലാമിൽ ഇല്ലെന്ന സംഘൽപ്പമാണ് ഐഎസ് (ഇസ്ലാമിക്ക് സ്റ്റേറ്റി)നും ഉള്ളത്. ഫലസ്തീനിലെ പോരാട്ടങ്ങൾ ദേശീയതയുടെ ഭാഗമാണെന്നും ഇസ്ലാമിനു വേണ്ടിയല്ലെന്നും പറയുന്ന ഐ.എസ് ദേശീയത ഇസ്ലാമിക വിരുദ്ധമാണെന്ന് പലതവണ ആവർത്തിച്ച് വ്യക്തമാക്കുന്ന കാര്യമാണ്. രാജ്യ അതിർത്തികളില്ലാതെ, മനുഷ്യനിർമ്മിത നിയമവും ഭരണ ഘടനയും ഇല്ലാത്തതാണ് ഐ.എസിന്റെ രാഷ്ട്ര സംഘൽപ്പം. ഖുർആൻ ഭരണഘടനയായി ലേകത്തെ ഒരേയൊരു രാഷ്ട്ര സംഘൽപ്പം, ഇസ്ലാമിക രാഷ്ട്രമാണെന്നാണ് ഇവരുടെ വിശ്വാസം.

മുഹ്‌സിൻ ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്: 'ചുരുക്കത്തിൽ ഇന്ത്യൻ ദേശീയത എന്നല്ല ;ഒരുദേശീയതയെയും ഇസ്ലാം അംഗീകരിക്കുന്നില്ല. കാരണം മനുഷ്യർ നിർമ്മിച്ചെടുത്ത ഇത്തരം അതിർവരമ്പുകൾ ഒരു പടികൂടി അടിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അകറ്റുകയും ഭിന്നിപ്പിക്കുകയും ആണ് ചെയ്യുന്നത് '.



അനേകം മത-വർഗ - വർണങ്ങളെ വരച്ചുകാട്ടാൻ ഇന്ത്യ ഒരു പൂന്തോപ്പ് എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ലെന്നും ശിർക്കും കുഫ്‌റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും എന്നുമാണ് മുഹ്‌സിൽ ഐദീദിന്റെ ചോദ്യം. ഇസ്ലാം അല്ലാത്ത മതങ്ങൾ മനുഷ്യന്റെ കൈകടത്തലുകൾ കടന്നു കൂടിയ ചെളിക്കുണ്ടുകളും വൃത്തികേടുകളുമാണ്. ഇതിനെ എങ്ങനെ യാണ് ഭംഗിയുള്ള പൂന്തോട്ടത്തോട് ഉപമിക്കാൻ പറ്റുക. - മുഹ്‌സിൻ ചോദിക്കുന്നു.

ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളതാണെന്നാണ് മുഹ്‌സിൻ ഐദീദിന്റെ വിചിത്രമായ കണ്ടുപിടുത്തം. അതിന്റെ കാഠിന്യത്താൽ അവർ തന്നെ മാലിന്യമായിരിക്കുകയാണ്. എങ്ങിനെയാണ് മാലിന്യങ്ങളെ പുന്തോട്ടത്തിൽ കയറ്റുക എന്നും ഐദീദ് ചോദിക്കുന്നു. ഇന്ത്യ സംസ്‌കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡിയാണെന്ന് ഇയാൾ പറയുന്നു.

ഗാന്ധിജിയും അബുൽ കലാം ആസാദും തോളോടുതോൾ ചേർന്നു നിന്നുവെന്ന് ലഘുലേഖയിൽ പറയുന്നുണ്ട്. എന്നാൽ ഇത് ചരിത്രപരവും ഇസ്ലാമികവുമായി തെറ്റാണെന്നാണ് മുഹ്‌സിൻ ഐദീദിന്റെ വാദം. 'രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെ'ന്ന് പ്രചരിപ്പിക്കപ്പെട്ട ഹദീസ് (പ്രവാചക വചനം) പ്രവാചകന്റെ മേൽ കെട്ടിച്ചമക്കപ്പെട്ടതാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും ഐദീദ് ലേഖന പരമ്പരയുടെ നാലാം ഭാഗത്തിൽ പറയുന്നു. ഇതിനായി മറ്റു ഉദ്ധരണികളും മുന്നോട്ടു വെയ്ക്കുന്നു. രാജ്യസ്‌നേഹം കാത്തു സൂക്ഷിക്കണമെന്ന് അള്ളാഹു പറഞ്ഞിട്ടില്ല. രാജ്യസ്‌നേഹത്തിന് ദീനുമായി ബന്ധം ഉണ്ടാകാത്തിടത്തോളം കാലം അതുണ്ടെങ്കിലും ഇല്ലെങ്കിലും ദീനിന് യാതൊരു കോട്ടവും പറ്റില്ല.



'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ' എന്ന മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കാമ്പയിനിന്റെ ഭാഗമായി ഇറക്കിയ ലഘുലേഖയ്‌ക്കെതിരെയാണ് മുഹ്‌സിൻ ഐദീദിന്റെ ലേഖന പരമ്പര. നാലാം ഭാഗം എഴുതിയതിന് ശേഷം തുടരും എന്ന് ചുവടെ എഴുതിയിരുന്നെങ്കിലും പിന്നീട് ലേഖനം തുടർന്നില്ല. ഇതിനിടെയായിരുന്നു പരവൂരിൽ ഈ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം വിഭാഗം ആക്രമിക്കപ്പെട്ടത്. എന്നാൽ മുഹ്‌സിൻ ഐദീദിന്റെ ലേഖനങ്ങൾ ന്യൂനപക്ഷമാണെങ്കിലും ചിലർ ഷെയർ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെയും വിവാദ പ്രസംഗം നടത്തി മുഹ്‌സിൻ വാർത്തയിൽ ഇടം പിടിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞു വിടുന്നത് അനിസ്ലാമികമാണെന്നും സ്‌കൂളുകളിൽ ശിർക്കും കുഫ്‌റുമാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു മുഹ്‌സിൻ മുമ്പ് പ്രസംഗിച്ചത്. മുഹ്‌സിൻ മുമ്പ് മറ്റൊരു പേജിൽ എഴുതിയ ലേഖനം ഐ.എസിന്റെ മലയാളം വെബ്‌സൈറ്റായിരുന്ന നിരോധിക്കപ്പെട്ട അൽ മുഹാജിറൂൻ ബ്ലോഗിൽ വന്നിരുന്നു. ഇതിനു പിന്നാലെ മൂന്നു തവണ എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികൾ മുഹ്‌സിൻ ഐദീദിനെ ചോദ്യം ചെയ്തിട്ടുണ്ട്. നിലവിൽ കല്ലായി മർക്കസ് ഇബ്‌നു ഖയ്യൂം എന്ന മുജാഹിദ് സ്ഥാപനത്തിൽ അദ്ധ്യാപകനാണ് മുഹ്‌സിൻ ഐദീദ്.

രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖ പ്രചരിപ്പിച്ചതിന്റെ പേരിൽ എറണാകുളം പരവൂരിൽ മുജാഹിദ് പ്രവർത്തകർക്ക് നേരെയുണ്ടായ ആർഎസ്എസ് കയ്യേറ്റവും തുടർന്നുണ്ടായ പൊലീസ് അറസ്റ്റുമെല്ലാം ഏറെ ചർച്ചയായ പശ്ചാത്തലത്തിലാണ് പുതിയ ലേഖനവുമായി ഐദീദിന്റെ കടന്ന് വരവ്.

2002ൽ രണ്ടായി പിളർന്ന ശേഷം മുജാഹിദ് മൗലവി (ഔദ്യോഗികം) വിഭാഗത്തിൽ നിന്ന് തീവ്രതയുടെ തോതനുസരിച്ച് വീണ്ടും നിരവധി പിളർപ്പുകളുണ്ടായി. 2012 ലാണ് വിസ്ഡം ഗ്രൂപ്പായി മറ്റൊരു സംഘം രൂപപ്പെട്ടത്. സംഘടനയേ അനിസ്ലാമികമാണെന്നും സംഘടനയ്ക്ക് നിരവധി ശർത്തുകൾ ( നിബന്ധനകൾ) ഉണ്ടെന്നും വാദിച്ച് ഇതിൽ നിന്ന് വീണ്ടും വിഘടിച്ച സംഘത്തിൽപ്പെട്ട ആളാണ് അബ്ദുൽ മുഹ്‌സിൻ ഐദീദ് എന്ന യുവ മുജാഹിദ് പണ്ഡിതൻ. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ 21 അംഗ സംഘത്തിലെ പുരുഷന്മാർ മിക്കവരും ഈ അവസാന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. ഇവരാണ് യഥാർത്ഥ സലഫികളാണെന്നാണ് ഇവരുടെ വാദം. യഥാർത്ഥ സലഫിയ്യത്തിനെതിരാണ് വിസ്ഡം വിഭാഗത്തിന്റെ രാജ്യസ്‌നേഹമെന്നാണ് മുഹ്‌സിൻ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP