Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ പ്രളയത്തിൽ മുക്കിയിട്ടും തമിഴ്‌നാടിന്റെ അത്യാർത്തി തീരുന്നില്ല; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി നിർത്തണമെന്ന് വാദിച്ച് വീണ്ടും; കേരളത്തിന്റെ കടുത്ത എതിർപ്പിൽ നിലപാട് മാറ്റി കേന്ദ്രം; 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തിയ മുല്ലപ്പെരിയാറിലെ തമിഴ്‌നാടിന്റെ ചതിയാണ് പ്രളയത്തിന് കാരണമെന്ന് കാണിച്ച് സുപ്രീംകോടതിൽ കേരളത്തിന്റെ സത്യവാങ്മൂലം; പ്രളയം മനുഷ്യനിർമ്മിതമെന്ന ഗാഡ്ഗിലിന്റെ വാദത്തെ എതിർക്കുമ്പോഴും ഡാം തുറക്കുന്നതിലെ വീഴ്‌ച്ച അംഗീകരിച്ച് സർക്കാർ

കേരളത്തെ പ്രളയത്തിൽ മുക്കിയിട്ടും തമിഴ്‌നാടിന്റെ അത്യാർത്തി തീരുന്നില്ല; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി നിർത്തണമെന്ന് വാദിച്ച് വീണ്ടും; കേരളത്തിന്റെ കടുത്ത എതിർപ്പിൽ നിലപാട് മാറ്റി കേന്ദ്രം; 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തിയ മുല്ലപ്പെരിയാറിലെ തമിഴ്‌നാടിന്റെ ചതിയാണ് പ്രളയത്തിന് കാരണമെന്ന് കാണിച്ച് സുപ്രീംകോടതിൽ കേരളത്തിന്റെ സത്യവാങ്മൂലം; പ്രളയം മനുഷ്യനിർമ്മിതമെന്ന ഗാഡ്ഗിലിന്റെ വാദത്തെ എതിർക്കുമ്പോഴും ഡാം തുറക്കുന്നതിലെ വീഴ്‌ച്ച അംഗീകരിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് പറഞ്ഞ മാധവ് ഗാഡ്ഗിലിനെ പ്രതിരോധിക്കാൻ മന്ത്രിമാർ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ രാഷ്ട്രീയമായി ഈ ആരോപണത്തെ പ്രതിരോധിക്കുമ്പോഴും ഡാം തുറക്കുന്ന കാര്യത്തിൽ വീഴ്‌ച്ച വന്നെന്ന് സമ്മതിച്ചു കൊണ്ടാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. ഇന്നലെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ച പ്രളയക്കെടുതിക്ക് ഇടയാക്കിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. അതിനിടെ കേരളത്തെ പ്രളയത്തിൽ മുക്കിയ സംഭവങ്ങൾക്കിടയിലും തമിഴ്‌നാടിന്റെ അത്യാർത്തി തീരുന്നില്ല. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന ആവശ്യമാണ് തമിഴ്‌നാട് ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യം കേരള സർക്കാറിന്റെ ശക്തമായ എതിർത്തിൽ തട്ടി ഇല്ലാതായി.

ഇപ്പോഴത്തെ മഴ സീസൺ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139-140 അടിയായി നിലനിർത്താൻ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു.. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു. സുപ്രീം കോടതി കഴിഞ്ഞ 17നു നൽകിയ നിർദ്ദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേർന്നത്. മുല്ലപ്പെരിയാർ പ്രശ്‌നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിക്കും. ഉപസമിതി തീരുമാനം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.

കേരളത്തിന്റെ നിലപാടു ശരിവച്ച് ജലവിഭവ മന്ത്രാലയ സെക്രട്ടറി യു.പി. സിങ് വ്യക്തമാക്കിയതിങ്ങനെയാണ്: പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടിലെ ജലനിരപ്പു തീരുമാനിക്കേണ്ടത്. ജനങ്ങൾ വിഷയത്തെ എങ്ങനെ സമീപിക്കുന്നുവെന്നതും പരിഗണിക്കേണ്ട വിഷയമാണ്. ജലനിരപ്പ് ഉയർത്തുന്നതിന് മുമ്പ് കേരളം ഉന്നയിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്. ജലനിരപ്പു താഴ്‌ത്തിനിർത്തുന്നതു തങ്ങളുടെ സംസ്ഥാനത്തു ശുദ്ധജല ലഭ്യതയുടെ കാര്യത്തിലുൾപ്പെടെ പ്രശ്‌നമാകുമെന്നു തമിഴ്‌നാടിന്റെ കാവേരി സാങ്കേതികസമിതി അധ്യക്ഷൻ ആർ.സുബ്രഹ്മണ്യൻ വാദിച്ചു. എന്നാൽ ഈ വാദം വസ്തുതകളുമായി ഒത്തുപോകുന്നതല്ലെന്നു കേരളം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് പ്രതിനിധി വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു യോഗത്തിൽ പങ്കെടുത്തത്.

കേരളത്തിനുവേണ്ടി ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാനാന്തര നദീജല ഉപദേശകസമിതി സ്‌പെഷൽ ഓഫിസർ ജെയിംസ് വിൽസൺ എന്നിവർ പങ്കെടുത്തു. കേന്ദ്ര ജല കമ്മിഷൻ അധ്യക്ഷൻ, ഊർജ, പരിസ്ഥിതി, വാർത്താവിനിമയ മന്ത്രാലയ പ്രതിനിധികൾ ദേശീയ ദുരന്ത മാനേജ്‌മെന്റ് അഥോറിറ്റി പ്രതിനിധി എന്നിവരും സംബന്ധിച്ചു. ഇപ്പോഴത്തെ മഴ സീസൺ അടുത്ത മാസം 15 വരെയാണെന്നാണു കണക്കാക്കിയിരിക്കുന്നത്. ജലനിരപ്പു വിഷയം ഉപസമിതി അതിനുശേഷം വീണ്ടും പരിഗണിക്കും.

തമിഴ്‌നാടിന്റെ വീഴ്‌ച്ച ചൂണ്ടിക്കാട്ടി കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു പെട്ടെന്നു വെള്ളം തുറന്നുവിട്ടപ്പോൾ, ഇടുക്കി അണക്കെട്ടിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കാൻ കേരളം നിർബന്ധിതമായെന്നും പ്രളയത്തിന് ഇതും കാരണമായെന്നും സുപ്രീം കോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം. ഇതോടെ അണക്കെട്ട് തുറന്നതിൽ വീഴ്‌ച്ചയുണ്ടെന്ന ആരോപണത്തെ സർക്കാർ ഔദ്യോഗികമായി തന്നെ ശരിവെക്കുകയാണെന്ന ആക്ഷേപം ശക്തമായി. ഇടുക്കിയിൽ നേരത്തെ തന്നെ ഉയർന്ന ജലനിരപ്പ് ഉണ്ടായിരുന്നതിനാൽ വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരികയും അത് പ്രളയത്തിന് വഴിവെക്കുകയായിരുന്നുമായി.

പരമാവധി ജലനിരപ്പിലേക്ക് എത്തുംമുൻപേ നിയന്ത്രിത തോതിൽ വെള്ളം പുറത്തേക്കുവിടണമെന്നു തമിഴ്‌നാടിനോടും മേൽനോട്ട സമിതിയോടും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, പ്രളയം ഒഴിവാക്കാൻ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ക്രമേണ തുറക്കാൻ സംസ്ഥാനം തീരുമാനിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ പെട്ടെന്നു വെള്ളം പൊങ്ങിയ ചരിത്രമുള്ളതിനാൽ കേരളം ജാഗ്രത പാലിച്ചു. 14നു രാവിലെ നാലിനു ജലനിരപ്പ് 136 അടി കടന്നു. ഉച്ചയ്ക്കു രണ്ടോടെ ഒഴുക്ക് ഇരട്ടിയായി; ജലനിരപ്പ് 137 അടിയും. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുത്തു. നിയന്ത്രിത തോതിൽ മുൻകൂട്ടി വെള്ളമൊഴുക്കണമെന്ന ആവശ്യത്തിൽ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിൽ, ഇടുക്കിയിലെ സ്പിൽവേകളിലൂടെയുള്ള ജലമൊഴുക്കു കൂട്ടി. 14നു രാത്രി ഏഴിനും 15ന് എട്ടിനുമിടയ്ക്കു ജലമൊഴുക്ക് സെക്കൻഡിൽ 21,188 ഘനയടിയിൽനിന്ന് 35,315 ഘനയടിയായി കൂട്ടി. 15ന് അർധരാത്രിയാകട്ടെ, മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തുകയും ചെയ്തു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി കേന്ദ്ര ജലകമ്മിഷൻ ചെയർമാനെ തലവനാക്കി പുനഃസംഘടിപ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രളയമുൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ സമിതിക്ക് അധികാരം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തെ മുക്കിയ തമിഴ്‌നാടിന്റെ ചതി ഇങ്ങനെ

മുല്ലപ്പെരിയാറിൽ മാത്രമല്ല, കേരളത്തിലെ മറ്റു ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കിയതിലും തമിഴ്‌നാടിനു പങ്കെന്ന് ആരോപണമാണ് കേരളം ഇപ്പോൾ ശക്തമായി ഉന്നയിക്കുന്നത്. പറമ്പിക്കുളം ഡാമിൽനിന്നു പെരിങ്ങൽക്കുത്തിലേക്കു തമിഴ്‌നാട് അളവിൽ കൂടുതൽ വെള്ളമൊഴുക്കിയതും ചാലക്കുടിയിലെ പ്രളയത്തിന്റെ കാരണമാണെന്നു വിലയിരുത്തലുണ്ട്. സെക്കൻഡിൽ 19,500 ഘനയടി വെള്ളം തുറന്നു വിടുമെന്നാണു തമിഴ്‌നാട് 16നു രാത്രി ഒന്നിന് അറിയിച്ചത്. എന്നാൽ രണ്ടു മണിയോടെ ഇരച്ചെത്തിയതു 40,000 ഘനയടി വെള്ളം. ഇതാണു ചാലക്കുടിപ്പുഴ കരകവിയാൻ കാരണമെന്നു വൈദ്യുതി വകുപ്പ് വിലയിരുത്തുന്നു.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിൽ നിന്നുള്ള വെള്ളവും പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്കൊഴുകി. ഇടമലയാർ ഡാമിലേക്കു തമിഴ്‌നാടിന്റെ നീരാർ, വച്ചുമരം ഡാമുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി. ഈ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററാണ്. കഴിഞ്ഞ ഒൻപതിനു ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ഡാം തുറന്നു. അതിന്റെ ഫലമായി പെരിയാറിലെ ജലനിരപ്പ് ഉയർന്നു.

മാട്ടുപ്പെട്ടി ഡാം തുറന്നതിലും മുന്നറിയില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആരോപണം. ജില്ലയിലെ ചെറുകിട ഡാമുകൾ തുറക്കുന്നതിനു മുൻപു ജില്ലാ ഭരണകൂടം, തഹസിൽദാർ എന്നിവരെ വിവരം അറിയിക്കും. മാധ്യമങ്ങൾ വഴി പൊതുജനങ്ങളെയും. മാട്ടുപ്പെട്ടിയിൽ ഷട്ടറുകൾ ഉയർത്തുമ്പോൾ മുന്നറിയിപ്പു നൽകാറില്ല. ഇത്തവണ, പക്ഷേ, തലേന്നുതന്നെ മാധ്യമങ്ങൾ വഴി അറിയിക്കുകയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും മൈക്ക് പ്രചാരണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് ഒൻപതിന് ഇടമലയാർ ഷട്ടറുകൾ തുറന്നിരുന്നു. അതിനും മുൻപു ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും പൂർണമായി ഉയർത്തി. പിന്നീടാണ്, ചെറുതോണി ഡാം തുറന്നത്. ഡാമുകളിൽനിന്നു വെള്ളമെത്തും മുൻപേ മഴമൂലം പെരിയാർ പലയിടത്തും കരകവിഞ്ഞിരുന്നു.

തമിഴ്‌നാടുമായി നിലനിൽക്കുന്ന ഭിന്നത കേരളം നൽകിയ സത്യവാങ്മൂലത്തിലും പ്രകടമാണ്. കേന്ദ്ര ജലക്കമ്മീഷൻ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർ വൈസറി കമ്മിറ്റിക്ക് രൂപം നൽകണമെന്നും കേരളം നിർദ്ദേശം വെച്ചു. അണക്കെട്ടിന്റെ മാനേജുമെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP