Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൂന്നാറിലെ അനധികൃത നിർമ്മാണം: തുടർനടപടിയിൽ വെള്ളം ചേർക്കുന്നു; കോടതി അലക്ഷ്യഹർജി ഫയൽ ചെയ്യില്ല; നിയമലംഘനം കോടതിയെ അറിയിക്കാൻ ധാരണ; എസ്.രാജേന്ദ്രനെതിരായ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്യണമെന്ന സബ് കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് തള്ളി അഡ്വ.ജനറൽ; അനധികൃത നിർമ്മാണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തുമായി ചേർന്ന് അത് തുടരാൻ ദേവികുളം എംഎൽഎ ഒത്താശ ചെയ്‌തെന്ന് രേണു രാജിന്റെ റിപ്പോർട്ട്; പകർപ്പ് മറുനാടന്

മൂന്നാറിലെ അനധികൃത നിർമ്മാണം: തുടർനടപടിയിൽ വെള്ളം ചേർക്കുന്നു; കോടതി അലക്ഷ്യഹർജി ഫയൽ ചെയ്യില്ല; നിയമലംഘനം കോടതിയെ അറിയിക്കാൻ ധാരണ; എസ്.രാജേന്ദ്രനെതിരായ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്യണമെന്ന സബ് കളക്ടർ രേണുരാജിന്റെ റിപ്പോർട്ട് തള്ളി അഡ്വ.ജനറൽ; അനധികൃത നിർമ്മാണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തുമായി ചേർന്ന് അത് തുടരാൻ ദേവികുളം എംഎൽഎ ഒത്താശ ചെയ്‌തെന്ന് രേണു രാജിന്റെ റിപ്പോർട്ട്; പകർപ്പ് മറുനാടന്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മൂന്നാറിലെ അനധികൃത നിർമ്മാണത്തിൽ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കാട്ടി ഹർജി നൽകും. കോടതിയലക്ഷ്യ ഹർജിയുടെ കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെയെന്ന് ധാരണ. ദേവികുളം സബ് കളക്ടർ രേണു രാജ് അഡീഷണൽ എജിയുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി. കോടതി അലക്ഷ്യഹർജി ഫയൽ ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ തുടർനടപടികൾ ലഘൂകരിക്കുകയാണ്. സബ് കളക്ടറുടെ റിപ്പോർട്ട് ഫലത്തിൽ അഡ്വ.ജനറൽ തള്ളിയിരിക്കുകയാണ്.ആദ്യം നിയമലംഘനം കോടതിയെ അറിയിക്കുക..അതിന് ശേഷം കോടതി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് അഡ്വ.ജനറൽ സ്വീകരിച്ചതെന്നും അതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞതായും രേണു രാജ് പ്രതികരിച്ചു.

ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി ഫയൽചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രേണു രാജ് അഡ്വ.ജനറലിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എംഎൽഎ കോടതി ഉത്തരവും, റവന്യൂവകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി മൂന്നാർ ഗ്രാമപഞ്ചായത്ത് നടത്തിവന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സഹായിച്ചു.ഇക്കാരണത്താലാണ് നടപടി വേണ്ടത്. റിപ്പോർട്ടിന്റെ കോപ്പി മറുനാടന് ലഭിച്ചു.

wp ( c)1801/2010 നമ്പർ വിധിന്യായം പ്രകാരമുള്ള നിരോധന ഉത്തരവ് മറികടന്ന് മൂന്നാർ പഞ്ചായത്ത് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ചും പ്രസിഡന്റ് എം വൈ ഔസേപ്പ് കഴിഞ്ഞ മാസം 31-ന് നൽകിയ പരാതി സംമ്പന്ധിച്ചും എന്ന തലക്കെട്ടോടോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർമ്മാണം നടന്നത് ചട്ടം ലംഘിച്ചാണെന്ന് സബ്ബ് കളക്ടർ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. മൂന്നാർ വില്ലേജ് ഓഫീസറുടെ ഈ മാസം 6,10 തീയതികളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടന്ന നടപടികളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

കോടതി ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണലിന് കീഴിൽ വരുന്ന എട്ടുവില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഇതില്ലാതെയാണ് മൂന്നാർ ടൗണിൽ മൂലക്കട ഭാഗത്ത് ടാറ്റാ ടീ കമ്പനി നൽകിയ സ്ഥലത്ത് മൂന്നാർ ഗ്രാമ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ..

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട റവന്യൂവകുപ്പ് ഓഫീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വേണം എന്നുള്ളത് കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകൾക്ക് 2010 ഫെബ്രുവരി 15-ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നിർദ്ദേശം നിലനിൽക്കെ മൂന്നാർ വില്ലേജിൽ സർവ്വേ നമ്പർ 61 പാർട്ടിൽ മൂന്നാർ പഞ്ചായത്ത് ജില്ലാ കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു .തുടർന്ന് ഈ മാസം 5-ന് നിരോധന ഉത്തരവ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയും 6-ന് സെക്രട്ടറി ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു. ഇത് മൂന്നാർ വില്ലേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.

നിരോധന ഉത്തരവ് അവഗണിച്ച് കെട്ടിട നിർമ്മാണം നടക്കുന്നു എന്ന് വിവരം കിട്ടിയതിനെത്തുടർന്ന് മൂന്നാർ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജയകുമാറിനെയും ഇവിടെ സേവനം അനുഷ്ടിക്കുന്ന ഭൂസംരക്ഷണ സേനാഅംഗങ്ങളെയും ഇത് പരിശോധിക്കാൻ നിയോഗിച്ചു. എന്നാൽ നിർമ്മാണം നടന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന കരാറുകാരനും പഞ്ചായത്തംഗങ്ങളും ഇവരെ അധിക്ഷേപിക്കുകയും നിർമ്മാണം തുടരുകയുംചെയ്തു.

ഈ വിവരം അറിഞ്ഞ ഉടൻ ദേവികുളം ഭൂരേഖ തഹസീൽദാർ ഉമാശങ്കറിനെ അവിടേയ്ക്കയച്ചു. ഈ സമയം മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. തുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറോട് സ്ഥലത്തെത്താനും നിർമ്മാണങ്ങൾ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫോൺ മുഖേന ആവശ്യപ്പെടുകയും ചെയ്തു. ഇതുകൂടാതെ നിർമ്മാണം നിർത്തി വയ്‌പ്പിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും മൂന്നാർ ഡി വൈ എസ് പിക്ക് ഇ-മെയിൽ മുഖേന നിർദ്ദേശവും നൽകി.

ജില്ലാ കളക്ടറെ ഫോൺ മുഖേന വിവരങ്ങൾ അറിയിക്കുകയും ഇതുപ്രകാരം കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും സ്ഥലത്തുണ്ടായിരുന്ന എം എൽ എ അടക്കമുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അവസരമൊരുക്കിയെന്നും ഇത് കോടതി അലക്ഷ്യമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സബ്ബ്കളക്ടറുടെ റിപ്പോർട്ടിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP