Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിലാദ്യമായി മൂന്നാറിലെ ചൂട് 35 ഡിഗ്രി കടന്നത് ഈ സീസണിൽ; ഈ പോക്കുപോയാൽ പത്ത് വർഷത്തിനുള്ളിൽ മൂന്നാറിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമാകും; സ്റ്റോപ് മെമോ നൽകിയ കെട്ടിടങ്ങൾപോലും പിന്നീട് റിസോർട്ടുകളായി; ശ്രീറാം വെങ്കിട്ടരാമനെ ചെറ്റയെന്ന് വിളിക്കുന്നവരറിയാൻ ചില വസ്തുതകൾ

ചരിത്രത്തിലാദ്യമായി മൂന്നാറിലെ ചൂട് 35 ഡിഗ്രി കടന്നത് ഈ സീസണിൽ; ഈ പോക്കുപോയാൽ പത്ത് വർഷത്തിനുള്ളിൽ മൂന്നാറിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമാകും; സ്റ്റോപ് മെമോ നൽകിയ കെട്ടിടങ്ങൾപോലും പിന്നീട് റിസോർട്ടുകളായി; ശ്രീറാം വെങ്കിട്ടരാമനെ ചെറ്റയെന്ന് വിളിക്കുന്നവരറിയാൻ ചില വസ്തുതകൾ

ഇടുക്കി: കേരളത്തിന്റെ കാശ്മീർ, മലയാളികളുടെ ഊട്ടി എന്നൊക്കെ വിളിപ്പേരുണ്ട് മൂന്നാറിന്. വിദേശത്തുനിന്നുൾപ്പെടെ പ്രതിദിനം പതിനായിക്കണക്കിന് സഞ്ചാരികൾ മൂന്നാറിന്റെ കുളിര് അന്വേഷിച്ച് എത്താറുണ്ട്.

അതൊന്നുമല്ല ഇപ്പോൾ ചർച്ച. എല്ലാം കൈയേറ്റത്തിൽ മുങ്ങുകയാണ്. മൂന്നാറിന്റെ കൈയേറ്റം എന്നു തുടങ്ങിയെന്നുള്ള അന്വേഷണത്തിന് ചിലപ്പോൾ കൃത്യമായ ഉത്തരം കണ്ടെത്താൽ വളരെ ബുദ്ധിമുട്ടും. കാരണം കൈയേറ്റത്തിന്റെ പഴക്കം മാത്രമല്ല, കൈയേറുന്നവരും അത്രയ്ക്ക് ശക്തരാണ്. എല്ലായിടത്തുമുണ്ട് അവരുടെ ആളുകൾ. എങ്കിലും മറുനാടൻ മലയാളിക്കുവേണ്ടി നടത്തിയ ചെറിയൊരു അന്വേഷണം പേരുപറയാൻ ആഗ്രഹിക്കാത്ത ഒരു വിവരാവകാശ പ്രവർത്തകന്റെ വിവരണ രൂപത്തിൽ ഇവിടെ ചേർക്കുന്നു.

'എന്റെ പ്രായം നാൽപതിനോടടുക്കുന്നു. മൂന്നാർ പ്രദേശങ്ങളിലെ ചൂട് 35 ഡിഗ്രിവരെ ഉയരുന്നത് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. എന്റെ അന്വേഷണത്തിലും ആദ്യമാണ്. അതിനു കാരണം ഇവിടെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാണ്. ഈ പോക്കുപോയാൽ പത്തുവർഷത്തിനുള്ളിൽ മൂന്നാർ മലനിരകൾ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ഒരു ശവപ്പറമ്പായി മാറും'.
അദ്ദേഹം തുടരുന്നു:-കൈയേറ്റത്തിന്റെ യഥാർത്ഥ വ്യാപ്തി എത്രയെന്ന് സർക്കാരിനോ, റവന്യൂ വകുപ്പിനോ അറിയില്ല. വി എസ് അച്യുതാനന്ദൻ സർക്കാരാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പ് നടത്തിയത്. അതോടെയാണ് മൂന്നാറിന്റെ ശരീരം പലരും കവർന്നെടുത്തുകൊണ്ടിരിക്കുന്ന വിവരം പുറം ലോകമറിയുന്നത്.

പഞ്ചായത്തോ, ടൗൺപ്ലാനറോ അംഗീകരിച്ച് നൽകുന്ന രീതിയിലല്ല ഭൂരിഭാഗം റിസോർട്ടുകളും കെട്ടിടങ്ങളും പണിതിരിക്കുന്നത്. അവർ സ്വന്തം ഇഷ്ടപ്രകാരമാണ് നിർമ്മാണം നടത്തുന്നത്. ചെങ്കുത്തായ മലനിരകളിൽപോലും ഇപ്പോൾ എട്ടും പത്തും നിലകളുള്ള റിസോർട്ടുകൾ ഉയർന്നിരിക്കുന്നു. ഒരുമാസം മുമ്പാണ് ചെങ്കുത്തായ മലയിൽ നിർമ്മിച്ച റിസോർട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. അതിന്റെ വാർത്ത പത്രങ്ങളും ചാനലുകളും മുക്കി. പകരം മലയിൽനിന്ന് കല്ലുവീണ് കാർ തകർന്നുവെന്ന വാർത്തയാണ് പ്രചരിച്ചത്. സത്യത്തിൽ ഈ റിസോർട്ടിന്റെ ഒരുഭാഗം പൊളിഞ്ഞതിനെത്തുടർന്നാണ് കൂറ്റൻ കല്ലുരുണ്ടുവന്ന് താഴെ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പതിച്ചത്. ഡ്രൈവർ അൽഭുതകരമായിട്ടാണ് അന്നു രക്ഷപ്പെട്ടത്.

കേരളത്തിൽ തനതുവരുമാനം ഏറ്റവും കൂടുതലുള്ള ഏക പഞ്ചായത്താണ് മൂന്നാർ. എന്നാൽ ഇവിടെ നടക്കുന്ന കള്ളത്തരങ്ങൾ ആരും അന്വേഷിക്കുന്നില്ല. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാൻ പഞ്ചായത്തിന് അധികാരമില്ല. തഹസിൽദാർ, ടൗൺപ്ലാനർ എന്നിവരുടെ അനുവാദത്തോടെയാണ് മൂന്നിൽകൂടുതൽ നിലകളുള്ള കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. കെട്ടിടനിർമ്മാണത്തിന് ഇവിടെ ഒരു മാനദണ്ഡവും പാലിക്കുന്നില്ല. റവന്യു, ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകൾ ഇവിടെ കൃത്യമായ പരിശോധനകൾ നടത്തിയാൽ ഇവയൊക്കെ കണ്ടുപിടിക്കാവുന്നതേയുള്ളു.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണം പാടില്ല. പക്ഷേ അവിടെയാണ് പ്രധാന റിസോർട്ടുകളെല്ലാം പടുത്തുയർത്തിയിരിക്കുന്നത്. സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങൾപോലും പൂർത്തീകരിച്ച് റിസോർട്ടുകളായും ഹോട്ടലുകളായും പ്രവർത്തിക്കുന്നുണ്ട്.
ഇടതു-വലത്- ബിജെപി വ്യത്യാസമില്ലാതെ എല്ലാ പാർട്ടിയിലേയും നേതാക്കൾക്ക് മൂന്നാറിൽ അനധികൃത കെട്ടിടങ്ങളുണ്ട്. യുഡിഎഫിന്റെ പ്രധാനിയും എൽഡിഎഫിന്റെ എംപിയും ബിജെപിയുടെ ജില്ലാ നേതാവുമെല്ലാം ഇക്കൂട്ടത്തിൽപെടും.

ടൂറിസത്തിന്റെ പേരിൽ കടന്നുകയറ്റമാണ് മൂന്നാറിന്റെ മറ്റൊരു ശാപം. മനുഷ്യ ശരീരത്തിന്റെ അവയവങ്ങൾപോലെ സംരക്ഷിക്കപ്പെടേണ്ട ലോല പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഈ മേഖലളിലേക്ക് സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ പ്ലാസ്റ്റിക്ക് മാലിന്യംകൊണ്ട് ഈ മലനിരകൾ നശിക്കും. സഞ്ചാരികൾ ഇപ്പോൾ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾവിട്ട് കാട്ടിനുള്ളിലേക്ക് കയറിത്തുടങ്ങിയിരിക്കുന്നു. വനസമ്പത്തിനും മൃഗങ്ങൾക്കുമാണ് ഇതുമൂലം ദോഷം സംഭവിക്കുക. ചാർളി എന്ന മലയാള സിനിമയിലൂടെ ലോകമറിഞ്ഞ 'മീശപ്പുലിമല' ഇപ്പോൾ സഞ്ചാരികളുടെ കേന്ദ്രമായി മാറി. ഇതോടെ ഈ പ്രദേശത്തിന്റെ സ്വാഭാവിക നൈസർഗീകത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ശ്രീറാം വെങ്കിട്ടരാമൻ എന്ന സബ്കളക്ടർ ശരിയായിരുന്നുവെന്ന് വിവരാവകാശപ്രവർത്തകരും പ്രകൃതി സ്‌നേഹികളും സമ്മതിക്കുന്നുണ്ട്. എന്നാൽ വി എസ് സർക്കാർ നടത്തിയതുപോലെയുള്ള ഒരു നീക്കമാണ് മൂന്നാറിൽവേണ്ടത് എന്നാണ് അവരുടെയും പക്ഷം. ഭരണത്തിലിരിക്കുന്ന രണ്ടുപാർട്ടികൾ നടത്തുന്ന വടംവലിക്കിടയിൽ ചതഞ്ഞരയുന്ന ഒരു ഉദ്യോഗസ്ഥനും മൂന്നാറിനെ രക്ഷിക്കാനാകില്ല. പകരം എത്ര വമ്പനായാലും അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ പിടിച്ചിറക്കി വിടാൻ ധൈര്യമുള്ള,

ഒറ്റക്കെട്ടായി തീരുമാനിക്കാൻ നട്ടെല്ലുള്ള മന്ത്രിസഭ വന്നാൽമാത്രമേ മൂന്നാർ സ്വതന്ത്രയാകുകയുള്ളുവെന്നും അവർ പറയുന്നു. അല്ലെങ്കിൽ വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ 'മൂന്നാർ എന്നൊരു സ്ഥലമുണ്ടായിരുന്നു' എന്നു തിരുത്തേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP