Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീറാം പൊളിച്ചത് കുരിശ് നാട്ടിയും ഷെഡ് കെട്ടിയും മതവികാരം ഇളക്കി സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള ശ്രമം; പൊളിക്കുന്നതിനെ എതിർത്ത കളക്ടറെ പോലും നിശബ്ദനാക്കിയത് യുവ ഐഎഎസുകാരന്റെ നിശ്ചയദാർഢ്യം; കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കിയ പ്രത്യേക ക്രിസ്ത്യൻ വിഭാഗം ആത്മീയ ടൂറിസത്തിന്റെ പേരിൽ പിടിച്ചെടുക്കാൻ ശ്രമിച്ചത് രണ്ടായിരത്തോളം ഏക്കർ ഭൂമി

ശ്രീറാം പൊളിച്ചത് കുരിശ് നാട്ടിയും ഷെഡ് കെട്ടിയും മതവികാരം ഇളക്കി സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള ശ്രമം; പൊളിക്കുന്നതിനെ എതിർത്ത കളക്ടറെ പോലും നിശബ്ദനാക്കിയത് യുവ ഐഎഎസുകാരന്റെ നിശ്ചയദാർഢ്യം; കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കിയ പ്രത്യേക ക്രിസ്ത്യൻ വിഭാഗം ആത്മീയ ടൂറിസത്തിന്റെ പേരിൽ പിടിച്ചെടുക്കാൻ ശ്രമിച്ചത് രണ്ടായിരത്തോളം ഏക്കർ ഭൂമി

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: ചെറുകിട കയ്യേറ്റക്കാരെ മാത്രമേ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉപദ്രവിക്കുന്നുള്ളൂവെന്നതായിരുന്നു സി.പി.എം ഇടുക്കി ഘടകത്തിന്റെ പരാതി. ഇതിനേയും തങ്ങൾ എതിർക്കുന്നതെന്നും നിലപാട് എടുത്തു. എന്നാലിപ്പോൾ മൂന്നാറിലെ 2000ത്തോളം വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിച്ചിട്ടും സബ് കളക്ടറോട് സിപിഎമ്മിന് പരിഭവം മാറുന്നില്ല. എന്തിന് നിരോധനാജ്ഞ പുറപ്പെടുവിച്ചുവെന്ന വിചിത്രമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പറയുന്നു. യഥാർത്ഥത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ കുറ്റപ്പെടുത്തൽ സബ് കളക്ടർ ശ്രീറാമിനുള്ള അംഗീകാരമാണ്. സബ് കളക്ടറുടെ വീര്യത്തിൽ സി.പി.എം പോലും പലതും ഭയക്കുന്നുവെന്നതിന്റെ സൂചന. എന്തിലും ഏതിലും വർഗ്ഗീയത കയറ്റി രക്ഷപ്പെടുകയെന്ന തന്ത്രത്തിനെതിരെ കൂടിയാണ് ശ്രീറാം ഇന്ന് ജെസിബി കയറ്റിയിറക്കിയത്.

ശ്രീറാമിന്റെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിലെ കുരിശ് സ്ഥാപിച്ചുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ വൻകിടക്കാർക്കുള്ള ഓർമ്മപ്പെടുത്തലാണ്. ദേവികുളത്തെ കയ്യേറ്റമെല്ലാം തിരിച്ചു പിടിക്കുമെന്ന് കൂടി വ്യക്തമാക്കുകയാണ് സബ് കളക്ടർ. അതീവ രഹസ്യമായി പുലർച്ച ഓപ്പറേഷൻ നടത്താൻ ശ്രീറാമിനായി. കയ്യേറ്റമാഫിയയയുടെ നിയമ നടപടിയെന്ന ഭീഷണിയും ഫലം കണ്ടില്ല. എല്ലാ അർത്ഥത്തിലും ദേവികുളത്തെ ഓപ്പറേഷണിലൂടെ പ്രതീക്ഷ വാനോളം ഉയർത്തുകയാണ് സബ് കളക്ടർ. സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സമ്മർദ്ദവും ഭീഷണിയും മറികടന്ന് തന്നെയാണ് ശ്രീറാം 2000 ഏക്കർ തിരിച്ചു പിടിച്ചത്. കുരിശ് ഇന്നു തന്നെ പൊളിച്ചൂ നീക്കണമെന്ന സബ് കളക്ടറുടെ നിർദ്ദേശത്തെ തടയാനുള്ള കരുത്ത് കളക്ടർക്കും ഉണ്ടായില്ല. ദേവികുളത്തെ ഒഴിപ്പിക്കലിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പൂർണ്ണ പിന്തുണ നൽകിയതായിരുന്നു ഇതിന് ബലമായത്. ഇതോടെ പാപ്പത്തിചോലയിലെ ആത്മീയ ടൂറിസത്തിന് അന്ത്യവുമായി.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ െകെയേറ്റ മാഫിയയ്ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും െകെയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല െകെയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പുതു ഭാവം വരുന്നത്. സി.പി.എം എതിർപ്പ് മനസ്സിലാക്കിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ പിന്നോട്ട് പോയില്ല. ഇത് തന്നെയാണ് ആത്മീയ ടൂറിസത്തിന്റെ മറവിൽ 2000 ഏക്കർ കൈയേറാനുള്ള ശ്രമവും പൊളിക്കുന്നത്.

റിസോർട്ട് മാഫിക്ക് സമാനമായ ഇടപെടൽ തന്നെയാണ് പപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസും നടത്തിയത്. മതവിശ്വാസത്തിന്റെ മറവിൽ പ്രാർത്ഥനാലയവും ഉണ്ടാക്കി. കുരിശിനെ കണ്ട് വണങ്ങാനെന്ന തരത്തിൽ വിശ്വാസികളും എത്തി. ഇതോടെ 2000 ഏക്കർ ഭൂമിയെ തൊടാൻ ഇനിയാരും വരില്ലെന്ന് കയ്യേറ്റക്കാർ കരുതി. ഡെപ്യൂട്ടി തഹസിൽദാറുടെ റിപ്പോർട്ട് എല്ലാം മാറ്റി മറിച്ചു. സബ് കളക്ടറുടെ മാനസിക പിന്തുണയിൽ റവന്യൂ ഉദ്യോഗസ്ഥർ ഒരുമിച്ചപ്പോൾ പൊലീസിനും പിന്തുണയ്‌ക്കേണ്ടി വന്നു. ഇത് മൂന്നാം തവണയാണ് മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറിയുള്ള കുരിശ് കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ സംഘം എത്തിയത്. ഇത്തവണ കുരിശും പ്രാർത്ഥനാലയവും പൊളിക്കുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു കരുനീക്കം. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു് നടപടി.

സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമാണ് കുരിശ് പൊളിച്ച് മാറ്റിയത്്. ചിന്നക്കനാൽ ഭാഗത്തെ 34/1 എന്ന സർവെ നമ്പരിലുള്ള സ്ഥലമാണിത്. ഇവിടെ നിലവിൽ സർക്കാർ ആർക്കും ഭൂമി പതിച്ചു നൽകിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗർഡറിൽ കോൺക്രീറ്റിലുറപ്പിച്ച കൂറ്റൻ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുള്ള ഏക്കർ കണക്കിന് സ്ഥലവും കൈയേറ്റക്കാർ സ്വന്തമാക്കി. ആത്മീയ കുരിശ് കൃഷിയുടെ മറവിൽ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം സബ് കളക്ടർ തിരിച്ചറിഞ്ഞു. കുരിശ് പൊളിക്കാൻ ഇറങ്ങി പുറപ്പെട്ടതു മുതൽ സബ് കളക്ടർ മോശക്കാരനായി. എന്തുവന്നാലും നിയമം പാലിക്കുമെന്ന് സബ് കളക്ടർ നിലപാട് എടുത്തതോടെ പരിസ്ഥിതി വാദികളും മൂന്നാറിലെ നാട്ടുകാരും ശ്രീറാമിന് പിന്തുണയുമായെത്തി. കേരളത്തിന്റെ പൊതു സമൂഹവും കൈയടിച്ചു. ഇതോടെ ആത്മീയ ടൂറിസത്തിന്റെ വക്താക്കൾക്ക് പണി കിട്ടി.

അന്യജില്ലകളിൽ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോർട്ടുകളിൽ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂർ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോർട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താൽ റിസോർട്ടുകൾക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികൾ എത്തുന്നതോടെ സർക്കാർ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. കുരിശ് പൊളിച്ച് മാറ്റാനുള്ള നോട്ടീസും പതിച്ചു. എന്നാൽ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നായിരുന്നു സ്പിരിറ്റ് ഇൻ ജീസസിന്റെ അവകാശ വാദം. ഡെപ്യൂട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസും അയച്ചു. ഇതോടെ എന്തുവന്നാലും ഉടൻ കുരിശ് മാറ്റുമെന്ന നിലപാടിൽ സബ് കളക്ടറെത്തി.

പ്രദേശത്തെ ഒരു വമ്പൻ കൈയേറ്റക്കാരന്റെ സഹോദരനാണ് കുരിശു കൃഷിയുടെ മറവിൽ ഭൂമി തട്ടാൻ ശ്രമിച്ചതെന്നും വ്യക്തമായിരുന്നു. ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ താവളത്തിൽ സർവേ നമ്പർ 341ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരിൽ കൈയേറ്റ ശ്രമം നടക്കുന്നതെന്ന റിപ്പോർട്ടും തയ്യാറായി. യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കിയ വിഭാഗമാണ് സ്പിരിറ്റ് ഇൻ ജീസസ്.

988 ൽ സൂര്യനെല്ലിയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു സബ് കളക്ടറുടെ ഇടപെടൽ. ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു. ഇതോടെയാണ് പ്രശ്‌നം പ്രശ്‌നത്തിന് പുതിയ മാനം വരുന്നത്.

അന്ന് കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. കഴിഞ്ഞ 17-നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസീൽദാർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കലിനുള്ള ശ്രമം. എന്നാൽ ഭൂമി ഒഴിപ്പിക്കുമ്പോഴും കുരിശ് പൊളിച്ച് മാറ്റേണ്ടെന്ന വിചിത്ര ഉത്തരവും കളക്ടർ നൽകി. ഇത് അംഗീകരിക്കാനാവില്ലെന്ന് സബ് കളക്ടർ നിലപാട് എടുത്തു. റവന്യൂമന്ത്രിയുടെ പിന്തുണയും കിട്ടി. ഇതോടെയാണ് കുരിശ് കൃഷി പൊളിക്കാനുള്ള നീക്കത്തിന് പുതു വേഗം വരുന്നത്. കത്തോലിക്ക സഭ നഖ ശിഖാന്തം എതിർക്കുന്ന സംവിധാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് വർഗ്ഗീയതയും വളർത്തുന്നുവെന്നാണ് ആക്ഷേപം. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം സ്പിരിറ്റ് ഇൻ ജീസസ് രംഗത്തിറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്.

2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക്‌  മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ.

മൂന്നാറിൽ 2010 ലെ െഹെക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻഒസി.വേണമെന്ന ഉത്തരവ് സബ് കളക്ടർ നടപ്പാക്കിയത്. താൻ ഒരു കടുത്ത പരിസ്ഥിതിവാദിയോ വികസന വിരോധിയോ അല്ല താനെന്നം ശ്രീറാം വെങ്കിട്ടരമാൻ പറയുന്നു എന്നാൽ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ സംരക്ഷിക്കപ്പെടണം. ഇതിനായി െകെയേറ്റത്തോട് സന്ധിയില്ലാ സമരം നടത്തും. നിയമം കർക്കശമായി നടപ്പാക്കും.ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കിൽ ഇത് മറികടക്കാനാകും. മൂന്നാറിന് പ്രത്യേക പരിഗണന നൽകണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന തരത്തിൽ നമ്മുടെ സമീപനം മാറണം. വിവാദങ്ങൾ ഉണ്ടാകുമ്പോൾ മാത്രം മൂന്നാറിനെ ഓർത്താൽ പോര. മറിച്ച് എല്ലാക്കാലത്തും ഇതിനായി നടപടിവേണം. എല്ലാ വകുപ്പുകളുടെയും പൊതുപ്രവർത്തകരുടെയും പരിസ്ഥിതിവാദികളുടെയും രാഷ്ട്രീയക്കാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനംകൊണ്ടേ മൂന്നാറിനെ സംരക്ഷിക്കാനാകൂ.-ഇതാണ് സബ്കളക്ടറുടെ നിലപാട്

നീലക്കുറിഞ്ഞി കാലഘട്ടങ്ങളിൽ പത്തുലക്ഷം പേരാണ് മൂന്നാർ സന്ദർശനത്തിനെത്തുന്നത്. എന്നാൽ ഇപ്പോൾ റിസോർട്ടു നിർമ്മിക്കുന്നവർ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്‌ച്ചപ്പാടുവേണമെന്ന് വാദിക്കുന്നത്. പള്ളിവാസലിലും കെ.ഡി.എച്ചിലും കെ.എസ്.ഇ.ബിയുടേതാണ് ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടിരിക്കുന്നത്. പഞ്ചായത്തും വനംവകുപ്പും അടക്കമുള്ളവർ െകെയേറ്റക്കാർക്കെതിരേ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നും ശ്രീറാം പറയുന്നു. ജാഗ്രതക്കുറവാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീറാം വ്യക്തമാക്കുന്നു. പനമ്പള്ളിനഗർ കൃഷ്ണാലയത്തിൽ ഡോ. വി.ആർ. വെങ്കിട്ടരാമന്റെയും രാജം രാമമൂർത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP