Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ ആഡംബര വാഹനങ്ങളും റിസോർട്ടുകളും രമ്യഹർമ്യങ്ങളും തീർത്ത് അവരുടെ നേതാക്കന്മാർ; മക്കൾക്ക് കമ്പനിയിൽ ഉയർന്ന ഉദ്യോഗവും: തൊഴിലാളികൾ ചൂലെടുത്തത് പതിറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ടപ്പോൾ

പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ ആഡംബര വാഹനങ്ങളും റിസോർട്ടുകളും രമ്യഹർമ്യങ്ങളും തീർത്ത് അവരുടെ നേതാക്കന്മാർ; മക്കൾക്ക് കമ്പനിയിൽ ഉയർന്ന ഉദ്യോഗവും: തൊഴിലാളികൾ ചൂലെടുത്തത് പതിറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ടപ്പോൾ

ഇടുക്കി: മൂന്നാറിലെ ദരിദ്രരായ തോട്ടം തൊഴിലാളികളുടെ നേതാക്കൾ ചമയുന്നവർ പതിറ്റാണ്ടുകളായി നേതൃസ്ഥാനം വഹിച്ചുകൊണ്ട് തൊഴിലാളികളുടെ ചെലവിൽ സമ്പാദിച്ചത് കോടികൾ. മിക്ക ട്രേഡ് യൂണിയനുകളുടെയും തലപ്പത്തു പ്രവർത്തിക്കുന്ന പ്രമുഖരെല്ലാം തൊഴിലാളികളുടെ പേര് പറഞ്ഞ് ഇതിനകം സ്വന്തമാക്കിയവയിൽ തോട്ടങ്ങളും ആഡംബര വാഹനങ്ങളും റിസോർട്ടുകളും വൻകെട്ടിടങ്ങളും രമ്യഹർമ്യങ്ങളും വരെയുണ്ട്. തങ്ങളെ നയിക്കാനെന്ന പേരിൽ യൂണിയനുകളുടെ സ്ഥാനമാനങ്ങൾ വഹിച്ച് കോടികളുണ്ടാക്കുകയും അതേസമയം തോട്ടമുടമകളുമായുള്ള ധാരണയിൽ തങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതിലുള്ള ശക്തമായ അമർഷമാണ് ഇപ്പോൾ മൂന്നാറിലെ തൊഴിലാളികളുടെ പ്രക്ഷോഭത്തിന്റെ പ്രധാന കാരണം.

പതിനഞ്ചു വർഷം മുമ്പു ഹൈറേഞ്ചിലെ ഒട്ടനവധി തോട്ടം ഉടമകൾ ഗത്യന്തരമില്ലാതെ തേയിലത്തോട്ടമുപേക്ഷിച്ചുപോയപ്പോൾ ആയിരക്കണക്കിനു തൊഴിലാളികളാണ് പട്ടിണി കിടന്നത്. പലരും ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. അപ്പോഴും തിന്നു കൊഴുത്ത ഒരു വിഭാഗമാണ് ഇവിടത്തെ ട്രേഡ് യൂണിയൻ നേതാക്കൾ. നാളിതുവരെ ശരീരമനങ്ങി പണിതിട്ടില്ലാത്ത ഇക്കൂട്ടർ ഇന്നു ഏറ്റവും ധനാഢ്യവിഭാഗമായി മാറി.

എ. ഐ. ടി. യു. സി, ഐ. എൻ. ടി. യു.സി, സി. ഐ. ടി. യു എന്നീ യൂണിയനുകളാണ് പതിനായിരത്തിലധികം വരുന്ന കെ. ഡി. എച്ച്. പി കമ്പനിയുടെ തേയില തോട്ടങ്ങളിൽ പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ ഇടതുപക്ഷ ട്രേഡ് യൂണിയന്റെ അമരക്കാരനാണ് മൂന്നാറിൽ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലൂടെ ഏറ്റവുമധികം സമ്പന്നനായത്. അര നൂറ്റാണ്ടിലേറെയായി മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹം തൊഴിലാളികളുടെ മാത്രമല്ല, മുതലാളിയായ ടാറ്റാ ടീയുടെയും കണ്ണിലുണ്ണിയാണ്. ഇയാൾ ടാറ്റയുടെ തോട്ടങ്ങളിൽ തൊഴിലാളികളെ നയിക്കുന്നതിനിടെ സമ്പത്തും മക്കൾക്ക് ടാറ്റായുടെ ഓഫീസിൽ ഉയർന്ന ഉദ്യോഗവും വാങ്ങിയെടുത്തു.

അയൽജില്ലയിലെ ജോലി നഷ്ടപ്പെട്ടപ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രസ്ഥാനം പടുത്തുയർത്താൻ മൂന്നാറിലേയ്ക്ക് നിയോഗിക്കപ്പെടുകയായിരുന്നു. വളരെപ്പെട്ടെന്നു തന്നെ ഇയാൾ ഇടതു ട്രേഡ് യൂണിയനു കരുത്തുപകർന്നു. ഇതേസമയം മാനേജ്‌മെന്റുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്തു. പുറമെ തൊഴിലാളികളുടെ നായകനാണെങ്കിലും തികഞ്ഞ മാനേജ്‌മെന്റ് ഭക്തനായി ഇയാൾ പ്രവർത്തിച്ചു. ഇയാളെ ഉപയോഗിച്ചു തൊഴിലാളികൾക്ക് കുറഞ്ഞ കൂലിയിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ ടാറ്റായ്ക്കും കഴിഞ്ഞു. ഇടയ്ക്കു നിയമസഭാംഗമായി.

മാനേജ്‌മെന്റുകൾ തൊഴിലാളികൾക്കുള്ള ബോണസ് കുറയ്ക്കും തോറും ട്രേഡ് യൂണിയൻ നേതാക്കൾക്ക് അതനുസരിച്ചു വിഹിതം കൂടുമായിരുന്നു. ചർച്ചകൾ അനുരഞ്ജനത്തിലേക്കെത്തിക്കുന്നതു ട്രേഡ് യൂണിയൻ നേതാക്കളാണല്ലോ. അര നൂറ്റാണ്ടിലേറെ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചതുവഴി കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് നേതാക്കൾ വെട്ടിപ്പിടിച്ചത്. ടാറ്റയ്‌ക്കെതിരെ തൊഴിലാളികളെ അണിനിരത്തി അവരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഇടയ്ക്കിടെ സമരം നടത്തുന്ന കാലത്തുതന്നെയാണ് മക്കൾക്ക് ട്രേഡ് യൂണിയൻ നേതാവ് ഇതേ മാനേജ്‌മെന്റിനു കീഴിൽ ഉയർന്ന ഉദ്യോഗവും തരപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മക്കളുടെ വിവാഹത്തിനു കമ്പനി തൽകിയ പാരിതോഷികം മുന്തിയയിനം കാറുകളായിരുന്നു.

കോൺഗ്രസ് ഓഫീസിൽ നാലു പതിറ്റാണ്ടു മുമ്പ് ചായ വാങ്ങി നൽകാൻ നിയോഗിക്കപ്പെട്ട പയ്യൻ ഇന്ന് മറ്റൊരു ട്രേഡ് യൂണിയന്റെ നേതാവാണ്. ജനകീയ നേതാവായ തമിഴ്‌നാട്ടുകാരന്റെ തണൽപറ്റി രാഷ്ട്രീയത്തിൽ പിച്ചവച്ച് എംഎൽഎ സ്ഥാനം വരെ വെട്ടിപ്പിടിച്ച ഇദ്ദേഹമിന്ന് വൻസമ്പത്തിന്റെ ഉടമയാണ്. തൊഴിലാളി യൂണിയന്റെ പേരു പറഞ്ഞ് മാനേജ്‌മെന്റിനോട് എഴുതി വാങ്ങിയത് മൂന്നാർ ടൗണിലെ അഞ്ചു ബംഗ്ലാവുകളാണ്. ടൗണിൽ കെട്ടിടവും സ്വന്തമാക്കി. തമിഴ്‌നാട്ടിൽ നിരവധിയിടങ്ങളിലാണ് ഇയാൾ തോട്ടം വാങ്ങിക്കൂട്ടിയിരിക്കുന്നത്. അതിർത്തി ഗ്രാമത്തിൽ സ്വന്തമായി പെട്രോൾ പമ്പും തുടങ്ങി. ബിനാമി പേരിലുള്ള അനവധി ഭൂമിയും കെട്ടിടങ്ങളും വേറെ. കേരളത്തിൽ എംഎൽഎ സ്ഥാനം നഷ്ടമായതിനുശേഷവും ഇവിടെ രാഷ്ട്രീയരംഗത്തും ട്രേഡ് യൂണിയൻ രംഗത്തും സജീവമാണെങ്കിലും എല്ലാ ആഴ്ചയിലും തമിഴ്‌നാട്ടിലെ തോട്ടങ്ങളും ഭൂസ്വത്തുക്കളും സന്ദർശിക്കാറുണ്ട്.

സി. പി.എമ്മിന്റെ തൊഴിലാളി പ്രസ്ഥാനമായ സി. ഐ. ടി. യു ടാറ്റാ ടീ കമ്പനിയിൽ അംഗീകൃത ട്രേഡ് യൂണിയനായിട്ട് നാലു വർഷം പിന്നിടുന്നതേയുള്ളൂവെങ്കിലും നേതാക്കൾ പണ്ടുമുതലേ അവിഹിതമാർഗങ്ങളിലൂടെ പണം വാരിക്കൂട്ടിത്തുടങ്ങിയിരുന്നു. ഇടതുട്രേഡ് യൂണിയന്റെ പ്രധാന നേതാവായ ജനപ്രതിനിധിക്ക് തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തേക്കാൾ ഇഷ്ടം തമിഴ്‌നാട്ടിൽ വാങ്ങിക്കൂട്ടിയിരിക്കുന്ന തോട്ടങ്ങളാണ്. മൂന്നാറിൽ ഇദ്ദേഹത്തിന്റേതായി ചെറിയൊരു വീട് മാത്രമാണുള്ളത്.

ബിനാമി പേരിൽ ഒരു ബഹുനില മന്ദിരം മൂന്നാറിലുണ്ടാക്കാനായി. രാഷ്ട്രീയ വൈരിയായ മുൻ നിയമസഭാ സാമാജികനൊപ്പമാണ് ഇദ്ദേഹത്തിന്റെ തമിഴ്‌നാട്ടിലെ കൂട്ടുകച്ചവടം. ഒരു ഇടതു നേതാവ് തൊഴിലാളി യൂണിയനു പുറമെ പാർട്ടിയുടെ പ്രമുഖസ്ഥാനവും വഹിക്കുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ട് പാർട്ടിയുടെ മൂന്നാറിലെ എണ്ണം പറഞ്ഞ നേതാവായി മാറുന്നതിനിടെ കോടികൾ സമ്പാദിച്ചിട്ടുണ്ട്. രണ്ടു പെൺമക്കളെ കൊച്ചിയിലെ ഉയർന്ന ഫീസുള്ള കോളജിലാണ് പഠിക്കാനയച്ചിരിക്കുന്നത്. ഓരോ മാസവും ഇതിനായി മാത്രം ലക്ഷങ്ങൾ ചെലവഴിക്കുന്നു. ഇതിനെല്ലാമുള്ള പണം ലഭിക്കുന്നത് തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽനിന്നാണ്.

തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലൂടെ മുപ്പതോളം വാഹനങ്ങളാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തമിഴ്‌നാട്ടിൽ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇവയിൽനിന്നുള്ള മാസവരുമാനംതന്നെ ലക്ഷക്കണക്കിന് രൂപയാണ്. മറ്റൊരു നേതാവ് തമിഴ്‌നാട്ടിൽ തീയേറ്റർ വാങ്ങി. മിക്ക ട്രേഡ് യൂണിയൻ നേതാക്കൾക്കും തമിഴ്‌നാട്ടിൽ സ്വന്തം പേരിലോ, ബിനാമി പേരിലോ തോട്ടങ്ങളുണ്ടെന്ന രഹസ്യം മൂന്നാറിലെ തൊഴിലാളികൾക്കിടയിൽ പരസ്യമാണ്. തങ്ങളുടെ അധ്വാനത്തിന്റെ ഫലം മാനേജ്‌മെന്റിന് ഒറ്റുകൊടുത്തു അനുദിനം തടിച്ചുകൊഴുക്കുന്ന നേതാക്കൾക്കെതിരെ കാലങ്ങളായി നിലനിന്നിരുന്ന രോഷത്തിന്റെ തീക്കാറ്റാണ് സമരത്തിലൂടെ മൂന്നാറിൽ ആളിപ്പടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP