Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ തമ്മിൽ ഭേദം സിപിഎമ്മെന്നു മലബാറിലെ പ്രമുഖ മുസ്ലിം സംഘടനകൾ; ഇകെ സമസ്തയുമായി സിപിഎമ്മിന്റെ കൊണ്ടുപിടിച്ച ചർച്ചകൾ; കൂടിക്കാഴ്‌ച്ചകൾക്ക് ഒത്താശ ചെയ്ത് കുഞ്ഞാലിക്കുട്ടിയും

ബിജെപിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ തമ്മിൽ ഭേദം സിപിഎമ്മെന്നു മലബാറിലെ പ്രമുഖ മുസ്ലിം സംഘടനകൾ; ഇകെ സമസ്തയുമായി സിപിഎമ്മിന്റെ കൊണ്ടുപിടിച്ച ചർച്ചകൾ; കൂടിക്കാഴ്‌ച്ചകൾക്ക് ഒത്താശ ചെയ്ത് കുഞ്ഞാലിക്കുട്ടിയും

എം പി റാഫി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ പ്രതിരോധിക്കാൻ ലീഗ്-സിപിഐ(എം) കൂട്ടുകെട്ട് മാത്രമല്ല, മലബാറിലെ പ്രമുഖ മുസ്ലിം സംഘടനകളുമായും സിപിഐ(എം) ചർച്ചയും കൂടിക്കാഴ്ചയും നടത്തി. മുസ്ലിം ലീഗിനു പുറമെ, ലീഗുമായി ചേർന്നുനിൽക്കുന്ന ഇ.കെ സമസ്തയുടെയും പിന്തുണ തേടിയായിരുന്നു സിപിഎമ്മിലെ പ്രമുഖ നേതാക്കൾ ചർച്ച നടത്തിയത്.

കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സമസ്തയുമായും ഇതേ ആവശ്യവുമായി സിപിഐ(എം) ചർച്ചകൾ നടത്തിയിരുന്നു. മുമ്പും പല തവണ ഇടതു നേതാക്കളുമായി ചർച്ച നടത്തിയിരുന്ന കാന്തപുരം ഇടതുപക്ഷത്തെ പലതവണ പിന്തുണയും നൽകിയിരുന്നു. എന്നാൽ ആദ്യമായാണ് ലീഗുമായി അടുത്തുനിൽക്കുന്ന ഇകെ സമസ്തയുടെ നേതാക്കളുമായി സിപിഐ(എം) രാഷ്ട്രീയ ചർച്ച നടത്തുന്നത്.

സമസ്ത-സിപിഐ(എം) നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയുടെ വിവരം മറുനാടൻ മലയാളിക്കു ലഭിച്ചു. ചർച്ചക്കു പിന്നാലെയായിരുന്നു കഴിഞ്ഞദിവസം, ഫാഷിസത്തിനെതിരായുള്ള പോരാട്ടത്തിൽ ന്യൂനപക്ഷം ഇടതിനൊപ്പം നിൽക്കണമെന്നും സിപിഎമ്മിന്റെ മതേതര നിലപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള പ്രസ്താവനയുമായി സമസ്ത നേതാവും സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ സമസ്ത നേതാക്കൾ തന്നെ സിപിഎമ്മിനെ പിന്തുണച്ച് പരസ്യമായ രംഗത്തെത്തിയിരിക്കുന്നത് അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇ.കെ സുന്നികൾ ലീഗിനും ലീഗ് പറയുന്ന സ്ഥാനാർത്ഥികൾക്കും മാത്രമായിരുന്നു വോട്ട് ചെയ്തിരുന്നത്. എന്നാൽ സി.പിഎമ്മിന്റെ മതേതര നിലപാടുകളെ വാഴ്‌ത്തി പിന്തുണ അറിയിച്ച് സമസ്ത നേതാക്കൾ തന്നെ എത്തിയതാണ് ലീഗിലും ഇ.കെ സമസ്തക്കിടയിലും ഭിന്നത പ്രകടമായിരിക്കുന്നത്. സംഘപരിവാർ നടത്തുന്ന ഫാഷിസത്തിനെതിരേയും അസഹിഷ്ണുതക്കെതിരെയും ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് ന്യൂനപക്ഷങ്ങൾ ശക്തമായ പിന്തുണ നൽകണമെന്നും, ഫാഷിസത്തിനെതിരായ ചെറുത്തുനിൽപ്പ് ആര് നടത്തുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പരിഗണിക്കേണ്ടതെന്നുമായിരുന്നു ഹമീദ് ഫൈസിയുടെ പ്രസ്താവന. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും സംഘപരിവാർ ഫാഷിസത്തിനെതിരെ കോൺഗ്രസ് ഒരിക്കലും ശക്തമായ നിലപാട് എടുത്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടത്.

എന്നാൽ സിപിഎമ്മുമായി നടത്തിയ ചില രഹസ്യധാരണയുടെ ഒരുഭാഗം മാത്രമാണ് ഹമീദ് ഫൈസിയിലൂടെ പുറത്തു വന്നതെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി യെ പ്രതിരോധിക്കാൻ ലീഗ്-സിപിഐ(എം) ചർച്ചകൾക്ക് തൊട്ടുപിന്നാലെയായിരുന്നു സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നിരുന്നത്. ഏകദേശം ഒരു മാസം മുമ്പ് പിണറായി വിജയന്റെയും രണ്ട് ഇടത് എംഎ‍ൽഎമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു അമ്പലക്കടവ് ഹമീദ് ഫൈസി അടക്കമുള്ള സമസ്തയുടെ സമുന്നതരായ നേതാക്കൾ ചർച്ച നടത്തിയത്. എന്നാൽ ഇത്തരം ചർച്ചക്ക് വഴിയൊരുക്കിയതാകട്ടെ സാക്ഷാൽ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി ആണെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത. വർഗീയതയ്ക്കും ഫാഷിസത്തിനുമെതിരെ എല്ലാവരും ഒരുമിക്കണമെന്നതാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞത്. പരമ്പരാഗതമായി ലീഗിനെ പിന്തുണച്ചു വരുന്നതിനാൽ ഭാഗികമായി സിപിഎമ്മിന് പിന്തുണ നൽകാമെന്ന ഉറപ്പും സമസ്ത നേതാക്കളിൽ നിന്നും ലഭിച്ചതായാണ് അറിയുന്നത്.

നേരത്തെയും ഇടതുപക്ഷമായിരുന്നു ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നതെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ സിപിഎമ്മായിരുന്നു ആദ്യം ഇതിനെതിരെ രംഗത്തിറങ്ങിയതെന്നും സമസ്ത നേതാക്കൾ പറയുന്നു. എന്നാൽ ബാബരി മസ്ജിദ് തകർത്തപ്പോൾ അന്ന് ഭരണം കയ്യാളിയിരുന്ന കോൺഗ്രസിനും പിന്തുണയുള്ള ലീഗിനും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. വടക്കേ ഇന്ത്യയിലടക്കം ഫാഷിസം തളിർത്തുവളരാൻ വളമായത് കോൺഗ്രസ് തന്നെയാണെന്നാണ് സമസ്ത നേതാക്കൾ പറയുന്നത്. ഈ തിരിച്ചറിവാണ് വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കുകയുള്ളൂവെന്ന് മനസിലാക്കിയതിനു പിന്നിലെന്നാണ് പല നേതാക്കളും ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചത്. എന്നാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകാമെന്ന രഹസ്യ ധാരണ നിലവിലുണ്ടെങ്കിലും ഇത് അണികളോട് ഇക്കാര്യം പറയാതെ പറയാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. മിക്ക പ്രവർത്തകരും ലീഗ് പ്രവർത്തകരും ലീഗ് അനുഭാവികളും ആണെന്നതിനാൽ ഇത് കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുമെന്നതാണ് വിലയിരുത്തൽ.

എന്നാൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ സമസ്ത-സിപിഐ(എം) കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതിനു പിന്നിലും ചില അജണ്ടകളുണ്ട്. ലീഗ് പറയുന്നതനുസരിച്ചേ സമസ്ത തീരുമാനമെടുക്കുകയുള്ളൂവെന്ന് വരുത്തി തീർക്കലും സമസ്തയുടെ പിന്തുണ പൂർണമായി സിപിഎമ്മിന് പോകാതിരിക്കലുമാണ് ഇതിന്റെ പിന്നിൽ. എന്നാൽ കൂടെ നിൽക്കുന്ന ഇകെ സുന്നികൾക്ക് ഹജ്ജ്, വഖഫ് ബോർഡുകളും മറ്റു സമിതി അംഗത്വം തുടങ്ങിയ പദവികളെല്ലാം മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി നൽകി വരുന്നുണ്ട്. ഇതെല്ലാം ഇട്ടെറിഞ്ഞ് സിപിഎമ്മിന് പൂർണമായും പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. ചർച്ചകളുടെയെല്ലാം ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിലാകും പുതിയ അടവുനയം പയറ്റുക. ആദ്യമായാണ് ഇടതുപക്ഷവുമായി സമസ്ത നേതാക്കൾ രാഷ്ട്രീയ പിന്തുണ നൽകുന്നത്. നേരത്തെ കാന്തപുരം ഇടതുപക്ഷത്തിനു പിന്തുണ നൽകിയത് ഇ.കെ സമസ്തയുടെ നേതാക്കൾ തന്നെ പരസ്യമായി എതിർത്തുരംഗത്തെത്തിയിരുന്നു. സമസ്ത നേതാവിന്റെ പ്രസ്താവന ഇന്നലെ പുറത്തു വന്നതോടെ സോഷ്യൽ മീഡിയകളിലും ചർച്ചകൾ സജീവമായിരിക്കുകയാണ്. എ.പി സുന്നികളെ വിളിച്ചിരുന്ന അരിവാൾ സുന്നി പ്രയോഗം ഇപ്പോൾ ഇ.കെ വിഭാഗത്തെ കൂടി പിന്തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP