Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാഥാസ്ഥിതികർ നെറ്റി ചുളിച്ചിട്ടും നൃത്തത്തോടുള്ള താൽപ്പര്യം വിട്ടില്ല; മോഹിനിയാട്ടത്തിൽ കലാമണ്ഡലത്തിൽ നിന്നും പിഎച്ച്ഡി നേടിയ ആദ്യ മുസ്ലിം സമുദായക്കാരനായി ഡോ. കെ എം അബു

യാഥാസ്ഥിതികർ നെറ്റി ചുളിച്ചിട്ടും നൃത്തത്തോടുള്ള താൽപ്പര്യം വിട്ടില്ല; മോഹിനിയാട്ടത്തിൽ കലാമണ്ഡലത്തിൽ നിന്നും പിഎച്ച്ഡി നേടിയ ആദ്യ മുസ്ലിം സമുദായക്കാരനായി ഡോ. കെ എം അബു

ആവണി ഗോപാൽ

തിരുവനന്തപുരം: ഹൈന്ദവ കലയെന്ന് അറിയപ്പെടുന്ന കഥകളിയിലെ ആദ്യ മുസ്ലിം സാന്നിധ്യമായിരുന്നു കലാമണ്ഡലം ഹൈദരാലി. കഥകളി സംഗീതത്തിൽ അദ്ദേഹത്തോളം ശോഭിച്ച മറ്റൊരു വ്യക്തിത്വം ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. സാമ്പ്രദായിക ചട്ടക്കൂടുകൾ എല്ലാം തകർത്ത് മുന്നേറിയ ഹൈദരാലിക്ക് ശേഷം ക്ഷേത്രകലയിൽ പ്രാവീണ്യം നേടി ഉന്നതിയിൽ എത്തിയിരിക്കയാണ് മുസ്ലിം സമുദായത്തിൽപ്പെട്ട മറ്റൊരാൾ കൂടി. കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി നേടിയ ആദ്യ മുസ്ലിം പുരുഷൻ എന്ന ഖ്യാദി സ്വന്തമാക്കിയത് വയനാട് സ്വദേശിയായ ഡോ. കെ എം അബുവാണ്. പിഎച്ച്ഡി കൂടാതെ കേരള കലാമണ്ഡലത്തിൽ നിന്നും തന്നെ ആദ്യ ഡോക്ടറേറ്റ് സ്വന്തമാക്കിയ മുസ്ലിം കലാകാരൻ കൂടിയാണ് അബു.

ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നൃത്ത വിഭാഗത്തിൽ ലക്ചററാണ് ഡോ. അബു. മോഹിനിയാട്ടം നർത്തകിയായിരുന്ന കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ കലാലോകത്തിലൂടെയുള്ള പ്രയാണത്തെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധമാണ് അബുവിന് പിഎച്ച്ഡി നേടിക്കൊടുത്തത്.

വയനാട് മുത്തങ്ങയിലെ കൊടിയിൽ മുഹമ്മദ്-കുൽസ ദമ്പതികളുടെ മകനാണ് അബു. കുട്ടിക്കാലം മുതൽക്കുതന്നെ നൃത്തത്തോടു താൽപര്യമുണ്ടായിരുന്നു അബുവിന്. ഈ താൽപ്പര്യത്തെ കെടാതെ സൂക്ഷിച്ചതോടെയാണ് അപൂർവ്വമായ നേട്ടം ഇദ്ദേഹത്തെ തേടിയെത്തിയത്. ചെറുപ്പത്തിൽ നൃത്തം ശാസ്ത്രീയമായി അഭ്യസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അയൽവീട്ടിലെ കുട്ടികൾ നൃത്തം അഭ്യസിക്കുമ്പോൾ അതുകണ്ട് സ്വന്തമായി പരിശീലിക്കുകയും സ്വയം ചുവടുകൾ ആവിഷ്‌കരിക്കുകയും ചെയ്യുമായിരുന്നു താനെന്ന് അബു പറഞ്ഞു.

പിന്നീടാണ് ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. നൃത്തത്തോടുള്ള അബുവിന്റെ താൽപര്യം കണ്ട മാതാപിതാക്കൾ തന്നെ പത്താം വയസിൽ നൃത്ത പഠനത്തിന് അവസരം ഒരുക്കുകയായിരുന്നു. കലാമണ്ഡലം ഓമന വിജയകുമാറാണ് ശാസ്ത്രീയ നൃത്തത്തിന്റെ ബാലപാഠങ്ങൾ അബുവിന് പകർന്നുനൽകിയത്.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അബു നൃത്തമാണ് തന്റെ വഴിയെന്ന് മനസിലാക്കിയത്. തുടർന്ന് ഡിഗ്രി കഴിഞ്ഞ ശേഷം അബു തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ഭരതനാട്യത്തിൽ ആറുവർഷ പോസ്റ്റ് ഡിപ്ലോമ കോഴ്‌സിൽ പഠിക്കാൻ ചേർന്നു. 1992ൽ കോഴ്‌സ് പാസായ അബു തുടർന്ന് മോഹിനിയാട്ടത്തിൽ നാലുവർഷ ഡിപ്ലോമ കോഴ്‌സിന് ചേർന്നു. കോഴ്‌സിൽ ഒന്നാം ക്ലാസോടെയാണ് അബു വിജയിച്ചത്. അന്ന് തന്നെ കേരളത്തിലെ ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയ ആദ്യ മുസ്ലിം സമുദായക്കാരനായി അബു മാറിയിരുന്നു. നൃത്തത്തിന് ഡിഗ്രി കോഴ്‌സുകൾ ഇല്ലാതിരുന്ന സമയത്താണ് അബു ഡിപ്ലോമ കോഴ്‌സുകൾക്ക് ചേർന്നത്. പിന്നെയാണ് അദ്ദേഹം ഡിഗ്രി എഴുതിയെടുത്തത്.

1997ലാണ് അബു കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽ മോഹിനിയാട്ടത്തിലെ അദ്ധ്യാപകനായി നിയമിതനാകുന്നത്. പിന്നീട് മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും എംഎ സ്വന്തമാക്കി. 2014 സെപ്റ്റംബറിലാണ് ഡോ. അബുവിന് മോഹിനിയാട്ടത്തിൽ കലാമണ്ഡലത്തിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയത്. തനിക്ക് താൽപ്പര്യം തോന്നിയ കലയിൽ വിശ്വാസമർപ്പിക്കുകയും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തതിന്റെ ഫലമാണ് പിഎച്ച്ഡി നേട്ടമെന്ന് ഡോ. അബു മറുനാടൻ മലയാളിയോട് പറഞ്ഞു.

മുസ്ലിം സമുദായത്തിൽ നിന്നും നൃത്തരംഗത്തേക്ക് എത്തിയതിനെ എതിർക്കാൻ സമുദായത്തിന് ഉള്ളിൽ നിന്നും ആരും രംഗത്തെത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് തരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് മറുപടി പറയാൻ നിൽക്കാറില്ലെന്നും അബു വ്യക്തമാക്കുന്നു. ഇപ്പോഴത്തെ തന്റെ നേട്ടത്തിൽ അദ്ദേഹത്തിന് സ്തുതിക്കാനുള്ളത് തന്റെ ഗുരുക്കന്മാരോടാണ്. ഷൈലയാണ് ഡോ. അബുവിന്റെ ഭാര്യ. ഏകമകൾ ഷബീന എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഭാര്യയ്ക്കും മകൾക്കുമൊപ്പം പെരുമ്പാവൂരാണ് അദ്ദേഹത്തിന്റെ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP