Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തസ്സ് ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീ രത്‌നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നതെന്ന് ഖദീജ നർഗീസ്; പ്രശ്‌നം കുടുസ്സായ ചിന്തകളെന്ന് അഡ്വ. നൂർബീന; പൊതുവേദികളിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്‌ലിം വനിതാ നേതാക്കൾ; മതപൗരോഹിത്യത്തിനെ നേർക്കും കടുത്ത വിമർശനം

അന്തസ്സ് ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീ രത്‌നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നതെന്ന് ഖദീജ നർഗീസ്; പ്രശ്‌നം കുടുസ്സായ ചിന്തകളെന്ന് അഡ്വ. നൂർബീന; പൊതുവേദികളിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്‌ലിം വനിതാ നേതാക്കൾ; മതപൗരോഹിത്യത്തിനെ നേർക്കും കടുത്ത വിമർശനം

കെ സി റിയാസ്

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും മുസ്‌ലിം സ്ത്രീകളെ പൊതുവേദികളിൽ നിന്ന് വെട്ടിമാറ്റുന്ന മത, രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ വിവിധ മുസ്‌ലിം വനിതാ നേതാക്കൾ രംഗത്ത്. ജമാഅത്തെ ഇസ്‌ലാമിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഇസ്‌ലാം; സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് വിവിധ വനിതാ നേതാക്കൾ തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയത്.

കോഴിക്കോട്ട് നടന്ന യൂത്ത്‌ലീഗ് സമ്മേളനത്തിലും ശേഷം നടന്ന മുസ്‌ലിം ലീഗിന്റെ പോഷക വിഭാഗമായ കെ എം സി സിയുടെ പ്രവാസി സംഗമത്തിലും വനിതാ നേതാക്കളെ ചില പുരുഷ നേതാക്കൾ അധിക്ഷേപിച്ചിരുന്നു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അൻവറിനെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജിയും വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദിനെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരുമാണ് അവഹേളിച്ചത്. അതിനു പിന്നാലെ ഈയിടെ കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യസമ്മേളനത്തിൽ പതിനായിരക്കണക്കിന് വനിതകൾ സദസ്സുകളിലേക്ക് ഒഴുകിയപ്പോഴും അവരെ പ്രതിനിധീകരിക്കാൻ പേരിനു പോലും ഒരൊറ്റ വനിതയെ പോലും വേദിയിൽ ഇടം നൽകാൻ സംഘാടകർ തയ്യാറായിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിൽ ഊറ്റംകൊള്ളുന്ന, മുസ്‌ലിം പരിഷ്‌കരണ പ്രവർത്തനങ്ങൾക്കു മുന്നിൽ നടന്ന മുജാഹിദുകൾക്കു പോലും മഹിളാ രത്‌നങ്ങളെ വേദിക്കു പിറകിലേക്കു മാറ്റേണ്ടിവന്നത് വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃ സമീപനങ്ങൾക്കെതിരെ പരസ്യ പ്രതിഷേധവുമായി വനിതാ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും കേരള വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന നേതാവും പണ്ഡതയും സാമൂഹ്യ പ്രവർത്തകയുമായ ഖദീജ നർഗീസും രംഗത്തെത്തിയത്.

കോഴിക്കോട്ട് ഈയിടെ വലിയൊരു മഹാസമ്മേളനം നടന്നെങ്കിലും അതിന്റെ വേദിയിൽ ഒരു സ്ത്രീയെ പോലും ഇരുത്താനായില്ലെന്നും ഇതിൽ ഏറെ വേദനയുണ്ടെന്നും മനസ്സ് തട്ടിയാണ് എം ജി എം സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഖദീജ നർഗീസ് അഭിപ്രായപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഖദീജ നർഗീസിന്റെ ഓരോ വാക്കുകളെയും സദസ്സ് സ്വീകരിച്ചത്. മാന്യമായ വസ്ത്രധാരണം നടത്തുന്ന, അർഹതയും പ്രാപ്തിയും കഴിവുമുള്ള വനിതകൾക്ക് എന്താണ് സമ്മേളനങ്ങളുടെ മുൻനിരയിൽ ഇരുന്നാലെന്നും അവർ ചോദിച്ചു. ഒരു ബഹുസ്വര സമൂഹത്തിൽ നമ്മുടെ അന്തസ്സ് ജീവിതംകൊണ്ട് തെളിയിച്ച സ്ത്രീ രത്‌നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നത്. ലോകവും പ്രപഞ്ചവുമെല്ലാം വളരെ സന്തുലിതമായാണ് സർവ്വശക്തൻ സംവിധാനിച്ചിട്ടുള്ളത്. എന്നാൽ അത്തരമൊരു സന്തുലിതമായ നിലപാട് സ്വീകരിക്കാൻ അതിന്റെ വക്താക്കൾക്കു സാധിക്കാതെ വരുന്നത് സങ്കടകരമാണ്. വിശ്വാസ സ്വാതന്ത്ര്യം, ധാർമിക സുരക്ഷ, കുടുംബ ഭദ്രത തുടങ്ങി ഓരോ വിഷയങ്ങളിലും ഇസ്‌ലാമിന് കൃത്യവും കണിശവുമായ നിലപാടുകളുണ്ട്. അതനുസരിച്ച് തന്നെയാണ് മുസ്‌ലിം വനിതാ സംഘടനകൾ പ്രവർത്തിക്കുന്നത്.

പ്രവാചകന്റെ കാലത്ത് യുദ്ധവേളകളിൽ പോലും സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നു. ഖലീഫ ഉമറിന്റെ ഭരണത്തിൽ ഇൻകം ടാക്‌സ് ഓഫീസർ ഒരു വനിതയായിരുന്നു. പ്രവാചക പത്‌നി ആഇശ പള്ളിയിൽ വച്ച് സ്ത്രീകൾക്ക് മതാധ്യാപനങ്ങൾ പഠിപ്പിച്ചിരുന്നു. വനിതകൾ ഒട്ടേറെ ഹദീസുകൾ ഉദ്ധരിച്ചതടക്കം ഇസ്‌ലാമിക ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം ആർക്കാണ് മനസ്സിലാവാത്തത്? പർദ്ദയും മഫ്തയും ധരിച്ച് സ്ത്രീകൾ വോട്ടു ചോദിച്ചാൽ മാത്രം മതിയോ? സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനപ്പുറം മാന്യമായ വേഷവിധാനങ്ങളോടെതന്നെ ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. സ്‌കൂളിലും പള്ളികളിലും പോകുന്നതോടൊപ്പം ജോലി നിർവഹണങ്ങളിലും തെരഞ്ഞെടുപ്പുകളിലും പങ്കാളിയാകാൻ അവർക്കു സാധിക്കണം. അതിനെ ആരും മതവിരുദ്ധമായി (ഹറാം) പ്രഖ്യാപിക്കേണ്ടതില്ല. മതം അനുവദിച്ച സീമകളെ കൊട്ടിയടക്കുകയാണ് മതപൗരോഹിത്യം. സ്വന്തം നിലപാട് പോലും മനസ്സിലാക്കാത്തതാണ് അരക്ഷിതാവസ്ഥയ്ക്കു കാരണമെന്നും അല്ലാഹുവും അവന്റെ പ്രവാചകനും അനുവദിച്ചുതന്നതിനെ ആരും മതവിരുദ്ധമാക്കേണ്ടതില്ലെന്നും അവർ ഓർമിപ്പിച്ചു.

സമൂഹത്തിൽ പടരുന്ന ഇരുട്ടിന് പ്രകാശമാകാൻ മതപ്രചാരണങ്ങൾക്കു സാധിക്കേണ്ടതുണ്ടെന്നു വനിതാ ലീഗ് നേതാവും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായ അഡ്വ. നൂർബീന റഷീദ് ചൂണ്ടിക്കാട്ടി. ഇസ്‌ലാമിലെ സ്ത്രീകൾക്ക് പൊതുവേദികളിൽ മുൻനിരയിൽ ഇരിക്കാൻ പറ്റില്ലെന്ന വിലക്കുകൾ അത്ഭുദപ്പെടുത്തുന്നതാണ്. അറിവുണ്ടായിട്ടും തിരിച്ചറിവില്ലാതെ പോകുന്നതിന്റെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി. വളരെ വ്യാപ്തിയുള്ള ഒരു വിഷയത്തെ എത്ര കുടുസ്സായാണ് ചിലർ പിൻനിരകളിലേക്കു മാറ്റുന്നത്. സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കുമൊന്നും തെല്ലും കുറവില്ലെങ്കിലും മനുഷ്യ ഹൃദയങ്ങളിൽ വെളിച്ചം പകരുന്നില്ല. അസമത്വങ്ങളും ജീർണതകളും അരങ്ങു വാഴുമ്പോഴും അതിരുകടന്ന ഒരു സ്വാതന്ത്ര്യവും നാമാരും ആഗ്രഹിക്കുന്നില്ലെന്നും നൂർബീന ചൂണ്ടിക്കാട്ടി. നമസ്‌കാരവും സുന്നത്ത് നോമ്പുകളുമടക്കം ഇസ്‌ലാമിലെ ആരാധനകളെല്ലാം നിർവഹിക്കുമ്പോഴും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകുന്നുവോ എന്ന് പുനപ്പരിശോധിക്കണം. പൊതുവേദികളിൽ അടക്കം തെറ്റായ സമീപനങ്ങളാണ് വിമർശങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും അത് തിരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

എനിക്കു എന്റെ മതം, നിങ്ങൾക്കു നിങ്ങളുടെ മതം എന്ന വിശുദ്ധാധ്യാപനങ്ങൾ പഠിപ്പിക്കുന്ന മുസ്‌ലിംകൾക്ക് തീവ്രവാദത്തെയും ഭീകരവാദത്തെയും ഒരിക്കലും തുണയ്ക്കാനാവില്ലെന്നും തിന്മയെ ചെറുക്കാനും നന്മയെ പോഷിപ്പിക്കാനും സാധിക്കണമെന്നും മുസ്‌ലിം വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. കെ പി മറിയുമ്മ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി.

ഇസ്‌ലാം പുരുഷ പക്ഷമോ സ്ത്രീ പക്ഷമോ അല്ലെന്നും മനുഷ്യ പക്ഷവും നീതിയുടെ പക്ഷവുമാണെന്ന് വിഷായാവതരണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ഉപാധ്യക്ഷ എ റഹ്മത്തുന്നിസ പറഞ്ഞു. അരക്ഷിതാവസ്ഥയും ബന്ധനങ്ങളുമല്ല, സ്വാതന്ത്ര്യവും സുരക്ഷയുമാണ് ഇസ്‌ലാം നൽകുന്നതെന്നും മുസ്‌ലിം സ്ത്രീകൾക്കും ഇസ്‌ലാമിനുമെതിരെയുള്ള വിവിധ വിമർശങ്ങളെ എണ്ണിയെണ്ണി അവർ സമർത്ഥിച്ചു.

തെറ്റിദ്ധാരണകളുടെ വേലിക്കെട്ടുകളിൽ തളച്ച് മുസ്‌ലിം സ്ത്രീകളെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് നീക്കിവെക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന കൂടിയാലോചനാസമിതി അംഗം പി വി റഹ്മാബി അഭിപ്രായപ്പെട്ടു. ഇസ്‌ലാം സന്തുലിതമാണ്. വളരെ എളുപ്പമായ മതത്തെ വളരെ കുടുസ്സാക്കാൻ സമുദായത്തിനകത്തും ശ്രമങ്ങളുണ്ടാവുന്നു. ലോകത്തെയും കാലഘട്ടത്തെയും വായിച്ചറിയാനും അടുത്തറിയാനും സ്ത്രീകൾക്കാവണം. അന്ധമായ ദേശീയത വളർത്തി, മതേതരത്വവും സോഷ്യലിസവും തകർക്കാൻ ഒരുഭാഗത്തുകൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്്. ഇല്ലാത്ത ഭീകരത ഉണ്ടെന്നു സ്ഥാപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് പൊലീസ് ഭയപ്പെടുത്തുകയാണ്.

ഉത്തരേന്ത്യയിലും മറ്റും അനുഭവിച്ച ഭീതിയുടെ അന്തരീക്ഷം ഇന്ന് കേരളത്തിലേക്കും പടരുകയാണ്. മതന്യൂനപക്ഷങ്ങളും സാംസ്‌കാരിക പ്രവർത്തകരും യു എ പി എ എന്ന കരിനിയമത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയാണ്. മുത്വലാഖിന്റെ മറപിടിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ മോദി ഭരണകൂടം ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. നോട്ട് പ്രതിസന്ധിയിൽ നാട് നട്ടം തിരിയുമ്പോഴും വോട്ടുബാങ്കിൽ കണ്ണുനട്ട് യു പിയിൽ പ്രത്യേക നാടകമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭീകരവാദികളെ തകർക്കാൻ ഇസ്രായാലെന്ന ജാര സന്തതിയുമായാണ് മോദിയുടെ കൂട്ടുകൂടെലെന്നും ഇത്തരം അപകടങ്ങളെല്ലാം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും അവർ ഓർമിപ്പിച്ചു. കെ ടി നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സുലൈഖ പൂത്തൂർ, ആർ സി സാബിറ, വി പി ജമീല, സഫിയ്യ ടീച്ചർ, അസ്മാ മൻഅം, സഫ നൂറ തുടങ്ങിയവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP