Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ല! ഗൾഫിലെ മലയാളികളെ എല്ലാം നാട്ടിലേക്ക് എത്തിക്കാൻ എന്നും പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന മുഖ്യമന്ത്രി; രോഗികൾക്കൊപ്പം ഒരാളെ മംഗളൂരുവിലേക്ക് കർണ്ണാടക പോലും കാസർകോട്ട് നിന്ന് കടത്തി വിടും; ഒൻപതുമാസം ഗർഭിണിയായ യുവതിക്കൊപ്പം അതിർത്തി കടക്കാൻ മൂന്നു വയസ്സുള്ള കുട്ടിക്കും സഹോദരിക്കും അനുമതിയില്ല; ബംഗളൂരുവിൽ നിന്ന് നിറവയറുമായി സ്വന്തം നാട്ടിലേക്ക് വന്ന അമ്മയോട് മുത്തങ്ങയിൽ കേരളം കാട്ടിയത് ക്രൂരത തന്നെ

ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ല! ഗൾഫിലെ മലയാളികളെ എല്ലാം നാട്ടിലേക്ക് എത്തിക്കാൻ എന്നും പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന മുഖ്യമന്ത്രി; രോഗികൾക്കൊപ്പം ഒരാളെ മംഗളൂരുവിലേക്ക് കർണ്ണാടക പോലും കാസർകോട്ട് നിന്ന് കടത്തി വിടും; ഒൻപതുമാസം ഗർഭിണിയായ യുവതിക്കൊപ്പം അതിർത്തി കടക്കാൻ മൂന്നു വയസ്സുള്ള കുട്ടിക്കും സഹോദരിക്കും അനുമതിയില്ല; ബംഗളൂരുവിൽ നിന്ന് നിറവയറുമായി സ്വന്തം നാട്ടിലേക്ക് വന്ന അമ്മയോട് മുത്തങ്ങയിൽ കേരളം കാട്ടിയത് ക്രൂരത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മുത്തങ്ങ: എല്ലാ പ്രവസികളേയും സ്വീകരിക്കാൻ കേരളം ഒരുക്കമാണ്. എല്ലാ സംവിധാനവും ഒരുങ്ങി കഴിഞ്ഞു. ക്വാറന്റൈൻ കേന്ദ്രമെല്ലാം സജ്ജം. ഇങ്ങനെ വീമ്പു പറയുന്ന കേരളം പക്ഷേ മുത്തങ്ങയിലെ അമ്മയുടെ വേദന കണ്ടില്ലെന്ന് നടിച്ചു. വയനാട്-കർണാടക അതിർത്തിയിൽ കുടുങ്ങിയ പൂർണ ഗർഭിണിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുമ്പോഴും പകപോക്കൽ തുടർന്നു. മൂന്ന് വയസ്സുള്ള കുട്ടിയെ പോലും അമ്മയ്‌ക്കൊപ്പം അതിർത്തി കടത്തി വിട്ടില്ല. പകരം അവരെ കർണ്ണാടക അതിർത്തിയിൽ ക്വാറന്റൈനിലാക്കി. മംഗളുരൂവിലേക്ക് രോഗിക്കൊപ്പം പോകാൻ ഒരാളെ കർണ്ണാടക അനുവദിക്കാറുണ്ട് ഇപ്പോൾ. അതു പോലും മനുഷ്യാവകാശ ലംഘനമായി കണ്ട കേരളമാണ് മലയാളിയായ യുവതിക്ക് ഈ കഷ്ടകാലം സമ്മാനച്ചത്.

വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തലശ്ശേരിയിലേക്കുള്ള നിറഗർഭിണിക്ക് പോലും യാത്രാ അനുമതി നൽകിയത്. തിങ്കളാഴ്ച രാത്രിയിലാണ് മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം പൂർണ ഗർഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയ്ക്ക് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂർ മുത്തങ്ങ ചെക്‌പോസ്റ്റിൽ കാത്തു നിന്ന ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ നിന്നും ഇവരെ ചെക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ തുടർന്ന് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ഷിജിലയ്‌ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.

മറുനാടൻ അടക്കം വാർത്ത നൽകിയതോടെ കളക്ടറേറ്റിൽ നിന്നും ഷിജിലയ്ക്ക് വിളി വന്നു. അങ്ങനെ വീണ്ടും അതിർത്തിയിലെത്തി. ഒൻപത് മാസം പ്രായമുള്ള യുവതിയെ സർക്കാർ ഒരുക്കിയ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടു പോയി. എന്നാൽ മൂന്നു വയസ്സുള്ള കുട്ടിയെ പോലും അതിർത്തി കടക്കാൻ അനുവദിച്ചില്ല. കേരളത്തിന് പുറത്തുള്ള പ്രവാസികളെ നാട്ടിലേക്ക് എത്രയും വേഗം എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് ദിവസവും കത്തെഴുതുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ കേരളത്തിലേക്ക് മലയാളികളായ രോഗികളെ പോലും കടത്തി വിടുന്നില്ല. ഇതിന് തെളിവാണ് ഗർഭിണിയുടെ ദുരവസ്ഥ. ഇവരുടെ കുട്ടിയേയും തലശ്ശേരിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കാം. കൂടെയുള്ള സഹോദരിയേയും സമാന രീതിയിൽ നിരീക്ഷണത്തിലാക്കാം. എന്നാൽ ഇതിനൊന്നും സർക്കാരോ വയനാട് ജില്ലാ ഭരണകൂടമോ തയ്യാറായില്ല.

കേരളവും കർണ്ണാടകവും കൈയൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ തുടക്കം മുതൽ അനിശ്ചിത്വമായിരുന്നു. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടർമാർ ആദ്യം മുതൽ വ്യക്തമാക്കിയത്. കണ്ണൂർ കളക്റ്റ്രേറ്റിൽ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ പറയുന്ന പട്ടികയിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ലെന്നതാണ് അനുമതി നൽകുന്നതിന് തടസമായത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്നും ടി വി സുഭാഷ് പറഞ്ഞിരുന്നു.

ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയിൽ കഴിഞ്ഞത്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റിൽ ആറ് മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ അതിർത്തി കടത്തിവിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞു. ഇതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു. അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബെംഗളൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്.

എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ഷിജില പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു. ഇതു വാർത്തയായതോടെ മുഖ്യമന്ത്രി ഇടെപട്ടു. അങ്ങനെയാണ് ഷിജിലയ്ക്ക് മാത്രം അതിർത്തി കടക്കാൻ അനുമതി നൽകിയത്. മലയാളികളോട് പോലും എന്തിനാണ് ഈ ക്രൂരതയെന്നതാണ് ഉയരുന്ന ചോദ്യം.

പ്രസവത്തിന് സൗകര്യത്തിനായാണ് നാട്ടിലേക്ക് യുവതി മടങ്ങിയത്. കണ്ണൂരിലെ പ്രാദേശിക ഭരണ കൂടത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം ബംഗളൂരു പൊലീസിന്റെ പാസും വാങ്ങി. ഇന്നലെ രാവിലെ 11.45ന് അതിർത്തിയിൽ എത്തി. എന്നാൽ അതിർത്തി കടക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തു. കേരളാ പൊലീസ് മാത്രമായിരുന്നു ആശ്വാസം. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്ന ശേഷമാണ് തലശേരി സ്വദേശിനിയായ ഷിജില മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് പത്ത് മണിക്കൂർ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിൽ എത്തിയത്. എന്നാൽ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ അനുവദിച്ചില്ല.

തഹസിൽദാരായിരുന്നു ഇവരെ കയറ്റി വിടില്ലെന്ന് ഉറച്ച നിലപാട് എടുത്തത്. മുത്തങ്ങാ ചെക് പോസ്റ്റിൽ നിന്ന് പറഞ്ഞു വിട്ടു. ഇതോടെ കുറച്ചു സമയം കാട്ടിൽ വാഹനം ഒതുക്കിയിടുകയും ചെയ്തു. എന്നാൽ വീണ്ടും ഉദ്യോഗസ്ഥരെത്തി. തീർത്തും മോശമായ ഭാഷയിൽ പെരുമാറി. രണ്ട് ഷിഫ്റ്റ് ഉദ്യോഗസ്ഥരെ ഇവർ കണ്ടു. രണ്ടു കൂട്ടരും ഒരേ ഭാഷയിലാണ് സംസാരിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ കടുംപിടത്തത്തിൽ പൊലീസും നിസ്സഹായരായി. ഇതോടെ മലയാളിയായ യുവതിയും കൂടെ എത്തിയവരും പ്രതിസന്ധിയിലായി. മതിയായ യാത്രാ രേഖകൾ ഉള്ളവരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് മുത്തങ്ങയിൽ ഉണ്ടായത്.

മംഗളൂരുവിൽ കേരളത്തിലെ രോഗികളെ ചികിൽസിക്കാനാകില്ലെന്ന നിലപാട് കർണ്ണാടകം എടുത്തപ്പോൾ സുപ്രീംകോടതിയിൽ അതിനെ ചോദ്യം ചെയ്യുകയായിരുന്നു കേരളം. മാനുഷിക പരിഗണനയാണ് ഈ വിഷയത്തിൽ ചർച്ചയാക്കിയത്. ഗൾഫിലും മറ്റും പ്രതിസന്ധിയിലായ മലയാളികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ മതിയായ സഹായമൊരുക്കുന്നില്ലെന്നും കേരളം പരാതിപ്പെടുന്നു. ഇതിന് വേണ്ടി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയയ്ക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. എന്നാൽ കേരള അതിർത്തിയിൽ എത്തിയ മലയാളിയായ ബംഗളൂരുവിൽ നിന്നെത്തിയ ഗർഭിണി യുവതിയെ പോലും പ്രവേശിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്നലെ പാലക്കാട്ടെ അതിർത്തിയിലും മലയാളി ഗർഭിണിക്ക് സമാന അനുഭവം നേരിട്ടു. പിന്നീട് കളക്ടറും എസ് പിയും ഇടപെട്ട് അവരെ കടത്തി വിട്ടു.

കോവിഡ് വ്യാപനത്തെ തടയാൻ കടുത്ത നടപടികൾ എടുക്കുന്നവർ മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണുന്നില്ലെന്ന പരാതിയാണ് സജീവമാകുന്നത്. കൊറോണക്കാലത്ത് കൈക്കൂലിയുടെ സാധ്യതകളെല്ലാം അടച്ചു. അങ്ങനെ ആളുകളിൽ നിന്ന് മനുഷ്യത്വ രഹിതമായി കൈക്കൂലി വാങ്ങിയവർ തങ്ങളുടെ അമർഷം ഇത്തരം നടപടികളിലൂടെ തീർക്കുകയാണെന്ന വാദവും സജീവമാണ്. ഏതായാലും മലയാളിയോട് മനുഷ്യത്വപരമായി കോവിഡ് കാലത്ത് കേരളം ഇടപെടുന്നില്ലെന്നതിന് തെളിവാണ് മുത്തങ്ങയിലെ സംഭവം. മുംബൈയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വന്തം നാടായ തൃശൂരിലേക്ക് ആംബുലൻസിൽ എത്തിയ യുവതിയെ ലോക്ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ രണ്ടു നാൾ കർണാടക അതിർത്തിയിൽ തടുത്തിട്ടതും വിവാദമായിരുന്നു. ആദ്യ ദിവസങ്ങളിൽ അനുമതി നൽകാതിരുന്ന ജില്ലാ ഭരണകൂടം ഒടുവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതും വിവാദമായിരുന്നു.

ഗുരുവായൂർ കണ്ടാനശേരി കറുപ്പം വീട്ടിൽ ഫാത്തിമ(37)യും ഭർത്താവ് ഉസ്മാൻ ഷെയ്ക്കുമാണ് കേരള അതിർത്തിയിൽ കുടുങ്ങിയത്. മുംബൈയിൽ നിന്ന് ആംബുലൻസിൽ റോഡു മാർഗം 1200 കിലോമീറ്റർ പിന്നിട്ട് കർണാടക അതിർത്തി കടന്ന് കേരളത്തിലെ മുത്തങ്ങ ചെക് പോസ്റ്റിൽ 31 ന് രാത്രി എട്ടരയോടെ എത്തിയെങ്കിലും ഇവരെ ലോക് ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിച്ചില്ല.അതിർത്തി കടക്കാൻ കഴിയാത്തതിനാൽ ഒരു ദിവസം വനമേഖലയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഇവർ രണ്ടാം ദിവസം ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിലും കഴിഞ്ഞു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഷിജിലയ്ക്കും ഉണ്ടാകുന്നത്. മുംബൈയിലെ ആശുപത്രിയിൽ 19 നായിരുന്നു ഗർഭാശയ സംബന്ധമായ ഫാത്തിമയുടെ ശസ്ത്രക്രിയ. ലോക് ഡൗൺ വന്നതിനാൽ 21 ന് ഡിസ്ചാർജ് ചെയ്തു. ഉടൻ യാത്ര സാധ്യമല്ലാത്തതിനാൽ 3 ദിവസം ഹോട്ടലിൽ കഴിഞ്ഞു. 24 ന് ബുക്ക് ചെയ്ത ഫ്ളൈറ്റ് റദ്ദായതിനാൽ തുടർന്നും ഹോട്ടലിൽ കഴിയേണ്ടി വന്നു. ലോക്ഡൗൺ നിമിത്തം ഭക്ഷണ സാധനങ്ങൾ വരെ കിട്ടാതായതോടെ ആംബുലൻസ് വിളിച്ച് കേരളത്തിലേക്ക് പോന്നു. തമിഴ്‌നാട് അതിർത്തിയിലേക്കാണ് ആദ്യം പോയത്. അവർ മുത്തങ്ങ വഴി പോകാൻ പറഞ്ഞു.

എന്നാൽ മുത്തങ്ങ അതിർത്തിയിലെത്തിയപ്പോൾ കേരളത്തിലേക്കും വിട്ടില്ല. കേരളത്തിലെ ആശുപത്രിയിലോ മുറിയിലോ നിരീക്ഷണത്തിൽ കഴിയാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. തിരികെ പോയപ്പോൾ കർണാടക അതിർത്തിയിൽ മൂലഹൊളെ ചെക് പോസ്റ്റിന് സമീപം ബന്ദിപ്പുര വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചു കൂട്ടി. പിറ്റേന്നും കേരള ചെക്പോസ്റ്റിലെത്തി അപേക്ഷിച്ചെങ്കിലും കടത്തി വിട്ടില്ല. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചു. ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിൽ ഒരു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു.കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും കടത്തി വിട്ടില്ല. ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെന്ന നിലയിൽ സ്വന്തം നാട്ടിലേക്ക് യാത്ര അനുവദിക്കണമെന്നു മാത്രമായിരുന്നു ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP