Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണയം എടുക്കാൻ വരുന്നവർ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് പൊലീസിനെ കൂടി കൂട്ടിക്കൊണ്ടു വരണം! സ്വർണം പണയം വച്ചവർക്ക് മുത്തൂറ്റിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചത് ഇങ്ങനെ; പൊലീസിനെയും കൂട്ടി ബ്രാഞ്ചിൽ ചെന്ന് സമയത്ത് പണയം എടുത്തില്ലെങ്കിൽ അമിത പലിശ നൽകേണ്ടി വരുമോ എന്ന് ഭയന്ന് ഇടപാടുകാർ; മാനേജ്‌മെന്റ് അനങ്ങാതായതോടെ മുത്തൂറ്റ് സമരം തുടരുന്നു

പണയം എടുക്കാൻ വരുന്നവർ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് പൊലീസിനെ കൂടി കൂട്ടിക്കൊണ്ടു വരണം! സ്വർണം പണയം വച്ചവർക്ക് മുത്തൂറ്റിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചത് ഇങ്ങനെ; പൊലീസിനെയും കൂട്ടി ബ്രാഞ്ചിൽ ചെന്ന് സമയത്ത് പണയം എടുത്തില്ലെങ്കിൽ അമിത പലിശ നൽകേണ്ടി വരുമോ എന്ന് ഭയന്ന് ഇടപാടുകാർ; മാനേജ്‌മെന്റ് അനങ്ങാതായതോടെ മുത്തൂറ്റ് സമരം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ഒരു വശത്ത് ആളുകളെ നട്ടം തിരിക്കുമ്പോൾ മുത്തൂറ്റിൽ സ്വർണം പണയം വച്ചവർക്ക് നെഞ്ചിടിക്കുന്നു. വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിവന്ന സമരം 16 ദിവസം പിന്നിടുമ്പോൾ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ സാധിക്കാത്ത ഉപഭോക്താക്കൾ പ്രതിസന്ധിയിലാണ്. നോട്ട് മാറി വാങ്ങിയ ശേഷം പണയം തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ സമരം കാരണം അതിന് സാധിക്കുന്നില്ല. മിക്ക ബ്രാഞ്ചുകളും സമരം കാരണം അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ പണയം എടുക്കാൻ വരുന്നവരോട് പൊലീസിനെ കൂട്ടി വരാനാണ് മുത്തൂറ്റ് മാനേജ്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ മിക്ക മാനേജ്‌മെന്റുകൾക്കും ലഭിച്ചു.

എന്നാൽ, സ്വർണപ്പണയം എടുക്കണമെങ്കിൽ പൊലീസിനെയും കൂട്ടി വരണമെന്ന നിർദ്ദേശം എല്ലാവരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതോടെ സമരം കഴിഞ്ഞ് പണയം എടുക്കാമെന്ന് വച്ചാൽ വലിയ തോതിൽ അമിത പലിശ നൽകേണ്ടി വരുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ നിർദ്ദേശം പാരയായി മാറിയിരിക്കയാണ്. ചില ബ്രാഞ്ചുകൾ തുറക്കുന്നുണ്ടെങ്കിലും ജീവനക്കാർ കസ്റ്റമേഴ്‌സിനെ കടത്തി വിടുന്നില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ പരാതി. ഇത്രയൊക്കെ ആയിട്ടും ജീവനക്കാരുടെ സമരം പരിഹരിക്കാൻ യാതൊരു ശ്രമവും മാനേജ്‌മെന്റ് നടത്തിയിട്ടില്ല.

പതിനാറ് ദിവസത്തെ സമരത്തിലൂടെ മുതലാളിക്ക് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നിയന്ത്രണത്തിന്റെ കാലത്ത് ചർച്ചകളിലൂടെ തൊഴിൽ സമരത്തിന് അവസാനമുണ്ടാക്കാൻ മുതലാളി തന്നെ മുന്നിലെത്തുമെന്നായിരുന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇഗോ കാരണം അതിന് എം ജോർജും കുടുംബവും തയ്യാറല്ല. ഇതോടെ മുത്തൂറ്റ് ഫിനാൻസിൽ ആഭരണം പണയം വച്ച സാധാരണക്കാരാണ് വലയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താൽ ബാങ്കിതര സ്ഥാപനമെന്ന നിലയിൽ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. 95 ലക്ഷത്തോളം ഇടപാടുകളും കാൽ ലക്ഷത്തോളം ജീവനക്കാരുമുള്ള വൻകിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോൾ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാർ മറുവശത്തുമായി നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സമരം പതിനാല് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ എല്ലാം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് ന്യായമായ ആവശ്യങ്ങളായിരുന്നു ജിവനക്കാർക്കായി തൊഴിലാളി സംഘടന മുന്നോട്ട് വച്ചത്. സമരക്കാർക്കെതിരായ കേസ് പിൻവലിക്കുക, അന്യായ സ്ഥലം മാറ്റം റദ്ദാക്കുകയെന്നിവയായിരുന്നു ഇത്. ജീവനക്കാരുടേയും ഇടപാടുകാരുടേയും വേദനയ്ക്ക് ആശ്വാസമെത്തിക്കാനായിരുന്നു ഇത്. എന്നാൽ മുത്തൂറ്റ മുതലാളി ഇതിന് പോലും വഴങ്ങിയില്ല.

ഏകപക്ഷീയമായി സമരം പിൻവലിച്ച് ജീവനക്കാർ ജോലിക്ക് കയറുക. വേതന വർദ്ധനവ് അടക്കമുള്ള വിഷയങ്ങളിലും ഈ നിഷേധാത്മ നിലപാടിലാണ് മുത്തൂറ്റ് ഫിനാൻസിന്റെ മുതലാളിമാർ. ഇതോടെ സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. മൂത്തൂറ്റ് ഫിനാൻസ് പൂട്ടിപോയാലും കുഴപ്പമില്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്നുമാണ് മൂത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാട്. പാവപ്പെട്ടവരുടെ പണത്തിലാണ് മുത്തൂറ്റ് നിലനിന്നു പോകുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിന് എന്തുപറ്റിയാലും ഒന്നുമില്ലെന്നാണ് മുതലാളി പറയുന്നതെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. സമരവുമായി ബന്ധപ്പെട്ട വിശദീകരണത്തിന് മാനേജ്‌മെന്റ് തയ്യാറാകുന്നതുമില്ല. നേരത്തെ കള്ളക്കണക്കുകളുമായി മുത്തൂറ്റ് നൽകിയ പത്രപര്യം ഏറെ വിവാദമുണ്ടായിരുന്നു. പരസ്യത്തിലെ അവകാശ വാദങ്ങൾ തെറ്റാണെന്ന് മറുനാടൻ തെളിവ് സഹിതം വാർത്ത പുറത്തുവിടുകയും ചെയ്തു.

ഇന്ത്യയിൽ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകൾ അടഞ്ഞു കിടക്കുമ്പോൾ പണ്ടങ്ങളുമായി പണയം വെക്കാൻ എത്തുന്നവർ തന്നെ വിരളമാണ്. സമരം ഒത്തുതീർപ്പാക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് കടുംപിടുത്തം തുടരുമ്പോൾ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാർ തന്നെയാണ്. താൽക്കാലിക ആവശ്യങ്ങൾക്കായി സ്വർണം പണയം വച്ചവർക്ക് ഇപ്പോൾ പണ്ടം തിരികെ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മുത്തൂറ്റ് സമരം വിനയായത് മറ്റൊരു കൂട്ടർ പ്രവാസികളാണ്്. വിദേശത്തുള്ള മലയാളികൾ നാട്ടിലേക്ക് പണമയക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം മൂത്തൂറ്റിന്റെ മണി എക്‌സ്‌ചേഞ്ചാണ്.

ഒരാഴ്‌ച്ച മുമ്പ് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയച്ചിട്ടും സമരം കാരണം പണം എടുക്കാൻ കഴിയാക്ക അവസ്ഥയിലാണ് വിദേശത്തു നവിന്നും പണം അയച്ചവരുടെ ബന്ധുക്കൾ. മുത്തൂറ്റിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നുകൂടിയാണ് വിദേശനാണ്യ വിനിമയം. 25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്‌മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രി വരെ ഇടപെടുകയുണ്ടായി. എന്നിട്ടും മാനേജ്‌മെന്റ് കടുംപിടുത്തം തുടർന്നു. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.

പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് യൂണിയന്റെ നിലപാട്. മാനേജ്‌മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP