Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ച ജോസഫ്; നിർമ്മാണം നടത്തിയ ഇനത്തിൽ ലഭിക്കാനുള്ള കണക്കുമായി വീട്ടിൽ നിന്നും പോയത് രാത്രി ഏഴ് മണിക്ക് തിരിച്ചെത്താമെന്ന് പറഞ്ഞ്; ഫോൺ വൈകീട്ട് പരിധിക്ക് പുറത്തായതും ദുരൂഹത; ജോസഫിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയവുമായി കുടുംബം; മരിച്ചത് ആശുപത്രിയിലെ സാമ്പത്തിക കേസിലെ ഏക സാക്ഷി; ജോസഫിന്റെ മരണം പുറത്തുകൊണ്ടു വരുന്നത് കെ കരുണാകരന്റെ പേരിൽ നടന്ന ആശുപത്രി കൊള്ള

ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ച ജോസഫ്; നിർമ്മാണം നടത്തിയ ഇനത്തിൽ ലഭിക്കാനുള്ള കണക്കുമായി വീട്ടിൽ നിന്നും പോയത് രാത്രി ഏഴ് മണിക്ക് തിരിച്ചെത്താമെന്ന് പറഞ്ഞ്; ഫോൺ വൈകീട്ട് പരിധിക്ക് പുറത്തായതും ദുരൂഹത; ജോസഫിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയവുമായി കുടുംബം; മരിച്ചത് ആശുപത്രിയിലെ സാമ്പത്തിക കേസിലെ ഏക സാക്ഷി; ജോസഫിന്റെ മരണം പുറത്തുകൊണ്ടു വരുന്നത് കെ കരുണാകരന്റെ പേരിൽ നടന്ന ആശുപത്രി കൊള്ള

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മൃതദേഹം കണ്ടു കിട്ടുന്നതിന് തലേ ദിവസം ഉച്ച രണ്ട് വരെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. രാത്രി 7 മണിക്ക് മുമ്പായി വീട്ടിൽ തിരിച്ചെത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ സമയമൊന്നും ജോസഫിന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ അസ്വാഭാവികതയുണ്ടായിരുന്നില്ല. എന്നാൽ രാത്രി 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ ഭാര്യ മിനി തിരിച്ച് വിളിച്ചിരുന്നു. അപ്പോൾ മൊബൈൾ ഫോൺ പരിധിക്ക് പുറത്തായ നിലയിലായിരുന്നു. വീട്ടിലെത്തുമെന്ന് പറഞ്ഞ സമയത്ത് ജോസഫ് എവിടെയാണ് പോയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. സെപ്റ്റംബർ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.

ആശുപത്രി ഡയരക്ടറെ വിളിച്ചപ്പോൾ കാർ പുറത്ത് നിർത്തിയതായി കാണുന്നുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് അന്വേഷണം നടത്തിയവർ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം എത്തിയിരുന്നു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ ബന്ധപ്പെട്ട ഓഫീസുകളിലെല്ലാം തെരഞ്ഞുവെങ്കിലും ജോസഫിനെ അവിടെയെങ്ങും കണ്ടില്ല. പിറ്റേദിവസം രാവിലെയാണ് കൈകാലുകളുടെ ഞരമ്പ് മുറിച്ച നിലയിൽ ജോസഫിനെ കണ്ടെത്തിയത്. എന്നാൽ ആദ്യം കണ്ടവർ അദ്ദേഹത്തിന്റെ വസത്രങ്ങളിലൊന്നും രക്തപാടുകളുണ്ടായതായി കണ്ടിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ' ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ജോസഫ്. ' ഇത് കുടുംബാംഗങ്ങളോട് മാത്രമല്ല നാട്ടുകാരോടും സുഹൃത്തുക്കളോടും ജോസഫ് പറയാറുമുണ്ട്.

അതുകൊണ്ടു തന്നെ ജോസഫിനെ അറിയുന്നവർ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നുമില്ല. പോസ്റ്റുമോർട്ടത്തിന്റെ പ്രഥമ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പൊലീസ് നിഗമനം കുടുംബം തള്ളുകയാണ്. ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ജോസഫിന്റെ ഫോൺവിളികളും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണം. കുടുംബം ആവശ്യപ്പെടുന്നു. കെ. കരുണാകരൻ സ്മാരക ആശുപത്രിയുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ടവർ തന്നെയാണ് ജോസഫിനെ അപായപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ കൊണ്ടു പോയ രേഖകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമുല്ല. പൊലീസാണ് ഇതിന് മറുപടി പറയേണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് ജോസഫിന്റെ മരണം ആത്മഹത്യ എന്ന നിലയിൽ മുറുകെ പിടിച്ചാൽ മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കുടുംബം ആവശ്യപ്പെടും.

ലക്ഷക്കണക്കിന് രൂപ കയ്യിൽ നിന്നെടുത്താണ് ആശുപത്രിയും ഷോപ്പിങ് കോംപ്ലക്സും ഫ്ളാറ്റും അടക്കമുള്ള കെട്ടിടം നിർമ്മിച്ചത്. നിർമ്മിച്ച ഇനത്തിൽ ലഭിക്കാനുള്ള പണത്തിന് ഓരോ തവണ ആവശ്യപ്പെടുമ്പോഴും മാറ്റി മാറ്റി അവധി നൽകും. ഏറ്റവും ഒടുവിൽ അനുബന്ധ രേഖകളുമായി പോയ ശേഷമാണ് ജോസഫ് മരിച്ചത്. ജോസഫിന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുറുപുഴയിൽ വൻ പ്രതിഷേധ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം നടന്നത്. വിവിധ കക്ഷികൾ സംയുക്തമായി ജനകീയ പ്രതിഷേധത്തിൽ പങ്കുകൊണ്ടു. മലയോരത്ത് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ജോസഫിന് ലഭിക്കാനുള്ള 1.34 കോടി  രൂപയും നഷ്ടപരിഹാരവും ചെറുപുഴ ഡവലപ്പേഴ്സ് അധികൃതർ നൽകണമെന്നും കെ. കരുണാകരന്റെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും ഭൂമി ഇടപാടിനെക്കുറിച്ചും സമഗ്ര അന്വേണം നടത്തണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. മരണപ്പെട്ട ജോസഫിന്റെ കുടുംബത്തോടൊപ്പം ആക്ഷൻ കമ്മിറ്റി പ്രക്ഷോഭരംഗത്ത് സജീവമാകാനും തീരുമാനിച്ചിട്ടുണ്ട്.

ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമാകുകയാണ്. ട്രസ്റ്റിന്റെ സ്വത്തുവകകൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി മാറ്റി എന്നാണ് പ്രധാന ആക്ഷേപം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ മറവിൽ കോൺഗ്രസ് നേതാക്കളായ കെ കുഞ്ഞികൃഷ്ണൻ നായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്സ് തട്ടിയെടുത്തത് ആറുകോടിയോളം രൂപയെന്ന ആരോപണം ശക്തമാണ്. രജിസ്ട്രേഷൻ പോലുമില്ലാത്ത ഈ സ്വകാര്യ കമ്പനിയിലൂടെ ലക്ഷങ്ങളുടെ ആദായ നികുതിയും രജിസ്ട്രേഷൻ ഫീസും വെട്ടിച്ചതായും ട്രസ്റ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന കെ കുഞ്ഞികൃഷ്ണൻ നായർ ചെയർമാനും റോഷി ജോസ് സെക്രട്ടറിയുമായാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കിലും വൈകാതെ വേണ്ടപ്പെട്ട ചിലരെമാത്രം ഉൾപ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്സിനു രൂപംനൽകി. ട്രസ്റ്റ് അംഗങ്ങൾ ഓഹരിസംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുണ്ടാക്കിയ രണ്ടേക്കറിൽ 70 സെന്റാണ് ട്രസ്റ്റിനായി നീക്കിവച്ചത്. ഇത് ഡവലപ്പേഴ്‌സിന് നൽകിയാണ് അവിടെ ഷോപ്പിങ് മാൾ പണിതത്.

കെട്ടിടത്തിലെ മുറികൾ വിൽപന നടത്തി കിട്ടുന്ന ലാഭത്തിൽ രണ്ടുകോടി രൂപ ട്രസ്റ്റിന് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കരാറുകാരനായ ജോസഫ് മുതുപാറകുന്നേലിനെ പ്രവൃത്തി ഏൽപ്പിച്ചതെന്ന് ട്രസ്റ്റ് അംഗമായ ജെയിംസ് പന്തമാക്കൽ പറഞ്ഞു. താഴത്തെ നിലയിൽ 34 മുറികൾ നിർമ്മിച്ചു. ഓരോമുറിക്കും സ്ഥലവിലയടക്കം 3.5 ലക്ഷം രൂപയാണ് ചെലവെങ്കിലും 10 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിലൂടെ 2.10 കോടി രൂപ ലാഭം കിട്ടി. എന്നാൽ മുൻധാരണ പ്രകാരം ട്രസ്റ്റിന് നൽകേണ്ട രണ്ടുകോടി നൽകാൻ തയ്യാറായില്ല. ഒന്നാം നിലയിലെ മുറികളോരോന്നിനും ഏഴു ലക്ഷം വീതം ലഭിച്ചു. ഇതിലൂടെ ഒരുകോടിയിൽപ്പരം രൂപ ലാഭം. രണ്ടാമത്തെ നിലയിലെ ഓപ്പൺ ടെറസ് കുഞ്ഞികൃഷ്ണൻ നായരും റോഷി ജോസും തന്നെ ഭാരവാഹികളായ ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്പേഴ്സ് (സിഐഎഡി) എന്ന കമ്പനിക്ക് 30 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയത്. ആ ടെറസ്സിൽ ആറുകോട്ടേജുകൾ പണിതു. ഓരോന്നും 45 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയത്. മൊത്തം 2.7 കോടി രൂപ ലഭിച്ചു. രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് പേപ്പർ ഇനത്തിൽ ലക്ഷങ്ങൾ വെട്ടിച്ചായിരുന്നു ഇടപാട്. ആറുകോടിയോളം വരുന്ന ലാഭത്തിൽനിന്നുമുള്ള പണം പിൻവലിച്ച് പിന്നീട് 90 സെന്റ് സ്ഥലം 1.80 കോടിക്ക് വാങ്ങി ബിനാമികളുടെ പേരിലേക്ക് മാറ്റി. ഈ സ്ഥലത്തിന് ഇന്നത്തെ മതിപ്പുവില അഞ്ചരക്കോടി വരുമെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ ജെയിംസ് പന്തമാക്കൽ പറയുന്നു.

ആദ്യം ട്രസ്റ്റ് അഡ്വാൻസ് കൊടുത്ത രണ്ടേക്കറിൽ ബാക്കിയുള്ള 40 സെന്റ് സ്ഥലം ചെറുപുഴയിലെ സ്വകാര്യ വ്യക്തിക്ക് 2.40 കോടിക്കു മറിച്ചുവിറ്റു. അതിൽ കിട്ടിയ ലാഭവും വീതം വച്ചെടുക്കുകയായിരുന്നു. ഇതിനിടെ കാഞ്ഞങ്ങാട് സ്വദേശി രൂപീകരിച്ച ലീഡർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെറുപുഴയിൽ ആശുപത്രി തുടങ്ങി. ഈ ആശുപത്രിക്ക് കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമൊന്നുമില്ല. ഷോപ്പിങ് മാളിന്റെ വിൽപ്പന നടക്കാത്ത ബാക്കി മുഴുവൻ ഭാഗവും സിഐഎഡി കമ്പനിയിലേക്ക് മാറ്റി എഴുതി. അതിലെ കുറച്ച് മുറികൾ കമ്പനിക്ക് 80 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്തു. ഇത്തരം ഇടപാടുകളാണ് സംശയ നിഴലിലാകുന്നത്.

കരുണാകരന്റെ സ്മരണാർഥം ആധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രി പണിയുന്നതിനായി 2011 ലാണ് ചെറുപുഴയിൽ കെ.കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ചത്. കെപിസിസി നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് ഏക്കർ ഭൂമിയിൽ 70 സെന്റ് സ്ഥലം ചെറുപുഴ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന് 2012 ൽ കൈമാറി. അവിടെ നിർമ്മിച്ച കെട്ടിടത്തിന്റെ മുകൾഭാഗം പിന്നീട് സിയാദ് എന്ന കമ്പനിക്ക് വിറ്റു. കെ കരുണാകരന്റെ പേരിൽ പണം പിരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടിന് വകമാറ്റി എന്നാരോപിച്ച് മുൻ ട്രസ്റ്റ് അംഗം പയ്യന്നൂർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.

ആശുപത്രി ഇപ്പോൾ വാടകയ്ക്ക് നടത്തുന്നത് കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കൽ സെന്ററാണ്. ഇതിന്റെ ഉടമ ഉൾപ്പെട്ട ലീഡർ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഴുവൻ കെട്ടിടവും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഫലത്തിൽ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് നാമാവശേഷമാണ്. അതേസമയം പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ രൂപീകരിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP