Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രശാന്തിന് മാറ്റുന്നത് രണ്ട് കൊല്ലത്തെ സേവനം പൂർത്തിയാക്കിയ ശേഷം; മസൂരിയിൽ വീണു പരിക്കേറ്റതിനാൽ മെഡിക്കൽ ലീവിൽ തുടരും; കളക്ടർ ബ്രോ ഒഴിഞ്ഞു പോകുന്നതിൽ ആഹ്ലാദിച്ചത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

പ്രശാന്തിന് മാറ്റുന്നത് രണ്ട് കൊല്ലത്തെ സേവനം പൂർത്തിയാക്കിയ ശേഷം; മസൂരിയിൽ വീണു പരിക്കേറ്റതിനാൽ മെഡിക്കൽ ലീവിൽ തുടരും; കളക്ടർ ബ്രോ ഒഴിഞ്ഞു പോകുന്നതിൽ ആഹ്ലാദിച്ചത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഒട്ടു മിക്ക ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനം തെറിച്ചിട്ടും അനേക്കം തട്ടാതിരുന്ന കോഴിക്കോട് കളക്ടറെ സ്ഥലം മാറ്റിയതോടെ ഒട്ടേറെ ഊഹാപോഹങ്ങൾ സജീവമാകുന്നു. കളക്ടർ ബ്രോയുടെ തലയെടുക്കാൻ കാത്തിരുന്ന അനേകം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും വിജയം ആഘോഷിക്കുന്നുണ്ടെങ്കിലും സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ നത്‌നെ നൽകിയ അപേക്ഷ പ്രകാരമാണ് സ്ഥലം മാറ്റമെന്ന് പ്രശാന്ത് മറുനാടനോട് പറഞ്ഞു.

കുറച്ചു നാളായി മെഡിക്കൽ ലീവിലാണ് കളക്ടർ ബ്രോ. ഇനിയും ഒരു മാസം കൂടി ചികിൽസ കഴിഞ്ഞാലെ മസൂരിയിലെ ട്രയനിംഗിനിടെയുണ്ടായ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തി നേടാൻ പ്രശാന്തിന് കഴിയൂ. ഇതിനിടെയാണ് പ്രശാന്തിനെ മന്ത്രിസഭാ യോഗം സ്ഥലം മാറ്റുന്നത്. ഏറെ നാളായി പ്രശാന്തിന്റെ സ്ഥലം മാറ്റം ചർച്ചകളിൽ നിറഞ്ഞിരുന്നു. എംപി എംകെ രാഘവനുമായുള്ള ഉടക്കും അതിന് പിന്നാലെ വീട്ടിലെ കാർ ദുരൂപയോഗത്തിന്റെ കള്ള വാർത്ത പൊളിച്ച് പ്രശാന്ത് ഇട്ട പോസ്റ്റുമെല്ലാം ചർച്ചയായിരുന്നു. മാതൃഭൂമിയേയും മനോരമയേയും വിമർശിക്കുന്ന തരത്തിലെ പോസ്റ്റ് വന്ന് ദിവസങ്ങൾക്കുള്ളിൽ പ്രശാന്ത് മാറുമ്പോൾ എതിരാളികൾ പല നിർവ്വചനവും നൽകുന്നു. രാഷ്ട്രീയക്കാരോട് കളിച്ചതിന്റെ ഫലമാണ് ഇതെന്നാണ് ശത്രുക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റത്തിന്റെ കാരണം കളക്ടറോട് തന്നെ തിരക്കിയത്.

രണ്ട് കൊല്ലം മുമ്പാണ് കോഴിക്കോട് കളക്ടറായി പ്രശാന്ത് എത്തിയത്. അന്ന് മുതൽ കോഴിക്കോടിന്റെ മുഖം മാറ്റുന്ന നിരവധി പദ്ധതികൾക്ക് രൂപം നൽകി. കെടിഡിസിയിലും ആഭ്യന്തര മന്ത്രിയുടെ പ്രവറ്റ് സെക്രട്ടറിയുമായും തിളങ്ങിയ പ്രശാന്ത് അക്ഷരാർത്ഥത്തിൽ കോഴിക്കോടിന്റെ താരമായി. ഇതോടെ എതിർപ്പുമായി രാഷ്ട്രീയക്കാരുമെത്തി. എന്തിനും ഏതിനും കളക്ടറെന്ന സ്ഥിതിയെത്തിയതായിരുന്നു എതിർപ്പിന് കാരണം. ഇതോടെ തങ്ങളുടെ പ്രസക്തി കുറയുമോ എന്ന് രാഷ്ട്രീയക്കാർ ഭയന്നു. ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി ഡിസിസി അധ്യക്ഷനായിരുന്ന കെസി അബു തന്നെ പ്രശാന്തിനെ യുഡിഎഫ് ഭരണകാലത്ത് കെപിസിസി യോഗത്തിൽ വിമർശിച്ചു. എംപി എംകെ രാഘവനും ഒപ്പം ചേർന്നു. എന്തുവന്നാലും പ്രശാന്തിനെ മാറ്റുമെന്ന് കോൺഗ്രസുകാർ വീമ്പുപറഞ്ഞു. എന്നാൽ കളക്ടറെ തൊട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി സർക്കാർ പ്രശാന്തിനെതിരെ കൈവിരൽ പോലും അനക്കിയില്ല.

ഇടത് സർക്കാർ അധികാരമേറ്റതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ ഒരാളായി പ്രശാന്ത് മാറി. മുഴുവൻ കളക്ടർമാരേയും മാറ്റിയിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള പ്രശാന്തിനെ തൊട്ടില്ല. കോഴിക്കോടിന്റെ മനസ്സറിഞ്ഞ കളക്ടറുടെ പ്രവർത്തനത്തിൽ പിണറായിക്ക് പൂർണ്ണ വിശ്വാസമായിരുന്നു. ഇതിനിടെയാണ് എംപി ഫണ്ട് വിനിയോഗത്തിൽ രാഘവൻ എതിർപ്പുമായെത്തിയത്. തന്റെ ഫണ്ട് വിനിയോഗത്ത കളക്ടർ തടസ്സപ്പെടുത്തുവെന്ന വാദവും അധികകാലം നീണ്ടു നിന്നില്ല. അഴിമതി ഒഴിവാക്കാനുള്ള ഇടപെടൽ തുടരുമെന്ന് കളക്ടർ തുറന്നു പറഞ്ഞു. ഇതോടെ എംപിയും പിന്മാറി. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കാർ ദുരുപയോഗം ചെയ്‌തെന്ന വിവാദമെത്തിയത്. ഇതിലെ തട്ടിപ്പ് പ്രശാന്ത് തുറന്നുകാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ വിമർശനം ഏറ്റുവാങ്ങിയ മാതൃഭൂമിയും മനോരമയും ആഹ്ലാദത്തിലാണ്. ഒപ്പം കോഴിക്കോട്ടെ രാഷ്ട്രീയക്കാർക്കും.

രണ്ട് കൊല്ലം ഒരു ജില്ലയിൽ കളക്ടറായി തുടരുക പോലും അപൂർവ്വതയാണ്. ഇതിന് ശേഷമാണ് പ്രശാന്ത് പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മറ്റൊരു ഉത്തരവാദിത്തം തേടി പ്രശാന്ത് അപേക്ഷ നൽകിയിരുന്നു. ഇതിനൊപ്പം ഡെപ്യൂട്ടേഷൻ നിയമനത്തിനും സാധ്യതകൾ വന്നു. എന്നാൽ സർക്കാരിന്റെ മനസ്സ് അറിഞ്ഞ് കേരളത്തിൽ തുടരുകയായിരുന്നു പ്രശാന്ത്. തനിക്കിപ്പോഴും കേരളത്തിൽ തുടരാൻ തന്നെയാണ് താൽപ്പര്യമെന്ന സൂചനയാണ് മറുനാടൻ പ്രശാന്ത് ഇപ്പോഴും നൽകുന്നത്. സ്വാഭാവിക നടപടിയായി മാത്രമേ സ്ഥലം മാറ്റത്തെ അദ്ദേഹം കരുതുന്നുമുള്ളൂ. പ്രശാന്തിന് പകരം കോഴിക്കോട് കളക്ടറായി സർക്കാർ മുന്നിൽ കണ്ടത് ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ടിവി അനുപമയെ ആയിരുന്നു. എന്നാൽ തീരെ ചെറിയ കുട്ടിയുള്ള അനുമപയ്ക്ക് കളക്ടറായി പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട് സർക്കാർ പരിഗണിച്ചാണ് യുവി ജോസിനെ കോഴിക്കോട്ടെ കളക്ടറാക്കുന്നത്.

സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കിയാണ് പ്രശാന്ത് കളക്ടർ ബ്രോയായത്. റോഡുകളിലെ കുഴിയടയ്ക്കാൻ സ്‌പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയുംവിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും ഏറെ കൈയടി നേടി. ജില്ലാ വികസനത്തിന് സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതയും സമർത്ഥമായി വിനിയോഗിച്ചായിരുന്നു എൻ പ്രശാന്തിന്റെ പ്രവർത്തനം.

പൊതു പങ്കാളിത്തത്തോടെയുള്ള നിരവധി കാരുണ്യപദ്ധതികൾ നടപ്പാക്കിലും കോഴിക്കോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലൂടെ പൊതുജനങ്ങളുമായി സംവദിച്ചും കളക്ടർ എൻ.പ്രശാന്ത് വേഗത്തിൽ തന്നെ കളക്ടർ ബ്രോ ആയി ജനപ്രീതി നേടിയിരുന്നു. ജേക്കബ് തോമസിനെതിരെ പ്രതിഷേധിക്കാൻ ഐഎഎസ അസോസിയേഷൻ നടത്തിയ ആഹ്വാനവും പ്രശാന്ത് അംഗീകരിച്ചില്ല. ഇതോടെ പ്രശാന്ത് ഐഎഎസ് ലോബിക്കും അനഭിമതനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP