Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനത്തിൽ ഏറ്റുമുട്ടൽ നടന്നതിന് ഒരു തെളിവുമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ; ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായില്ല; ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടില്ല; പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് വനം സ്‌റ്റേഷനുകളിലെ പൊലീസിനെ പിൻവലിച്ചു; നിലമ്പൂർ വെടിവെപ്പിന് ഒരു വർഷമാവുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

വനത്തിൽ ഏറ്റുമുട്ടൽ നടന്നതിന് ഒരു തെളിവുമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ; ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായില്ല; ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടില്ല; പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് വനം സ്‌റ്റേഷനുകളിലെ പൊലീസിനെ പിൻവലിച്ചു; നിലമ്പൂർ വെടിവെപ്പിന് ഒരു വർഷമാവുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

കെ വി നിരഞ്ജൻ

കോഴിക്കോട്: നിലമ്പൂർ കരുളായി വനത്തിൽ രണ്ടുമോവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവെച്ചുകൊന്നതിൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. നവംബർ 24നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ് (60), അജിത (46) എന്നിവർ കൊല്ലപ്പെട്ടത്. എന്നാൽ, ഒരു വർഷമാകുമ്പോഴും സംഭവത്തിന്റെ ദുരൂഹത നീങ്ങിയില്ല.

ഏറ്റുമുട്ടലിനെ തുടർന്നാണ് മരണമെന്ന വാദത്തിൽ പൊലീസ് ഉറച്ചനിൽക്കുമ്പോഴും വനത്തിൽ ഏറ്റുമുട്ടൽ നടന്നതിന് ഒരു തെളിവുമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഇതുസംബന്ധിച്ച ക്രംബ്രാഞ്ച് അന്വേഷണം പൂർത്തിയായില്ല. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ആകട്ടെ പുറത്തുവിട്ടില്ല. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് വനം സ്‌റ്റേഷനുകളിലെ പൊലീസിനെ പിൻവലിച്ച അധികൃതരുടെ നടപടിയിൽ സേനയിൽ അതൃപ്തി പുകയുകയാണ്.

ഏറ്റുമുട്ടൽ സംബന്ധിച്ച് രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചെങ്കിലും പൊലീസ് പറയുന്നതിനപ്പുറം ഇപ്പോഴും വ്യക്തതയില്ല. വെടിവെപ്പ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഒരു വർഷമായിട്ടും പൂർത്തിയായിട്ടില്ല. മലപ്പുറം ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോർട്ട് ഈ മാസം 20നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.

മലപ്പുറം ജില്ല കലക്ടർ അമിത് മീണക്കായിരുന്നു മജിസ്‌ട്രേറ്റ് തല അന്വേഷണ ചുമതല. പൊതുജനങ്ങളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കലക്ടർ തെളിവെടുത്തിരുന്നു. അഞ്ഞൂറ് പേജുള്ള റിപ്പോർട്ടാണ് തിങ്കളാഴ്ച കലക്ടർ സർക്കാറിന് സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഭാഗമായി നൂറിലേറെ പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം തലവൻ ഡിവൈ.എസ്‌പി ബിജു ഭാസ്‌കർ പറഞ്ഞു. പൊലീസ്, വനം ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ആദിവാസികൾ, നാട്ടുകാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വ്യാജ ഏറ്റുമുട്ടലല്ലെന്ന നിഗമനത്തിലാണ് സംഘം. കൊല്ലപ്പെട്ടവരുടെ ഡി.എൻ.എ പരിശോധനഫലം ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.

അതേമസയം വനത്തിൽ ഏറ്റുമുട്ടൽ നടന്നതിന് ഒരു തെളിവുമില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വാദം. ഒറ്റ പൊലീസുകാരനും പരിക്കേറ്റില്ല. ഒരു തോക്ക് മാത്രമാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. കുപ്പു ദേവരാജിന്റെയും അജിതയുടെയും ശരീരത്തിൽ നിരവധി വെടിയുണ്ടകളേറ്റിരുന്നു. ഇരുവരും മാരകമായി പരിക്കേറ്റ നിലയിലുമായിരുന്നു. അജിതയുടെ ദേഹത്തെ മുറിവുകളിൽ കൂടുതൽ നെഞ്ചത്തുമായിരുന്നു. നിരന്തര പരിശോധന നടക്കുന്ന വനമേഖലയിൽ ഇവരെങ്ങനെ ടെന്റ് കെട്ടി താമസിച്ചെന്ന ചോദ്യവും ബാക്കിയാണ്. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച 2014ലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ പൊലീസ് പാലിച്ചില്ലെന്നും ആരോപണമുണ്ട്.

അതിനിടെ മാവോയിസ്റ്റ് നേതാക്കളുടെ ഒന്നാം ചരമവാർഷികത്തിലെ പ്രത്യാക്രമണ ഭീഷണി കണക്കിലെടുത്ത് വനം സ്‌റ്റേഷനുകളിലെ പൊലീസിനെ പിൻവലിച്ചു. വനംവകുപ്പ് ജീവനക്കാരുടെ സുരക്ഷക്കായി പൊലീസിൽനിന്ന് ഡെപ്യൂട്ട് ചെയ്തവരെയാണ് നിയമിച്ചിരുന്നത്. ഒരു സി.ഐ, എസ്.ഐ, മൂന്ന് സീനിയർ പൊലീസ് ഓഫിസർമാർ, 27 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണിവർ. നിലമ്പൂർ സൗത്ത് ഡിവിഷനിലെ പടുക്ക, നോർത്ത് ഡിവിഷനിലെ വാണിയംപുഴ ഫോറസ്റ്റ് സ്‌റ്റേഷനുകളിലാണ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ പിൻവലിച്ചത്.

വെടിവെപ്പിന്റെ ഒന്നാം വാർഷികത്തിൽ പൊലീസിനെതിരെ ആക്രമണം ഉണ്ടാവുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പൊലീസിനെ പിൻവലിച്ചതെന്നാണ് സൂചന. അതേസമയം, മുൻകരുതലില്ലാതെ പൊലീസിനെ പിൻവലിച്ചതിൽ വനംവകുപ്പ് ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP