Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാരിസൺ മലയാളം ഉടമസ്ഥതയിലുള്ള തോട്ടമുടകളുടെ കരം സ്വീകരിക്കാൻ തീരുമാനിച്ചതും ക്വാറികൾ തുറന്നുകൊടുത്തതും ചട്ട ലംഘനം; രണ്ട് പേർക്കെതിരെ അഴിമതി ആരോപണം ഉയരാനും സാധ്യതെന്ന് മുന്നറിയിപ്പ് നൽകിയുള്ള രാജി; അതിവേഗം സ്ഥാനമൊഴിഞ്ഞത് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ശശി എത്തുമെന്ന് ഉറപ്പായപ്പോൾ തന്നെ; ദിനേശൻ പുത്തലേത്തുമായി പ്രശ്‌നമില്ലെന്ന് വിശദീകരിച്ച് പടിയിറക്കം; പ്രൈവറ്റ് സെക്രട്ടറിയും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരേ സമയം പോയതിന്റെ ഷോക്ക് മാറാതെ പിണറായി

ഹാരിസൺ മലയാളം ഉടമസ്ഥതയിലുള്ള തോട്ടമുടകളുടെ കരം സ്വീകരിക്കാൻ തീരുമാനിച്ചതും ക്വാറികൾ തുറന്നുകൊടുത്തതും ചട്ട ലംഘനം; രണ്ട് പേർക്കെതിരെ അഴിമതി ആരോപണം ഉയരാനും സാധ്യതെന്ന് മുന്നറിയിപ്പ് നൽകിയുള്ള രാജി; അതിവേഗം സ്ഥാനമൊഴിഞ്ഞത് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ശശി എത്തുമെന്ന് ഉറപ്പായപ്പോൾ തന്നെ; ദിനേശൻ പുത്തലേത്തുമായി പ്രശ്‌നമില്ലെന്ന് വിശദീകരിച്ച് പടിയിറക്കം; പ്രൈവറ്റ് സെക്രട്ടറിയും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരേ സമയം പോയതിന്റെ ഷോക്ക് മാറാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ തൽസ്ഥാനം രാജി വെച്ചതിന് പിന്നിൽ ഫയലുകൾ പോലും തന്നെ കാണിക്കാത്തതിലെ നിരാശ കൊണ്ടെന്ന് സൂചന.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അംഗീകരിക്കാതെ നളിനി നെറ്റോ രാജി സമർപ്പിക്കുകയായിരുന്നു. പ്രൈവറ്റ് സെ്ക്രട്ടറിയായിരുന്ന എംവിജയരാജന്റെ രാജിക്ക് പിന്നാലെയാണ് നളിനി നെറ്റോയും പോകുന്നത്. ഇത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാണ്. തന്റെ ഓഫീസിൽ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലെത്തുമ്പോൾ ഓഫീസിൽ അടിമുടി അഴിച്ചു പണിക്ക് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് സൂചന.

പൊളിറ്റിക്കൽ സെക്രട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഏതായാലും പ്രശ്‌നങ്ങൾ കാരണം പ്രധാനപ്പെട്ട ഫയലുകൾ നളിനി നെറ്റോയ്ക്ക് നൽകിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി ജയരാജനായിരുന്നു തർക്കങ്ങൾ പരിഹരിച്ചിരുന്നത്. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയതിനെ തുടർന്നാണ് ഇനി സ്ഥാനത്ത് തുടരേണ്ട എന്ന തീരുമാനത്തിൽ നളിനി നെറ്റോ എത്തിയത്. നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി പുതുതായി ഉണ്ടാക്കി നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട നയപരമായ ഫയലുകളിൽ അവരുടെ അഭിപ്രായം നിർണായകമായിരുന്നു.

അടുത്തകാലത്ത് പല പ്രധാന ഫയലുകളും അവർ കണ്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ മറ്റു ചില ഉന്നതരാണ് എല്ലാം ചെയ്യുന്നത്. ഹാരിസൺ മലയാളം ഉടമസ്ഥതയിലുള്ള തോട്ടമുടകളുടെ കരം സ്വീകരിക്കാൻ തീരുമാനിച്ചതും ക്വാറികൾ തുറന്നുകൊടുത്തതും അടക്കമുള്ള ഫയലുകളിൽ തീരുമാനമെടുത്തത് ഇത്തരം ഉന്നത ഇടപെടലുകളെത്തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായെത്തുമെന്ന അഭ്യൂഹം സജീവമായത്. ശശിയെത്തിയാൽ പിന്നെ അധികാരമൊന്നും ഉണ്ടാകില്ലെന്ന് നളിനി നെറ്റോയ്ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രാജി വച്ചത്.

ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടമുടമകളുടെ കരം സ്വീകരിക്കുന്നത്, ക്വാറികൾ കൂട്ടത്തോടെ തുറന്നു കൊടുക്കുന്നത് എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചട്ടം പാലിച്ചല്ല മന്ത്രിസഭയ്ക്ക് വിട്ടതെന്നു നളിനി നെറ്റോയ്ക്ക് അഭിപ്രായമുള്ളതായാണ് അറിയുന്നത്. ഇത്തരം ഫയലുകൾ കൈകാര്യം ചെയ്യുന്ന രണ്ട് ഉന്നതർക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുമെന്നു നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നളിനി നെറ്റോ സമയബന്ധിതമായി ഫയലുകൾനോക്കിയിരുന്നില്ല, അതിനാലാണ് ഫയലുകൾ നൽകാതിരുന്നതെന്നാണ് മറുപക്ഷം പറയുന്നത്. ഈ വിവാദമാണ് രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

കേരളത്തിലെ നാലാമത്തെ വനിതാ ചീഫ്‌സെക്രട്ടറിയാണു നളിനി നെറ്റോ. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ചരിത്രം കുറിച്ച് നിയമസഭയിലേക്കും ലോക്സഭയിലേക്കും രണ്ടുവീതം തിരഞ്ഞെടുപ്പുകൾ വിജയകരമായി നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അതിനുശേഷമാണ് ചൊവ്വാഴ്ച രാജിനല്കിയത്. തിങ്കളാഴ്ചതന്നെ അവരുടെ ഓഫീസ് ജീവനക്കാരെ സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് അറിയിക്കുകയും പഴയ ഓഫീസിലേക്കു മടങ്ങാൻ അനുമതി നല്കുകയും ചെയ്തിരുന്നു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, ലാവ്ലിൻ കേസിൽ അപ്പീൽ നൽകാനുള്ള തീരുമാനത്തെ നളിനി നെറ്റോ എതിർത്തതോടെയാണു പിണറായിയുമായുള്ള വ്യക്തിബന്ധം വളർന്നത്. സർക്കാർ മാറിയതിനു ശേഷം ചീഫ് സെക്രട്ടറി പദത്തിൽനിന്നു വിരമിച്ചയുടൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. തുടക്കത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളുമടക്കം പ്രധാന കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തെങ്കിലും പിന്നീട് ഒരു ഫയൽ പോലും വരാതെയായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾ വല്ലപ്പോഴുമായി. ഈ സാഹചര്യത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദിനേശ് പുത്തലത്തുമായുള്ള ഭിന്നതയാണു രാജിക്ക് കാരണമെന്നാണ് അഭ്യൂഹം. എന്നാൽ ഇതു കെട്ടുകഥയാണെന്നും ദിനേശുമായി നല്ല ബന്ധത്തിലാണെന്നും നളിനി നെറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജനെ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൂർണചുമതല പൊളിറ്റിക്കൽ സെക്രട്ടറി ദിനേശ് പുത്തലത്തിനു കൈമാറി. ഇതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി ശശിയെത്തുമെന്നും സൂചനയുണ്ട്. നായാനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി ശശിയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി. അന്ന് ശശിക്കെതിരെ പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ശശി എത്തുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാൻ നളിനി നെറ്റോ തീരുമാനിക്കുകയായിരുന്നു. ശശി ഫാക്ടറാണ് നളിനി നെറ്റോയുടെ രാജിക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതേ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP