Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് നമ്പി നാരായണന്റെയും ഐ എസ് ആർ ഓയുടെയും നെഞ്ചിലേക്ക് പൊങ്കാലയിട്ട മാധ്യമങ്ങൾക്കും സിപിഎമ്മിനും മറുപടിയായി ഇന്ന് പിഎസ്എൽവി കുതിക്കും, കയ്യിൽ ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; ഇന്നത്തെ വിക്ഷേപണം നമ്പിക്കു മറ്റൊരു വിജയമാകും

അന്ന് നമ്പി നാരായണന്റെയും ഐ എസ് ആർ ഓയുടെയും നെഞ്ചിലേക്ക് പൊങ്കാലയിട്ട മാധ്യമങ്ങൾക്കും സിപിഎമ്മിനും മറുപടിയായി ഇന്ന് പിഎസ്എൽവി കുതിക്കും, കയ്യിൽ ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; ഇന്നത്തെ വിക്ഷേപണം നമ്പിക്കു മറ്റൊരു വിജയമാകും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ:  കാലം കറങ്ങുന്നതു പലർക്കും മറുപടി നൽകാനും പലർക്കും വിജയിക്കാനും വേണ്ടിയാണെന്ന് തെളിയിച്ചു ഇന്ന് രാത്രി ഇന്ത്യയുടെ അഭിമാന റോക്കറ്റ് പിഎസ്എൽവി വീണ്ടും കുതിക്കുന്നു. ഇന്ത്യക്കു സ്വന്തമായി ഒരു റോക്കറ്റ് എന്ന അഭിമാന സ്വപ്നമായി നീങ്ങിയ ഐഎസ്ആർഓയുടെയും ക്രയോജനിക് ഇന്ധനത്തിനും പിഎസ്എൽവി സാങ്കേതിക വിദ്യയ്ക്കും തുടക്കമിട്ട നമ്പി നാരായണനെ പോലുള്ള ശാസ്ത്രജ്ഞരുടെയും അഭിമാനത്തെയും ആത്മവീര്യത്തെയും തച്ചുടയ്ക്കാൻ മുന്നിൽ നിന്നതു മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ചാരക്കേസിനെ തുടർന്ന് അധികാരത്തിൽ എത്തിയ നായനാർ സർക്കാരുമാണ്.

രണ്ടു പതിറ്റാണ്ട് മുൻപ് പിഎസ്എൽവിയുടെ വിക്ഷേപണം പാളിയപ്പോൾ ഒന്നാം പേജിൽ ആറു കോളം തലക്കെട്ട് നിരത്തി നമ്പിയുടെ രക്തം കുടിച്ചവർ റോക്കറ്റ് വിക്ഷേപണം പാളിയത്തിൽ അദ്ദേഹവും സഹപ്രവർത്തകരും ആനന്ദ നൃത്തം ചവിട്ടിയെന്ന പെരുംനുണയും എഴുതി പിടിപ്പിച്ചു. പക്ഷെ വിവാദങ്ങളിൽ തൽക്കാലം പകച്ചെങ്കിലും ഐഎസ്ആർഓ പരീക്ഷണങ്ങൾ മുന്നോട്ടു പോയി, ഒടുവിൽ നമ്പിയെന്ന മഹാശാസ്ത്രജ്ഞൻ ജീവിച്ചിരിക്കെ തന്നെ അദേഹഹത്തെ കുറ്റവിമുക്തനാക്കാനും ആ ചരിത്ര വിധി പുറത്തു വന്നു മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പിഎസ്എൽവി വിക്ഷേപണത്തിന് അദ്ദേഹത്തിന് സാക്ഷിയാകാനും കാലം അവസരമൊരുക്കുകയാണ്.

ഇന്ന് രാത്രി നമ്പി നാരായണൻ ടെലിവിഷൻ സ്‌ക്രീനിൽ പിഎസ്എൽവിയുടെ മറ്റൊരു കുതിപ്പ് കാണുമ്പോൾ ഒരുപക്ഷെ മുത്തശ്ശി പത്രത്തിന്റെ 1994 ഡിസംബർ ആറിലെ വെണ്ടയ്ക്ക തലക്കെട്ടും ഓർത്തേക്കും. കാരണം, ആ തലക്കെട്ടുകൾ ഇന്നും അദ്ദേഹത്തിന്റെ നെഞ്ചിലെ തീയാണ്. പക്ഷെ പകയില്ലാതെ നിയമത്തിനും നീതിക്കും വേണ്ടി പോരാടി, ഒടുവിൽ വിജയിയായി. അനേകം അഭിമുഖങ്ങളിലും ആത്മകഥയിലും തന്റെ നിരപരാധിത്വം ആണയിട്ടു പറഞ്ഞു. പക്ഷെ മാധ്യമ നുണകളുടെ വീര്യം അതിലുമൊക്കെ ഏറെയായിരുന്നു. ഏറ്റവും ഒടുവിൽ കുറ്റവിമുക്തൻ ആക്കപ്പെട്ടപ്പോൾ അതെ നുണാനാവുകൾ തന്നെ വാഴ്‌ത്താൻ എത്തിയെങ്കിലും ഇന്നത്തെ പിഎസ്എൽവി വിക്ഷേപണത്തോടെ അവർക്കൊക്കെ ആൾമാർത്ഥമായി ''സോറി സാർ'' എന്ന രണ്ടു വാക്കിൽ ഒരു തലക്കെട്ടെഴുതാൻ മനസ്സിൽ നന്മ അവശേഷിക്കുന്നുണ്ടോ എന്നായിരിക്കും കാലം വീണ്ടും അന്വേഷിക്കുന്നത്. പക്ഷെ കൂടുതൽ വായനക്കാർക്കായി ഇക്കിളി വാർത്തകൾക്കു പിന്നാലെ പോയവർക്ക് കാലം ഏറെക്കഴിഞ്ഞും മനഃസാക്ഷിക്കുത്തു എന്നൊന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായിരിക്കും തെറ്റ്.

കൃത്യമായി പറഞ്ഞാൽ 1994 ലാണ് നമ്പി നാരായണനും മറ്റൊരു ഐഎസ് ഉദ്യോഗസ്ഥനും ചേർന്ന് ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ റഷ്യക്കും പാക്കിസ്ഥാനുമായി മറിച്ചു വിറ്റു എന്ന കലാപമുയരുന്നത്. ഇന്ത്യക്കു ഒരു കാരണവശാലും ക്രയോജനിക് എൻജിൻ കിട്ടരുതെന്നു അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് ആഗ്രഹിച്ച കാലം കൂടിയാണത്. രാജീവ് ഗാന്ധിയുടെ മരണശേഷം രാജ്യം പുതിയ നേതൃത്വത്തിൽ പതുക്കെ നടുനിവർത്തുന്ന കാലം ആണെന്നതും വിദേശ ശക്തകൾക്കു കരുത്തായി. അതിനാൽ ഐഎസ്ആർഓ യുടെ റോക്കറ്റ് സാങ്കേതിക വിദ്യ ഒരു കാരണവശാലും വിജയത്തിൽ എത്തരുത് എന്ന് സൗഹൃദ രാജ്യങ്ങളും വൻ ശകക്തി രാജ്യങ്ങളും ഒന്നുപോലെ ആഗ്രഹിച്ച കാലം. യഥാർത്ഥത്തിൽ ഒന്നേ എന്നാണ് ഐഎസ്ആർഓ തുടങ്ങിയത്. തുടക്കം മുതൽ രാജ്യം ഒരിക്കൽ വിജയിക്കും എന്ന ഇച്ഛാശക്തി മാത്രമായിരുന്നു ഇന്ത്യൻ ബഹിരാകാശ സ്വപ്‌നങ്ങൾ നയിച്ച യു ആർ റാവു, കസ്തൂരി രംഗൻ തുടങ്ങിയ ശാശ്ത്രജ്ഞരുടെ സ്വപ്നം. ഇതിനിടയിൽ മിസൈൽ കലാമും നമ്പി നാരായണനും ഉൾപ്പെടെയുള്ള നൂറു കണക്കിന് മിടുക്കർ കൂടി രാപകൽ അധ്വാനിച്ചപ്പോൾ ഇന്ത്യക്കു സ്വന്തമായി മിസൈൽ, ഉപഗ്രഹ സാങ്കേതിക വിദ്യകളായി. ഈ കരുത്തു തകർക്കാൻ കൂടിയാണ് ചാരക്കേസ് രൂപം കൊള്ളുന്നത്. അതിൽ രാഷ്ട്രീയം നിറഞ്ഞതു മറ്റൊരു ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ പൊലീസ് ഇൻസ്‌പെക്ട്ർ ആയിരുന്ന എസ വിജയന്റെ കാമക്കണ്ണുകൾ മറിയം റഷീദ എന്ന വിദേശ വനിതയിൽ പതിയുകയും അവൾ അയാളെ നിർദാക്ഷിണ്യം ആട്ടിയിറക്കിയതും ഈ കേസിന്റെ പിറവിയിൽ ഉള്ള അടിസ്ഥാന കാരണമാണ്. എല്ലാ ഘടകങ്ങളും ഒത്തുചേർന്നപ്പോൾ നിലതെറ്റിയതു നമ്പി നാരയന്നതും പിന്നീടും കരുണാകരനും.

സത്യത്തിൽ, ദേശാഭിമാനിയും തനിനിറവും മനോരമയും ഒക്കെ തഞ്ചത്തിൽ കഥ മെനഞ്ഞാണ് ചാരക്കേസിന് രാഷ്ട്രീയ നിറം നൽകിയത്. അതിരസകരമായ നീണ്ടകഥകൾ പത്രങ്ങളുടെ എഡിറ്റോറിയൽ ടീമിൽ നിന്നും രൂപം കൊണ്ട്. പ്രഗത്ഭരായ പത്രപ്രവർത്തകരുടെ വിശ്വാസ്യത തകർത്താണ് ബൈ ലൈനിൽ കഥകൾ അച്ചടിച്ച് പറന്നത്. പിന്നീട് ഈ വാർത്ത ശകലങ്ങൾ ജേണലിസം വിദ്യാർത്ഥികൾക്കുള്ള പാഠഭാഗങ്ങളായി. തങ്ങൾ അറിയാത്ത കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പത്രത്താളുകളിൽ പിറന്നു വീണത് മറിയം റഷീദയോ ഫൗസിയ ഹസ്സനോ നമ്പി നാരായണനോ ഒന്നും അറിഞ്ഞിരുന്നില്ല. അവർക്കാകട്ടെ ഹോളിവുഡ് ഡിക്ടറ്റീവ് കഥകളിലെ പ്രതിനായകരുടെ റോളും മാധ്യമങ്ങൾ നൽകി. ഇന്ന് അതെ മാധ്യമങ്ങൾ നമ്പി നാരായണന് വേണ്ടി വീര കഥകൾ അച്ചടിക്കുന്നതും കാലത്തിന്റെ കുസൃതിയാണ്.

ഇന്ത്യയുടെ റോക്കറ്റ് സയൻസ് ആകാശം മുട്ടെ വളർന്നേക്കാൻ സാധ്യതയുണ്ട് എന്ന വിദേശ ശക്തികളുടെ ഭയവും ചാരക്കേസിലേക്കു കാരണമായി. ആദ്യ ഇന്ത്യൻ റോക്കറ്റായ വികാസ് എൻജിനും തുടർന്ന് പിഎസ്എൽവി, ജിഎസ്എൽവി സാങ്കേതിക വിദ്യയും ഇന്ത്യ നേടും എന്ന ഭയമാണ് ഈ കേസിൽ നിഴലിട്ടത്. പിഎസ്എൽവി പ്രോജക്ടിന്റെ ലാബ് ഡയറക്ടർ ആയിരുന്ന നമ്പി നാരായണൻ കേസിൽ കുടുങ്ങിയാൽ പ്രോജക്റ്റ് തളരുമെന്നു ഗൂഢ ശക്തികൾ വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ക്രയോജനിക് പ്രോജക്റ്റ് വികാസം പ്രാപിച്ചപ്പോൾ തളർന്നത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ദുർബലനാക്കാൻ ആന്റണിയും ഉമ്മൻ ചാണ്ടിയും പണിപ്പെട്ടപ്പോൾ 94 ഡിസംബറിൽ അറസ്റ്റിലായ നമ്പി നാരായണന് പിന്നാലെ 95 മാർച്ചിൽ കരുണാകരന് രാജി വയ്‌ക്കേണ്ടി വന്നു. സിബിഐ അന്വേഷണം പോലും ഈ കേസിൽ വസ്തുത ഇല്ലെന്നു കണ്ടെത്തിയ ശേഷമാണു ഇതൊക്കെ സംഭവിച്ചത് എന്നതും ഇപ്പോൾ കൗതുകകരമാണ്.

തൊട്ടടുത്ത വർഷം സിബിഐ കേസ് അവസാനിപ്പിക്കാൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. കോടതി അതംഗീകരിച്ചു. ജയിലിൽ കിടന്നവരെ പുറത്തു വിട്ടു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സിപിഎം സർക്കാർ വീണ്ടും ചാരക്കേസിന്റെ തീ കത്തിക്കാൻ ശ്രമിച്ചു. കരുണാകരനും ഐഎസ്ആർഒയും നമ്പി നാരായണനും എല്ലാം വീണ്ടും പൊള്ളി. എന്നാൽ സുപ്രീം കോടതി ഇടപെട്ടു ആ നീക്കം അപ്പോൾ തന്നെ അവസാനിപ്പിച്ച്. തുടർന്നും കേരള സർക്കാർ നമ്പി നാരായണനെ പീഡിപ്പിച്ച പൊലീസുകാരെ സംരക്ഷിച്ചിരുന്നു. ആ സംരക്ഷണം ഇപ്പോഴും തുടരുന്നു. അന്നത്തെ കരുണാകരന്റെ വലംകൈ ആയിരുന്ന രമൺ ശ്രീവാസ്തവയാണ് ഇന്നത്തെ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേശകനായി നിയമിക്കപ്പെട്ടതു എന്നാണ് അതീവ കൗതുകം. ഇതിലൂടെ നമ്പി നാരായണൻ പീഡിപ്പിക്കപ്പെട്ട കാലത്തു ഉന്നത പദവിയിൽ ഇരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്നത്തെ സർക്കാരിന്റെ വലംകൈ ആയി മാറിയ സാഹചര്യത്തിൽ നമ്പിനാരായണനോട് മാപ്പു പറയാൻ ഉള്ള ബാധ്യത സിപിഎമ്മിന്റെ പേരിലും രണ്ടു വട്ടം വന്നു ചേരുകയാണ്. ഒന്ന് 1998 ലെ കേസിന്റെ പേരിലും രണ്ടാമത് രമൺ ശ്രീവസ്തയുടെ പേരിലും.

ഈ പൂർവ്വകാലം ചരിത്രം മുന്നിൽ നിൽക്കെയാണ് രണ്ടു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ഇന്ന് നാൽപ്പതിനാലാമതു കുതിപ്പിന് തയ്യറെടുക്കുന്നത്. ഈ റോക്കറ്റ് ഓരോ തവണയും ആകാശത്തുമ്പിലേക്കു കുതിക്കുമ്പോൾ നമ്പി നാരായണനും ശശികുമാറും അടക്കമുള്ള ശാസ്ത്രജ്ഞർ പൊലീസ് ബൂട്ടിൽ അമർന്ന കഥകൂടിയാണ് ചുരുങ്ങിയ പക്ഷം മലയാളികൾ എങ്കിലും ഓർക്കേണ്ടതും, ആ മഹത്തുക്കളോടു വീണ്ടും വീണ്ടും മാപ്പിരക്കേണ്ടതും. നെറികേടും കൊള്ളരുതായ്മയും കൂടിക്കലർന്ന കേരള രാഷ്ട്രീയത്തിൽ എന്നും ദുർഗന്ധമായി ചലം വമിപ്പിക്കാൻ ചാരക്കേസിന്റെ ഓർമ്മകൾ കൂട്ടിനുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP