Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരൊറ്റ ഫോട്ടോ മതി ജീവിതം മാറാൻ..! പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി കാംപയിന്റെ ഭാഗമായ നേതാവ് നാസർ ഫൈസി കൂടത്തായിക്ക് സസ്‌പെൻഷൻ; സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും കൂടത്തായിയെ സസ്‌പെൻഡ് ചെയ്തത് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടി; ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്ന വാദവും തള്ളി നടപടി; സസ്‌പെൻഷൻ എത്തിയത് ജിഫ്രി തങ്ങൾ താക്കീത് ചെയ്തതിന് പിന്നാലെ

ഒരൊറ്റ ഫോട്ടോ മതി ജീവിതം മാറാൻ..! പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി കാംപയിന്റെ ഭാഗമായ നേതാവ് നാസർ ഫൈസി കൂടത്തായിക്ക് സസ്‌പെൻഷൻ; സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും കൂടത്തായിയെ സസ്‌പെൻഡ് ചെയ്തത് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടി; ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്ന വാദവും തള്ളി നടപടി; സസ്‌പെൻഷൻ എത്തിയത് ജിഫ്രി തങ്ങൾ താക്കീത് ചെയ്തതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി പുറത്തിറക്കിയ ലഘുലേഖകൾ സ്വീകരിച്ച നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും നാസർ കൂടത്തായിയെ സസ്‌പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടത്. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഫൈസിക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്.

നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി ഫേസ്‌ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു. പൗരത്വ ബിൽ അനുകൂല കാംപയ്നിൽ പങ്കെടുത്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയെ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കടുത്ത ഭാഷയിൽ ശാസിച്ചു. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടൽ. സമസ്തയുടെ പൗരത്വ ബിൽ വിരുദ്ധ തുടർപ്രക്ഷോഭങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായി കൂടത്തായിയെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായിരുന്നു. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സംഘടനയിൽ ശക്തമായിരുന്നു.

സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസർ ഫൈസി. വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെയും നാസർ ഫൈസിക്കെതിരെ സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. നാസർ ഫൈസിക്കെതിരെ പരസ്യ വിമർശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അടുപ്പിക്കാൻ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു.

പിന്നാലെ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും രംഗത്തെത്തി. ഫാഷിസത്തിനെ തിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് നാമെല്ലാവരും എന്ന് ഓർമിപ്പിച്ച സത്താർ പന്തല്ലൂർ, ഇക്കാര്യത്തിൽ ആതിഥ്യമര്യാദക്ക് പ്രസക്തിയില്ലെന്ന് പറയുന്നു. പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅദനിയും നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ' ഫോട്ടോ ഭ്രമം മൂത്ത പ്രിയ മൗലവിമാരെ, ഡൽഹിയിലെ മുസ്‌ലിം സമുദായത്തിലുള്ളവരല്ലാത്ത ആ പെൺകുട്ടികളുടെ ആർജവം എങ്കിലും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചു പോകുന്നു ' എന്നാണ് മഅദനി ഫേസ്‌ബുക്കിൽ കുറിച്ചത്.

സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ മാപ്പു പറഞ്ഞു കൊണ്ടും നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹ മാപ്പു പറഞ്ഞത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ജനുവരി 5ന് എന്റെ വീട്ടിൽ നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരും പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നിരുന്നു. ബില്ലുമായി ബന്ധപ്പെട്ട എന്റെ നിലപാട് കൃത്യമായി ഞാൻ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. ബില്ലിനോടും എൻആർസിയോടുമുള്ള തന്റെ

പ്രതിഷേധം അറിയിക്കുകയും ചെയ്തു. ശേഷം പോവാൻ എഴുന്നേറ്റപ്പോൾ എന്റെ കൈയിൽ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനത് നിരസിക്കേണ്ടതായിരുന്നു. എന്നാൽ, തനിക്കതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവർത്തകരോടും ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു. ഇത് മൂലം എന്റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കൾക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പൗരത്വഭേദഗഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടി അകറ്റാനുള്ള ധർമ്മ പോരാട്ടത്തിൽ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീർച്ച. എന്നെ ഞാനാക്കിയ പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും മതേതര വിശ്വാസികളോടും മാപ്പ്, ഭൂമിയോളം താഴ്ന്ന് മാപ്പ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP