Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദൈവം നാസ്തികനോ? അതെന്താ അങ്ങനെ; ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറിയ 'നാസ്തികനായ ദൈവം' പുസ്തകത്തിന് പത്തു വയസ്സ്; അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന അവസ്ഥയിൽനിന്ന് കേരളത്തിന്റെ യുക്തിവാദ ചരിത്രത്തെ മാറ്റിമറിച്ച പുസ്തകത്തിന്റെ ദശവാർഷികം ആഘോഷമാക്കാൻ സ്വതന്ത്ര ചിന്തകർ; സി രവിചന്ദ്രന്റെ പ്രഭാഷണം ഈ മാസം 28ന് കരുനാഗപ്പള്ളിയിൽ

ദൈവം നാസ്തികനോ? അതെന്താ അങ്ങനെ; ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറിയ 'നാസ്തികനായ ദൈവം' പുസ്തകത്തിന് പത്തു വയസ്സ്; അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന അവസ്ഥയിൽനിന്ന് കേരളത്തിന്റെ യുക്തിവാദ ചരിത്രത്തെ മാറ്റിമറിച്ച പുസ്തകത്തിന്റെ ദശവാർഷികം ആഘോഷമാക്കാൻ സ്വതന്ത്ര ചിന്തകർ;  സി രവിചന്ദ്രന്റെ പ്രഭാഷണം ഈ മാസം 28ന് കരുനാഗപ്പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിന്റെ ബൗദ്ധിക മേഖലയെ പ്രകമ്പനം കൊള്ളിച്ച സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന് ഇത് പത്താം വാർഷികം. 2009ൽ പ്രസിദ്ധീകരിച്ച് ബെസ്റ്റ് സെല്ലറായി മാറ്റിയ ഈ പുസ്തകം കേരളത്തിന്റെ യുക്തി -സ്വതന്ത്ര ചിന്താ മേഖലയെ അടിമുടി സ്വാധീനിക്കുകയും നവ നാസ്തികത എന്ന ആശയത്തെ കേരളത്തിലും സജീവമാക്കുകയും ചെയ്തു. പ്രശസ്ത യുക്തിവാദിയും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷൻ എന്ന, വിൽപ്പനയിൽ റെക്കോർഡിട്ട പുസതകത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു നാസ്തികനായ ദൈവം. പുസ്തകത്തിന്റെ പത്താം വാർഷികത്തോടുനുബന്ധിച്ച് ഈമാസം 28ന് എസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കെഎസ്ആർടിസ് ബസ്റ്റാന്റിന് എതിർവശത്തുള്ള വിജയ ഹാളിൽ , ഉച്ചയ്ക്ക് 2:00 ന് പരിപാടി ആരംഭിക്കും.

നവ നാസ്തികത കേരളത്തിൽ എത്തിച്ച പുസ്തകം

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയാണ്. മതങ്ങളെയും മറ്റും അവയുടെ ആഭ്യന്തര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു. അഭൂതപുർവമായ സ്വീകരണമായിരുന്നു പുസ്തകത്തിന് കേരളത്തിലെ പൊതുസമൂഹത്തിൽനിന്ന് കിട്ടിയത്.

പുസ്തകത്തെ അനുബന്ധിച്ച് സി രവിചന്ദ്രൻ രണ്ടുവർഷത്തിനുശേഷം കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രഭാഷകൻ എന്ന നിലയിൽ പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കണ്ടേി വന്നിട്ടില്ല. അന്നു തുടങ്ങിയ പ്രഭാഷണം ജീവിതം കഴിഞ്ഞ എട്ടുവർഷത്തോളമായി അദ്ദേഹം തുടരുകയാണ്. ഇപ്പോൾ ആയിരത്തോളം വേദികൾ പിന്നിട്ടു കഴിഞ്ഞു. ഇന്ന് ഫേസ്‌ബുക്കിലെയും യ്യൂട്യൂബിലെയും നിറ സാന്നിധ്യമാണ് സി രവിചന്ദ്രൻ. പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം, ബുദ്ധനെ എറിഞ്ഞ കല്ല് തുടങ്ങിയ പതിനഞ്ചോളം ബെസ്ററ് സെല്ലർ പുസ്തകളങ്ങളുടെ രചയിതാവുമാണ് സി രവിചന്ദ്രൻ.

'നാസ്തികനായ ദൈവം' പുസ്തകത്തിനു മുമ്പും ശേഷവുമെന്ന രീതിയിൽ വേർതിരിഞ്ഞിരിക്കയാണ് കേരളത്തിലെ യുക്തി- സ്വതന്ത്ര ചിന്താ പ്രസ്ഥാഥനങ്ങളുടെ ചരിത്രം എന്നതാണ് യാഥാർഥ്യം. അതുവരെ പ്രധാനമായും ദൈവ വിമർശത്തിൽ ഒതുങ്ങിനിന്ന കേരളത്തിലെ യുക്തിവാദികൾ, ശാസ്ത്ര വിരുദ്ധമായ എന്തിനെയും ചോദ്യം ചെയ്യുന്ന നിലപാടിലേക്ക് എത്തി. ഹോമിയോപതി, പ്രകൃതി ചികിൽസ, യോഗ, ആയുർവേദം, ജൈവകൃഷി, കെമിക്കൽ ഭീതി തുടങ്ങിയവെയൊക്കെ പൊളിച്ചടുക്കിക്കൊണ്ടുള്ള സി രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ വളരെ പെട്ടെന്നാണ് പുതിയ തലമുറയെ ആകർഷിച്ചത്. എന്നാൽ മത വിമർശനം എന്ന അടിസ്ഥാന നാസ്തിക ധാരയിലും അദ്ദേഹം ശക്തമായി ഇടപെട്ടു. ഗീതാ- ഖുർആൻ-ബൈബിൾ തുടങ്ങിയ മത ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ നിശിത വിമർശനത്തിന് ഇരയായി. മതം അവകാശപ്പെടുന്ന മിറാക്കിളുകളെ പൊളിച്ചടുക്കുന്ന 'മിറാക്കുള' എന്ന പ്രഭാഷണ പരമ്പരക്കും, ക്രിസ്റ്റിയാനിറ്റിയെ വിമർശിക്കുന്ന സുവിശേഷ വിശേഷം പരമ്പരക്കും യഥാക്രമം മുസ്ലിം - ക്രിസത്യൻ മതമൗലിക വാദ ഗ്രൂപ്പുകളിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. നവാസ് ജാനെ, സന്ദീപാനന്ദഗിരി, ചിദാനന്ദപുരി, ജേക്കബ് വടക്കുംചേരി, കെ വേണു എന്നിവരുമായ സി രവിചന്ദ്രൻ നടത്തിയ സംവാദവും യുട്യൂബിൽ ലക്ഷങ്ങളെയാണ് ആകർഷിച്ചത്.

ഇതേതുടർന്ന് ശാസ്ത്ര- യുക്തി ചിന്താ പ്രചാരണത്തിനായി രൂപം കൊടുത്ത എസ്സൻസ് ഗ്ലോബൽ എന്ന സംഘടനയും വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റി. സ്വതന്ത്ര ചിന്തകരുടെ ഒരു ഒഴുക്കാണ് കേരളത്തിന്റെ പ്രഭാഷണ രംഗത്ത് പിന്നീട് ഉണ്ടായത്. ഡോ അഗസ്റ്റസ് മോറസ്, വൈശാഖൻ തമ്പി, മനൂജാ മൈത്രി, കൃഷ്ണ പ്രസാദ്, പി എം അയൂബ്, നാസർ മാവൂരാൻ തുടങ്ങിയ നിരവധി പേരാണ് ഈ മേഖലയിൽ പ്രഭാഷകരായി എത്തിയത്. ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പരിപാടികൾ നടത്തുന്ന സംഘടനയായി ഇതുമാറി. എസ്സൻസ് ഗ്ലോബലിന് ഇന്ന് യുഎസ് യുകെ സ്വിറ്റ്സർലൻഡ് ഓസ്ട്രേലിയ യുഎഇ തുടങ്ങിയ രാജ്യങ്ങളിലൊക്കെ യൂണിറ്റുകൾ ഉണ്ട്. അവിടെയൊക്കെ മാസത്തിൽ ഒന്നെന്ന രീതിയിലെങ്കിലും പരിപാടികൾ നടക്കുന്നുമുണ്ട്. ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നിവടങ്ങളിലും എസ്സൻസിന് യൂണിറ്റുകൾ ഉണ്ട്. സി. രവിചന്ദ്രനും, ഡോ.വൈശാഖൻ തമ്പിയും പ്രഭാഷണ പരമ്പരയുമായി ഇപ്പോൾ യൂറോപ്പിൽ എത്തുകയാണ്. മെയ് നാലിന് അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലും, മെയ് ആറിന് ലണ്ടനിലും, മെയ് 11ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലും ഇവർ പ്രഭാഷണം നടത്തും.

കഴിഞ്ഞവർഷം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന എസ്സൻസിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസിൽ ഉണ്ടായത് വൻ ജനപങ്കളിത്തമായിരുന്നു. അടച്ചിട്ടമുറയിൽ അഞ്ചാറുപേർ എന്ന് യുക്തിവാദികളെ പരിഹസിക്കുന്ന മതവാദികൾപോലും ഞെട്ടിയതായിരുന്നു 3500ലധികം പേർ പങ്കെടുത്ത നിശാഗന്ധി നിറഞ്ഞു കവിഞ്ഞ പരിപാടി. ഇതിനായി കേരളമെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിരുന്നു. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റിയത്. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തിൽ ആദ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയത്.

ദൈവം നാസ്തികനോ? അതെന്താ അങ്ങനെ?

ദൈവത്തിന്റെ അസ്തിത്വത്തെകുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാൻ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തിൽ വിശകലനം നടത്തിയ പഠനമാണിത്.പ്രസിദ്ധീകരണത്തിന്റെ ആദ്യവർഷമായ 2006ൽ തന്നെ പതിനഞ്ച് ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് റിച്ചാഡ് ഡോക്കിൻസ് രചിച്ച ദി ഗോഡ് ഡിലൂഷൻ. ഒരു വായനക്കാരനെന്ന നിലയിൽ ഡോക്കിൻസിന്റെ രചനകളിലൂടെ സി രവിചന്ദ്രൻ വിമർശനബുദ്ധ്യാ കടന്നുപോകുകയാണ് നാസ്തികനായ ദൈവത്തിലൂടെ. ഒപ്പം മറ്റു ചില എഴുത്തുകാരുടെ ദർശനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. യോജിപ്പുള്ള കാര്യങ്ങളിൽ പക്ഷം പിടിക്കുകയും അനുബന്ധ ഉദാഹരണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി അവയെ അത്യന്തം വായനാക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകത്തിന് ഇങ്ങനെ തലക്കെട്ടിട്ടതിന് സി രവിചന്ദ്രൻ തന്റെ ബ്ലോഗിലൂടെ നൽകിയ മറുപടി ഇങ്ങനെയാണ്. 'ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ? ശുദ്ധമായ ലോജിക് പിന്തുടർന്നാൽ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാൾ പറഞ്ഞാൽ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്റെ(conclusion) അടിസ്ഥാനഅനുമാനങ്ങൾ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട് ('There is God'). (ബി) അത് നിലനിൽക്കുന്നില്ല ('It doesn't exist'). പക്ഷെ ഈ ഉപാധികൾ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്. ഇതുപോലെ തന്നെ 'ദൈവം ഉണ്ട്' എന്നൊരാൾ പറയുന്നതിലും ലോജിക്കിന്റെ തലത്തിൽ ആവർത്തനദോഷമുണ്ട്. 'ദൈവമുണ്ട്' എന്ന നിഗമനത്തിന്റെ അടിസ്ഥാന ഉപാധികൾ (എ) ദൈവം ഉണ്ട്, (ബി) അത് നിലനിൽക്കുന്നു എന്നിവയാണല്ലോ. 'ഉണ്ട്' എന്നുപറഞ്ഞിട്ട് നിലനിൽക്കുന്നു എന്നുപറഞ്ഞാൽ 'നിലനിൽക്കാതെയും ഉണ്ടെന്ന് പറയാം' എന്ന സൂചന കടന്നുവരുന്നു. ആ നിലയ്ക്ക്, ദൈവം ഉണ്ടെന്ന് പറയാൻ അത് നിലനിൽക്കേണ്ട ആവശ്യമില്ല എന്നുപറയാം. അങ്ങനെവരുമ്പോൾ വിശ്വാസി ദൈവം നിലനിൽക്കുന്നില്ലെന്ന് വാദിക്കുകയാണെന്നും സോക്രട്ടീഷ്യൻ ഡയലോഗിലൂടെ സാങ്കേതികമായി തെളിയിക്കാം. അതുപോലെ തന്നെ അവിശ്വാസി ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതായും നിരീക്ഷിക്കാം.

പക്ഷെ വ്യാവഹാരികഭാഷയിൽ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പൻ മരിച്ചു' എന്നുപറയാൻ തങ്കപ്പൻ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാൻ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്. അതേത് ദൈവം? എങ്ങനെ ആ ദൈവം നാസ്തികനായി?- എന്നീ ചോദ്യങ്ങളാണ് പിന്നീട് പ്രസക്തമാകുന്നത്. മതവിശ്വാസി 'ദൈവം'എന്നൊരു സങ്കൽപ്പ കഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിർവചിക്കുകയും സവിശേഷതകൾ വർണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്‌ക്കത്തിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര (false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കൽപ്പത്തെ അഭിസംബോധന ചെയ്യാൻ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാൽ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാൽ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാർത്ഥ്യമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാൻ അങ്ങനെയൊരു ജീവി യഥാർത്ഥത്തിൽ ഉണ്ടാകേണ്ട കാര്യമില്ലല്ലോ.

മതവിശ്വസികളുടെ മനോജന്യസങ്കൽപ്പമായ'ദൈവം'എന്ന കഥാപാത്രത്തെ, അതിന്റെ നിർവചനത്തെ, യുക്തിസഹമായ വിശകലനത്തിന് വിധേയമാക്കിയാൽ ആ കഥാപാത്രം 100% നിരീശ്വരനാണെന്ന് വ്യക്തമാകും. ഇതാണ് 'നാസ്തികനായ ദൈവം'എന്ന തലക്കെട്ടിന്റെ പ്രചോദനം. മറ്റൊരു മതജന്യ മനോസങ്കൽപ്പമായ പ്രേതത്തിന്റെ (Ghost) കാര്യം അങ്ങനെയല്ല. ദൈവം എന്ന മതജന്യകഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീതശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാർത്ഥനയോ തീർത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്തമനുഷ്യരും സമാനരും പൊതുപൂർവികനിൽ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയിൽ ഒരു നാസ്തികൻ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദർശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല. ദൈവം സ്വയം വിശ്വസിക്കുന്നില്ലേ എന്ന മറുചോദ്യമുണ്ടാവാം. സ്വയം വിശ്വസിക്കുക (self belief) എന്നത് ഏതൊരു നാസ്തികന്റെയും അടിസ്ഥാനയോഗ്യതയാണല്ലോ. മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനിൽപ്പുള്ളു. പ്രാർത്ഥിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന ദൈവം 'ദൈവവിരുദ്ധ'വും മതവിരുദ്ധവുമാണ്. ഒരു പുസ്തകത്തിന്റെ അടയാളമെന്ന നിലയിൽ കൗതുകം ഉണർത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്.'- ഇങ്ങനെയാണ് സി രവിചന്ദ്രന്റെ പുസ്തകത്തിന്റെ അങ്ങേയറ്റം ചർച്ചയായ തലക്കെട്ടിനെ വിശദീകരിക്കുന്നത്.

പത്താം വാർഷികത്തോട് അനുബന്ധിച്ച് പ്രഭാഷണം കരുനാഗപ്പള്ളിയിൽ

പത്താം വാർഷികത്തോടനുബന്ധിച്ച് എസ്സൻസ് ഗ്ലോബൽ കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സി രവിചന്ദ്രന്റെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. നാസ്തികനായ ദൈവം - 2019 എന്നാണ് തലക്കെട്ട്. കൂടാതെ പോപ്സൺ ആന്റണി (പ്രഭാഷണം: Myth of Persecution) എന്ന യുവ സ്വതന്ത്ര ചിന്തകനേയും എസ്സെൻസ് കൊല്ലം പരിചയപ്പെടുത്തുന്നു.2019 ഏപ്രിൽ 28, ഞായറാഴ്ച, കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാന്റിനു എതിർവശത്തുള്ള വിജയ ഹാളിൽ ,ഉച്ചയ്ക്ക് 2:00 ന് പരിപാടി ആരംഭിക്കും.

പരിപാടിയുടെ രജിസ്ട്രേഷൻ താഴെ പറയുന്ന ലിങ്കുകളിൽ നടത്താം

Online Registration Link: .ly/essensekollam Donations Link: imojo.in/esglklm Alternate Donations Link: https://essenseglobal.com/product/donate-klm-program

കൂടുതൽ വിവരങ്ങൾക്ക് 9645671914, 9895854026, 8943953907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP