Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12 സംസ്ഥാനങ്ങളിൽ ഇന്നലെ കണ്ണീരിൽ പൊതിഞ്ഞു ദേശീയത കത്തി ജ്വലിച്ചു; സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ എല്ലായിടത്തും സംസ്‌ക്കാരം; എല്ലാ വീടുകളിലും ആശ്വസിപ്പിക്കാൻ സംസ്ഥാന-കേന്ദ്ര മന്ത്രിമാർ എത്തി; പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീർതുള്ളിക്കും മറുപടി നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി ആ രക്തസാക്ഷിത്വം വെറുതേയാകില്ലെന്ന പ്രതീക്ഷയോടെ രാജ്യം

12 സംസ്ഥാനങ്ങളിൽ ഇന്നലെ കണ്ണീരിൽ പൊതിഞ്ഞു ദേശീയത കത്തി ജ്വലിച്ചു; സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ എല്ലായിടത്തും സംസ്‌ക്കാരം; എല്ലാ വീടുകളിലും ആശ്വസിപ്പിക്കാൻ സംസ്ഥാന-കേന്ദ്ര മന്ത്രിമാർ എത്തി; പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീർതുള്ളിക്കും മറുപടി നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി ആ രക്തസാക്ഷിത്വം വെറുതേയാകില്ലെന്ന പ്രതീക്ഷയോടെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ വൈകുന്നേരത്തോടെ വയനാട്ടിലെ കൽപ്പെറ്റയിൽ ധീരജവാൻ വിവി വസന്ത്കുമാറിന്റെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുമ്പോൾ അങ്ങ് ബിഹാറിലും ഉത്തർപ്രദേശിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളും തേങ്ങുകയായിരുന്നു. വസന്ത് കുമാറിന് പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകുകയായാരുന്നു രാഷ്ട്രം. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജന്മാനാടുകളിലെത്തിക്കുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.

ഭീകരതയുടെ ഇരകളായി ജീവിക്കേണ്ടി വന്ന ഇന്ത്യാരാജ്യം ജവാന്മാരുടെ ജീവത്യാഗത്തിന് മറുപടി ചോദിക്കുമെന്ന് ഉറക്കെപ്പറയുകയായിരുന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി സംസ്‌ക്കാര ചടങ്ങുകൾ നടക്കുമ്പോൾ അവർക്ക് വേണ്ടി ധീരതയോടെ നെഞ്ചുറപ്പോട് സല്യൂട്ട് നൽകിയവർ നിരവധിയായിരുന്നു. ഉത്തരാഖണ്ഡിലെ മോഹൻ ലാൽ എന്ന സൈനികന്റെ മൃതദേഹത്തിന് മുന്നിൽ നിന്ന് അദ്ദേഹത്തിന്റെ മകൾ തലയുയർത്തിപ്പിടിച്ചു നൽകിയ സല്യൂട്ടിലുണ്ട് രാജ്യത്തിന്റെ ധൈര്യം മുഴുവനും.

12 സംസ്ഥാനങ്ങളിലായി, പൂർണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളൊന്നുമില്ലാതെ ഒത്തുചേർന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആർപിഎഫ് ജവാന്മാരെയും ഇന്നലെ രാജ്യം യാത്രയാക്കിയത്. യുപിയിലെ കനൗജിൽ പ്രദീപ് സിങ് യാദവിന്റെ മകൾ 10 വയസ്സുകാരി സുപ്രിയ തലകറങ്ങി വീണപ്പോൾ താങ്ങാൻ ഒരുനൂറു കൈകളുണ്ടായിരുന്നു. അവളുടെ അനുജത്തി രണ്ടരവയസ്സുകാരിക്ക് കാര്യങ്ങളൊന്നും പിടികിട്ടിയിട്ടില്ല. അച്ഛൻ പോയെന്ന് അവൾ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.

ആഗ്രയിലെ കർഹായി ഗ്രാമത്തിൽ കൗശൽ കുമാർ റാവത്തിന്റെ മകൾ അപൂർവ പറഞ്ഞു, 'അച്ഛന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നാണ് എന്റെ പ്രതീക്ഷ.' ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള രത്തൻ കുമാർ ഠാക്കൂറിന്റെ അച്ഛൻ നിരഞ്ജൻ ഠാക്കൂർ പറഞ്ഞത്, തന്റെ രണ്ടാമത്തെ മകനെയും സൈന്യത്തിലേക്കു തന്ന അയയ്ക്കുമെന്നാണ്. 'അനുജനെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കണമെന്നായിരുന്നു അവന്റെ സ്വപ്നം. രണ്ടാമത്തവനെയും ഞാൻ സൈന്യത്തിലേക്കു തന്നെ അയയ്ക്കും. രത്തന്റെ മരണം വെറുതെയാകരുത്' വാക്കുകൾ ഇടറാതെ ആ അച്ഛൻ പറയുന്നു.

രത്തനും ഭാര്യ രാജ്‌നന്ദിനിയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ശ്രീനഗറിലെത്തിയിട്ട് ഫോൺ ചെയ്യാം എന്നു വ്യാഴാഴ്ച രാവിലെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. ആ വിളിയുണ്ടായില്ല. കാൺപുർ സ്വദേശിയായ പ്രദീപ് കുമാർ സ്‌ഫോടനമുണ്ടാകുമ്പോൾ ഭാര്യ നീരജയോടു ഫോണിൽ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് സ്‌ഫോടനം ജീവനെടുത്തത്.തിരികെ വിളിക്കാൻ നീരജ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നാലെ സ്‌ഫോടനത്തിന്റെ വാർത്തയെത്തി. ഇനിയൊരിക്കലും ഫോണിനപ്പുറം പ്രദീപുണ്ടാകില്ലെന്ന ഏറ്റവും ദുഃഖഭരിതമായ അറിവും. ലീവ് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദീപ് ജോലി സ്ഥലത്തേക്കു മടങ്ങിയത്. 2 പെൺമക്കളാണ് പ്രദീപിനും നീരജയ്ക്കും.

ഹിമാചൽ പ്രദേശിലെ കാംഗ്രയിലെ തിലക് രാജ്, ഒരുമാസക്കാരൻ മകനെ കാണാൻ കഴിഞ്ഞയാഴ്ച വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. 3 വയസ്സുള്ള മറ്റൊരു മകനുമുണ്ട്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മകനെയോർത്ത് അഭിമാനമുണ്ടെന്നാണ്, കൊടുംവേദനയിലും ഇന്നലെ തിലകിന്റെ അച്ഛനമ്മാർ രാമറാമും ബിമലാദേവിയും പറഞ്ഞത്. വയനാട്ടിലെ ലക്കിടിയിലെ വസന്തകുമാറിന്റെ ഫേസ്‌ബുക് പേജ് ഇന്നലെ വെറുതെ എടുത്തുനോക്കിയപ്പോൾ കണ്ടു, അദ്ദേഹത്തിന്റെ ആദ്യത്തെ എഫ്ബി പോസ്റ്റ്. ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്. പട്ടാള ടാങ്കിൽ ഒരു സൈനികൻ നിൽക്കുന്ന ആ ചിത്രത്തിനുമേൽ ഇങ്ങനെ എഴുതിയിരുന്നു 'നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളൂ. ഞാനിവിടെ ഉണർന്നിരിക്കാം'.

അതേസമയം പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീർതുള്ളിക്കും മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. സൈന്യത്തെ വിശ്വാസത്തിലെടുത്ത് ജനങ്ങൾ ക്ഷമ പാലിക്കണം. പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ ത്യാഗം വൃഥാവിലാവില്ല. ജവാന്മാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. പുതിയ രീതികളും നയങ്ങളും ഉള്ള പുതിയ ഇന്ത്യയാണിത്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാൻ തോക്കുകളും ബോംബുകളും നൽകുന്നവരെയും വെറുതെ വിടില്ല. അവരെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കില്ല'.

മോദിയുടെ വാക്കുകളെ വിശ്വസിക്കുകയണ് ഇന്ത്യൻ ജനത മുഴുവനും. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര സമ്മർദ്ദങ്ങളും ഇതിനിടെ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ്, ഭീകരസംഘങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരസംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ സാമ്പത്തിക നടപടി കർമ സമിതിക്ക് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് എഫ്എടിഎഫ്) പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകൾ ഉടൻ കൈമാറും. എഫ്എടിഎഫ് യോഗം ഇന്നു പാരിസിൽ തുടങ്ങുകയാണ്. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ പെടുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

പട്ടികയിൽ ഉൾപ്പെട്ടാൽ പാക്കിസ്ഥാനു ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സഹായത്തിന് തടസ്സമുണ്ടാകാം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഇതു വലിയ തിരിച്ചടിയാവും. വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്നലെയും ചർച്ച നടത്തി. പുൽവാമ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേർത്ത സർവകക്ഷിയോഗം, ഒരുമിച്ചുനിന്ന് വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കി.

ഭീകരാക്രണണത്തിനെതിരായ രാജ്യമെങ്ങുമുയർന്ന ജനവികാരം പലയിടത്തും വൻപ്രതിഷേധമായി. മുംബൈയിൽ ട്രെയിൻ തടഞ്ഞു. ജമ്മുവിൽ സ്ഥിതി ശാന്തമായെങ്കിലും കർഫ്യൂ തുടരുകയാണ്. ഇതിനിടെ കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൂറത്തിലെ വ്യവസായി മകളുടെ വിവാഹസൽക്കാരം വേണ്ടെന്നു വച്ചു. ഇതിലൂടെ മിച്ചംപിടിച്ച 11 ലക്ഷം രൂപ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനു നൽകും. 5 ലക്ഷം രൂപ ഇതര ക്ഷേമസംഘടനകൾക്കായും കൈമാറും. ദേവാശി മനേക് എന്ന വജ്രവ്യാപാരിയാണ് വീരജവാന്മാരുടെ കുടുംബത്തെ സഹായിക്കാൻ വിവാഹസൽക്കാരം ഒഴിവാക്കിയത്.

ഇത് കൂടാതെ സിനിമാ ക്രിക്കറ്റ് രംഗത്തു നിന്നും സഹായങ്ങൾ ഒഴുകുകയാണ്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് രാജ്യമെങ്ങു നിന്നും സഹായവാഗ്ദാനം. 40 ജവാന്മാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് നടൻ അമിതാഭ് ബച്ചൻ അറിയിച്ചു. ആകെ 2 കോടി രൂപയാണു നൽകുക. കഴിഞ്ഞ വർഷവും വീരമൃത്യുവരിച്ച 44 സൈനികരുടെ കുടുംബാംഗങ്ങൾക്ക് ബച്ചൻ 1 കോടി രൂപ നൽകിയിരുന്നു.

വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ മക്കൾക്കു തന്റെ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. ഹരിയാനയിലെ ജാജറിലാണ് 'സേവാഗ് ഇന്റർനാഷനൽ സ്‌കൂൾ'. പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നൽകുമെന്നു ഒളിംപിക് മെഡൽ ജേതാവ് ബോക്‌സിങ് താരം വിജേന്ദർ സിങ്ങും വ്യക്തമാക്കി. ഹരിയാന പൊലീസ് ഉദ്യോഗസ്ഥനാണ് വിജേന്ദർ.

സൈനികരോടുള്ള ആദരസൂചകമായി തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ സ്പോർട്സ് പുരസ്‌കാര സമർപ്പണം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി മാറ്റിവച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന വിരാട് കോഹ്ലി ഫൗണ്ടേഷൻ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് 'ഇന്ത്യൻ സ്പോർട്സ് ഓണേഴ്‌സ്' ചടങ്ങാണ് മാറ്റിയത്. വീരജവാന്മാരുടെ ആശ്രിതരെ സഹായിക്കാൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി രഘുബർദാസ് അറിയിച്ചു. ഝാർഖണ്ഡിൽ നിന്നുള്ള വിജയ് സോറംങിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP