Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിസ്റ്റർ അഭയ കേസിൽ നിയമപോരാട്ടത്തിനായി സർക്കാർ ഗസ്റ്റ് ഹൗസുകളിൽ തങ്ങിയപ്പോൾ ജോമോൻ പുത്തൻപുരയ്ക്കലിന് മാത്രം ഇരട്ട വാടക ഈടാക്കി വിചിത്ര ബിൽ; വാടക കുടിശ്ശിക ഇല്ലെങ്കിലും ഇരട്ടി വാടക കണക്കുകൂട്ടി 42670 രൂപ ഉടൻ അടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഇണ്ടാസ്; മുൻ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമും പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എ.പെണ്ണമ്മയും പകപോക്കുന്നെന്ന് ജോമോൻ; പരാതിയിൽ വിശദീകരണം നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്

സിസ്റ്റർ അഭയ കേസിൽ നിയമപോരാട്ടത്തിനായി സർക്കാർ ഗസ്റ്റ് ഹൗസുകളിൽ തങ്ങിയപ്പോൾ ജോമോൻ പുത്തൻപുരയ്ക്കലിന് മാത്രം ഇരട്ട വാടക ഈടാക്കി വിചിത്ര ബിൽ; വാടക കുടിശ്ശിക ഇല്ലെങ്കിലും ഇരട്ടി വാടക കണക്കുകൂട്ടി 42670 രൂപ ഉടൻ അടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഇണ്ടാസ്; മുൻ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമും പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എ.പെണ്ണമ്മയും പകപോക്കുന്നെന്ന് ജോമോൻ; പരാതിയിൽ വിശദീകരണം നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ താമസിച്ചതിന് ജോമോൻ പുത്തൻപുരയ്ക്കലിനോട് മാത്രം സാധാരണയിൽ നിന്നുള്ള ഇരട്ടി വാടക ഈടാക്കി വിചിത്ര ബിൽ നൽകിയതിനു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും വിശദീകരണം നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്. അഭയ കേസിന്റെ ഭാഗമായുള്ള നിയമപോരാട്ടത്തിനായി തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ തങ്ങിയതിന്റെ പേരിൽ ജോമോനോടു മാത്രം ഇരട്ടി നിരക്ക് വാങ്ങണമെന്നുള്ള പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗത്തിന്റെ നിർദ്ദേശമാണ് ജോമോന്റെ പരാതിയിലും ഒടുവിൽ ദേശീയ ന്യൂനപക്ഷ കമ്മിഷന്റെയും നടപടിയിലും കലാശിച്ചിരിക്കുന്നത്. നിരന്തരമുള്ള ജോമോന്റെ ഗസ്റ്റ് ഹൗസ് വാസത്തിന്റെ ഒടുവിൽ കഴിഞ്ഞ ജൂലൈയിലാണ് ഇരട്ടി വാടകയായി കണക്കുകൂട്ടി 42670 ഉടനടി അടയ്ക്കാൻ പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ജോമോന് നോട്ടീസ് നൽകിയത്. ഇതോടെയാണ് ന്യൂനപക്ഷ പീഡനം എന്ന ആരോപണമുന്നയിച്ച് ജോമോൻ പുത്തൻപുരക്കൽ ദേശീയ കമ്മിഷന് പരാതി നൽകിയത്.

ഗസ്റ്റ് ഹൗസ് താമസത്തിനു സർക്കാർ നിശ്ചയിച്ച തുകയാണ് റൂം ഉപയോഗിക്കുന്നവരിൽ നിന്നും ഈടാക്കുന്നത്. പുറത്തു നിന്നുള്ളവർക്ക് എല്ലാവർക്കും ഒരേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. പക്ഷെ ജോമോനോടു മാത്രം ഇരട്ടി തുക ഈടാക്കാം എന്ന് ധനകാര്യവകുപ്പിലെ ചില വിശാരദന്മാർ തീരുമാനിച്ചതാണ് പ്രശ്‌നമായത്. സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധമെന്നു ഒറ്റയടിക്ക് മനസിലായതോടെയാണ് ജോമോൻ ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്. ഇത് പ്രകാരമാണ് ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജോമോന്റെ പരാതിയിൽ തുടർനടപടികൾ വരും എന്നാണ് സൂചനകൾ.

തന്നോടു ധനകാര്യവിഭാഗം വ്യക്തിവിരോധം തീർക്കുകയാണ് എന്ന് മനസിലാക്കിയതോടെയാണ് ഈ പ്രശ്‌നത്തിൽ പരാതിയുമായി ജോമോൻ ഇറങ്ങിത്തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോമോൻ മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ: എന്റെ ഗസ്റ്റ് ഹൗസ് വാസവുമായി ബന്ധപ്പെട്ടു ധനകാര്യ പരിശോധനാ വിഭാഗം ഒരു റിപ്പോർട്ട് നൽകിയിരുന്നു. ജോമോനിൽ നിന്നും ഇരട്ടി തുക വാങ്ങണം എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിഭാഗം കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയർ അന്വേഷണം നടത്തിയിരുന്നു. ചട്ടപ്രകാരം എല്ലാവരിൽ നിന്നും ഒരു തുക മാത്രം വാങ്ങാനേ വകുപ്പുള്ളൂ എന്നാണ് സൂപ്രണ്ടിങ് എഞ്ചിനീയർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഒരു രൂപ പോലും ജോമോൻ സർക്കാരിനു നല്കാനില്ലാ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഈ വസ്തുത മറച്ചുവെച്ച് അഞ്ചു മാസം കഴിഞ്ഞ് പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അധിക തുക അടയ്ക്കാൻ ജോമോന് നോട്ടീസ് നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഈ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചത്-ജോമോൻ വിശദീകരിക്കുന്നു.

ദേശീയ ന്യൂനപക്ഷ കമ്മിഷന് ജോമോൻ നൽകിയ പരാതിയുടെ ചുരുക്കം ഇങ്ങനെ:

സംസ്ഥാന ഗസ്റ്റ് ഹൗസിൽ താമസിച്ച എന്നോടു ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തി വിരോധം തീർക്കുകയാണ്. സാധാരണയിൽ നിന്നും ഇരട്ടി വാടക ഈടാക്കുന്നത് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഉള്ള ന്യൂനപക്ഷ പീഡനം കൂടിയാണ്. സിസ്റ്റർ അഭയ കേസിൽ ഇപ്പോൾ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടന്നുവരികയാണ്. എന്റെ ഇരുപത്തിയേഴ് വർഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണ് ഈ കേസ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ കേസിൽ എന്നോടുള്ള വ്യക്തിവിരോധം തീർക്കുകയാണ് അന്നത്തെ ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം ചെയ്തത്. എനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ റിപ്പോർട്ട് ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു. അഭയ കേസ് ഒഴിച്ചു നിർത്തിയാൽ വിരോധത്തിനു വേറെയും കാരണമുണ്ട്. അബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണത്തിനു കോടതിയിൽ നിന്നും ഉത്തരവ് നേടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എ.പെണ്ണമ്മ എനിക്കെതിരെ ഒരു വ്യാജ പരാതി ധനകാര്യ സെക്രട്ടറി അബ്രഹാമിന് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ധനകാര്യവിഭാഗം പരിശോധന നടത്തിയത്. എന്റെ പരാതിയിൽ പെണ്ണമ്മയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം വന്നിരുന്നു. പെണ്ണമ്മയും കെ.എം.എബ്രഹാമും ചേർന്നാണ് എന്നെ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. അഭയാ കേസിൽ നീതി ഉറപ്പിക്കാനായി തിരുവനന്തപുരം, എറണാകുളം, ഉൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസുകളിൽ ഞാൻ വാടക നൽകി താമസിച്ചിട്ടുണ്ട്. ഒരു പൗരൻ എന്ന നിലയിൽ എന്റെ അവകാശമാണ് ഞാൻ ഈ കാര്യത്തിൽ ഉപയോഗിച്ചത്. വാടകയിനത്തിൽ ഞാൻ ഒരു രൂപ പോലും ഈ ഇനത്തിൽ നൽകാനില്ല. ഇപ്പോൾ 42670 രൂപ വാടക നൽകാനുണ്ട് എന്ന് പറഞ്ഞു എനിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

1974-ലെ ഒരു നോട്ടിഫിക്കേഷനുണ്ട്. അത് പ്രകാരം മൂന്നു ദിവസം കൂടുതൽ താമസിച്ചാൽ ഇരട്ടി വാടക വാങ്ങണം എന്ന് ഒരു നോട്ടിഫിക്കേഷനുണ്ട്. ഇത് പ്രകാരം ഇരട്ടി വാടക കേരളത്തിൽ നിന്നും ഇതേവരെ ഒരാളിൽ നിന്നും പോലും വാങ്ങിച്ചിട്ടില്ല. അപ്പോൾ എന്നിൽ നിന്നും വാങ്ങുന്നത് നീതികരിക്കാനാകില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് വരെ ഇത്തരം ഒരു നോട്ടിഫിക്കേഷനെക്കുറിച്ച് ഒരറിവുമില്ല. പൊതുമരാമത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ തന്നെയാണ് എന്നിൽ നിന്നും ഇങ്ങിനെ അധിക വാടക ഈടാക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുമുണ്ട്.

 

ഈ കാര്യത്തിൽ എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് സർക്കാർ എന്നോടു രേഖാമൂലം ഒരു ചോദ്യവും ചോദിച്ചിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്നെ ധനകാര്യ-പൊതുമരാമത്ത് സെക്രട്ടറിമാർ മനഃപൂർവം പീഡിപ്പിക്കുകയാണ്. ഈ പരാതിയിൽ നടപടി വരണമെന്ന് അഭ്യർത്ഥിക്കുന്നു-പരാതിയിൽ ജോമോൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP