Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയുടെ കണ്ണിൽ നിന്ന് മാറാതെയൊരു പാർട്ടി കല്ല്യാണം; ചുവന്ന സാരിയുടുത്ത് എത്തിയ വധുവിന് ചാർത്തിയത് ചുവന്ന പുഷ്പഹാരം; ആഡംബരം പൂർണ്ണമായും ഒഴിവാക്കിയുള്ള മന്ത്രി ബാലന്റെ മകന്റെ വിവാഹ പന്തൽ ഒരുക്കിയത് സിപിഎം ആസ്ഥാനത്ത് തന്നെ; ആശംസയുമായി ഗവർണ്ണർ അടക്കമുള്ള വിവിഐപികൾ; പാരീസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറായ നവീൻ നമിതാ വേണുഗോപാലിനെ സ്വന്തമാക്കുമ്പോൾ

പാർട്ടിയുടെ കണ്ണിൽ നിന്ന് മാറാതെയൊരു പാർട്ടി കല്ല്യാണം; ചുവന്ന സാരിയുടുത്ത് എത്തിയ വധുവിന് ചാർത്തിയത് ചുവന്ന പുഷ്പഹാരം; ആഡംബരം പൂർണ്ണമായും ഒഴിവാക്കിയുള്ള മന്ത്രി ബാലന്റെ മകന്റെ വിവാഹ പന്തൽ ഒരുക്കിയത് സിപിഎം ആസ്ഥാനത്ത് തന്നെ; ആശംസയുമായി ഗവർണ്ണർ അടക്കമുള്ള വിവിഐപികൾ; പാരീസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറായ നവീൻ നമിതാ വേണുഗോപാലിനെ സ്വന്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലന്റെയും ഡോ. പി.കെ.ജമീലയുടെയും മകൻ നവീൻ ബാലനും കണ്ണൂർ അഴീക്കോട് പൂതപ്പാറ പത്മിനി നിവാസിൽ സി.ടി.വേണുഗോപാലിന്റെയും ബീനാ വേണുഗോപാലിന്റെയും മകൾ നമിതാ വേണുഗോപാലും വിവാഹിതരായി. നവീൻ ബാലൻ പാരിസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറാണ്. ലോക കേരള സഭ നടക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീ രാമകൃഷ്ണനും അടക്കമുള്ളവർ ബാലന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തില്ല.

ആഡംബരമൊക്കെ ഒഴിവാക്കിയായിരുന്നു വിവാഹം. ആഭരണങ്ങൾ കുറച്ച് പാർട്ടി ശൈലിയിൽ ചുവന്ന മാല പരസ്പരം അണിയിച്ച് വരനും വധുവും പുതു ജീവിതത്തിലേക്ക് മാറി. സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ താഴത്തെ നിലയിലെ ഹാളിലായിരുന്നു വിവാഹം. നേരത്തെ വിവാഹക്കാര്യം സംബന്ധിച്ച് മന്ത്രി എകെ ബാലൻ ഫേസ്‌ബുക്കിൽ പോസ്റ്റും ചെയ്തിരുന്നു. തിരക്കിനിടയിൽ ആരെയെങ്കിലും ക്ഷണിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ബോധപൂർവ്വം സംഭവിച്ചതല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.ആയതിനാൽ ഇതൊരു അറിയിപ്പായി കണക്കാക്കി എന്റെ സഖാക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നുവെന്നായിരുന്നു ബാലൻ അറിയിച്ചത്. തിരുവനന്തപുരത്തെ പാർട്ടിക്കാരുടെ ഒത്തു ചേരൽ വേദി കൂടിയായി വിവാഹം മാറി.

ഗവർണർ പി.സദാശിവം, മന്ത്രിമാരായ കെ.കെ.ശൈലജ, ജെ.മെഴ്സിക്കുട്ടിയമ്മ, വി എസ്.സുനിൽകുമാർ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.തിലോത്തമൻ, പി.കെ.രാജു, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദൻ, സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, വൈക്കം വിശ്വൻ, എ.വിജയരാഘവൻ, എളമരം കരീം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം.സുധീരൻ, കെ.എം.മാണി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എംപി.മാർ, എംഎ‍ൽഎ.മാർ, ചലച്ചിത്രമേഖലയിൽനിന്ന് നടൻ മധു, ശാരദ, കെ.പി.എ.സി. ലളിത, കുമാർ സാഹ്നി, സൂര്യാ കൃഷ്ണമൂർത്തി, മധുപാൽ, ഇന്ദ്രൻസ്, സുധീർ കരമന, വിജയരാഘവൻ, ജനാർദ്ദനൻ, ജയസൂര്യ, ജലജ, മേനകാ സുരേഷ് കുമാർ, ഗായകൻ മധു ബാലകൃഷ്ണൻ, ഭാഗ്യലക്ഷ്മി, വിവിധ വകുപ്പു മേധാവികൾ തുടങ്ങി രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ബാലന്റെ വീട്ടിലെത്തി രണ്ട് ദിവസം മുമ്പ് മോഹൻലാൽ വിവാഹ ആശംസകൾ നേർന്നിരുന്നു.

മാഹിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചുള്ള മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമായിരുന്നു. ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഈ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്. അങ്ങോട്ട് കൊടുക്കാനായി യൂറോപ്പിൽ കറങ്ങുന്ന മക്കൾ എത്തുമോ എന്നാണ് അന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഈ സംഭവത്തോടെ തന്നെ ഉന്നത വിദ്യാഭ്യാസമുള്ള ബാലന്റെ മക്കളുടെ ഉയർന്ന ജോലിയും മറ്റും ചർച്ചയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു നവീൻ ബാലൻ. ബാലന്റെ ഭാര്യ പികെ ജമീല ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. പിന്നീട് പി.കെ. ദാസ് മെഡിക്കൽ കോളേജ് സൂപ്രണ്ടുമായിരുന്നു. രണ്ട് മക്കളാണുള്ളത്. ഇതിൽ മൂത്തയാളാണ് നവീൻ ബാലൻ. രണ്ടാമൻ നിഖിൽ ബാലൻ നെതർലൻഡ്സിലാണ് പഠിച്ചത്.

പിണറായി മന്ത്രിസഭയിൽ പട്ടികജാതി, പട്ടികവര്ഗ, പിന്നാക്ക വിഭാഗ ക്ഷേമം, നിയമം, സംസ്‌കാരം, പാർലമെന്ററിവകുപ്പ് മന്ത്രിയാണ് എ.കെ. ബാലൻ. 20062011 കാലഘട്ടത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇപ്പോൾ കേരള നിയസഭയിൽ തരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ. ബാലൻ, സിപിഎം സംസ്ഥാന കമ്മറ്റിയംഗം ആണ്. 2015 മുതൽ സിപിഐ (എം)-ന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് ഏ.കെ. ബാലൻ. 2016-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ നിന്നും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP