Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബന്ദും ഹർത്താലും വന്നാൽ നാട്ടാരെ ഓടിക്കാനല്ല ഈ കൃഷി; പാഴ്ഭൂമിയിൽ വിത്തിട്ട് മുളപൊട്ടി ഇല വന്നപ്പോൾ മൊട്ടപ്പറമ്പിൽ എന്തുവിളയെന്ന് ചോദിച്ചവരും തലകുലുക്കി പറഞ്ഞു..കൊള്ളാം; കണ്ണൂരിലെ കുറ്റിയാട്ടൂർ ഗ്രാമത്തിൽ സ്ത്രീകൂട്ടായ്മ വിളയിച്ചെടുത്ത നായ്ക്കുരണ കൃഷി പദ്ധതി ജനം ഏറ്റെടുക്കുന്നു; മാമ്പഴത്തിന് പിന്നാലെ കുറ്റിയാട്ടുരിന്റെ പെരുമ നായ്ക്കുരണ കൃഷിയിലേക്കും

ബന്ദും ഹർത്താലും വന്നാൽ നാട്ടാരെ ഓടിക്കാനല്ല ഈ കൃഷി; പാഴ്ഭൂമിയിൽ വിത്തിട്ട് മുളപൊട്ടി ഇല വന്നപ്പോൾ മൊട്ടപ്പറമ്പിൽ എന്തുവിളയെന്ന് ചോദിച്ചവരും തലകുലുക്കി പറഞ്ഞു..കൊള്ളാം; കണ്ണൂരിലെ കുറ്റിയാട്ടൂർ ഗ്രാമത്തിൽ സ്ത്രീകൂട്ടായ്മ വിളയിച്ചെടുത്ത നായ്ക്കുരണ കൃഷി പദ്ധതി ജനം ഏറ്റെടുക്കുന്നു; മാമ്പഴത്തിന് പിന്നാലെ കുറ്റിയാട്ടുരിന്റെ പെരുമ നായ്ക്കുരണ കൃഷിയിലേക്കും

രഞ്ജിത് ബാബു

കണ്ണൂർ: ബന്ദും ഹർത്താലും വിജയിപ്പിക്കാൻ കണ്ണൂരിലെ രാഷ്ട്രീയക്കാർ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായിരുന്നു നായ്ക്കുരണ. ഔഷധ മൂല്യങ്ങൾ ഏറെ ഉണ്ടെങ്കിലും പയർ ആകൃതിയിൽ വിളവു തരുന്ന ഇതിന്റെ പുറം തോടിലെ രോമങ്ങൾ പ്രയോഗിച്ചാൽ ചൊറിഞ്ഞു തുള്ളും.

സർക്കാർ-അദ്ധ്യാപക സമരങ്ങളിൽ പ്രധാന മേധാവികളെ അടക്കം ഇത് പ്രയോഗിച്ച് സമരം വിജയിപ്പിച്ച കഥകൾ കണ്ണൂരിൽ ഒട്ടേറെ. എന്നാൽ ഈ നായ്ക്കുരണ പൊടിക്ക് ഒരു കിലോ ഗ്രാമിന് 4,500 രൂപയാണ് വില.

ഈ സാഹചര്യത്തിൽ, നായക്കുരണ കൃഷി ചെയ്ത് വിളവു കൊയ്യുകയാണ് കുട്ടിയാട്ടൂർ ഗ്രാമത്തിലെ വെള്ളുവയിലെ ഒരു കൂട്ടം സ്ത്രീകൾ. കേന്ദ്ര സർക്കാറിന്റെ മഹിളാ ശ്രീ അവാർഡ് ജേതാവായ ഉഷ കുറ്റിയാട്ടൂരിന്റെ മനസ്സിലുദിച്ചതായിരുന്നു ഈ കൃഷിയിറക്കൽ.
കാട് പിടിച്ച് പാഴായ പോയ ഭൂമിയിൽ എന്തു ചെയ്യാമെന്ന ആശയത്തിനു വേണ്ടി ഉഷ പലരേയും സമീപിച്ചു. ഒന്നിനും കൊള്ളാത്തതെന്ന് ആളുകൾ പണ്ടേ വിധിയെഴുതിയ ഈ പൊട്ടപ്പറമ്പിൽ അങ്ങിനെ ഒരു ചിന്ത ആർക്കുമില്ലായിരുന്നു.

ആയുർവേദ വൈദ്യന്മാരെ സമീപിച്ചപ്പോൾ അവരിൽ നിന്നാണ് നായ്ക്കുരണ കൃഷിയെക്കുറിച്ച് അറിവ് ലഭിച്ചത്. എത്ര ഉത്പ്പാദിപ്പിച്ചാലും എടുക്കാൻ തയ്യാറായി ആയുർവേദ സ്ഥാപനങ്ങൾ റെഡിയാണെന്ന് ഉഷ തിരിച്ചറിഞ്ഞു.

പിന്നെ അവർ തിരിഞ്ഞ് നോക്കിയില്ല. കുറ്റിയാട്ടൂർ പഞ്ചായത്തിലെ വേശാല വെള്ളുവയിൽ കൃഷിയിറക്കാൻ തന്നെ ഉഷ തയ്യാറായി. രണ്ടു കുടുംബശ്രീകളിലെ അധ്വാനശീലരായ ഏഴുപേരെ ഒപ്പം കൂട്ടുകയും ചെയ്തു. 20 മുതൽ 60 വയസ്സു വരെയുള്ള 7 പേർ ഉഷക്ക് കൂട്ടായി. മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്തു. പലരും പരിഹസിച്ചു. ഈ മൊട്ടപ്പറമ്പിൽ എന്ത് വിളയാണ്?

എന്നാൽ ഉഷയും കൂട്ടരും വെയിലും മഴയും അവഗണിച്ച് മൂന്ന് ഏക്കറിലെ കാട് വെട്ടിത്തെളിയിച്ചു. തടമെടുത്തു. നായ്ക്കുരണയുടെ വിത്തുമിട്ടു. വിത്ത് മുള പൊട്ടി ഇല വന്നപ്പോൾ കളി കാര്യമെന്നായി നാട്ടുകാർ. പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മനാഭനും കൃഷിഭവനും സഹകരണം വാഗ്ദാനം ചെയ്തു. അതോടെ ബാങ്കിൽ നിന്നും വായ്പയും ലഭിച്ചു. നായ്ക്കുരണ വള്ളിയായി പടർന്നു തുടങ്ങി. വള്ളി പടരാൻ നാലുപാടും കമ്പികൾ കെട്ടി. പച്ച ചാണകം കലക്കി ഒഴിച്ചും ജൈവ വളം നൽകിയും പരിപോഷിപ്പിച്ചു. പൂവിട്ടു നായ്ക്കുരണ പയർ കൂട്ടമായി വിരിഞ്ഞു.

ഇപ്പോൾ വിളവെടുപ്പിന്റെ അവസാന ദിനങ്ങളാണ്. രാവിലെ 7 മണിമുതൽ 9 വരേയും വൈകീട്ട് അഞ്ചിന് ശേഷവുമാണ് വിളവെടുപ്പ്. അല്ലെങ്കിൽ പൊടി പാറി ദേഹത്ത് ചൊറിഞ്ഞ് തിണർക്കും. ഉത്പ്പാദിപ്പിച്ച് നായ്ക്കുരണ ചാക്കുകളിൽ സൂക്ഷിച്ചിരിക്കയാണ്. പയറും പൊടിയും വെവ്വേറെയായി വിപണനം നടത്താനാണ് ഇങ്ങിനെ ചെയ്യുന്നത്.

ഉത്പ്പാദനം ലക്ഷ്യത്തിലായതോടെ അധികാരികൾ സഹായ പദ്ധതികളുമായി ഇവരെ തേടിയെത്തുകയാണ്. ഹരിത കേരളം മേധാവി സോമശേഖരൻ, സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൃഷി വകുപ്പും തുടർ പദ്ധതിക്ക് സഹായ ധനം നൽകാമെന്ന് ഏറ്റിരിക്കയാണ്. അതോടെ ഉഷയും കൂട്ടുകാരും രണ്ടേക്കർ ഭൂമി കൂടി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള പദ്ധതി ആരംഭിക്കുമെന്ന് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. രുചികരമായ കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ നാട്ടിൽ നിന്നും ഇനി നായ്ക്കുരണ കൃഷിയുടെ മികവ് കേൾക്കാം.

നായ്ക്കുരണയുടെ എല്ലാ ഭാഗവും ഔഷധ ഗുണമുള്ളതാണെന്ന് പ്രമുഖ ആയുർവേദ ഡോക്ടർ അബ്ദു റഹ്മാൻ പൊയ്ലിയൻ പറയുന്നു. ഇല തോരനായി ഉപയോഗിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. വൃക്ക രോഗത്തിനുള്ള മരുന്നാണ് തോടിന് പുറത്തുള്ള പൊടി. വേരും ഔഷധത്തിന് ഉപയോഗിക്കുന്നു. പരിപ്പ് ബീജ വർദ്ധനവിനുള്ള പ്രധാന ഔഷധമാണ്. ജൂൺ മാസം ആരംഭിച്ച് ഡിസംബറിൽ വിളവെടുക്കുന്നതാണ് നായ്ക്കുരണയുടെ കൃഷി രീതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP