Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ ആകാശം ഇന്ത്യക്ക് മുമ്പിൽ കൊട്ടിയടച്ചതോടെ ഇന്ത്യൻ ആകാശത്ത് വിമാനങ്ങളുടെ കൂട്ടപ്പാച്ചിൽ; വിമാനങ്ങളുടെ കൂട്ടിയിടി പേടിച്ചു അന്താരാഷ്ട്ര വിമാന കമ്പനികൾ; മുംബൈയിൽ ആകാശത്ത് എത്തിഹാദും എയർ ഫ്രാൻസും കൂട്ടിയിടിക്കാതെ രക്ഷപെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തിൽ; ഓട്ടോ സുരക്ഷാ സംവിധാനം വിമാനങ്ങളെ പരസ്പ്പരം അകറ്റിയിരുന്നില്ലെങ്കിൽ അനേകരുടെ ജീവൻ പൊലിഞ്ഞേനേ

പാക്കിസ്ഥാൻ ആകാശം ഇന്ത്യക്ക് മുമ്പിൽ കൊട്ടിയടച്ചതോടെ ഇന്ത്യൻ ആകാശത്ത് വിമാനങ്ങളുടെ കൂട്ടപ്പാച്ചിൽ; വിമാനങ്ങളുടെ കൂട്ടിയിടി പേടിച്ചു അന്താരാഷ്ട്ര വിമാന കമ്പനികൾ; മുംബൈയിൽ ആകാശത്ത് എത്തിഹാദും എയർ ഫ്രാൻസും കൂട്ടിയിടിക്കാതെ രക്ഷപെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തിൽ; ഓട്ടോ സുരക്ഷാ സംവിധാനം വിമാനങ്ങളെ പരസ്പ്പരം അകറ്റിയിരുന്നില്ലെങ്കിൽ അനേകരുടെ ജീവൻ പൊലിഞ്ഞേനേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യാ- പാക്കിസ്ഥാൻ സംഘർഷം മൂർച്ഛിച്ചു നിൽക്കുന്ന സാഹചര്യം രാജ്യത്തെ വിമാനയാത്രികരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്നുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിക്കാത്തതിനെ തുടർന്നാണ് അന്താരാഷ്ട്ര വ്യോമപാതയിൽ പാക്കിസ്ഥാൻ വഴിയുള്ള ആകാശപാത അടയ്ക്കപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ പറന്നു പൊങ്ങുന്നത് കടുത്ത എയർ ട്രാഫിക്കിലൂടെയാണ്. ഇത് മൂലം അപകടം ഉണ്ടാകുന്ന സാഹചര്യങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്.

പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടർന്ന് മുംബൈയ്ക്കുമുകളിൽ ആകാശപാതയിൽ രൂപപ്പെട്ട ഗതാഗതത്തിരക്ക് അപകട ഭീഷണി ഉയർത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ തലനാരിഴയ്ക്കാണ് കൂട്ടിയിടിയിൽനിന്ന് രക്ഷപ്പെട്ടത്. ഹോചിമിൻ സിറ്റിയിൽനിന്ന് പാരീസിലേക്ക് പോവുകയായിരുന്ന എയർ ഫ്രാൻസിന്റെ ബോയിങ് 777 വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എത്തിഹാദിന്റെ എയർബസ് 320 വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുഖാമുഖം തൊട്ടടുത്ത് എത്തിയത്. എയർഫ്രാൻസ് വിമാനം മുംബൈ വിമാനത്താവളത്തിന് 32,000 അടി ഉയരെയും എത്തിഹാദ് വിമാനം 31,000 അടി ഉയരെയും വട്ടമിട്ട് പറക്കുകയായിരുന്നു. എത്തിഹാദ് വിമാനത്തിന് 33,000 അടി ഉയരത്തേക്ക് പറക്കാൻ ഉച്ചയ്ക്ക് 1.40-ഓടെ മുംബൈ എയർ ട്രാഫിക് കൺട്രോളിൽനിന്ന് നിർദ്ദേശം ലഭിച്ചു. മുകളിലേക്ക് കുതിക്കുന്നതിനിടെയാണ് ഈ വിമാനം എയർ ഫ്രാൻസ് വിമാനത്തിന് തൊട്ടടുത്തെത്തിയത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വെറും മൂന്ന് നോട്ടിക്കൽമൈൽ അകലെയെത്തിയപ്പോൾ ഇരുവിമാനങ്ങളും കൂട്ടിയിടി ഒഴിവാക്കാനുള്ള ടി.സി.എ.എസ്. സംവിധാനം പ്രവർത്തിപ്പിക്കുകയായിരുന്നു. അതോടെ വിമാനങ്ങൾ പരസ്പരം അകന്നു.

എത്തിഹാദ് വിമാനത്തിന് അപകടത്തിലേക്ക് നയിക്കുമായിരുന്ന നിർദ്ദേശം നൽകിയ മുംബൈ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുമുണ്ട്. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 27 മുതൽ പാക്കിസ്ഥാൻ രാജ്യാന്തരവിമാനങ്ങൾക്കുമുന്നിൽ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. പിന്നീട് ഇത് തുറക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചുവെങ്കിലും തുറന്നില്ല. ഏഴ് തവണ പാക്കിസ്ഥാൻ തിയതി മാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച തുറക്കുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുമോ എന്നറിയേണ്ട സാഹചര്യവുമുണ്ട്.

പാക് വ്യോമപാത അടച്ചതോടെ ഇന്ത്യൻ വ്യോമപാതയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനങ്ങളുടെ ആധിക്യം മൂലം ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള പല അന്താരാഷ്ട്ര സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. അടുത്തിടെ എയർഇന്ത്യയുടെയും എയർ വിസ്താരയുടെയും വിമാനങ്ങൾ നേർക്കുനേർ വന്ന സംഭവവും ഉണ്ടായിരുന്നു. മുംബൈ വ്യോമപരിധിയിൽവച്ച് ഫെബ്രുവരി 7നാണ് ഈ സംഭവം ഉണ്ടായത്. എയർഇന്ത്യയുടെ മുംബൈ-ഭോപാൽ എഎൽ 631 വിമാനവും വിസ്താരയുടെ ഡൽഹി-പൂണെ യുകെ 997 വിമാനവുമാണ് നേർക്കുനേർ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP