Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലും തമിഴ്‌നാട്ടിലുമായി നെഹ്രുവിന്റെ നാമത്തിൽ 20 കോളേജുകൾ; പി കെ ദാസ് എന്ന പേരിൽ കഴുത്തറുക്കുന്ന ഫീസ് വാങ്ങുന്ന മെഡിക്കൽ കോളേജും; രാഷ്ട്രീയക്കാരെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തെ കാമ്പസിന്റെ പടിക്ക് പുറത്തുനിർത്തും: എതിർക്കുന്നവരെ ഇടിമുറിയിൽ കൈകാര്യം ചെയ്ത് ഡോ. പി കൃഷ്ണകുമാർ കോളേജ് കച്ചവടം നടത്തുന്നത് ഇങ്ങനെ

കേരളത്തിലും തമിഴ്‌നാട്ടിലുമായി നെഹ്രുവിന്റെ നാമത്തിൽ 20 കോളേജുകൾ; പി കെ ദാസ് എന്ന പേരിൽ കഴുത്തറുക്കുന്ന ഫീസ് വാങ്ങുന്ന മെഡിക്കൽ കോളേജും; രാഷ്ട്രീയക്കാരെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തെ കാമ്പസിന്റെ പടിക്ക് പുറത്തുനിർത്തും: എതിർക്കുന്നവരെ ഇടിമുറിയിൽ കൈകാര്യം ചെയ്ത് ഡോ. പി കൃഷ്ണകുമാർ കോളേജ് കച്ചവടം നടത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിന് അകത്തും തമിഴ്‌നാട്ടിലുമായി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പേരിൽ 20തോളം പ്രൊഫഷണൽ കോളേജുകൾ നടത്തുന്ന ഡോ. പി കൃഷ്ണദാസാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ കടുത്ത എതിർപ്പിന് ഇരയായിരിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ചത് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും കടുത്ത പീഡനം ഉണ്ടായതിനെ തുടർന്നാണെന്നാരോപിച്ച് പ്രക്ഷോഭം ആളിക്കത്തുമ്പോൾ പുറത്തുവരുന്നത് സ്വാശ്രയ കോളേജുകളുടെ കണ്ണിൽചോരയില്ലാത്ത ലാഭക്കൊതിയുടെ കൂടി കഥയാണ്.

കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി കേരളത്തിലേക്കം വ്യാപിപ്പിച്ച കച്ചവടം മാത്രം ലക്ഷ്യമിട്ടാണ് നെഹ്രു കോളേജ് ഓഫ് ഇൻസ്റ്റിറ്റിയൂഷനിലെ കോളേജ് പ്രവർത്തിച്ചത്. പി കെ ദാസാണ് കേളേജിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ മക്കളായ പി കൃഷ്ണദാസ്, ഡോ. പി കൃഷ്ണകുമാർ, ഡോ. പി തുളസി തുടങ്ങിയവർ അടങ്ങുന്ന ട്രസ്റ്റിനാണ് സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ഭരണ ചുമതല. പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് പി കെ ദാസ് മെഡിക്കൽ കോളേജ് എന്ന പേരിൽ മെഡിക്കൽ കോളേജും പ്രവർത്തിക്കുന്നു. ഡോ. പി കൃഷ്ണകുമാറാണ് ഇപ്പോൾ നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സിഇഒ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. വാണിയംകുളത്തുകാരനായ കൃഷ്ണകുമാർ മുൻ കെഎസ് യു നേതാവ് കൂടിയാണ്.

1968ലാണ് പി കെ ദാസ് നെഹ്രു ഗ്രൂപ്പ് കോളേജുകൾക്ക് തുടക്കമിട്ടത്. കോയമ്പത്തൂരിലും പ്രദേശങ്ങളിലും അതിവേഗം തന്നെ കോളേജിന്റെ പ്രവർത്തനം ഹിറ്റായി. കേരളത്തിൽ നിന്നും അടക്കം കോയമ്പത്തൂരിലേക്ക് വിദ്യാർത്ഥികൾ പഠിക്കാനെത്തി. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ കോളേജ് പണം വാങ്ങുന്ന കാര്യത്തിലും ഒരുക്കലും പിന്നോട്ടു പോയില്ല. കേരളത്തിൽ തൃശ്ശൂർ പാമ്പാടിയിലാണ് കോളേജ് പ്രവർത്തിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കക്ഷിരാഷ്ട്രീയം കൂടാതെ രാഷ്ട്രീയക്കാരുടെ സഹായം തേടിയ നെഹ്രു കോളേജ് മാനേജ്‌മെന്റ് എന്നാൽ, വിദ്യാർത്ഥി രാഷ്ട്രീയത്തെ ഉരുക്കുമുഷ്ഠി കൊണ്ടാണ് നേരിട്ടത്. വിദ്യാർത്ഥി രാഷ്ട്രീയം കയറിയാൽ തങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന ധാരണയിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇവർ ഒരുക്കുമുഷ്ടികൊണ്ട് നേരിട്ടത്.

കോളേജിന് പുറത്ത് വിദ്യാർത്ഥി ഏതെങ്കിലും തരത്തിൽ രാഷ്ട്രീയത്തിലിടപെട്ടാൽ അതിന്റെ പേരിലും അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന വിചിത്ര നിയമവും കോളേജ് മാനേജ്‌മെന്റ് കൊണ്ടുവന്നു. കോളേജിന് പുറത്ത് രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ടെന്നറിഞ്ഞാൽ ആ വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ജിഷ്ണുവിന്റെ മരണം കൊണ്ട് കലുഷിതമായ കോളേജ് പറയുന്നത്. 2015-2016 വർഷത്തെ പാമ്പാടി നെഹ്‌റു കോളെജിന്റെ അക്കാദമിക് കലണ്ടറിന്റെ കോപ്പിയിൽ കോളെജിനകത്ത് രാഷ്ട്രീയം പാടില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും കോളെജിനകത്ത് അനുവദിക്കില്ലെന്നും പറയുന്നതിന്റെ തുടർച്ചയായാണ് ഭരണഘടനാ വിരുദ്ധവും വിചിത്രവുമായ നിയമമുള്ളത്. കോളെജിന് പുറത്ത് വിദ്യാർത്ഥി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തിൽ ഇടപെട്ടാൽ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്ന് വിദ്യാർത്ഥികൾക്ക് നൽകിയ വാർഷിക പുസ്തകത്തിൽ തന്നെ വ്യക്തമാക്കുന്നു.

പൗരന് രാജ്യം നൽകുന്ന മൗലികാവകാശമാണ് പരസ്യമായി കോളെജ് മാനേജ്‌മെന്റെ ഹനിക്കുന്നതെന്നാണ് രേഖകൾ തെളിയിക്കുന്നത്. പരാതിക്കാരില്ലാത്തതിനാൽ ഭരണാധികാരികളോ മനഷ്യാവകാശ സംഘടനകളോ ഇതിലൊന്നും ഇടപെടാറില്ല. അത്രയ്ക്ക് മേൽ സ്വാധീനമുണ്ട് കൃഷ്ണകുമാറിനും കൂട്ടർക്കും. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി ആണ് കൈയിലെ ഞെരമ്പു മുറിച്ചശേഷം ഹോസ്റ്റൽ മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. കൂട്ടുകാർ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻവരെ അദ്ധ്യാപകൻ വിസമ്മതിച്ചാതായി ആരോപണം ഉയരുന്നിരുന്നു. വിദ്യാർത്ഥികളെ മർദ്ദിക്കുന്നു എന്ന ആരോപണം ഈ കോളേജിന് നേര മുമ്പും ഉയർന്നിട്ടുണ്ട്.

മർദനമുറകളിലൂടെയടക്കം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം നല്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥന്റെ മകനും കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥൻ ആണെന്നായിരുന്നു ആരോപണം. വിഷ്ണു കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകൻ മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽവച്ചുള്ള മാനസികപീഡനം കൂടാതെ ഡീബാർ ചെയ്യുമെന്നും അദ്ധ്യാപകൻ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫീസിൽ എത്തിയപ്പോഴും വിഷ്ണുവിനോടുള്ള മോശം പെരുമാറ്റം തുടർന്നു. ജിഷ്ണുവിന്റെ കൈയിൽനിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറിൽ ഡീബാർ ചെയ്യുന്നതിന്റെ ഭാഗമായി അദ്ധ്യാപകൻ മാർക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.

ഓഫീസിൽനിന്ന് നിരാശനായാണ് ജിഷ്ണു തിരിച്ചെത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മുറിയിൽ കയറി കതകടച്ച വിഷ്ണുവിനെ പിന്നെ കണ്ടില്ല. വൈകിട്ട് ഹോസ്റ്റലിൽ ഹാജർ എടുത്തപ്പോൾ ജിഷ്ണുവിനെ കാണാത്തതിനെ തുടർന്നാണ് സഹപാഠികൾ തിരക്കിയെത്തിയത്. അകത്തുനിന്നു പൂട്ടിയിരുന്ന മുറി ചവിട്ടുത്തുറന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തി. പക്ഷേ, ജീവൻ പോയിരുന്നില്ല. ഹോസ്റ്റലിൽ തന്നെ താമസിച്ചിരുന്ന പ്രവീൺ സാറിനെ വിദ്യാർത്ഥികൾ വിവരം അറിയിച്ചു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അദ്ധ്യാപകൻ തയ്യാറായില്ലെന്നും സഹപാഠികൾ ആരോപിക്കുന്നു. സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജിഷ്ണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കൂട്ടുകാർ പറയുന്നത്. മറ്റൊരു വിദ്യാർത്ഥിയെ വിളിച്ച് കാറിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ നഷ്ടമായത് വിലപ്പെട്ട അരമണിക്കൂറാണ്. ഇത്തരമൊരു സാഹചര്യത്തിലും പ്രധാന വാർഡൻ പോലും ആശുപത്രിയിൽ വന്നില്ല. കോളജിലെ ഏതാനും ജീവനക്കാർ മാത്രമാണ് വിദ്യാർത്ഥികൾക്കൊപ്പം ആശുപത്രിയിലെത്തിയത്.

ഡീബാർ ചെയ്‌തേക്കുമെന്ന ഭയവും മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും അവഹേളനത്തിലുണ്ടായ മാനസിക വേദനയും കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. കോപ്പിയടിച്ചെന്നു തെളിയിക്കുന്ന ഒന്നുംതന്നെ ജിഷ്ണുവിൽനിന്നു കണ്ടെത്തിയില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ഇതാദ്യമായല്ല ഈ കോളജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ അറ്റൻഡൻസിന്റെയും ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ പേടിപ്പിച്ചു നിർത്തുന്ന രീതിയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലും നടന്നുവന്നിരുന്നത്. മുൻവർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞില്ല.

കഴിഞ്ഞ വർഷം പ്രശാന്ത് എന്ന അദ്ധ്യാപകൻ ക്ലാസിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വിദ്യാർത്ഥിയുടെ കരണത്തു മൂന്നു തവണ അടിച്ചിരുന്നു. പിറ്റേന്ന് അദ്ധ്യാപകൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു. ബഹിഷ്‌കരിച്ചവരെ അറ്റൻഡൻസിന്റെയും ഇന്റേണൽ മാർക്കിന്റെയും കാര്യം പറഞ്ഞു മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. ഭീഷണി വകവെയ്ക്കാതിരുന്നവരെ അറ്റൻഡൻസും ഇന്റേണൽ മാർക്കും നൽകാതെ കോഴ്‌സ് നിർത്തിച്ചു. ഈ സംഭവത്തെ തുടർന്നു പ്രതിഷേധിക്കാൻ വരെ കുട്ടികൾക്കു പേടിയാണ്.

വിദ്യാർത്ഥികളെ കായികമായി കൈകാര്യം ചെയ്യുന്നതിനായി കോളേജിൽ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജിനെതിരെ സംസാരിക്കുന്ന വിദ്യാർത്ഥികളെ ഈ മുറിയിലിട്ടു ഇടിക്കുമത്രെ. വേണ്ടി വന്നാൽ നിന്നൊയൊക്കെ തല്ലാൻ പുറത്തുനിന്നു ഗുണ്ടകളെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥന്റെ മകനും കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥനാണ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതിനു നേതൃത്വം നല്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.

കോയമ്പത്തൂരിലെ നെഹ്രു കോളേജിലും ഇടിമുറി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കോളജിലെ കായികാധ്യാപകനായ ശെന്തിലിന്റെ നേതൃത്വത്തിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. കായിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇരുട്ടുമുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. ചോദ്യം ചെയ്യുന്നവർക്ക് ക്രൂരമായ മർദ്ദനമാണ് ഇടിമുറിയിൽ ഏൽക്കേണ്ടി വരുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ശെന്തിലിന്റെ കായികോപകരണങ്ങൾ സൂക്ഷിക്കുന്ന മുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. എന്തു ചെറിയ തെറ്റിനും പിടിച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. കാരണം അത്രയ്ക്ക് സ്വാധീനമാണ് അവർക്ക് അവിടെ. പ്രാദേശിക നേതാവിന്റെ മകനാണ് ശെന്തിൽ. അതും അയാൾക്ക് ഗുണമാണ്. മറ്റൊരു സംസ്ഥാനത്തു നിന്നു വന്ന തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരം സംഭവങ്ങളിലെല്ലാം രാഷ്ട്രീയക്കാരുടെ നേതാക്കളെ ഒപ്പം നിർത്താൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയ പ്രതിഷേധം ഇവർ നേരിടുന്നത് ഇതാദ്യമായാണ്. ഇവരുടെ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി കെ ദാസ് മെഡിക്കൽ കോളേജും പല വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇവിടുത്തെ കോളേജിൽ രോഗികളിൽ നിന്നും വലിയ തോതിലുള്ള ഫീസാണ് ഈടാക്കുന്നത്. കൂടാതെ അനാവശ്യമായി ഡോക്ടർമാരെ കൊണ്ട് ശസ്ത്രക്രിയക്ക് നിർബന്ധിക്കുന്നുവെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു.

മാദ്ധ്യമങ്ങളും നെഹ്രു ഗ്രൂപ്പിന്റെ ആശ്രിതരാണ്. പത്രങ്ങൾക്കും ചാനലുകൾക്കും വലിയതോതിൽ പരസ്യം നൽകിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. പ്ലേസ്‌മെന്റ് വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ, പലപ്പോഴും പ്ലേസ്‌മെന്റ് ഉറപ്പുകൾ തട്ടിപ്പാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. കോളേജ് അഡ്‌മിഷൻ വേളയിൽ കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളുടെ ചിത്രം സഹിതം പരസ്യങ്ങൾ നൽകുകയുണ്ടായി. എന്നാൽ, ഇത് ആളെ കൂട്ടാനുള്ള തട്ടിപ്പു വിദ്യയാണെന്നാണ് ഉയരുന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP