Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറയ്ക്കൽ രാജവംശത്തിലെ പുതിയ സുൽത്താനയായി അറക്കൽ ആദിരാജാ മറിയുമ്മ കുഞ്ഞു ബീവി നാളെ അധികാരമേൽക്കും; അറയ്ക്കൽ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ആദിരാജ അബ്ദുൾ ഷുക്കൂർ അധ്യക്ഷനാകും; സ്ഥാനമേൽക്കുന്നത് 40ാമത്തെ സുൽത്താന

അറയ്ക്കൽ രാജവംശത്തിലെ പുതിയ സുൽത്താനയായി അറക്കൽ ആദിരാജാ മറിയുമ്മ കുഞ്ഞു ബീവി നാളെ അധികാരമേൽക്കും; അറയ്ക്കൽ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ആദിരാജ അബ്ദുൾ ഷുക്കൂർ അധ്യക്ഷനാകും; സ്ഥാനമേൽക്കുന്നത് 40ാമത്തെ സുൽത്താന

രഞ്ജിത്ത് ബാബു

കണ്ണൂർ: അറയ്ക്കൽ രാജവംശത്തിലെ 40 ാമത് സുൽത്താനയായി അറക്കൽ ആദി രാജാ മറിയുമ്മ എന്ന ചെറിയ ബി. കുഞ്ഞു ബീവി നാളെ അധികാരമേൽക്കും. വൈകീട്ട് ആറിന് സിറ്റി അറക്കൽ കെട്ടിനകത്ത് വച്ചാണ് സ്ഥാനോഹരണ ചടങ്ങുകൾ. ചടങ്ങിൽ ആദിരാജ അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായിരിക്കും. മുൻ സുൽത്താൻ ആദിരാജാ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ബീവി സ്ഥാനമേൽക്കുന്നത്. മദിരാശി പോർട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി. ആലിപ്പിയാണ് ആദിരാജാ മറിയുമ്മയുടെ ഭർത്താവ്. ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ, ഗവേഷണ വിദ്യാർത്ഥികൾ, ചരിത്ര ഗവേഷകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള വിശിഷ്ട വ്യക്തികൾ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കും.. അറക്കൽ രാജവംശം പരമ്പരാഗതമായി മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നത്. ഇസ്ലാമിക ദായക്രമത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത പിൻതുടർച്ചയാണിത്.

കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പുരുഷനായാലും സ്ത്രീയായാലും രാജവംശത്തിന് നായകത്വം ഏൽക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനിൽക്കുന്നു. ഇത്തരത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ ഭരണം തുടർന്നിരുന്നു. മൂത്ത അംഗം സ്ത്രീയണെങ്കിൽ പോലും അവർക്കാണ് രാജ്യാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1770 ൽ സുൽത്താന ജൂനുമ്മയായിരുന്നു അറയ്ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ്-മൈസൂർ യുദ്ധകാലങ്ങളിൽ അവർ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്.

സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും അവരുടെ ഭർത്താവായ ആലിരാജാവിനായിരുന്നു. അറയ്ക്കൽ രാജവംശത്തിലെ സ്ഥാപകൻ മുഹമ്മദാലി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് ഉസ്സാൻ ആലി, ആലി മൂസ, കുഞ്ഞിമൂസ, എന്നിവരും പിൻതുടർച്ചാവകാശികളായി. പുരുഷനാണ് രാജാവാകുന്നതെങ്കിൽ ആലിരാജാവെന്നും സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും വിളിക്കപ്പെടുന്നു. രാജഭരണ കാലത്തെ വർണ്ണാഭമായ ചടങ്ങുകൾ ഇപ്പോഴില്ലെങ്കിലും അറയ്ക്കൽ കുടുംബങ്ങളിലും അവരുമായി ബന്ധപ്പെട്ട് വരുന്നവർക്കും ഈ ചടങ്ങ് ഏറ്റവും സവിശേഷതയാർന്നതാണ്.

അറയ്ക്കൽ ഭരണാവകാശിയായ ആദിജാ മുഹമ്മദ് റാഫിയും കുടുംബങ്ങളുമാണ് രാജഭരണത്തിന്റെ ശേഷിപ്പുകൾ കൈമാറുക. അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവം മുതൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് 12 ാം തവണയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമെന്ന ബഹുമതി കൂടി അലങ്കരിക്കുന്ന അറയ്ക്കലിൽ മരുമക്കത്തായ സംമ്പ്രദായമായിരുന്നു പിൻതുടർന്ന് പോന്നിരുന്നത്. ഈ രാജവംശത്തിലെ പ്രായമുള്ളവർ ആരാണോ അവരാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ രാജസ്ഥാനം അലങ്കരിക്കുന്നത്.

4 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP