Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകമെങ്ങും കടലിൽ വേലികെട്ടാനുള്ള നിയോഗവുമായി ഒരു മലയാളി; ലണ്ടനിൽ നിന്നും അജി വാസുദേവ് മുംബൈയിലേക്ക് വിമാനം കയറിയത് ഇന്റർനാഷണൽ മാരി ടൈം ഓർഗനൈസേഷൻ കമ്മിറ്റി തലവനായി; ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിൽ വീണ്ടും മലയാളി തിളക്കം

ലോകമെങ്ങും കടലിൽ വേലികെട്ടാനുള്ള നിയോഗവുമായി ഒരു മലയാളി; ലണ്ടനിൽ നിന്നും അജി വാസുദേവ് മുംബൈയിലേക്ക് വിമാനം കയറിയത് ഇന്റർനാഷണൽ മാരി ടൈം ഓർഗനൈസേഷൻ കമ്മിറ്റി തലവനായി; ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിൽ വീണ്ടും മലയാളി തിളക്കം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോക മലയാളികൾക്ക് മറ്റൊരു അഭിമാന നിമിഷം കൂടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിൽ നടന്ന അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഇന്റർനാഷണൽ മാരി ടൈം ഓർഗനൈസേഷൻ, ഐ എം ഒ) പ്രത്യേക യോഗത്തിൽ കമ്മിറ്റി തലവൻ ആയി ആദ്യമായൊരു ഇന്ത്യക്കാരൻ നിയമിതനായപ്പോൾ ആ ഭാഗ്യം തേടിയെത്തിയത് മലയാളിയായ അജി വാസുദേവൻ. ഇക്കാര്യം ലോകത്തോട് പങ്കു വയ്ക്കുന്ന ആദ്യ മാദ്ധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയുമായി അദ്ദേഹം ബന്ധപ്പെടുമ്പോൾ ഈ നേട്ടം രാജ്യം നിരന്തരമായി ആഗ്രഹിച്ച ഒന്നു കൂടി ആണെന്നാണ് വെളിപ്പെടുന്നത്. അനേക വർഷമായി ഈ സ്ഥാനത്തിനായി ഇന്ത്യൻ സർക്കാർ ശ്രമിക്കുക ആണെങ്കിലും ഇപ്പോഴാണ് നീക്കം ഫലവത്താകുന്നത്. രാജ്യങ്ങളും സമുദ്ര സംബന്ധ സംഘടനകളുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 171 അംഗങ്ങൾ ഉള്ള ഐ എം ഒ, ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതും അജിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ഇന്ത്യൻ നാവിക മന്ത്രാലത്തിന്റെ കീഴിൽ ഡെപ്യൂട്ടി ചീഫ് സർവേയർ കം സീനിയർ ഡെപ്യൂട്ടി ഡിറ്റക്ടർ ജനറൽ പദവിയിലാണ് ചെങ്ങന്നൂർക്കാരനായ അജി വാസുദേവ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ലോക ചരക്കു ഗതാഗതത്തിൽ 90 ശതമാനവും ഇപ്പോഴും കടലിലൂടെ ആണെന്നതിനാൽ ഓരോ ദിവസവും ഐ എം ഒയുടെ പ്രാധാന്യം ഏറുകയാണ്. കപ്പലുകളുടെ സഞ്ചാരം, ചരക്കു നീക്കം, അന്തരാഷ്ട്ര കടൽ തർക്കങ്ങളിൽ സഹായകമാകും വിധം നിയമ പരിഷ്‌ക്കരണം, അംഗ രാജ്യങ്ങൾ തമ്മിൽ സാങ്കേതിക സഹകരണം. കടൽ സുരക്ഷ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് സംഘടനയുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ ശേഷം ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ ഐ എം ഒക്കു ഇപ്പോഴുള്ള രൂപവും ഭാവവും കൈവരുന്നത് 1982 ലിൽ മാത്രമാണ്. ഇക്കാലയളവിനുള്ളിൽ ഒരിക്കൽ പോലും ഇന്ത്യക്കു ഈ സംഘടനയുടെ നിർണായക സ്ഥാനത്തു എത്താൻ കഴിഞ്ഞില്ല എന്നത് നാവിക രംഗത്തു ഇന്ത്യ എവിടെ നില്കുന്നു എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരം നൽകുന്നത്. രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പു ഒടുവിൽ സഫലമാകുന്നത് അജി വാസുദേവനിൽ കൂടിയായതു കപ്പലോട്ട ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒരു വീരകഥ കൂടിയായി മാറുകയാണ്. 

ചെങ്ങന്നൂരിൽ നിന്നും മുംബൈ വഴി ലണ്ടനിലേക്ക്

ന്താരഷ്ട്ര വേദികളിൽ തിളങ്ങിയ ഒട്ടേറെ മലയാളികളെ കേരളം കണ്ടിട്ടുണ്ട്. ഇവരിൽ ഏറ്റവും ഉന്നത സ്ഥാനത്തു എത്തിയ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരിനെ പോലെ ഉള്ളവർ കേരളത്തിന് പുറത്തു പഠിച്ചു വളരാൻ ഉള്ള സാധ്യത കൂടി മുതലെടുത്താണ് അന്താരഷ്ട്ര തലത്തിൽ എളുപ്പം ചെന്നെത്തിയത്. എന്നാൽ ചെങ്ങന്നൂരിലെ സാധാരണ സ്‌കൂളിൽ പഠിച്ചു കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഷിപ്പിങ് ടെക്നോളജിയിൽ ബിരുദം നേടിയ ശേഷമാണ് അജി വാസുദേവൻ കേരളത്തിന് പുറം ലോകം കാണുന്നത്. വിദേശത്തു പഠിച്ചെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാൻ ഇന്ത്യയിൽ മടങ്ങി എത്തിയ അദ്ദേഹം മുംബൈ ആസ്ഥാനമായി സേവനം അനുഷ്ഠിക്കുമ്പോഴും നീണ്ട കാലമായി ഐ എം ഒയുമായി ഔദ്യോഗികമായി സഹകരിക്കുകയാണ്. ഇതിന്റെ ഭാഗമായി വർഷത്തിൽ നാലോ അഞ്ചോ തവണ ലണ്ടൻ സന്ദർശനവും അത്യാവശ്യമാണ്. ഇനി പുതിയ പദവിയിലൂടെ അദ്ദേഹം ലണ്ടൻ സന്ദർശനത്തിന്റെ എണ്ണം കൂട്ടിയെ മതിയാകൂ. കാരണം അത്രയും ഉത്തരവാദിത്വം ഉള്ള പദവിയാണ് ഇദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.

171 രാജ്യങ്ങളുമായി ഹോട് ലൈൻ ബന്ധം

രു വർഷത്തേക്കുള്ള നിയമനം ആണെങ്കിലും ഐ എം ഒയുടെ സബ് കമ്മിറ്റി ചുമതല പോലും ഏറെ നിർണായകമാണ്. ഈ പദവിക്കായി രാജ്യങ്ങൾ തമ്മിലാണ് പിടിവലി നടക്കുന്നത്. നീണ്ട കാലത്തെ സമ്മർദത്തിന് ഫലമായാണ് ഇപ്പോൾ അജിയിലൂടെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ഐ എം ഒയുടെ മൂന്നാം സബ് കമ്മിറ്റിയുടെ പ്ലീനങ്ങൾ സംഘടിപ്പിക്കുക, അതിനായി കപ്പലോട്ട രംഗത്തെ ആഗോള തല ട്രെൻഡ് വിലയിരുത്തി വിഷയങ്ങൾ തിരഞ്ഞെടുക്കുക എന്നിവയൊക്കെയാണ് ഇനി മുതൽ ഇദ്ദേഹം ശ്രദ്ധിക്കേണ്ട മേഖലകൾ. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ സ്വാഭാവികമായി ഐ എം ഒ ഇടപെടില്ലെങ്കിലും രാജ്യങ്ങൾ തമ്മിൽ ഏർപ്പെട്ടിട്ടുള്ള സമുദ്രതല കരാറുകൾ പാലിക്കപ്പെടുന്നുണ്ട് എന്നതിന് മേൽനോട്ടം വഹിക്കുന്നതും സംഘടനയുടെ ചുമതലയാണ്. കപ്പൽ ഗതാഗത രംഗത്തു ലോകമൊട്ടാകെ ആയി ഒരേ തരത്തിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നു പരിശോധിക്കാനും ഐ എം ഒ ബാധ്യസ്ഥരാണ്. അജി വാസുദേവൻ സംഘടനയുടെ നിർണായക റോളിൽ എത്തിയതോടെ ഈ രംഗത്തു ഇന്ത്യയുടെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നുറപ്പാണ്.

കാത്തിരിക്കുന്നത് ഇന്ത്യയുടെ കുതിച്ചു ചാട്ടം, ബ്രിട്ടന്റെ പിന്തുണ

തുറമുഖ വികസനവും ആഴക്കടൽ ഗവേഷണവും പുത്തൻ പദ്ധതികളും ഒക്കെയായി വൻ കുതിച്ചു ചാട്ടത്തിനു ഒരുങ്ങുന്ന ഇന്ത്യക്കു ലഭിക്കുന്ന അധിക ഊർജ്ജമാണ് ഇപ്പോൾ അജി വാസുദേവനിലൂടെ എത്തിയിരിക്കുന്ന അംഗീകാരം. ഈ സ്ഥാനത്തെക്കു ഇന്ത്യയുടെ പേര് ബഹാമാസിന്റെ നിർദ്ദേശം ആയിരുന്നെകിലും ശക്തമായ പിന്തുണയുമായി ബ്രിട്ടൻ കൂടെ നിന്നതു ശ്രദ്ധേയമായി. കൂടെ ശക്തരായ റഷ്യ, കൊറിയ, സിംഗപ്പൂർ എന്നിവരും ചെറു രാജ്യങ്ങളായ പനാമ, ഇൻഡോനേഷ്യ, ജമൈക്ക എന്നിവയും എത്തിയപ്പോൾ ഇന്ത്യയുടെ വിജയം നിർണായകമായി മാറുക ആയിരുന്നു. എത്രയും രാജ്യങ്ങൾ കൂടെ നിന്നതോടെ പല അംഗ രാജ്യങ്ങളും പിൻതുണയുമായി കൂടെയെത്തി. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ അടിക്കടിയുള്ള വിദേശ സന്ദർശനങ്ങളിൽ മാദ്ധ്യമ വിമർശനങ്ങൾ കടന്നു വരുമ്പോഴും അന്താരാഷ്ട്രരംഗങ്ങളിൽ രാജ്യം നേടുന്ന ഇത്തരം വിജയങ്ങളിൽ തീർച്ചയായും ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടിയാണ് പ്രതിഫലിക്കുന്നത്.

നേട്ടത്തിലും വിനയം കൈവിടാതെ

വെള്ളിയാഴ്ച പുതിയ പദവി നേടിയെടുത്ത ശേഷം അജി വാസുദേവൻ ശനിയാഴ്ച നേരെ മുംബൈക്ക് പറക്കുക ആയിരുന്നു. ലണ്ടനിൽ വച്ചു അദ്ദേഹത്തെ ട്രേസ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കൂടുതൽ വിവര ശേഖരത്തിനായി ഇന്നലെ പുലർച്ചയാണ് അദ്ദേഹവുമായി ഈ മെയിൽ വഴി ബന്ധപ്പെടാൻ കഴിഞ്ഞത്. അന്താരഷ്ട്ര പദവി വഹിക്കുന്ന ഒരു മലയാളി എന്ന ഗർവ് ഒന്നും കാട്ടാതെ ഒരു മണിക്കൂറിനകം ഐ എം ഒ യെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറാൻ തയ്യാറായി അജി വാസുദേവൻ തിരക്കിന്റെ ലോകത്തും മനുഷ്യന് വിനയം കൈവിടാതെ സൂക്ഷിക്കാൻ കഴിയും എന്നതിന് കൂടിയാണ് മാതൃക കാട്ടുന്നത്. ലോക മലയാളികളുടെ നേട്ടം തപ്പിയെടുക്കുന്നവർക്കു അഭിമാനത്തോടെ ശിരസു ഉയർത്തി പറയാൻ ഒരു പേര് കൂടിയായി - അജി വാസുദേവൻ. അതും ശാന്തമായ തിരമാലകളെ ഓർമ്മിപ്പിക്കും വിധം സൗമ്യതയുള്ള ഒരു വ്യക്തിത്വം കൂടിയയായതു തികച്ചും സ്വാഭാവികം ആയിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP