Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹെൽമെറ്റ് കേസ് മാത്രം ദിവസം ഉണ്ടാകുന്നത് പതിനായിരത്തോളം; പിഴ 1000 രൂപയായി ഉയർത്തിയതോടെ കോടതിയിൽ കണ്ടോളാം എന്നു പറഞ്ഞു നിയമലംഘകർ; കോടതിയിൽ എത്തിക്കാൻ തെളിവെടുപ്പും സാക്ഷി മൊഴികളുമായി പൊലീസിന് വേണ്ടത് കഠിനാധ്വാനം; ബിൽ എഴുതിയ ശേഷം കാശു കൊടുക്കാതെ കോടതിയിൽ കാണാമെന്ന് പറഞ്ഞതോടെ പൊലീസുകാരുടെ പോക്കറ്റ് കീറുന്ന അവസ്ഥയും; അപ്രായോഗികമായി പിഴ ഉയർത്തിയതോടെ ജനരോഷത്തിൽ നടുങ്ങി പൊലീസ്

ഹെൽമെറ്റ് കേസ് മാത്രം ദിവസം ഉണ്ടാകുന്നത് പതിനായിരത്തോളം; പിഴ 1000 രൂപയായി ഉയർത്തിയതോടെ കോടതിയിൽ കണ്ടോളാം എന്നു പറഞ്ഞു നിയമലംഘകർ; കോടതിയിൽ എത്തിക്കാൻ തെളിവെടുപ്പും സാക്ഷി മൊഴികളുമായി പൊലീസിന് വേണ്ടത് കഠിനാധ്വാനം; ബിൽ എഴുതിയ ശേഷം കാശു കൊടുക്കാതെ കോടതിയിൽ കാണാമെന്ന് പറഞ്ഞതോടെ പൊലീസുകാരുടെ പോക്കറ്റ് കീറുന്ന അവസ്ഥയും; അപ്രായോഗികമായി പിഴ ഉയർത്തിയതോടെ ജനരോഷത്തിൽ നടുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടി വരെ ഉയർത്തിയ നിയമ പരിഷ്‌ക്കാരം പൊലീസുകാരെയും മോട്ടോർ വാഹന വകുപ്പ് അധികൃതരെയും വട്ടംകറക്കുന്നു. പിഴ കൂട്ടിയത് തന്നെയാണ് പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്. പ്രധാനമായും കേരളത്തിൽ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ ഹെൽമെറ്റ് വെക്കാതെയും സീറ്റ് ബൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവം ഉണ്ടായത് പതിനായിരത്തോളമാണ്. ഇതിന് പിഴ ആയിരം രൂപയായി ഉയർത്തിയതോടെ പലരും പണം നൽകാതെ കേസ് കോടതിയിൽ നേരിടാമെന്ന് പറഞ്ഞു സ്ഥലം വിട്ടു. ഇതോടെ കുടുങ്ങിയത് പൊലീസുകാരാണ്. ഇവർക്ക് കേസ് എടുത്തു തുടർ നടപടികൾ സ്വീകരിക്കേണ്ട അവസ്ഥയും ഉണ്ടായത്. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയാക്കുന്നതാണ്.

ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരിൽ നല്ലൊരു പങ്കും പണം നൽകാൻ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി. മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ ഇപ്പോൾ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ വിസ്താരവും തെളിവെടുപ്പുമെല്ലാം നടക്കും. ഇതോടെ തെളിവുകൾ ഹാജരാക്കേണ്ട ചുമതല അടക്കം ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. ഇതിന് ആവശ്യത്തിന് ഉദ്യോഗസ്ഥർ മോട്ടർവാഹന വകുപ്പിലും ഇല്ലാത്ത സ്ഥിതിയാണ്.

ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല. എന്തായാലും ഇപ്പോഴത്തെ നിലയിൽ ആയിരം രൂപ പിഴയുള്ളതിനാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നവരുമുണ്ട്. കേസ് കോടതിയിൽ എത്തുമ്പോൾ തന്നെ കാലതാമസം എടുക്കുമെന്നതും മുതലെടുക്കാൻ തയ്യാറായിരിക്കുന്നവരുണ്ട്. കേരളത്തിൽ ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഈടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി. ഇതോടെ മറ്റു കോടതികളിലേക്ക് ഈ പിഴ കേസുകൾ എത്തിയാൽ അത് കോടതികൾക്കും ജോലിഭാരം കൂട്ടുന്നതാകും.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ തങ്ങൽ ബെൽറ്റ് ധരിച്ചിരുന്നു എന്നു പറയുകയാണ് ചെയ്യുന്നത്. ഇതോടെ ബെൽറ്റ് ധരിച്ചില്ലെന്ന് സ്ഥാപിക്കേണ്ട ചുമതല ഉദ്യോഗസ്ഥരിലായി. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽപോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല. മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇതും പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ പൊലീസ് മിതമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രേഖകളുടെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന് മോട്ടർ വാഹന വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. രേഖകൾ നൽകാൻ വിസമ്മതിച്ചാൽ 2000 രൂപയാണ് ഇപ്പോൾ പിഴ. ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപയും ഇൻഷുറൻസ് കരുതാതിരുന്നാൽ 2000 രൂപയും നൽകണം. രേഖകൾ കൈവശമില്ലെങ്കിൽ മൊബൈൽ ഫോണിലെ 'ഡിജിലോക്കറിൽ' ഇവ കാട്ടിയാൽ മതി. രേഖകളുടെ ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ അതും കാണിക്കാം. എന്നാൽ, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാൽ ഒറിജിനൽ കാട്ടാൻ വാഹനമോടിക്കുന്നയാൾ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തിൽ കരുതേണ്ടത്.

മോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാൽ 1,000 രൂപ പിഴ നൽകണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. ഇതേ കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. ചുവപ്പ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക, വൺവേ തെറ്റിച്ചുള്ള യാത്ര എന്നിവയ്ക്ക് ആറ് മാസത്തിൽ കുറയാതെ ഒരു വർഷം വരെ തടവോ അല്ലെങ്കിൽ 5000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കും.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5,000 രൂപ പിഴയും ലൈസൻസില്ലാത്തവർക്ക് വാഹനമോടിക്കാൻ നൽകുന്നതിന് വാഹന ഉടമ 5,000 രൂപ പിഴയും നൽകണം. നിയമാനുസൃതം നിലവിലില്ലാത്ത ലൈസൻസിൽ വാഹനം ഓടിച്ചാലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ വാലിഡിറ്റി എന്നിവയില്ലെങ്കിലും 10,000 രൂപയാണ് പിഴ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2,000 രൂപയും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം തടവും 4,000 രൂപ പിഴയുമടയ്ക്കണം.

ചരക്കുവാഹനത്തിൽ അമിതഭാരം കയറ്റിയാൽ 20,000 രൂപയും വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപയും പിഴ നൽകണം. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റിയാൽ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം. അമിതവേഗതയ്ക്ക് ലൈറ്റ് മോട്ടാർ വാഹനങ്ങൾക്ക് 2,000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4,000 രൂപയുമാണ് പിഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP