Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ്വ ചട്ടങ്ങളും ലംഘിച്ച് നിർമ്മിച്ച രവി പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ പൊളിച്ചു കളയേണ്ടി വരില്ല; നിയമ ലംഘനമെല്ലാം പിഴ ഈടാക്കി നിയമാനുസൃതമാക്കാൻ ആലോചിച്ച് സർക്കാർ; സർക്കാർ ഭൂമി കൈയേറി മാളികകൾ കെട്ടി ഉയർത്തിയവരും നിയമം നോക്കാതെ ബഹുനില മന്ദിരങ്ങൾ തീർത്തവർക്കും ഒക്കെ ഇനി ഞെളിഞ്ഞു നടക്കാം

സർവ്വ ചട്ടങ്ങളും ലംഘിച്ച് നിർമ്മിച്ച രവി പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ പൊളിച്ചു കളയേണ്ടി വരില്ല; നിയമ ലംഘനമെല്ലാം പിഴ ഈടാക്കി നിയമാനുസൃതമാക്കാൻ ആലോചിച്ച് സർക്കാർ; സർക്കാർ ഭൂമി കൈയേറി മാളികകൾ കെട്ടി ഉയർത്തിയവരും  നിയമം നോക്കാതെ ബഹുനില മന്ദിരങ്ങൾ തീർത്തവർക്കും ഒക്കെ ഇനി ഞെളിഞ്ഞു നടക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം പാലിക്കാതെ പ്രവാസി വ്യവസായി രവിപിള്ള അഷ്ടമുടിക്കായലിൽ കെട്ടിപ്പൊക്കിയ പഞ്ച നക്ഷത്ര ഹോട്ടലിനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാൻ സർക്കാർ തന്നെ രംഗത്ത്. സംസ്ഥാനത്തുടനീളം ചട്ടംപാലിക്കാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയശേഷം നമ്പറിട്ടുനൽകാൻ സർക്കാർ നീക്കം ഇതിന്റെ ഭാഗമാണ്. നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേർന്നാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. അതായത് റാവീസ് ഹോട്ടൽ പൊളിഞ്ഞ് നീക്കാനുള്ള തീരദേശ പരിപാലന അഥോറിട്ടിയുടെ നീക്കം നടക്കില്ലെന്നാണ് സൂചന. ലക്ഷങ്ങളും കോടികളും മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ അംഗീകാരം നൽകുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പുതിയ തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം. അതിനിടെ ഫ്ളാറ്റ് നിർമ്മാണലോബിയുടെ സമ്മർദ്ദമാണതിനു പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

റോഡിൽനിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്കാണ് സർക്കാർ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക. കെട്ടിട ഉമടകളിൽനിന്നും ഭീമമായ സംഖ്യ പിഴയായി ഈടാക്കാനാണ് നീക്കം. ചട്ടംലംഘിച്ച കെട്ടിടങ്ങൾക്ക് ഇതിനോടകം അനധികൃതമായി നമ്പറിട്ട് നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. പിഴയുടെ അമ്പത് ശതമാനം സർക്കാരിലേക്കും ബാക്കി തുക അതത് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിലേക്കും വകയിരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. രവിപിള്ളയുടെ കെട്ടിടവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ഇതോടൊപ്പം പല പ്രമുഖ ബിൽഡർമാരുടേയും അപേക്ഷകളിലും അനുകൂല തീരുമാനം ഉണ്ടാകും.

ആശുപത്രികൾ, ഫ്ളാറ്റുകൾ തുടങ്ങിയവയ്‌ക്കെല്ലാമായി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമക്കുരുക്കിൽപ്പെട്ടുകിടക്കുന്നുണ്ട്. പൂർത്തിയാക്കിയ കെട്ടിടങ്ങൾ പരിശോധിച്ച് അവയ്ക്ക് നമ്പറിട്ട് നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് നിർമ്മാണാനുമതി തരപ്പെടുത്തുകയും എന്നാൽ, നമ്പറിടാൻ വരുന്ന ഉദ്യോഗസ്ഥർ എതിർക്കുകയും ചെയ്തതോടെയാണ് ഉടമകൾ അപേക്ഷയുമായി സർക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. ഇത്തരം കെട്ടിടങ്ങളുടെ കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ സർക്കാരിന് പ്രാദേശികതലത്തിൽനിന്നും സമ്മർദമുണ്ട്. ഇതോടെയാണ് പിഴ ഈടാക്കിയശേഷം കെട്ടിടങ്ങൾക്ക് നമ്പറിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്. മൂന്ന് റിട്ട. ചീഫ് ടൗൺ പ്ലാനർമാരെ ഉൾപ്പെടുത്തി പ്രത്യേകം സമിതികൾ ഇതിനായി രൂപവത്കരിക്കും.

ആക്ഷേപങ്ങൾ ഒഴിവാക്കാനായി മാദ്ധ്യമപ്രവർത്തകരുടെ പ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ സമിതിയായിരിക്കും പരിശോധന നടത്തി പിഴ തീരുമാനിക്കുക. പ്രത്യേകം ആദാലത്തുകൾ സംഘടിപ്പിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. റാവീസ് പൊളിച്ചു മാറ്റാൻ തീരദേശ വികസന അഥോറിട്ടി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിറകെയാണ് സർക്കാർ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. ചട്ടത്തിലെ മാറ്റങ്ങൾക്കുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇതിനായി അനിവാര്യമെങ്കിൽ നിയമനിർമ്മാണം പോലും നടത്തും. രവിപിള്ളയെ പോലുള്ള വമ്പന്മാരുടെ കേസായതിനാൽ പ്രതിപക്ഷവും ഇതിനെ എതിർക്കില്ലെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. അങ്ങനെ എല്ലാവരേടേയും പിന്തുണയിൽ റാവീസിനെ രക്ഷിക്കാനാണ് നീക്കം.
തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് രവിപിള്ളയുടെ ഫൈവ്സ്റ്റാർ ഹോട്ടൽ പണിതുയർത്തിരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്താണ് റാവിസ് എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ രവി പിള്ള നിർമ്മിച്ചിരിക്കുന്നത്. 2011 ലാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ഹോട്ടലിന്റെ നിർമ്മാണം. 90 മുറികളാണ് ഹോട്ടലിലുള്ളത്. നാല് റസ്‌റ്റൊറന്റുകളും പ്രവർത്തിക്കുന്നു. 9 സ്യൂട്ട് റൂമുകളും ഹോട്ടലിലുണ്ട്. വമ്പൻ ആഡംബര സൗകര്യത്തോടെയാണ് ഹോട്ടൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം നിയമം ലംഘിച്ചാണെന്നാണ് സംസ്ഥാന സർക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കുസാറ്റിലെ പ്രൊഫസറായ ഡോ.എ. രാമചന്ദ്രൻ, കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി പ്രൊഫസർ, ഡോ. കെ. പത്മകുമാർ, കെ.എസ്.സി.എസ്.ടി കോസ്റ്റൽ വിഭാഗം ഹെഡ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉണ്ടായിരുന്നത്. കേന്ദ്രസർക്കാരും കേരള സർക്കാരും തയ്യാറാക്കിയ സമഗ്രമായ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഹോട്ടലിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങളെല്ലാം അനധികൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃക്കടവൂർ ഗ്രാമപഞ്ചായത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

ഒരു നിർമ്മാണപ്രവർത്തനവും നടത്താൻ പാടില്ലാത്ത സി .ആർ.ഇസഡ് ഏരിയയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഹോട്ടലിനുവേണ്ടിയും ബോട്ട് ജെട്ടി നിർമ്മിക്കാനും അഷ്ടമുടിക്കായൽ നികത്തിയെടുത്തിട്ടുണ്ട്. ഹോട്ടൽ നിൽക്കുന്ന സ്ഥലത്തെ ബഹുനില കെട്ടിടം തീരദേശപരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെ നിർമ്മിച്ചവയാണെന്നും സമിതി കണ്ടെത്തി. സ്ഥലപരിശോധന കൂടാതെ ബഹിരാകാശത്തുനിന്നുള്ള ഗൂഗിൾ ഇമേജ് സമിതി പരിശോധിച്ചു. ഇതിലും സ്ഥലം കൈയേറിയാണ് ഹോട്ടൽ റാവിസ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായതായി സമിതി റിപ്പോർട്ടിൽ പറയുന്നു. 2003, 2009, 2011, 2014 വർഷങ്ങളിലെ ഗൂഗിൾ ചിത്രങ്ങളാണ് സമിതി പരിശോധിച്ചത്. ഇതിൽ 2003 ൽ അഷ്ടമുടിയിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങൾ വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഹോട്ടൽ റാവിസ് വലുതാക്കിയതായി ബോധ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ നീന്തൽക്കുളവും നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമായാണ്. കായലിന്റെ തീരത്തുനിന്ന് നൂറ് മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടൽ റാവിസിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.

ഭരണതലങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പുംകൊണ്ടാണ് രവിപിള്ളയ്ക്ക് അഷ്ടമുടിയിൽ ഹോട്ടൽ റാവിസ് നിർമ്മിക്കാനായതെന്ന് വ്യക്തമാക്കുന്നതാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. അതിന്റെ തുടർച്ചയാണ് ഇടത് സർക്കാരിന്റെ പുതിയ തീരുമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP