Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളും ബഹളവും ഇല്ലാതെ ഒരു യുവ ഐഎഎസുകാരൻ മൂന്നാറിലെ ഭൂമാഫിയയുടെ നട്ടൊല്ലൊടിക്കാൻ രംഗത്ത്; കളക്ടറുടെ അനുമതി കൂടാതെ ഒരു നിർമ്മാണവും അനുവദിക്കരുത് എന്ന കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥനെ പുകച്ചു ചാടിക്കാൻ വ്യാജ ആരോപണങ്ങളുമായി ഭൂമാഫിയയും രാഷ്ട്രീയക്കാരും രംഗത്ത് ; നടപടി വേഗത്തിലായത് വൻകിട റിസോർട്ടുകളെ തൊട്ടപ്പോൾ

ആളും ബഹളവും ഇല്ലാതെ ഒരു യുവ ഐഎഎസുകാരൻ മൂന്നാറിലെ ഭൂമാഫിയയുടെ നട്ടൊല്ലൊടിക്കാൻ രംഗത്ത്; കളക്ടറുടെ അനുമതി കൂടാതെ ഒരു നിർമ്മാണവും അനുവദിക്കരുത് എന്ന കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥനെ പുകച്ചു ചാടിക്കാൻ വ്യാജ ആരോപണങ്ങളുമായി ഭൂമാഫിയയും രാഷ്ട്രീയക്കാരും രംഗത്ത് ; നടപടി വേഗത്തിലായത് വൻകിട റിസോർട്ടുകളെ തൊട്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം:  ശ്രീറാം വെങ്കട്ടരാമൻ എന്ന യുവ സബ് കളക്ടറെ ദേവീകുളത്തുനിന്ന് പുകച്ചുപുറത്തു ചാടിക്കാതെ ആർക്കാണ് കിടക്കപ്പൊറുതി ഇല്ലാത്തത്? നേരത്തെ സി.പി.എം ഉൾപ്പെടെയുള്ള ഭരണകക്ഷിയുടെ നേതാക്കൾ ആണ് സബ് കളക്ടറുടെ 'ജനദ്രോഹ' നയങ്ങൾക്കെതിരെ പ്രതിഷേധിച്ചിരുന്നത്.

എന്നാൽ കർഷകരെ ദ്രോഹിക്കുന്നുവെന്ന കുറ്റംചാർത്തി റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐകൂടി രംഗത്തെത്തിയതോടെ മൂന്നാറിനെ കയ്യേറ്റക്കാരിൽ നിന്ന് രക്ഷിക്കാൻ അവസാനശ്രമം നടത്തുന്ന ഈ യുവ ഐഎഎസ് ഓഫീസറെ കൂടി പുകച്ചോടിക്കാൻ ചരടുവലികൾ ശക്തമായിരിക്കുകയാണ്. മൂന്നാറിലെ റിസോർട്ട്, എസ്റ്റേറ്റ് മാഫിയകളും ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് രംഗത്തിറങ്ങിയതോടെ നിലവൽ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന ശ്രീറാമിനെ മാറ്റാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ്.

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്നെ മൂന്നാർ ദൗത്യവുമായി രംഗത്തിറങ്ങിയതും അതിനെ മൂന്നാറിലെ തന്നെ എല്ലാ ലോബികളും ചേർന്ന് പൊളിച്ചടുക്കിയതും ആരും മറന്നുകാണില്ല. അന്ന് മൂന്നാറിലെ കയ്യേറ്റങ്ങൾ പൊളിച്ചടുക്കി തുടങ്ങിയത് വാർത്തകളിൽ നിറയുകയും പ്രദേശത്തെ പാർട്ടി ഉന്നതരുടെ സ്ഥാപനങ്ങളിലേക്കും പാർട്ടി ഓഫീസുകളിലേക്കും വരെ ജെസിബി കയ്യുകൾ നീളുകയും ചെയ്തപ്പോഴാണ് വിഎസിന്റെ ദൗത്യം പാർട്ടിതന്നെ ഇടപെട്ട് പൊളിച്ചത്.

പിന്നീട് ഇടയ്ക്കിടെ ജീവൻവയ്ക്കുകയും അതേവേഗത്തിൽ ഇല്ലാതാവുകയും ചെയ്ത കയ്യേറ്റമൊഴിപ്പിക്കലിന് ഇപ്പോൾ കഴിഞ്ഞവർഷം പകുതിയോടെ ശ്രീറാം വെങ്കട്ടരാമൻ ദേവീകുളം ആർഡിഒ ആയി എത്തിയതോടെ വേഗം കൂടി. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്‌റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ഇപ്പോൾ ശ്രീറാമിനെതിരെ തിരിഞ്ഞിരിക്കുന്നത്. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു.

2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ.

മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.

കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല; അല്ലെങ്കിൽ അവരെക്കൊണ്ട് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ചെയ്യിച്ചില്ല. 2015 ൽ ദേവികുളം ആർ.ഡി.ഒ ആയി ചുമതലയേറ്റ സബിൻ സമീദ് 2010ലെ കോടതി ഉത്തരവ് നടപ്പാക്കുവാൻ ധൈര്യംകാണിച്ചു. അങ്ങനെ മൂന്നാറിലെ 8 വില്ലേജുകളിലെ എല്ലാ നിർമ്മാണങ്ങൾക്കും ജില്ലാകളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കൃഷിക്കും വീടുവച്ചു താമസിക്കുന്നതിനും മാത്രമായി നൽകുന്ന പട്ടയ ഭൂമിയിലും, ഏലംകൃഷിക്ക് മാത്രമായി നല്കിയ ഏലപ്പട്ടയ ഭൂമിയിലും വ്യവസ്ഥകൾ ലംഘിച്ച് പണിതുകൊണ്ടിരുന്ന നൂറോളം റിസോർട്ടുകളുടെ നിർമ്മാണം ഇതോടെ പാതിവഴിയിൽ നിലച്ചു. എൻഓസി ഇല്ലാത്ത എല്ലാ നിർമ്മാണങ്ങൾക്കും നിരോധന ഉത്തരവ് നൽകിത്തുടങ്ങി. വീടുകൾ നിർമ്മിക്കുന്നതിന് മാത്രം അനുമതി നൽകിവന്നു. ഈ സാഹചര്യത്തിലേക്കാണ് പുതിയ എൽഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ 2016 ജൂലായ്മാസത്തോടെ ശ്രീറാം വെങ്കിട്ടരാമൻ ദേവീകുളം സബ് കളക്ടറായി ചുമതലേയൽക്കുന്നത്.

ഭരണകക്ഷികൾ തന്നെ ശ്രീറാമിന് എതിരെ കൊടിപിടിക്കുമ്പോൾ

അതേസമയം തന്നെ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇടുക്കിയിൽ സിപിഎമ്മും റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയും തമ്മിൽ വൻ വാക്കുപോര് പരസ്യമായി നടന്നിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിനെ ചൊല്ലിയായിരുന്നു ഈ തർക്കം രൂപപ്പെട്ടത്. ജില്ലയിലെ പ്രബല നേതാവുകൂടിയായ ഇപ്പോഴത്തെ മന്ത്രി എംഎം മണി അന്ന് സിപിഐ മന്ത്രിമാർക്കെതിരെ പരസ്യമായി രംഗത്തുവരികയും ഇതിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രംഗത്തെത്തുകയും ചെയ്തത് വലിയ വാർത്തയുമായി. എന്നാൽ ഇപ്പോൾ മണി മന്ത്രിയായതോടെ സിപിഎമ്മിന്റെ വാദങ്ങൾക്ക് ജില്ലയിൽ പ്രാബല്യമേറിയ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. സമ്മർദ്ദമേറിയതോടെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്ന സബ്കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ രംഗത്തെത്തിയത് ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ് ജില്ലയിൽ.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ദേവികുളം സബ്കളക്ടർക്കെതിരെ സിപിഐ പ്രത്യക്ഷമായി രംഗത്തെത്തിയത് വലിയ വാർത്തയായി. സിപിഐ റവന്യൂ വകുപ്പ് ഭരിക്കുമ്പോൾ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ശിവരാമൻ തന്നെ രംഗത്തെത്തുകയായിരുന്നു. ദേവികുളത്ത് ചുമതലയേറ്റ നാൾ മുതൽ ഈ ഉദ്യോഗസ്ഥൻ പല വിധത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണെന്നായിരുന്നു ശിവരാമൻ ഉന്നയിച്ച ആരോപണം. കാന്തല്ലൂർ, മറയൂർ, വട്ടവട ഉൾപ്പെട്ട അഞ്ച് വില്ലേജുകളിൽ കൈവശാവകാശ സർട്ടിഫിക്കറ്റിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സബ്കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

നിയന്ത്രണം മൂലം ഭവനനിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷിക്കാൻ ആവുന്നില്ലെന്നും തനിക്ക് ഇഷ്ടമുള്ളയാളുകൾ കുന്നിടിച്ച് നിരത്തിയാലും തിരിഞ്ഞുനോക്കാത്ത ഉദ്യോഗസ്ഥൻ സാധാരണക്കാരന് ശൗചാലയം നിർമ്മിക്കാൻപോലും അനുവദിക്കില്ലെന്നും ആണ് ശിവരാമൻ ആരോപിച്ചത്. ഒരു പടികൂടി കടന്ന് എറണാകുളത്തെ ഒരു ചാനൽ പ്രവർത്തകനും കോൺഗ്രസ്സുകാരനായ ഒരു എംഎൽഎയുമാണ് സബ്കളക്ടറുടെ ജനദ്രോഹ നിലപാടുകൾക്ക് പിന്നിലെന്നും ശിവരാമൻ പറഞ്ഞുവച്ചു. നടപടികൾ നിർത്തിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇതിന് പിന്നാലെ കുറച്ചുകൂടി ശക്തമായ നിലയിൽ സിപിഎമ്മിന്റെ പ്രതിഷേധവും എത്തി. ഫെബ്രുവരി 27ന് പാർട്ടിയുടെ കർഷക സംഘടനയായ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആർ ഡി ഓ ഓഫീസ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം. കൈവശാവകാശ രേഖകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയെന്നാണ് അവർ ആരോപിച്ചത്. എല്ലാ അധികാരവും തന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന അബദ്ധ ധാരണയിൽ വിശ്വസിക്കുകയും മീഡിയ മാനിയ തലയ്ക്ക് പിടിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് കർഷക സംഘം സമരരംഗത്ത് എത്തിയത്.

ശ്രീറാമിനെ മൂന്നാറിൽ നിന്ന് തെറിപ്പിക്കാൻ ശക്തമായ സമര പരിപാടികളുമായി ജില്ലയിലെ രാഷ്ട്രീയ നേതൃത്വം കക്ഷിഭേദമില്ലാതെ കച്ചകെട്ടി ഇറങ്ങുകയാണ്. ജില്ലയിലെ പ്രമുഖ നേതാവും ഇപ്പോൾ വൈദ്യുതി മന്ത്രിയുമായ എം.എംമണി, ദേവികുളം എംഎ‍ൽഎ എസ് രാജേന്ദ്രൻ, ഇടുക്കി എംപി ജോയ്‌സ്‌ജോർജ്, സിപിഐ ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എംഎ‍ൽഎയുമായ കെ.കെ.ജയചന്ദ്രൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി വർഗീസ് തുടങ്ങിയവരെല്ലാം ദേവികുളം സബ്  കളക്ടർക്കെതിരെയും റവന്യൂ വകുപ്പിന്റെ നടപടികൾക്കെതിരെയും പലപ്പോഴും ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഈ ആരോപണങ്ങൾക്കൊപ്പമാണ് ജില്ലയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും നിലകൊള്ളുന്നത്. അത്രയ്ക്കും ശക്തമായാണ് എസ്‌റ്റേറ്റ്, റിസോർട്ട് മാഫിയ ചെലുത്തുന്ന സ്വാധീനം.

വൻകിട റിസോർട്ടുകളെ ശ്രീറാം തൊട്ടപ്പോഴാണ് എല്ലാവർക്കും പൊള്ളിയത്. അതിന്റെ കഥ നാളെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP