Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഷ്ട്രീയക്കാരുടെ ഒത്താശയോടെ റിസോർട്ട് കെട്ടിപ്പൊക്കാൻ ഒരുങ്ങിയവരുടെ കുത്തിനു പിടിച്ച് ശ്രീറാം വെങ്കിട്ടരാമൻ; വേണ്ടപ്പെട്ടവർക്ക് പിടിവീണപ്പോൾ സബ്കളക്ടറെ മാറ്റണമെന്ന മുറവിളിയുമായി കക്ഷിഭേദമെന്യേ ചരടുവലികൾ; കോടതി പറഞ്ഞത് അക്ഷരംപ്രതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ ജനങ്ങളുടെ ശത്രുവാക്കുന്ന കുതന്ത്രം ഫലിച്ചാൽ അത് മൂന്നാറിന്റെ മരണമണി

രാഷ്ട്രീയക്കാരുടെ ഒത്താശയോടെ റിസോർട്ട് കെട്ടിപ്പൊക്കാൻ ഒരുങ്ങിയവരുടെ കുത്തിനു പിടിച്ച് ശ്രീറാം വെങ്കിട്ടരാമൻ; വേണ്ടപ്പെട്ടവർക്ക് പിടിവീണപ്പോൾ സബ്കളക്ടറെ മാറ്റണമെന്ന മുറവിളിയുമായി കക്ഷിഭേദമെന്യേ ചരടുവലികൾ; കോടതി പറഞ്ഞത് അക്ഷരംപ്രതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ ജനങ്ങളുടെ ശത്രുവാക്കുന്ന കുതന്ത്രം ഫലിച്ചാൽ അത് മൂന്നാറിന്റെ മരണമണി

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും ടൂറിസമാണ് കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിയുൾപ്പെടെ പറയുന്നു. ആ കേരള ടൂറിസത്തിന്റെ ഹൃദയമായി നിലകൊള്ളുന്ന ഭൂമിയാണ് മൂന്നാർ. നീലക്കുറിഞ്ഞികൾ പൂക്കുന്ന, നടന്നുപോകുമ്പോൾ മേഘപ്പാളികൾ തൊട്ടുരുമ്മി സ്വകാര്യംപറയുന്ന യഥാർത്ഥ സ്വർഗഭൂമി. ഭൂമിയിലെ ആ സ്വർഗത്തിന്റെ ചാരുത കവർന്നെടുക്കാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ അതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് രംഗത്തെത്തുന്ന റവന്യൂ അധികാരികൾ അധികമുണ്ടായിട്ടില്ല ഇടുക്കിയുടെ ചരിത്രത്തിൽ.

മറുനാടൻ റിപ്പോർട്ടിന്റെ ഒന്നാം ഭാഗം

ആളും ബഹളവും ഇല്ലാതെ ഒരു യുവ ഐഎഎസുകാരൻ മൂന്നാറിലെ ഭൂമാഫിയയുടെ നട്ടൊല്ലൊടിക്കാൻ രംഗത്ത്; കളക്ടറുടെ അനുമതി കൂടാതെ ഒരു നിർമ്മാണവും അനുവദിക്കരുത് എന്ന കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥനെ പുകച്ചു ചാടിക്കാൻ വ്യാജ ആരോപണങ്ങളുമായി ഭൂമാഫിയയും രാഷ്ട്രീയക്കാരും രംഗത്ത് ; നടപടി വേഗത്തിലായത് വൻകിട റിസോർട്ടുകളെ തൊട്ടപ്പോൾ

ഇപ്പോൾ നട്ടെല്ലുള്ള ഒരു റവന്യൂ ഉദ്യോഗസ്ഥൻ അതിന് ശ്രമിക്കുമ്പോൾ റിസോർട്ട്, ഭൂമാഫിയകളുടെ ദല്ലാളന്മാരായി നിന്ന് ഭരണകക്ഷിയുടേത് ഉൾപ്പെടെ എല്ലാവരും ആ ഉദ്യോഗസ്ഥനെതിരെ നിലകൊള്ളുന്നു.

റിസോർട്ട് മാഫിയക്ക് മൂന്നാറിലെ ഭൂമിയെ കശാപ്പുചെയ്യാൻ വിട്ടുകൊടുക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മുന്നോട്ടുപോകുമ്പോൾ എതിർക്കാൻ പലപല തൊടുന്യായങ്ങളുമായി രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം രംഗത്തെത്തുന്നത് വേണ്ടപ്പെട്ടവർക്ക് വേദനിക്കുന്നു എന്ന തിരിച്ചറിവോടെയാണ്. പക്ഷേ, കോടതിയുത്തരവിന്റെ ബലത്തിലാണ് ശ്രീറാം എന്ന റവന്യൂ ഉദ്യോഗസ്ഥൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നത് എന്നതിനാൽ അതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന ഭയവും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ട്.

എങ്കിലും അവർ കർഷകരുടേയും കർഷക തൊഴിലാളികളുടേയും വേദനയെന്ന മട്ടിൽ ആണ് വിഷയം സമരരംഗത്തേക്ക് എത്തിക്കുന്നത്. നേരത്തേ തിരുവല്ലയിലായിരുന്നു ശ്രീറാമിന്റെ പ്രവർത്തനം. അവിടെയും ജെസിബികളുമായി അനധികൃത നിർമ്മാണത്തിനെതിരെ ശക്തമായി നിലകൊണ്ട ശക്തനായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അതുകൊണ്ടുതന്നെ ശ്രീറാമിന്റെ നിശ്ചയദാർഢ്യം പ്രകടമാണ് മൂന്നാറിലും. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശ്രീറാമിനെ ദേവീകുളത്തേക്ക് നിയോഗിച്ചതെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ, ഇപ്പോൾ മന്ത്രിയായ എംഎം മണി ഉൾപ്പെടെ ഉള്ള നേതാക്കൾ റവന്യൂ വകുപ്പിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിലും അന്ന് വകുപ്പ് കയ്യാളുന്ന സിപിഐ റവന്യൂ ഉദ്യോഗസ്ഥരെ ന്യായീകരിച്ചിരുന്നു ഇടുക്കിയിലെ വിഷയങ്ങളിൽ. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. സിപിഐ ഇടുക്കി ജില്ലാ നേതൃത്വം തന്നെ ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ റവന്യൂ നടപടികളുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടർക്കെതിരെ നിലകൊള്ളുകയാണ് ഇപ്പോൾ. ഇതോടെ ഇദ്ദേഹത്തെ മാറ്റണമെന്ന് ഇടുക്കിയിലെ ഭരണ കക്ഷി നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ന്യായമായ കാരണങ്ങളൊന്നും സംസ്ഥാന സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനും അവർക്ക ആവുന്നില്ല.

അതുകൊണ്ട് ഇപ്പോൾ സമരം നടത്തി ദേവീകുളം സ്ബ് കളക്ടർ മോശക്കാരനെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് മൂന്നാറിൽ അരങ്ങേറുന്നത്. രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങളും സബ്കളക്ടറായി എത്തിയ ശേഷം ശ്രീറാം സ്വീകരിച്ച നടപടികളും ശ്രദ്ധിച്ചാൽ മാത്രം ഇക്കാര്യം വ്യക്തമാകും.

യാഥാർത്ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തവയാണ് അവയിൽ പലതും. സാധാരണക്കാർക്ക്, അല്ലെങ്കിൽ യഥാർത്ഥ കർഷകന് വിഷമം ഉണ്ടാക്കുന്ന ഏതു കാര്യമാണ് ദേവികുളം സബ്കളക്ടർ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അനധികൃത നിർമ്മാണം നടത്തി മൂന്നാറിനെ മുടിക്കുന്ന റിസോർട്ട് മാഫിയക്കെതിരെ കടുത്ത നടപടികൾ ശ്രീറാം തുടങ്ങിയതോടെയാണ് അവരുടെ ദല്ലാളന്മാരായി പലരും രാഷ്ട്രീയ കക്ഷികളുടെ പേരിൽ രംഗത്തെത്തിയിട്ടുള്ളതെന്നാണ് വിവരം.

പ്രദേശത്തെ രാഷ്ട്രീയ കക്ഷികൾ സബ്കളക്ടർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ:

  • 1.മൂന്നാർ മേഖലയിലെ 8 വില്ലേജുകളിൽ സാധാരണക്കാരായ ആളുകളെ ഒരുവീട് പോലും വയ്ക്കാൻ അനുവദിക്കുന്നില്ല. പ്രധാന മന്ത്രിയുടെ പദ്ധതിയിൽ പെടുന്ന ഒരു ശൗചാലയം പണിയാൻപോലും സമ്മതിക്കുന്നില്ല.
  • 2.നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനും തടസ്സം നിൽക്കുന്നു. വട്ടവടയിലെ സാധാരണക്കാരായ കർഷകരുടെ 14,000 ഏക്കറോളം വരുന്ന യൂക്കാലിപ്റ്റസ് കൃഷി ഇതുമൂലം പ്രതിസന്ധിയിലാണ്.
  • 3. മീഡിയാ മാനിയാക്കായ ഈ ഉദ്യോഗസ്ഥൻ ഓരോദിവസവും ഓരോ ഉത്തരവെന്ന കണക്കിന് വിചിത്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്.
  • 4. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ താൽപര്യങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജുകളിലെ എല്ലാ പട്ടയങ്ങളും പരിശോധിക്കാൻ ഉത്തരവിറക്കി. കുറേ ആളുകൾക്ക് നോട്ടീസും കൊടുത്തു ഉപരോധ സമരവും ജനരോഷവുംകൊണ്ട് അതിനെ ഒരുവിധം പ്രതിരോധിച്ചു. അപ്പോൾ ഇതാ പുതിയ ഉത്തരവ്. അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂർ, കാന്തല്ലൂർ, വട്ടവട, കൊട്ടാക്കമ്പൂർ, കീഴാന്തൂർ എന്നീ വില്ലേജുകളിൽ എല്ലാം പട്ടയം പരിശോധിക്കാതെ കൈവശ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയില്ല പോലും.
  • 5. സൂപ്പർകളക്ടർ ചമഞ്ഞ് അടിക്കടി ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവുകളിറക്കുന്ന ഈ ഉദ്യോഗസ്ഥനെ പുറത്താക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

സബ്കളക്ടർ എന്ന നിലയിൽ ശ്രീറാം കൈക്കൊണ്ട നടപടികൾ ഇങ്ങനെ:

  • 1. നിലവിൽ സ്റ്റോപ്പ്മെമോ അവഗണിച്ച് നിർമ്മാണം തുടർന്ന റിസോർട്ട് ഉടമകൾക്കെതിരേ ക്രിമിനൽ കേസെടുത്തുതുടങ്ങി. പള്ളിവാസൽ, കെ.ഡി.എച്ച്, ചിന്നക്കനാൽ വില്ലേജുകളിലായി ഏകദേശം 50 കേസുകൾ ഇങ്ങനെ എടുത്തിട്ടുണ്ട്.
  • 2. വീടു നിർമ്മിക്കുന്നതിന് എൻഒസി ലഭിക്കുന്നതിനായി സമർപ്പിക്കപ്പെട്ട എല്ലാ അപേക്ഷകളും ഫാസ്റ്റ് ട്രാക്കിൽ തീർപ്പാക്കി.
  • 3. പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരം ഭാഗത്തുള്ള കെ.എസ്.ഇ.ബിവക 196.8 ഏക്കർ ഭൂമിയിൽ നിന്നും 27 ഏക്കർ ഭൂമിക്ക് അനധികൃതമായി പട്ടയം എടുത്ത് റിസോർട്ടുകൾ നിർമ്മിക്കുന്നതായും ഈ ഭൂമിസർക്കാരിലേക്ക് ഏറ്റെടുത്ത് ഭൂരഹിതരായആളുകൾക്ക് നൽകണമെന്നും ജില്ലാകളക്ടർക്ക് റിപ്പോർട്ടയച്ചു.
  • 4. ഉടുമ്പൻചോല താലൂക്കിൽ ചതുരംപ്പാറ വില്ലേജിൽ ഉൾപ്പെട്ട സി.എച്ച്.ആർ പ്രദേശത്തെ വമ്പൻ ക്വാറി മുതലാളിയുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും അനധികൃതമായി പാറ പൊട്ടിച്ച വകയിൽ ക്വാറി മുതലാളിയിൽ നിന്നും ഒരുകോടിരൂപ പിഴ ഈടാക്കുവാൻ ശുപാർശ ചെയ്ത് റിപ്പോർട്ട് അയക്കുകയും ചെയ്തു.
  • 5. ഇതേ വില്ലേജിൽ തന്നെ ഉള്ള മറ്റൊരു ക്വാറിയിൽ പരിശോധന നടത്തി കോടിക്കണക്കിന് രൂപയുടെ കല്ല് അനധികൃതമായി പൊട്ടിച്ച് കടത്തിയതായി കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.
  • 6. പള്ളിവാസൽ വില്ലേജിൽ ആരോഗ്യവകുപ്പിന്റെ ഭൂമികൈയേറി മതിലുംറോഡും നിർമ്മിച്ച റിസോർട്ടുടമയിൽ നിന്നും ഈ സ്ഥലം വീണ്ടെടുക്കുവാൻ ഉത്തരവിട്ടു.
  • 7. മൂന്നാർ ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെയും കെ.എസ്.ഇബിയുടേയും ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. (യാതൊരു രേഖയുമില്ലാതെ കെ.എസ്.ഇ.ബി ഭൂമി കൈയേറിയാണ് എസ്രാജേന്ദ്രൻ എം.എൽഎ താമസിക്കുന്നത് എന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.)
  • 8. വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലായി ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നതായി കാണിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി ഹരൻ സമർപ്പിച്ച റിപ്പോർട്ടനുസരിച്ച് ഈ ഭൂമിയെല്ലാം പരിശോധന നടത്തി വീണ്ടെടുക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവനുസരിച്ചുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി 50 ഏക്കറോളം ഭൂമി കൈവശംവച്ചിട്ടുള്ള ഇടുക്കിഎംപി ജോയ്സ് ജോർജിനടക്കം നോട്ടീസയച്ചു.

ഈ ശക്തമായ നടപടികൾ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവികുളത്തുനിന്ന് പറപ്പിക്കാൻ കക്ഷിഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കുന്നതിന് പിന്നിലെന്ന് വ്യക്തം.

രണ്ടുപക്ഷത്തിന്റേയും ഈ വാദങ്ങളിൽ നിന്ന് ആർക്കാണ് സബ്കളക്ടർ ദ്രോഹിയാകുന്നതെന്ന് വ്യക്തമാകുന്നു. രാഷ്ട്രീയക്കാർക്കുപോലും തലവേദനായി ശ്രീറാം വെങ്കിട്ടരാമൻ എന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നടങ്കം എതിർക്കുന്നതിന്റെ പൊരുളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നു. ഇതിനെല്ലാം പുറമെയാണ് റിസോർട്ട് മാഫിയക്കെതിരെ ശ്രീറാം കഴിഞ്ഞ മാസം സ്വീകരിച്ച ശക്തമായ നടപടികൾ.

ഇദ്ദേഹം ആദിവാസി ക്ഷേമത്തിനും മറ്റുമായി കൈക്കൊള്ളുന്ന നടപടികൾ സാധാരണ ജനങ്ങൾക്കിടയിൽ ഈ സബ്കളക്ടർക്ക നല്ല മതിപ്പുണ്ടാക്കിയെന്നാണ് മറുനാടന് വ്യക്തമായിട്ടുള്ളത്. കരമടവ് നിർത്തിവച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ രേഖകളിൽ പരിശോധന നടക്കുന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുമെന്ന കാര്യത്തിൽ യഥാർത്ഥ കർഷകർക്ക് സന്തോഷമേ ഉള്ളുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

 

പഞ്ചായത്ത് അനുമതി തേടിയുള്ള റിസോർട്ട് നിർമ്മാണത്തിനും കൂച്ചുവിലങ്ങ്

പഞ്ചായത്തുകളിൽ നിന്ന് അനുമതി തേടി നിർമ്മാണം തുടങ്ങുകയും പിന്നീട് ഇത് സബ്കളക്ടർ കണ്ടെത്തിയതോടെ അവയുടെ നിർമ്മാണം നിർത്തലാക്കാൻ പഞ്ചായത്തുകൾക്ക് ലൈസൻസ് റദ്ദാക്കാനുൾപ്പെടെ നടപടി സ്വീകരിക്കേണ്ടിവരികയും ചെയ്ത നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ഇതോടെയാണ് ശ്രീറാം റിസോർട്ട് മാഫിയയുടെയും നോട്ടപ്പുള്ളിയായതെന്ന് രേഖകളിൽ നിന്നുതന്നെ വ്യക്തമാണ്.

പള്ളിവാസൽ പഞ്ചായത്തിൽ നിന്ന് ആദ്യം അനുമതി നൽകുകയും പിന്നീട് ദേവികുളം സബ്കളക്ടർ നിർദ്ദേശിക്കുകയും ഫോണിൽ ഉത്തരവ് നൽകുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിരവധി റിസോർട്ടുകൾക്കാണ് നിർമ്മാണം നിർത്താൻ നോട്ടീസ് നൽകുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുള്ളത്.

മൂന്നാർ ടീ വില്ലേജ് റിസോർട്ട്, ചിത്തിരപുരം ഭാഗത്തെ ഏഞ്ചലീന സ്നോലൈൻ റിസോർട്ട്, മൂന്നാർ ക്യൂൻ റിസോർട്ട് എന്നിവയ്ക്കെല്ലാം ഇങ്ങനെ നോട്ടീസ് നൽകി. ഇവർക്ക് ആദ്യഘട്ടത്തിൽ നിർമ്മാണാനുമതി പഞ്ചായത്ത് നൽകുകയും സബ്കളക്ടർ ഇത് കണ്ടുപിടിച്ച് നോട്ടീസ് നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നാണ് വിവരം. പഞ്ചായത്ത് അനുമതി നൽകുകയും പിന്നീട് റവന്യൂ അധികാരിയെന്ന നിലയിൽ സബ്കളക്ടറും വില്ലേജ് ഓഫീസറും ഇടപെട്ട് ഇവയ്ക്ക് നിർമ്മാണം നിർത്താൻ സ്റ്റോപ്പ് മെമോ നൽകുകയും ലൈസൻസ് റദ്ദുചെയ്യുമെന്ന് വ്യക്തമാക്കി ഷോകോസ് നോട്ടീസ് നൽകുകയുമായിരുന്നു.

ഇത്തരത്തിൽ തട്ടിപ്പുകൾക്കെതിരെ സന്ധിയില്ലാതെ നടപടി സ്വീകരിക്കുന്നതിന് പുറമെ ഏതു സാധാരണക്കാരനും നേരിട്ട് സന്ദർശിച്ചോ അല്ലാതെയോ നൽകുന്ന പരാതികൾ കൃത്യമായി പഠിച്ച സമയബന്ധതമായി തീർപ്പാക്കുന്നുമുണ്ട് ഈ ഉദ്യോഗസ്ഥൻ. സ്ഥലത്തെ ഊരുകളിലെ പ്രശ്നങ്ങൾ പഠിച്ചും അവർക്ക് കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിക്കാനും പുതിയ പദ്ധതികൾ നടപ്പാക്കുകയും നടപടികളെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു റവന്യൂ അധികാരി ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥനെ മൂന്നാറിൽ നിന്ന് കെട്ടുകെട്ടിക്കാനാണ് ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാർ കൈകോർക്കുന്നത്.

സിവിൽസർവ്വീസ് എന്നത് രാഷ്ട്രീയക്കാരെ സേവിക്കലല്ല മറിച്ച് സാധാരണക്കാരായ ജനങ്ങളെ സേവിക്കലാണെന്ന് തിരിച്ചറിയുന്ന വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീറാം വെങ്കിട്ടരാമൻ. ആ അർത്ഥം മനസ്സിലാക്കി ശക്തമായ നടപടികളുമായി അദ്ദേഹം മുന്നോട്ട് പോകുമ്പോൾ എതിർത്ത് തോൽപ്പിക്കാനും മാഫിയകളെ സംരക്ഷിക്കാനും രാഷ്ട്രീയക്കാരും കൂടി കച്ചകെട്ടി ഇറങ്ങുമ്പോൾ നഷ്ടമാകുന്നത് മൂന്നാറിന്റെ അവസാനത്തെ അവസരമാണ്.

ഈ ശക്തനായ ഉദ്യോഗസ്ഥനെയും മാറ്റിയാൽ അനധികൃത നിർമ്മാണങ്ങളും, കൈയേറ്റവും പുഴമലിനീകരണവും എല്ലാംകൊണ്ട് വീർപ്പുമുട്ടുന്ന മൂന്നാറിന് അത് എന്നെന്നേക്കുമായുള്ള മരണമണിയായി മാറും. അതിന് സംസ്ഥാന സർക്കാരിന്റെ, സിപിഐയുടെ കയ്യിലിരിക്കുന്ന വകുപ്പിന്റെ അനുവാദം ഉണ്ടാകില്ലെന്ന പ്രത്യാശയിലാണ് കേരളത്തിലെ പ്രകൃതി സ്‌നേഹികളും മൂന്നാർ എന്ന സ്വപ്‌നഭൂമി നശിപ്പിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന നല്ല മനുഷ്യരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP