Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം കണ്ടു പഠിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ബ്രിട്ടനെ; അപകടത്തിൽ പെട്ടവർക്ക് 48 മണിക്കാർ സൗജന്യ ചികിത്സ നൽകുന്ന ട്രോമാ കെയർ പദ്ധതിക്ക് ആവേശമായത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രഹസ്യ ബ്രിട്ടീഷ് സന്ദർശനം; പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായവുമായി എത്തുന്നത് വാർവിക് യൂണിവേഴ്‌സിറ്റി; സംസ്ഥാനത്തെ ആതുരസേവന രംഗത്തെ ഉടച്ചുവാർക്കലും പിന്നാലെ

കേരളം കണ്ടു പഠിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ബ്രിട്ടനെ; അപകടത്തിൽ പെട്ടവർക്ക് 48 മണിക്കാർ സൗജന്യ ചികിത്സ നൽകുന്ന ട്രോമാ കെയർ പദ്ധതിക്ക് ആവേശമായത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രഹസ്യ ബ്രിട്ടീഷ് സന്ദർശനം; പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായവുമായി എത്തുന്നത് വാർവിക് യൂണിവേഴ്‌സിറ്റി; സംസ്ഥാനത്തെ ആതുരസേവന രംഗത്തെ ഉടച്ചുവാർക്കലും പിന്നാലെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രവർത്തന രീതികൾ കേരളത്തിലേക്കും പറിച്ചു നടാൻ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വാഹന അപകടത്തിൽ പരുക്കേൽക്കുന്നവരുടെ അടിയന്തിര ചികിത്സയ്ക്കായി ഇന്നലെ പ്രഖ്യാപിക്കപ്പെട്ട ട്രോമാ കെയർ സൗജന്യ ചികിത്സ പദ്ധതിയിൽ കഴിഞ്ഞ ആഴ്ച ബ്രിട്ടനിൽ എത്തി ആരോഗ്യ സംവിധാനത്തെ കുറിച്ച് പഠനം നടത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ശ്രദ്ധ മൂലമാണ് എന്ന് കൂടിയാണ് വ്യക്തമാകുന്നത്.

അടിയന്തിര ഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ മികച്ച ചികിത്സ സംവിധാനം ഒരുക്കുന്ന ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പ്രവർത്തന രീതികൾ കേരളത്തിലേക്ക് അതേവിധം പറിച്ചു നടാൻ കേരളത്തെ സഹായിക്കാൻ ഒരുങ്ങുന്നത് ബ്രിട്ടണിലെ ഏറ്റവും മികച്ച സർവ്വകലാശകളിൽ ഒന്നായ വാർവിക് യൂണിവേഴ്‌സിറ്റിയാണ്. ഇത് സംബന്ധിച്ച് സർവകലാശാലയിലെ വിദഗ്ധരും മലയാളി ജീവനക്കാരും ഉൾപ്പെടെയുള്ള സംഘവുമായി ഇക്കഴിഞ്ഞ 23, 24 തീയതികളിൽ രണ്ടു ദിവസം പൂർണ്ണമായും ചെലവിട്ടാണ് മന്ത്രി ശൈലജയും സംഘവും നാട്ടിലേക്കു മടങ്ങിയത്. യുകെയിലെ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേകതകൾ പഠിക്കാനും അത് കേരളത്തിൽ നടപ്പാക്കാൻ സഹായിക്കാമെന്ന വാർവിക് യൂണിവേഴ്‌സിറ്റിയുടെ വാഗ്ദാനത്തെ തുടർന്ന് വിദഗ്ധരുമായി ചർച്ചക്കാണ് മന്ത്രിയും സംഘവും എത്തിയത്.

യുകെയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിൽ ഒന്നായ വാർവിക് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ സൊസൈറ്റി ഏറെ ശ്രദ്ധ നേടിയ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുമായി ഇതിനകം തന്നെ പലവിധ സഹകരണ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്. ശശി തരൂർ എംപിയും പോണ്ടിച്ചേരി ലഫ്റ്റാന്റ് ഗവർണർ കിരൺ ബേദിയും ഒക്കെ വാർവിക് യൂണിവേഴ്‌സിറ്റിയിലെ സ്ഥിരം പ്രഭാഷകർ കൂടിയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളവുമായുള്ള സഹകരണം ഏറെ പ്രതീക്ഷകളോടെയാണ് വാർവിക് വിദഗ്ദ്ധർ കാണുന്നത്. പ്രത്യേകിച്ചും ഒട്ടേറെ മലയാളി ഫാക്കൽറ്റി അംഗങ്ങൾ യൂണിവേഴ്‌സിറ്റിയിൽ ഉള്ള നിലയ്ക്കും.

എൻ എച്ച് എസ് സംവിധാനത്തിലെ ജി പി ചികിത്സയടക്കം കേരളത്തിൽ പ്രാഥമിക ചികിത്സയിലും പരിശീലന പരിപാടികളിലും ഗവേഷണ രംഗത്തും ഒക്കെ ബ്രിട്ടീഷ് മോഡൽ പകർത്തുകയാണ് സഹകരണത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതുവഴി കേരളത്തിലെ ആരോഗ്യ ചികിത്സ സംവിധാനം അടിമുടി മാറുകയാണ് എന്നുറപ്പിക്കാം. ഓരോ പൗരനും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ എൻഎച്ച്എസ് ബ്രിട്ടീഷ് സർക്കാരിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ ബജറ്റിലെ പ്രധാന ഭാഗം തന്നെ എൻഎച്ച്എസ് പ്രവർത്തനത്തിന് മാറ്റി വയ്ക്കപ്പെടുകയാണ്.

ഈ രീതി കേരളത്തിൽ നടപ്പാക്കാനായാൽ വലിയ വിപ്ലവം തന്നെയാണ് സംഭവിക്കുക. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ വാർവിക് യൂണിവേഴ്‌സിറ്റിയിലെ ഡീൻ പ്രൊഫ് സുധേഷ് കുമാർ തന്നെ തയ്യാറാകുന്നതോടെ കൂടുതൽ വേഗതയാർന്ന നീക്കം വഴി ബ്രിട്ടീഷ് ആരോഗ്യ മേഖലയിലെ സദ്ഫലങ്ങൾ കേരളത്തിലും എത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ജനങ്ങളുടെ ഉയർന്ന ആയുർദൈർഘ്യവും പ്രമേഹം പോലുള്ള നിശബ്ദ രോഗങ്ങളുടെ അധിക സാന്നിധ്യവും ഒക്കെ ബ്രിട്ടീഷ് ആരോഗ്യ സംവിധാനത്തിന്റെ സഹായത്തോടെ തരണം ചെയ്യാനാകും എന്ന പ്രതീക്ഷയാണ് മുന്നിൽ ഉള്ളതെന്ന് ചർച്ചകളിൽ കേരളത്തിന് വേണ്ടി സംസാരിച്ച മന്ത്രി ശൈലജ വ്യക്തമാക്കി.

ഇത്തരം കാര്യങ്ങളിൽ അടിസ്ഥാന തലത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ബോധവൽക്കരിക്കുകയും മാർഗ്ഗ നിർദ്ദേശം ചെയ്യുകയുമാണ് ഉദ്ദേശം. സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനധൻ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ഡോ. സരിത ആർ എൽ, കേരള യൂണിവേഴ്സ്റ്റിറ്റി ഹെൽത്ത് ഡീൻ ഡോ. ഹരികുമാർ നായർ, പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന മുഖ്യമന്ത്രിയുടെ ടീം അംഗം ഡോ. ദേവകിരൺ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗവും മറ്റു ഡിപ്പാർട്ട്‌മെന്റുകളും സന്ദർശിച്ച സംഘം കവൻട്രി സിറ്റി ജിപി കേന്ദ്രവും മറ്റു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും മനസ്സിലാക്കുന്നതിനു ശ്രദ്ധ നൽകി. ആരോഗ്യ മേഖലയിലെ വിദഗ്ധരും വാർവിക് മെഡിക്കൽ സ്‌കൂൾ അംഗങ്ങളും സംഘത്തിന് പ്രവർത്തന രീതികൾ വിവരിച്ചു നൽകി. Chief Medical Officer and Deptuy Chief Executive Officer of UHCW NHS Trust പ്രൊഫ. മേഘ്‌ന പണ്ഡിറ്റാണ് ആശുപത്രി പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

അതേ സമയം, മന്ത്രിയുടെ സന്ദർശനം തികച്ചും ഔദ്യോഗികം ആയിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അടുത്തിടെ കേരളത്തിൽ നിന്നെത്തുന്ന നേതാക്കൾ പഴി കേൾക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ശൈലജയുടെ ബ്രിട്ടീഷ് സന്ദർശനം സ്വകാര്യ വ്യക്തികളുടെ പിടിയിലാകാതെ ഗുണകരമായ നേട്ടമായി മാറുന്നത്. കഴിഞ്ഞ മാസം മന്ത്രി ബാലനും എട്ടു എംഎൽഎമാരും ലക്ഷങ്ങൾ ചെലവിട്ടു പാർലമെന്റ് പഠനം നടത്താൻ എത്തിയപ്പോൾ പാർലമെന്റ് അടഞ്ഞു കിടന്നതിലൂടെ മാധ്യമ വിമർശനം നേരിടേണ്ടി വന്നത് പാർട്ടിയിലും ചർച്ച ആയിരുന്നു.

സർക്കാർ ഫണ്ട് ധൂർത്തടിച്ചു എന്ന് ആരോപണം കേട്ട സന്ദർശനത്തിൽ ഉൾപ്പെട്ട വിവാദ പുരുഷനായ എംഎൽഎ ഹോട്ടലും പബും കറങ്ങി നടന്നു കുടിച്ചു കൂത്താടിയതും പാർട്ടി കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് അടുത്ത നിയമ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎ മാരിൽ ഒരാൾ ഇത് സംബന്ധിച്ച് ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കാനും ശ്രമം നടത്തുന്നതായി വിവരം ലഭിച്ചു.

മന്ത്രി ബാലന്റെയും സംഘത്തിന്റെയും വരവിനു മുന്നോടിയായി കേരളത്തിൽ നിന്ന് തന്നെ യുകെയിലെ ഒട്ടേറെ വ്യക്തികളെ ഇമെയിൽ മുഖേനെ വിവരം അറിയിച്ചിരുന്നു. പേരിനു ചൂണ്ടിക്കാട്ടാൻ മലയാളം മിഷൻ ഉത്ഘാടനം നടത്താൻ മാത്രമാണ് ബാലനും സംഘത്തിനും കഴിഞ്ഞത്. ഈ ഒരു ചടങ്ങിനാണോ ദശ ലക്ഷങ്ങൾ ചെലവിട്ടു വൻസംഘം കേരളത്തിൽ നിന്നും യുകെയിൽ എത്തിയത് എന്ന ചോദ്യമാണ് പ്രധാനമായും നേരിടേണ്ടി വന്നത്. മാത്രമല്ല, വടംവലി നടക്കുന്നിടത്തും മത ചടങ്ങിലും ഒക്കെ എംഎൽഎമാരെ അതിഥികളായി ലഭിക്കാൻ നടത്തിയ ശ്രമങ്ങൾ സർക്കാർ തലത്തിൽ ഗൗരവമായ ഇടപെടലുകൾക്ക് കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തന്നെ ഭാവിയിൽ ഇത്തരം വിമർശനം കേൾക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായി വിവരം ലഭിച്ചു. ഇക്കാരണത്താൽ കൂടി ആയിരിക്കാം മന്ത്രി ശൈലജയുടെ സന്ദർശനം പരമ രഹസ്യമായി മാറിയതും യുകെ മലയാളികൾക്കിടയിലെ റാഞ്ചൽ വിദഗ്ദ്ധർക്ക് അവസരം ലഭിക്കാതെ പോയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP