Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യം കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞു, അവർക്കു വേണ്ടി ഹിജാബ് ധരിച്ചു: വെടിയേറ്റു വീണ അഭയാർത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കളെന്ന് ഉറക്കെ പറഞ്ഞു; 38 വയസു മാത്രം പ്രായമുള്ള വനിത പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന്; അതെ ജസിന്തയെ ബഹുമാനത്തോടെ സ്‌നേഹത്തോടെ അഭിമാനത്തോടെ വിളിക്കാം ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെന്ന്

രാജ്യം കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞു, അവർക്കു വേണ്ടി ഹിജാബ് ധരിച്ചു: വെടിയേറ്റു വീണ അഭയാർത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കളെന്ന് ഉറക്കെ പറഞ്ഞു; 38 വയസു മാത്രം പ്രായമുള്ള വനിത പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന്; അതെ ജസിന്തയെ ബഹുമാനത്തോടെ സ്‌നേഹത്തോടെ അഭിമാനത്തോടെ വിളിക്കാം ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെന്ന്

മറുനാടൻ ഡെസ്‌ക്‌

അതെ അവരെ നോക്കി നമുക്ക് തലയെടുപ്പോടെ പറയാം ലോകം കണ്ട മികച്ച പ്രധാനമന്ത്രിയെന്ന്, ലോക നേതാവെന്ന്. മികച്ച വനിതയെന്ന്. അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത കേറ്റ് ലോറൽ ആഡേൺ. ഒരു രാജ്യത്തിലുപരി ലോകത്തിന്റെ തന്നെ ഹൃദയത്തിലേക്കാണ് അവർ ചേക്കേറിയത്. മനുഷ്യത്വത്തിന്റെ ആൾരൂപം. ജാതി- മത ഭേതമില്ലാതെ സ്വന്തം രാജ്യത്തെ പൗരന്മാർക്ക് വേണ്ടി സാധാരണക്കാർക്കൊപ്പം നിന്ന് അവരിലൊരാളായി കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി. അവർ ലോകത്തിന് കാണിച്ചുകൊടുത്തത് ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന്.

ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ വെടിവെയ്‌പ്പുണ്ടായപ്പോൾ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് അവർ തന്റെ രാജ്യത്തുകൊല്ലപ്പെട്ട മുസ്ലിം പൗരന്മാർക്കു വേണ്ടി ഹിജാബ് ധരിച്ചെത്തി.വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വാസിപ്പിക്കാൻ ജസിന്തയെത്തി. അവരേ ചേർത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള പണം അവർ നൽകി.
അതുകണ്ട് ലോകം ഒരേ സ്വരത്തിൽ പറഞ്ഞു അവരെ കണ്ടു പഠിക്കു എന്ന്.

വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ ജസിന്ത ഹിജാബ് ധരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വെടിവെയ്‌പ്പിന് ശേഷം ദുഃഖം പങ്കുവച്ചു കൊണ്ട് ജസിന്ത പറഞ്ഞ വാക്കുകൾ ലോകം മുഴുവനുള്ള മനുഷ്യസ്നേഹികളുടെ ഹൃദയം തൊട്ടു. ന്യൂസിലൻഡ് നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ് ഇത്. എ്രതപേർ മരിച്ചു എത്രപേർക്ക് പരിക്കുപറ്റി എന്ന് വിശദീകരിക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്.

ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലൻഡിൽ താമസമാക്കിയ മറ്റുരാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാൻ ആഗ്രഹിച്ച് എത്തിയ അവരുടേതു കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെയ്‌പ്പ് നടത്തിയ ന്യൂസിലൻഡുകാരല്ല ഇവിടെ വെടിയേറ്റു വീണ അഭയാർത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കൾ, അവരാണ് നമ്മൾ, ജസിന്ത വേദനയോടെ പറഞ്ഞു.

വെറും 38 വയസു മാത്രം പ്രായമുള്ള വനിത പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കൂടിയാണെന്ന് ലോകം ഒന്നടങ്കം പറയുന്നു. പല നേതാക്കളും ഇവരുടെ രാജ്യത്തിനായുള്ള കരുതലും ജനങ്ങളോടുള്ള സ്‌നേഹവും കണ്ടു പഠിക്കണമെന്ന് പറയുന്നു. ലേബർപാർട്ടിയുടെ പ്രവർത്തകയായ ഇവർ 2017 ഓഗസ്റ്റ് 1 മുതൽ പാർട്ടി നേതാവാണ്. 2008 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001 ൽ വൈകാറ്റൊ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ ശേഷം ഇവർ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായി ജോലി ആരംഭിച്ചു. ഇതിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേശകയായി ജോലി ചെയ്തു. 2008 ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്തുമത വിശ്വാസിയും സഭാംഗവുമായിരുന്നിട്ടും എൽ.ജി.ബി.ടിയുടെ അവകാശവുമായി ബന്ധപ്പെട്ട് സഭയുമായി വ്യത്യസ്ത അഭിപ്രായം ഉണ്ടായതിന്റെ പേരിൽ 2005 ൽ സഭവിട്ടു. 2015 ൽ താനൊരു അവിശ്വാസിയാണെന്ന് ആഡേൺ പ്രഖ്യാപിച്ചു. 2018 ജൂണിൽ പ്രധാനമന്ത്രിയായിരിക്കെ അവർ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി. ഇതോടെ ഗർഭിണിയാകുന്ന ആദ്യത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രിയായി ഇവർ.

 പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുൻപ് നൽകിയ അഭിമുഖത്തിൽ ജസിന്ത പറഞ്ഞത് ഇങ്ങനെ: ''ജോലിയിലിരിക്കെ അമ്മയാകുന്ന ലോകത്തിലെ ആദ്യ സ്ത്രീയൊന്നുമല്ല ഞാൻ. ലോകത്ത് എത്രയോ ലക്ഷം സ്ത്രീകൾ ഈ ചുമതലകൾ നന്നായി നിർവഹിക്കുന്നു...'ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡ് ആണ് ആഡേണിന്റെ ജീവിത പങ്കാളി.സ്വന്തം പേരിൽ ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്ന ഇവരുടെ പാഡിൽസ് എന്ന് പേരായ പൂച്ച, ആഡേൺ അധികാരമേറ്റപ്പോൾ 'പ്രഥമ മാർജ്ജാരൻ' എന്ന പേരിൽ പ്രശസ്തനായി.

1990 പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കു ശേഷം ഒരു രാഷ്ട്രനേതാവ് അധികാരത്തിൽ ഇരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ന്യൂസിലൻഡിൽ ഉണ്ടായ ദുരന്ത സംഭവത്തിനു ശേഷം രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിലുള്ള ലൈസെൻസ് നൽകുന്ന നിയമത്തിൽ കൂടുതൽ മാറ്റം വരുത്തുമെന്ന ജെസിക്കയുടെ പ്രസ്ഥാവന ന്യൂസിലൻഡ് ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP