Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ശിശു മരിച്ചു; ചികിത്സാപിഴവ് മൂലമെന്ന പരാതിയുമായി ബന്ധുക്കൾ; പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ യുവതിക്ക് ഫ്‌ളൂയിഡ് പുറത്തുപോയെങ്കിലും ഡോക്ടർ അവഗണിച്ചെന്ന് പരാതി; രണ്ടര വർഷത്തിന് ശേഷം കൺമണിക്കായി കാത്തിരുന്ന വിഷ്ണുരാജിനും രേണുവിനും സങ്കടകണ്ണീർ ബാക്കി

കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ശിശു മരിച്ചു; ചികിത്സാപിഴവ് മൂലമെന്ന പരാതിയുമായി ബന്ധുക്കൾ; പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ യുവതിക്ക് ഫ്‌ളൂയിഡ് പുറത്തുപോയെങ്കിലും ഡോക്ടർ അവഗണിച്ചെന്ന് പരാതി; രണ്ടര വർഷത്തിന് ശേഷം കൺമണിക്കായി കാത്തിരുന്ന വിഷ്ണുരാജിനും രേണുവിനും സങ്കടകണ്ണീർ ബാക്കി

ആർ പീയൂഷ്

തിരുവനന്തപുരം: ക്നാനായ സഭയുടെ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചു. പ്രസവ സമയത്ത് കുഞ്ഞ് മരണപ്പെട്ടത് ചികിത്സാ പിഴവ് മൂലമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിനും അവിടുത്തൈ ഡോക്ടർ ഹരീഷ് ചന്ദ്രൻ നായർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മല്ലപ്പള്ളി തെള്ളിയൂർ രാജ് നിവാസിൽ രാജശേഖരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജശേഖരന്റെ മകൻ വിഷ്ണുരാജിന്റെ ഭാര്യ രേണുവിന്റെ പ്രസവത്തെതുടർന്നാണ് കുഞ്ഞ് മരിച്ചത്. ഇത് കാരിത്താസിലെ ചികിത്സാ പിഴവ് മൂലമെന്നാണ് രാജശേഖരൻ ആരോപിക്കുന്നത്.

രാജശേഖരന്റെ മകന്റെ വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തിന് ശേഷമാണ് മരുമകൾ രേണുവിഷ്ണുരാജ് ഗർഭിണി ആകുന്നത്. 2018 മെയ്മാസം മുതൽ കാരിത്താസ് ഹോസ്പിറ്റലിലാണ് പ്രസവ സംബന്ധമായ ചികിത്സകൾ നടത്തി വന്നത്. പ്രസവ തീയതി അടുത്ത് വന്നതോടെ സെപ്റ്റംബർ 16 ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റാകുകയും ചെയ്തു. അടുത്ത ദിവസം തന്നെ പ്രസവ സംബന്ധമായ സൂചനകൾ രേണു കാണിച്ചു. അംനിയോട്ടിക് ഫ്ളൂയിഡ് പുറത്തേക്ക് വരാനും തുടങ്ങിയതോടെ വേഗം തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞതോടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവായതിനാൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. സമ്മത പത്രം ഒപ്പിട്ട് സിസേറിയൻ നടത്തി. എന്നാൽ കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ജീവൻ ഉണ്ടായിരുന്നില്ല. തുടർന്ന് കുട്ടി ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരണപെട്ടു എന്നാണ് ബന്ധുക്കളെ അറിയിച്ചത്.

കുട്ടികളുണ്ടാകാത്തതിനാൽ ഏറെ നാളായി ചികിത്സയിലായിരുന്നു വിഷ്ണുരാജും രേണുവും. തുടർന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു ഗർഭിണിയാകുന്നത്. അതിന് ശേഷമാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. അതിനാൽ തന്നെ ആശുചത്രി അധികൃതരുടെ പിഴവാണ് കുഞ്ഞിന്റെ മരണകാരണം എന്നാണ് രാജശേഖരൻ തന്റെ പരാതിയിൽ പറയുന്നത്.

17 ന് രാവിലെ അഞ്ച് മണിക്ക് പ്രസവ മുറിയിൽ പ്രവേശിപ്പിച്ചതാണ് രേണുവിനെ. അപ്പോൾ തന്നെ അംനിയോട്ടിക് ഫ്ളൂയിഡ് പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ സുഖപ്രസവത്തിനായി ഡോക്ടർ കാത്തിരിക്കുകയായിരുന്നു. ഫ്ളൂയിഡ് പുറത്ത് പോയതിനാൽ ഗർഭസ്ഥ ശിശുവിന് അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് സിസേറിയൻ നടത്തണെ എന്ന് ഡോക്ടർ തീരുമാനിക്കുന്നത്. കൂടാതെ ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിലാണ് കുഞ്ഞുണ്ടായത്. അതിനാൽ ക്രിട്ടിക്കൽ കോംപ്ലിക്കേറ്റഡ് പ്രഗൻസി എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്ന കേസ് ആയിരുന്നിട്ടും പ്രത്യേക കെയർ നൽകിയില്ല.

അംനിയോട്ടിക് ഫ്ളൂയിഡ് പുറത്ത് പോയിട്ടും മണിക്കൂറകൾക്ക് ശേഷം സിസേറിയൻ നടത്തിയതിനാലാണ് കുഞ്ഞ് മരിക്കാൻ കാരണം. അംനിയോട്ടിക് ഫ്ളൂയിഡാണ് ഗർഭസ്ഥശിശുവിന് വേണ്ട ഓക്സിജൻ നൽകുന്നത്. കൂടാതെ കുഞ്ഞിന് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ പ്രതിരോധിക്കുന്നതും ഈ ഫ്ളൂയിഡാണ്. ഫ്ളൂയിഡ് പുറത്തേക്ക് പോയതിനാൽ കുഞ്ഞ് അപകടകരമായ അവസ്ഥയിലാണ് എന്ന് മനസ്സിലാക്കിയിട്ടും എന്തുകൊണ്ടാണ് സിസേറിയൻ നടത്താൻ വൈകിയത് എന്ന ചോദ്യവും ബന്ധുക്കൾ ഉയർത്തുന്നു. രാവിലെ പ്രവേശിപ്പിച്ചതിന് ശേഷം യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാ എന്ന് വൈകിട്ട് 3.30 ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിൽ നിന്നൊക്കെ മനസ്സിലാക്കാവുന്നത് ഡോക്ടറുടെ അശ്രദ്ധ തന്നെയാണ് എന്ന് തന്നെയാണ്.

ക്രിട്ടിക്കൽ സ്റ്റേജിലാണ് എന്നറിയിച്ച് വൈകിട്ട് 5.30 ന് സിസേറിയനായുള്ള സമ്മത പത്രം ഒപ്പിട്ട് വാങ്ങിയിട്ട് വീണ്ടം അരമണിക്കൂറിന് ശേഷമാണ് സർജറിക്കായി പ്രവേശിപ്പിച്ചതത്. അത് വരെ വെറുതെ അവിടെ കിടത്തിിരുന്നതായാണ് രേണു ബന്ധുക്കളോട് പറഞ്ഞത്. മരണ സർട്ടിഫിക്കറ്റിൽ കുട്ടിയെ 6.35 ന് പുറത്തെടുത്തു എന്ന് പറയുന്നുണ്ട്. എന്നാൽ രാത്രിയി എട്ടുമണി വരെ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടില്ല. 8.30 ന് ശേഷം ഡോക്ടർ എത്തി കുട്ടിയെ എൻ.ഐ.സി.യുവിലേക്ക് മാറ്റി എന്നു മാത്രം അറിയിച്ചു.

എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് അവിടെ ചികിത്സിച്ച നിയോണറ്റോളജിസ്റ്റ് ഡോക്ടർ സാജൻ പറയുന്നത്. മൂന്ന് തുള്ളി അഡ്രിനാലിൻ കുത്തി വച്ചതിന് ശേഷമാണ് ഹൃദയമിടിപ്പ് ഉണ്ടായതെന്നും കുട്ടി കൈകാലുകൾ അനക്കിയിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ നിന്നെല്ലാം ഡോക്ടർ ഹരീഷ് ചന്ദ്രൻ നായരുടെ ചികിത്സാ പിഴവ് തന്നെയാണ് മനസ്സിലാക്കുന്നതെന്ന് പരാതിക്കാരനായ രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡോക്ടർക്കെതിരെയും കാരിത്താസ് ഹോസ്പിറ്റലിനെതിരെയും രാജശേഖരൻ ആരോഗ്യ വകുപ്പ് മന്ത്രിക്കും പൊലീസിനും വിവിധ ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുകയാണ്. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും വരെ നിയമ പോരാട്ടം നടത്തുമെന്നും മറ്റൊരാൾക്കും ഇത്തരത്തിലൊരു ഗതി ഇനി വരാനിടവരരുതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP