Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വ്യവസായ മേഖലയിൽ എല്ലാ തൊഴിലുകളും താൽക്കാലികം; മുതലാളിമാർക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാം; സ്ഥിരം തൊഴിൽ എന്ന സ്വപ്‌നം ഇല്ലാതാക്കി കേന്ദ്ര സർക്കാർ പുത്തൻ വിജ്ഞാപനം ഇറക്കി: തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന മോദി സർക്കാറിന്റെ പുത്തൻ പരിഷ്‌ക്കാരം കുത്തകകളെ സഹായിക്കാനോ? എതിർപ്പുമായി ബിജെപിയുടെ തൊഴിൽ സംഘടനകളും രംഗത്ത്

ഇനി വ്യവസായ മേഖലയിൽ എല്ലാ തൊഴിലുകളും താൽക്കാലികം; മുതലാളിമാർക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാം; സ്ഥിരം തൊഴിൽ എന്ന സ്വപ്‌നം ഇല്ലാതാക്കി കേന്ദ്ര സർക്കാർ പുത്തൻ വിജ്ഞാപനം ഇറക്കി: തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന മോദി സർക്കാറിന്റെ പുത്തൻ പരിഷ്‌ക്കാരം കുത്തകകളെ സഹായിക്കാനോ? എതിർപ്പുമായി ബിജെപിയുടെ തൊഴിൽ സംഘടനകളും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന പുത്തൻ പരിഷ്‌ക്കാരവുമായി മോദി സർക്കാർ. സാധാരണക്കാരന്റെ ജീവിതം തുലാസിലാക്കുന്നതരത്തിൽ തൊഴിൽ നിയമത്തിൽ ഭേദഗതി ചെയ്താണ് കേന്ദ്രസർക്കാർ വ്യവസായിക തൊഴിൽ മേഖലയിൽ വൻ അഴിച്ചു പണി നടത്തിയിരിക്കുന്നത്. സ്ഥിരം തൊഴിൽ എന്ന ജനങ്ങളുടെ സ്വപ്‌നത്തിന് കത്തി വെച്ച് നിശ്ചിതകാല താൽക്കാലിക കരാർ തൊഴിൽ ഏർപ്പെടുത്താനാണ് മോദി സർക്കാറിന്റെ നീക്കം. ഇതിനായി 'ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ്(സ്റ്റാൻഡിങ് ഓർഡേഴ്സ്) കേന്ദ്ര ഭേദഗതി ചട്ടം 2018' തൊഴിൽമന്ത്രാലയം വിജ്ഞാപനം ചെയ്തു.

ഇതുപ്രകാരം വ്യാവസായിക തൊഴിൽമേഖലയിൽ സ്ഥിരം സ്വഭാവത്തോടെയുള്ള നിയമനം ഇല്ലാതായി. ഇനിമുതൽ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി തൊഴിലുടമകൾക്ക് നിയമനം നടത്താം. അതായത് മുതലാളിമാർക്ക് ഇനി എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം. ചുരുങ്ങിയ കാലയളവിലേക്ക് നിയമിക്കുന്നവരെപ്പോലും രണ്ടാഴ്ചത്തെ നോട്ടീസ് നൽകി പിരിച്ചുവിടാനും പുതിയ വിജ്ഞാപനം തൊഴിലുടമകൾക്ക് അധികാരം നൽകുന്നു.

അതേസമയം നൂറിൽക്കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോൾ 1946-ലെ സ്റ്റാൻഡിങ് ഓർഡർ നിയമം ബാധകമാണ്. ആ നിയമത്തിന്റെ ചട്ടമാണ് ഭേദഗതിചെയ്തിരിക്കുന്നത്. തൊഴിലാളി യൂണിയനുകളേയോ പാർലമെന്റിനെ അറിയിക്കാതെയും രാജ്യത്തെ തൊഴിൽ ശക്തിയുടെ ഗണ്യമായ വിഭാഗത്തെ ബാധിക്കുന്ന ഈ പുതിയ പിരഷ്‌ക്കാരം മോദി സർക്കാർ നടപ്പിലാക്കിയത് കുത്തകകൾക്ക് വേണ്ടിയാണെന്നുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.

എല്ലാ ആനുകൂല്യങ്ങളോടെയുമാകും നിശ്ചിത കാലയളവ് തൊഴിലെന്ന് തൊഴിൽമന്ത്രാലയം അവകാശപ്പെടുന്നു. പിഎഫ്, ഇഎസ്‌ഐ തുടങ്ങി സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും 'നിശ്ചിത കാലയളവ്' തൊഴിലാളികൾക്കും ലഭിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ, ചുരുങ്ങിയത് അഞ്ചുവർഷം സർവീസ് ആവശ്യമായ ഗ്രാറ്റുവിറ്റിപോലുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുമില്ല.

അതേസമയം നിലവിലെ സ്ഥിരംതൊഴിലാളിയെ താത്കാലിക, നിശ്ചിതകാല തൊഴിലാളി ആക്കിമാറ്റാൻ പാടില്ല. നിശ്ചിതകാല തൊഴിലാളിയുടെ ജോലിസമയം, ശമ്പളം, അലവൻസുകൾ മറ്റാനുകൂല്യങ്ങൾ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനെക്കാൾ കുറയരുത്. സ്ഥിരം തൊഴിലാളിക്ക് മറ്റുനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ അതിനാവശ്യമായ സേവനകാലാവധി നോക്കാതെതന്നെ, സേവനം ചെയ്തകാലത്തിന് ആനുപാതികമായി നൽകുകയും വേണം.

മൂന്നുമാസം തുടർച്ചയായി ജോലിചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ചത്തെ മുൻകൂർ നോട്ടീസ് നൽകി വേണമെങ്കിൽ പിരിച്ചുവിടാം. എന്നാൽ, താത്കാലിക തൊഴിലാളിയെ ശിക്ഷാനടപടിയുടെ പേരിൽ ഇത്തരത്തിൽ പിരിച്ചുവിടരുത്. ശിക്ഷിക്കാനാണ് പിരിച്ചുവിടുന്നതെങ്കിൽ നേരത്തേ വിശദീകരണം ചോദിക്കണം.

കരാർ പുതുക്കാതിരിക്കുമ്പോൾ തൊഴിലുടമ അതിന്റെ കാരണം വിശദീകരിക്കുകയോ നോട്ടീസ് നൽകുകയോ ചെയ്യേണ്ടതില്ല. അവധിയിലുള്ള സ്ഥിരംതൊഴിലാളി തിരിച്ചുവരുമ്പോൾ, പകരം നിയമിച്ച താത്കാലിക തൊഴിലാളിയെ പിരിച്ചുവിടാമെങ്കിലും കാരണം രേഖാമൂലം അറിയിക്കുകയും വേണം.

വ്യാവസായിക തൊഴിൽമേഖലയിൽ തൊഴിലുകളെ നിശ്ചിത കാലയളവിലേക്കുമാത്രമായി പരിമിതപ്പെടുത്താൻ തൊഴിലുടമകൾക്ക് അനുമതി നൽകിയുള്ളതാണ് വിജ്ഞാപനം. വസ്ത്രനിർമ്മാണമേഖലയിൽ നേരത്തെതന്നെ 'നിശ്ചിത കാലയളവ് തൊഴിൽ' സമ്പ്രദായം മോദി സർക്കാർ കൊണ്ടുവന്നു. പിന്നീട് തുകൽ, പാദരക്ഷ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചു.

സമസ്ത വ്യാവസായിക തൊഴിൽമേഖലകളിലേക്കും നിശ്ചിത കാലയളവ് നിയമനരീതി വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 1946ലെ വ്യാവസായിക തൊഴിൽ (സ്റ്റാൻഡിങ് ഓർഡേഴ്‌സ്) നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി തൊഴിൽമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം തൊഴിലാളി സംഘടനകൾ ഒന്നടങ്കം ഇതിനെതിരെ രംഗത്ത്് വന്നിട്ടുണ്ട്.

ട്രേഡ് യൂണിയനുകളുമായി ഒരു കൂടിയാലോചനയും നടത്താതെ തികച്ചും ഏകപക്ഷീയമായാണ് സർക്കാർ നടപടി. കുത്തകകളെ സംരക്ഷിക്കുന്ന വിധത്തിലുള്ള സർക്കാരിന്റെ ഈ നടപടിക്കെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനകൾ അടക്കം രംഗത്തെത്തി. എന്നാൽ ഈ നിയമവുമായി മുന്നോട്ട് പോകാൻ തന്നെയാണ് മോദി സർക്കാരിന്റെ തീരുമാനം.

കുത്തകവ്യവസായികളുടെ താൽപ്പര്യസംരക്ഷണം മാത്രമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് ആവർത്തിച്ച് വെളിപ്പെടുത്തുന്നതാണ് വിജ്ഞാപനമെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ചൂണ്ടിക്കാട്ടി.

ബജറ്റിൽ ധനമന്ത്രി ഇക്കാര്യം പറഞ്ഞപ്പോൾത്തന്നെ ട്രേഡ് യൂണിയനുകൾ ശക്തമായി എതിർത്തിരുന്നു. ഈ വ്യവസ്ഥ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ തൊഴിൽമന്ത്രിക്ക് കത്തയച്ചു. നേരത്തെ വാജ്‌പേയിസർക്കാർ നടപ്പാക്കിയ ഈ പരീക്ഷണം പിന്നീട് യുപിഎ സർക്കാർ തിരുത്തി. ഇപ്പോൾ ബിജെപി സർക്കാർ വീണ്ടും നടപ്പാക്കുന്ന ഈ തൊഴിലാളിവിരുദ്ധ നടപടി ക്കെതിരായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എ കെ പി പറഞ്ഞു.

തൊഴിലാളിവിരുദ്ധമായ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് ബിഎംഎസ് പ്രസിഡന്റ് സജി നാരായണൻ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം ഏകപക്ഷീയമാണ്. ഐഎൽഒ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടി തൊഴിൽമേഖലയിലെ പിരിച്ചുവിടൽ വ്യാപകമാക്കും സജി നാരായണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP