Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രംപിനെ മൂന്നാമനും പുട്ടിനെ രണ്ടാമനും ആക്കി ചൈനീസ് പ്രസിഡന്റ് ലോകത്തെ ഏറ്റവും ശക്തനായ നേതാവായി; മോദി ഒമ്പതാമത്തെ കരുത്തനായപ്പോൾ എട്ടാമത് എത്തിയത് സൗദി കിരീടാവകാശി; ലോകത്തെ ശക്തരായ 75 നേതാക്കളിലും മുകേഷ് അംബാനിയും സത്യ നദെല്ലയും; ഫോർബ്സ് മാഗസിന്റെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം പിടിച്ചവർ ഇവർ

ട്രംപിനെ മൂന്നാമനും പുട്ടിനെ രണ്ടാമനും ആക്കി ചൈനീസ് പ്രസിഡന്റ് ലോകത്തെ ഏറ്റവും ശക്തനായ നേതാവായി; മോദി ഒമ്പതാമത്തെ കരുത്തനായപ്പോൾ എട്ടാമത് എത്തിയത് സൗദി കിരീടാവകാശി; ലോകത്തെ ശക്തരായ 75 നേതാക്കളിലും മുകേഷ് അംബാനിയും സത്യ നദെല്ലയും; ഫോർബ്സ് മാഗസിന്റെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം പിടിച്ചവർ ഇവർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: 2018ലെ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ ലിസ്റ്റ് ഫോർബ്സ് മാഗസിൻ പുറത്ത് വിട്ടു. ഇത് പ്രകാരം ചൈനീസ് പ്രസിഡന്റായ സി ജിൻപിൻഗാണ് ലോകത്തെ ഏറ്റവും ശക്തനായ നേതാവായി മാറിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മൂന്നാം സ്ഥാനത്തേക്കും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനെ രണ്ടാം സ്ഥാനത്തേക്കും തള്ളിമാറ്റിക്കൊണ്ടാണ് ചൈനീസ് പ്രസിഡന്റ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഒമ്പതാമത്തെ കരുത്തനായപ്പോൾ എട്ടാമത് എത്തിയത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണ്.

ഇത്തരത്തിൽ ലോകത്തെ ഏറ്റവും ശക്തരായ 75 വ്യക്തികളിൽ പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുംമൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറും ഇന്ത്യൻ അമേരിക്കനുമായ സത്യ നദെല്ലയും ഇടം പിടിച്ചിട്ടുണ്ട്. 2013 മുതൽ ഫോർബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പുട്ടിൻ നിലകൊണ്ടിരുന്നത്. എന്നാൽ ഇപ്രാവശ്യം അദ്ദേഹത്തിന് രണ്ടാമനായി തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. മാർച്ചിൽ ചൈനയിലെ കോൺഗ്രസ് ഭരണഘടനാ ഭേദഗതി വരുത്തിയതിനെ തുടർന്ന് ജിൻപിൻഗ് ഒന്നാം സ്ഥാനത്തെത്തിയതെന്നാണ് ഫോർബ്സ് പറയുന്നത്.

ഇതിലൂടെ അദ്ദേഹത്തിന്റെ സ്വാധീനം വർധിക്കുകയും ടേം പരിധി ഇല്ലാതാവുകയുമായിരുന്നു. ഇതിലൂടെ മാവോ സേതൂങ്ങിന് ശേഷം ഏറ്റവും അധികാരമുള്ള ചൈനീസ് ഭരണാധികാരിയായി ജിൻപിൻഗ് മാറിയെന്നാണ് ഫോർബ്സ് പറയുന്നത്. പുതിയ ലിസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ 14ാം സ്ഥാനത്താണ്. എന്നാൽ ഫേസ്‌ബുക്ക് സ്ഥാപകനാ മാർക്ക് സുക്കർബർഗിന് 13ാം സ്ഥാനത്തെത്താൻ സാധിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ 12ാം സ്ഥാനത്താണ്. പ്രസിഡന്റായതിന് ശേഷം ട്രംപ് ഒരു വർഷം തികച്ചതിനിടെ തന്റെ പാർട്ടി നിയന്ത്രിക്കുന്ന കോൺഗ്രസിലൂടെ തന്റെ അജൻഡ നടപ്പിലാക്കുന്നതിൽ ട്രംപ് ഒരു പരിധി വരെ മാത്രമേ വിജയിച്ചുള്ളുവെന്നും അതാണ് അദ്ദേഹത്തിന്റെ സ്ഥാനം താണ് പോകാൻ കാരണമെന്നും ഫോർബ്സ് വിശദീകരിക്കുന്നു.

കാലമെത്തുന്നതിന് മുമ്പെ പൊതുതെരഞ്ഞെടുപ്പ് നടത്തി ടോറികൾക്ക് ഉള്ള ഭൂരിപക്ഷം കൂടി നഷ്ടപ്പെടുത്തിയതാണ് തെരേസയുടെ സ്ഥാനം താഴാൻ കാരണമെന്നും മാഗസിൻ വെളിപ്പെടുത്തുന്നു. ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനി ലിസ്റ്റിൽ 32ാം സ്ഥാനത്താണുള്ളത്. സത്യ നദെല്ല ഫോർബ്സ് പട്ടികയിൽ 40ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. ജർമൻ ചാൻസലർ ഏയ്ജല മെർകൽ നാലാം സ്ഥാനത്തും പോപ്പ് ഫ്രാൻസിസ് ആറാം സ്ഥാനത്തും ബിൽഗേറ്റ്സ് ഏഴാം സ്ഥാനത്തുമാണ് ലിസ്റ്റിൽ നില കൊള്ളുന്നത്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് 26ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഉത്തരകൊറിയയുടെ ശക്തനായ തലവൻ കിം ജോൻഗ് ഉന്നിന് 36ാം സ്ഥാനത്ത് മാത്രമേ എത്താൻ സാധിച്ചിട്ടുള്ളൂ. തുർക്കി പ്രസിഡന്റ് റികെപ് തയിപ് എർഡോഗന് ലിസ്റ്റിൽ 48ാം സ്ഥാനമാണുള്ളത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂ ലോകത്തിലെ 57ാമത്തെ ശക്തനായ നേതാവാണ്. പാക്കിസ്ഥാനിലെ നിലവിലുള്ള ആർമി ചീഫായ ക്വാമർ ജാവേദ് ബജ് വ ലിസ്റ്റിൽ 68ാം സ്ഥാനത്ത് നിലകൊള്ളുന്നു. ഐസിസ് തലവനായ അബു ബക്കർ ബാഗ്ദാദി ലിസ്റ്റിൽ 73ാം സ്ഥാനത്താണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP