Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രീസിലും സ്ത്രീ പ്രവേശനമില്ലാത്ത ആരാധന കേന്ദ്രം ഉണ്ടെന്നു ബിബിസി; മൗണ്ട് എതോസിൽ സ്ത്രീകൾക്ക് മാത്രമല്ല പെൺ മൃഗങ്ങൾക്കും പ്രവേശനമില്ല; ലോകത്തു പലയിടത്തും ശബരിമല പോലെ ആചാരം നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ എത്തുമോ?

ഗ്രീസിലും സ്ത്രീ പ്രവേശനമില്ലാത്ത ആരാധന കേന്ദ്രം ഉണ്ടെന്നു ബിബിസി; മൗണ്ട് എതോസിൽ സ്ത്രീകൾക്ക് മാത്രമല്ല പെൺ മൃഗങ്ങൾക്കും പ്രവേശനമില്ല; ലോകത്തു പലയിടത്തും ശബരിമല പോലെ ആചാരം നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ എത്തുമോ?

മറുനാടൻ ഡെസ്‌ക്‌

ബരിമലയിൽ യുവതികളായ സ്ത്രീകൾക്ക് പ്രവേശനം ഇല്ലെന്നത് കോടതിക്ക് മുന്നിൽ ലിംഗ സമത്വത്തിനു എതിരായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ഇത്തരം ആചാരങ്ങൾ ലോകത്തു പലയിടത്തും നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബിബിസി രംഗത്ത് എത്തി. ഒരു പക്ഷെ ഇത്തരം ആരാധന കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതുകൊണ്ടായിരിക്കാം ശബരിമലയിൽ ആചാരം ചോദ്യപ്പെടുന്നത്. ജപ്പാനിലെ ഒകിനോഷിമയിൽ ഒരു വർഷം വെറും 200 പേരെയാണ് പ്രവേശിപ്പിക്കുക.

ആർത്തവ കാലവും കടൽ മാർഗം എത്തണമെന്ന ദുർഘട സഞ്ചാര പാതയും കൂടിയാകാം സ്ത്രീകൾക്ക് ഓകിനോഷിമയിൽ ഇത്തരം വിലക്കുണ്ടാകാൻ കാരണം എങ്കിൽ ഗ്രീസിലെ മൗണ്ട് എതോസിൽ സ്ത്രീകൾക്ക് മാത്രമല്ല, പെൺ മൃഗങ്ങൾക്കും പ്രവേശനമില്ല. യുവതികളായ സ്ത്രീകൾക്ക് മാത്രം പ്രവേശന നിഷേധം എന്ന് പറയുമ്പോഴും ശബരിമല തർക്ക സ്ഥലമായി മാറുന്നത് ലിംഗ നീതിയുടെ പേരിൽ ആണെന്നത് ആചാരം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തങ്ങളുടെ വാദം കൃത്യമായി അവതരിപ്പിക്കാൻ പരാജയപ്പെട്ടതുകൊണ്ടു കൂടിയാണ് ലോകത്തു ഇന്നും വികസിത രാജ്യങ്ങളിൽ പോലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തൽ നൽകുന്ന സൂചന.

പ്രാചീന കാലം മുതൽ ഉള്ള റഷ്യൻ ഓർത്തോഡോക്സ് സന്യാസ സമൂഹമാണ് മൗണ്ട് എതോസ് നിയന്ത്രിക്കുന്നത്. അടുത്ത കാലത്തു റഷ്യൻ പ്രസിഡന്റ് ഗ്രീസിൽ എത്തിയപ്പോൾ ഇവിടം സന്ദർശിക്കാൻ തയ്യാറായതോടെയാണ് എത്യോസ് വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോൾ യുവ സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ തർക്കമായി മാറിയപ്പോൾ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വിദേശ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇത്തരം അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എന്നതും കൗതുകമാണ്. ജപ്പാനിലെ ഓകിനോഷിമയുടെ കാര്യം മലയാളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതും ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയുമാണ്.

എതോസിൽ ഏറ്റവും കുറഞ്ഞത് ആയിരം വർഷം എങ്കിലും റഷ്യൻ സന്യാസ സമൂഹത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. കടലിനോടു ചേർന്ന് 335 സ്‌ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന മൗണ്ട് എതോസ് തന്നെയാകാം ലോകത്തിൽ സ്ത്രീ പ്രവേശനം ഇല്ലാത്ത ഏറ്റവും വലിയ പ്രദേശം എന്നും കണക്കാക്കപ്പെടുന്നു. മൗണ്ട് എതോസിൽ പ്രവേശിക്കണമെങ്കിലും കടമ്പകൾ ഏറെയാണ്. ജപ്പാനിലെ ഓകിനോഷിമയിലേതു പോലെ ചുരുക്കം ആളുകളെയാണ് ഇവിടെയും പ്രവേശിപ്പിക്കുന്നത്. സന്ദർശനം നടത്താൻ മൗണ്ട് എതോസ് പിൽഗ്രിം ബ്യുറോയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നൽകിയാൽ ദിവസം നൂറു ഓർത്തോഡോക്സ് വിശ്വാസികളെയും അല്ലാത്ത പത്തു പേരെയുമാണ് കടത്തി വിടുക. പുരുഷന്മാരോടൊപ്പം സ്ത്രീകൾ വന്നാൽ ഫെറി കടക്കും മുൻപ് അവരെ എതോസിന് ചേർന്നുള്ള കടൽ തീരങ്ങളിൽ താമസിപ്പിക്കും.

മൗണ്ട് എതോസിൽ കഴിഞ്ഞ ആയിരം വർഷത്തിനുള്ളിൽ ഒരു സ്ത്രീ പോലും കടന്നിട്ടില്ലത്രെ. തീരത്തിന് അഞ്ഞൂറ് മീറ്റർ അകലെ ഇവരെ തടയും. ഇതാണ് രീതി. ഇത് മറികടക്കാൻ ഇക്കാലമത്രയും ആരും ശ്രമിച്ചിട്ടുമില്ല. മൗണ്ട് എതോസ്, റിന്യുവൽ ഇൻ പാരഡൈസ്, എ ടെൻത് സെഞ്ചുറി ചാർട്ടർ എന്ന പുസ്തകം എഴുതിയ ഡോ ഗ്രെഹം സ്പീക് ഇവിടെ പെൺമൃഗങ്ങൾക്കു പ്രവേശനം ഇല്ലെന്നു പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ പ്രവേശന നിക്ഷേധം എല്ലാവർക്കും അറിയാവുന്ന കാര്യം ആയതിനാൽ അക്കാര്യത്തിൽ കാര്യമായ പരാമർശം നടത്തിയിട്ടുമില്ല.

ഈ കടൽത്തീര മുനമ്പ് ഒന്നാകെ സന്യാസിമാർക്കുള്ള ആശ്രമമായി തീർന്നിരിക്കുകയാണ് എന്നാണ് ഇവിടെ എത്തുന്നവർക്ക് തോന്നുക. സന്യാസ ജീവിതത്തിന്റെ പവിത്രത നഷ്ടമാകാതിരിക്കാൻ വേണ്ടിയാകാം സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. മനുഷ്യ സഹജമായ വൈകാരിക ഇടപെടൽ അതിജീവിക്കാൻ സന്യാസ സമൂഹത്തിനും അത്ര എളുപ്പമല്ല എന്ന ആചാര്യന്മാരുടെ ദീർഘ വീക്ഷണമാകും ഇത്തരം ഒരു നിരോധനത്തിന് പിന്നിൽ എന്നും കരുതപ്പെടുന്നു.

അതേസമയം ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ഐതിഹ്യവും മൗണ്ട് എതോസുമായി ചുറ്റപ്പെട്ടു നിൽക്കുന്നു. കന്യാമറിയം സൈപ്രസിലേക്കു പലായനം ചെയ്യുമ്പോൾ മൗണ്ട് എതോസിൽ വിശ്രമിച്ചു എന്നാണ് ഐതിഹ്യം. ഈ സ്ഥലത്തിന്റെ വശ്യതയിൽ ഏറെ ആകൃഷ്ടയായ കന്യാമറിയം ഈ സ്ഥലം തന്റെ പുത്രന് വേണ്ടി മാത്രമായിരിക്കണം എന്നാഗ്രഹിച്ചു. ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നത് മാതാവിന്റെ പൂന്തോട്ടം എന്നാണ്. എന്നാൽ മനുഷ്യരിലും മൃഗങ്ങളിലും സ്ത്രീ ലിംഗത്തിനു നിരോധനം ഉള്ള ഇവിടെ പൂച്ചകൾക്ക് ഈ നിയമം ബാധമാകമല്ല. ആണും പെണ്ണുമായി അനേകം പൂച്ചകൾ മൗണ്ട് എതോസിൽ അനേകമുണ്ട്. ഈ നിരോധനം നിലനിൽക്കുന്നതിനാൽ പാലും മുട്ടയും ഒക്കെ പുറത്തു നിന്നാണ് ആശ്രമത്തിൽ എത്തിക്കുന്നത്. പെണ്ണിൽ നിന്നാണ് പാലും മുട്ടയും ലഭിക്കുന്നത് എന്ന വിരോധാഭാസം മൗണ്ട് എതോസിൽ പ്രശ്നമാകുന്നില്ല.

എന്നാൽ പാൽ ഉൽപ്പന്നങ്ങളും മുട്ടയും വളരെ കുറച്ചു മാത്രമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നതും. സലാഡിൽ ചേർക്കാൻ അൽപം ചീസും ഈസ്റ്റർ സമയത്തു ഉപയോഗിക്കാൻ ചുവന്ന പെയിന്റ് തേച്ച മുട്ടയുമാണ് എത്തിക്കാറുള്ളത്. എന്നാൽ പർവ്വതത്തിനു ചുറ്റുമുള്ള കാട്ടിൽ യഥേഷ്ടം വന്യ മൃഗങ്ങൾ ഉള്ളതിൽ ആണും പെണ്ണും ധാരാളമാണ്. ഇവയെ നിയന്ത്രിക്കുക അപ്രായോഗികവും ആയതിനാൽ അക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ് മൗണ്ട് എതോസ് പരിചാരകർ. മുൻപ് ആൺകുട്ടികളെയും കാര്യമായി പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും അടുത്ത കാലത്തായി ഇക്കാര്യത്തിൽ കാര്യമായ മാറ്റമുണ്ട്. പുരുഷന്മാർ താടി വച്ചിരിക്കണം എന്ന നിബന്ധന വച്ചതു പോലും പെട്ടെന്നു തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ആൺകുട്ടികൾ മീശ മുളയ്ക്കാത്ത പ്രായത്തിൽ എത്തിയാൽ ആണാണോ പെണ്ണാണോ എന്ന് എളുപ്പം തിരിച്ചറിയാൻ കഴിയാത്തതിനാൽ ആണ് ഈ മുൻകരുതൽ എന്നും ഗ്രന്ഥകാരൻ ഗ്രിഹം പറയുന്നു.

എന്നാൽ ഇത്ര കർശനമായി നിയമം പാലിക്കപ്പെടുമ്പോഴും ചില സന്ദർഭങ്ങളിൽ ഇത് ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശബരിമലയിൽ സംഭവിക്കുന്നത് പോലെ ആക്ടിവിസ്റ്റുകളാണ് ഇതിനു പിന്നിൽ. മൗണ്ട് എതോസിൽ സ്ത്രീകൾ പ്രവേശിച്ചാൽ പിഴയും ഒരു വർഷം തടവും ലഭിക്കുമെന്ന് 1953ൽ ഗ്രീസ് സർക്കാർ നിയമം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പുരുഷ വേഷത്തിൽ എത്തിയ മരിയ പോയമെനിഡ് എന്ന വനിതാ എതോസിൽ എത്തിയത്. മാത്രമല്ല അവർ മൂന്നു ദിവസം എതോസിൽ ചുറ്റിക്കറങ്ങുകയും ചെയ്തു.

അടുത്തകാലത്ത് 2008ൽ മറ്റൊരു സ്ത്രീയും ആകസ്മികമായി എതോസിൽ എത്തിയിരുന്നു. ഉക്രൈൻ കൊള്ളക്കാരായ ഒരു കൂട്ടം ആളുകൾ മോൾഡോവിയൻ സ്ത്രീയെ മൗണ്ട് എതോസിൽ ഉപേക്ഷിച്ചത് പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും സന്യാസ സമൂഹം അവരോടു ക്ഷമിക്കുക ആയിരുന്നു. അറിവില്ലാതെ എത്തിയ സ്ത്രീ എന്ന നിലയ്ക്കായിരുന്നു ഇത്. പ്രതിവർഷം ഇവിടെ എത്തുന്ന നാൽപതിനായിരം സന്ദർശകരിൽ പാതിയും റഷ്യൻ സന്ദർശകരാണ്. ഇവർക്കായി 500 മുറികളിലാണ് താമസം ഒരുക്കുക.
സ്ത്രീ പ്രവേശനത്തിന് വിലക്കുള്ള ലോകത്തെ പ്രധാന കേന്ദ്രങ്ങൾ
ശബരിമല, ഇന്ത്യ - പ്രവേശന വിലക്ക് യുവതികൾക്ക്
ഓകിനോഷിമ, ജപ്പാൻ - പ്രവേശന വിലക്ക് സ്ത്രീകൾക്ക്
മൗണ്ട് ഓമിനെ, ജപ്പാൻ - പ്രവേശന വിലക്ക് സ്ത്രീകൾക്ക്
മൗണ്ട് എതോസ്, ഗ്രീസ് - പ്രവേശന വിലക്ക് സ്ത്രീകൾക്കും പെൺമൃഗങ്ങൾക്കും
ഹെർബെട്രെസ്, ഹാംബർഗ് - 18 വയസിൽ താഴെ ഉള്ളവർക്കും സ്ത്രീകൾക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP