Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി; ബിൽ പാസായത് ഏഴിനെതിരെ 165 വോട്ടിന്; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം പരാജയപ്പെട്ടു; സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സിപിഎം ഭേദഗതിയും തള്ളി; ബില്ലിനെ എതിർത്ത് മുസലീം ലീഗും ഡിഎംകെയും ആം ആദ്മി പാർട്ടിയും; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് എഐഡിഎംകെ; പ്രതിപക്ഷത്തിന്റ കള്ളത്തരങ്ങൾ വിലപ്പോയില്ലെന്നും ബിൽ സാധാരണക്കാരന് വേണ്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി; ബിൽ പാസായത് ഏഴിനെതിരെ 165 വോട്ടിന്; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം പരാജയപ്പെട്ടു; സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സിപിഎം ഭേദഗതിയും തള്ളി; ബില്ലിനെ എതിർത്ത് മുസലീം ലീഗും ഡിഎംകെയും ആം ആദ്മി പാർട്ടിയും; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് എഐഡിഎംകെ; പ്രതിപക്ഷത്തിന്റ കള്ളത്തരങ്ങൾ വിലപ്പോയില്ലെന്നും ബിൽ സാധാരണക്കാരന് വേണ്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായി. അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ പേർ എതിർത്ത് വോട്ട് ചെയ്തു.കഴിഞ്ഞ ദിവസംബിൽ ലോക്‌സഭയിലും പാസായിരുന്നു. ഇന്നലെ ലോക്‌സഭയിൽ 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗും ഒവൈസിയുടെ അസദുദ്ദീൻ ഒഒവൈസിയും എതിർത്തുവോട്ടുചെയ്തു.

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള 124-ാം ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കുകയായിരുന്നു.മുസ്ലിം ലീഗ്, ഡി.എം.കെ, ആം ആദ്മി പാർട്ടി എന്നിവരാണ് ബില്ലിനെ എതിർത്തു. അണ്ണാ ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.ജാതി,മതം, ലിംഗം, ജനന സ്ഥലം തുടങ്ങിയ വിവേചനങ്ങൾക്കെതിരായ ആർട്ടിക്കിൾ 15ലെ നാലാം ഉപവിഭാഗമായാണ് സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലാതാക്കാൻ സംരവണം നിർദ്ദേശിക്കുന്നത്. അഞ്ചാം ഉപവിഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള വ്യവസ്ഥയാണ് പുതിയതായി വരിക.

ബിൽ സെലക്ഷൻ കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 141 വോട്ടുകൾക്കാണ് തള്ളിയത്. ബിൽ സെലക്ഷൻ കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയാണ് ആദ്യം അവശ്യപ്പെട്ടത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.ലോക്‌സഭ ചൊവ്വാഴ്ച രാത്രിയാണ് ബിൽ പാസാക്കിയത്. ലോക്‌സഭയിൽ അണ്ണാ ഡിഎംകെ അംഗങ്ങൾ വോട്ടിംഗിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയിരുന്നു. കോൺഗ്രസ്, തൃണമൂൽ, സിപിഎം, എൻസിപി, സമാജ്വാദി, ബിജെഡി കക്ഷികൾ ബില്ലിനെ പിന്താങ്ങി. മൂന്നു പേർ എതിർത്തു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്.

ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തുന്നതാണു ബിൽ. സർക്കാർ ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനാണ് ബിൽ.രാവിലെ ചർച്ച ആരംഭിച്ചപ്പോൾ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനു മുൻപ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഇടത് കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ മേഖലയിലെ സംവരണവും ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ അംഗം ടി.കെ. രംഗരാജൻ നോട്ടീസ് നൽകിയിരുന്നു. സിപിഎമ്മിന്റെ ഈ ആവശ്യങ്ങൾ വോട്ടിനിട്ടു തള്ളുകയായിരുന്നു. വോട്ടെടുപ്പിൽ പിന്തുണയ്ക്കുമെന്ന് എസ്‌പിയും കോൺഗ്രസും സമ്മതിച്ചിട്ടുണ്ടെന്നും ഇടതു നേതാക്കൾ വ്യക്തമാക്കി.

സാമൂഹിക നീതിയുറപ്പാക്കുക ലക്ഷ്യം വച്ചുള്ള ബിൽ രാജ്യസഭ പാസാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രധാമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അനീതി അവസാനിക്കണം. അവസരങ്ങളിലെ സമത്വമാണ് നമുക്ക് വേണ്ടത്. ജനങ്ങളുടെ ആഗ്രഹത്തെ രാജ്യസഭ ബഹുമാനിക്കുമെന്നാണു കരുതുന്നത്. പ്രതിപക്ഷം കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ പറഞ്ഞു. 21ാം നൂറ്റാണ്ടിൽ മറ്റൊരു അംബേദ്കർ ജനിച്ചെന്ന് വിഷയത്തിൽ പ്രതികരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞിരുന്നു. സാമ്പത്തികമായി ദുർബലരായ ജനങ്ങൾക്കു വേണ്ടി അദ്ദേഹമാണു തീരുമാനമെടുത്തത്. പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. പാവപ്പെട്ടവന്റെ മകൻ പാവപ്പെട്ട ജനങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേർത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം പ്രഖ്യാപിച്ചത്. വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP