Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോയിങ് ചതിയിൽ ഏറ്റവുമധികം വെള്ളം കുടിക്കുന്നത് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ്; തിരിച്ചിറക്കി റദ്ദ് ചെയ്തത് 35 വിമാനങ്ങൾ; ഇന്ത്യൻ ബജറ്റ് എയർലൈൻ അമേരിക്കൻ ചതിയിൽ പെട്ടത് ഇങ്ങനെ; ജെറ്റ് എയർവേസ് രക്ഷപ്പെട്ടത് കാശ് മുടങ്ങിയതിനാൽ

ബോയിങ് ചതിയിൽ ഏറ്റവുമധികം വെള്ളം കുടിക്കുന്നത് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ്; തിരിച്ചിറക്കി റദ്ദ് ചെയ്തത് 35 വിമാനങ്ങൾ; ഇന്ത്യൻ ബജറ്റ് എയർലൈൻ അമേരിക്കൻ ചതിയിൽ പെട്ടത് ഇങ്ങനെ; ജെറ്റ് എയർവേസ് രക്ഷപ്പെട്ടത് കാശ് മുടങ്ങിയതിനാൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആകാശദുരന്തങ്ങൾക്ക് കാരണമായ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങൾ ഇന്ത്യൻ ആകാശത്ത് പറക്കുന്നത് വ്യോമയാന മന്ത്രാലയം നിരോധിച്ചതോടെ പണി കിട്ടിയത് സ്‌പൈസ് ജെറ്റിന്. ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിക്ക് വ്യാഴാഴ്ച ഒറ്റയടിക്ക് നിർത്തിവെക്കേണ്ടിവന്നത് 35 സർവീസുകളാണ്. ദിവസം 520-ഓളം സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റിന്റെ 35 സർവീസുകൾ പിൻവലിക്കേണ്ടിവന്നത് സർവീസുകൾ പുനക്രമീകരിക്കുന്നതിലും മറ്റും വലിയ വെല്ലുവിളിയാണ് ഉയർത്തിയതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പി.എസ്. ഖരോള പറഞ്ഞു.

737 മാക്‌സ് എട്ട് പറക്കുന്നതിന് വിലക്കേർപ്പെടുത്തിയതോടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചതും സ്‌പൈസ് ജെറ്റിനാണ്. ബോയിങ് 737 മാക്‌സ് എട്ട് വിഭാഗത്തിൽപ്പെട്ട 12 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനുള്ളത്. ജെറ്റ് എയർവേസിനും ഈ വിഭാഗത്തിൽപ്പെട്ട അഞ്ച് വിമാനങ്ങളുണ്ടെങ്കിലും നിരോധനം അവരെ കാര്യമായി ബാധിച്ചില്ല. ബോയിങ്ങിന് പണം കൊടുക്കാനുള്ളതുകൊണ്ട് വിമാനങ്ങൾ നിരോധനത്തിന് മുമ്പുതന്നെ അവർ നിലത്തിറക്കിയിരുന്നു.

ഞായറാഴ്ച അഡിസ് അബാബയിൽനിന്ന് നയ്‌റോബിയിലേക്ക് 157 പേരുമായി പറന്നുയർന്നയുടൻ എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നുവീണതോടെയാണ് ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സംശയങ്ങളുയർന്നത്. ഒക്ടോബറിൽ 189 പേരുടെ മരണത്തിനിടയാക്കിയ ഇന്തോനേഷ്യയിലെ ലയൺ എയർ വിമാനദുരന്തവും സമാന വിഭാഗത്തിൽപ്പെട്ട വിമാനം തകർന്നായിരുന്നു. ഇതോടെയാണ് ബോയിങ് വിമാനത്തിലെ തകരാറാണ് അപകടങ്ങൾക്ക് കാരണമായതെന്ന് വ്യക്തമായത്.

വിമാനങ്ങൾ നിലത്തിറക്കിയതോടെ ആഭ്യന്തര സെക്ടറിൽ ഇന്ന് വൻതോതിലുള്ള പ്രതിസന്ധി ഉടലെടുക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ പറയുന്നു. മറ്റു വിമാനങ്ങളുപയോഗിച്ചും സർവീസുകൾ വഴിതിരിച്ചുവിട്ടും ഷെഡ്യൂളുകൾ ക്രമീകരിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ നിർത്തിവെച്ചതോടെ, വിമാനയാത്രാക്കൂലിയിലും വലിയ മാറ്റം വന്നതായി സൂചനയുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങൾ നിലത്തിറക്കണമെന്നാണ് ഡിജിസിഎ നൽകിയ നിർദ്ദേശം. ഉച്ചയ്ക്ക് 2.30-ഓടെ ഇന്ത്യൻ ആഭ്യന്തര സെക്ടറിൽ പറന്നുകൊണ്ടിരുന്ന എല്ലാ ബോയിങ് മാക്‌സ് വിമാനങ്ങളും നിലത്തിറക്കി. 12 വിമാനങ്ങൾ നിലത്തിറക്കിയതോടെ സർവീസിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിന് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP