Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയം കഴിഞ്ഞ് കൊല്ലം ഒന്നായിട്ടും പതിനായിരം രൂപ ലഭിക്കാതെ 54,900 പേർ; തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നവ വേറെയും; അതൊന്നും നടന്നില്ലെങ്കിലും ദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ പോകുന്നത് വേറെ വഴിക്ക്; എഴുപത് ലക്ഷം രൂപ മുടക്കി 'ജനകീയം അതിജീവനം' പ്രചാരണ ധൂർത്തുമായി പിണറായി സർക്കാർ; ദുരന്തനിവാരണം ദുരന്തമാകുന്നത് ഇങ്ങനെ

പ്രളയം കഴിഞ്ഞ് കൊല്ലം ഒന്നായിട്ടും പതിനായിരം രൂപ ലഭിക്കാതെ 54,900 പേർ; തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നവ വേറെയും; അതൊന്നും നടന്നില്ലെങ്കിലും ദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ പോകുന്നത് വേറെ വഴിക്ക്; എഴുപത് ലക്ഷം രൂപ മുടക്കി 'ജനകീയം അതിജീവനം' പ്രചാരണ ധൂർത്തുമായി പിണറായി സർക്കാർ; ദുരന്തനിവാരണം ദുരന്തമാകുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം:സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നും എഴുപത് ലക്ഷം രൂപ മുടക്കി പ്രചാരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നു. 'ജനകീയം അതിജീവനം' എന്ന സർക്കാർ പ്രചാരണ പരിപാടിയാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള പണം എടുത്ത് നടത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് 'ജനകീയം അതിജീവനം' പദ്ധതിയുടെ പേരിൽ ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്ലാൻ ഫണ്ട് എടുത്തുള്ള ധൂർത്ത് നടക്കുന്നത്.

സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള പ്രചാരണ പരിപാടിയാണ് 'ജനകീയം അതിജീവനം'. ജൂലായ് ഇരുപതിനാണ് വിവിധ ജില്ലകളിലെ ഈ പരിപാടി നടക്കുന്നത്. ഒരു ജില്ലയ്ക്ക് അഞ്ചുലക്ഷം രൂപ വീതം നൽകി സംസ്ഥാന തലത്തിലാണ് ജനകീയം അതിജീവനം നടത്തുന്നത്. ദുരന്ത നിവാരണത്തിന് വേണ്ടി അടിയന്തിര ഘട്ടങ്ങളിൽ എടുത്തുപയോഗിക്കാനുള്ള ഫണ്ട് എടുത്താണ് ഈ പ്രചാരണ പരിപാടി സർക്കാർ നടത്തുന്നത്. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അവരുടെ ഫണ്ട് മുടക്കി നടത്തേണ്ട പരിപാടിയാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നും പണം എടുത്ത് നടത്തുന്നത്. പരിപാടിയുടെ തൽസമയ സംപ്രേഷണം കലക്ടറുടെ ഫേസ്‌ബുക് പേജിൽ നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള ഫണ്ട് ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും എടുക്കുമ്പോൾ പരസ്യം നൽകാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.

പ്രളയത്തിന്റെ പേരിൽ കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിവന്നെങ്കിലും ദുരിതത്തിനു ഇരയായ ആളുകൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിൽ തന്നെയാണ് ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ പ്രചാരണ പരിപാടി നടത്തുന്നത്. പ്രളയാനന്തര ആശ്വാസമായ പതിനായിരം രൂപയുടെ അടിയന്തര സഹായധനം ഒരുവർഷമായിട്ടും കിട്ടാതെ 54,900 പേർ കേരളത്തിലുണ്ട്. 2019 മാർച്ച് 31 വരെ നൽകിയ അപേക്ഷകളിലാണ് ഇനിയും തീർപ്പ് വരാനുള്ളത്. അത് പരിഹരിക്കാൻ ഇതുവരെ നടപടികളും വന്നിട്ടില്ല. പ്രളയത്തിന് ശേഷം രൂപീകരിച്ച റീബിൽഡ് കേരള പദ്ധതി പരാജയമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ട് പ്രതിപക്ഷത്തുനിന്നും വി ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പക്ഷെ പ്രചാരണ പരിപാടികൾ മുറപോലെ തന്നെ നടക്കാൻ പോവുകയാണ്.

ദുരന്ത നിവാരണം റവന്യൂ വകുപ്പിന്റെ കയ്യിലാണ്. പക്ഷെ സർക്കാർ ഉത്തരവ് ഇറങ്ങിയതിനാൽ ഫണ്ട് റവന്യൂ വകുപ്പിന്റെ കീഴിലുള്ള ദുരന്തനിവാരണ അഥോറിറ്റി തന്നെ നൽകേണ്ടതായി വരും. ഉത്തരവ് ഇറങ്ങിയിട്ടും ഇതറിയാത്ത മട്ടിലാണ് റവന്യൂ വകുപ്പിന്റെ നീക്കം. ഇങ്ങിനെ ഒരുത്തരവ് ഇറങ്ങിയതായി അറിഞ്ഞു. പക്ഷെ കൂടുതൽ കാര്യങ്ങൾ അറിയില്ല. ഉത്തരവ് കയ്യിൽ കിട്ടിയിട്ട് ബാക്കി കാര്യം പറയാം-റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കേന്ദ്രസർക്കാർ വായ്പാപരിധി വെട്ടിക്കുറച്ചതിനു പിന്നാലെ, സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും പോലും പണമില്ലാത്ത അവസ്ഥയാണ്. അപ്പോഴാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് സർക്കാർ പ്രചാരണ പരിപാടി നടത്തുന്നത്.

സംസ്ഥാനത്തിന്റെ നിത്യച്ചെലവുകൾ പോലും നടന്നുവരുന്നത് പൊതുവിപണിയിൽനിന്നുള്ള വായ്പകളെ ആശ്രയിച്ചാണ്. ഈ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ 6000 കോടി അർഹതയുണ്ടായിരുന്നത് നാലായിരം കോടിയായാണ് കേന്ദ്രം കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിട്ടുണ്ട്. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും.

 

ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള അധികച്ചെലവ് സർക്കാർ അഭിമുഖീകരിക്കുമ്പോഴാണു കേന്ദ്രത്തിന്റെ നടപടി വെള്ളിടിയാകുന്നത്. വരുമാനത്തിലെ ഇടിവ് മറികടക്കാനുള്ള പദ്ധതികൾ ധനമന്ത്രി ധവളപത്രത്തിൽ പ്രഖ്യാപിച്ചെങ്കിലും നികുതിക്കുടിശിക പിരിച്ചെടുക്കാനോ വരുമാനം വർധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. റവന്യൂ ചെലവ് 16 ശതമാനമായി തുടരുമ്പോൾ, വരവ് 10 ശതമാനമായി കുറയുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ പണമെടുത്ത് പ്രചാരണ പരിപാടി നടത്താനുള്ള സർക്കാർ നീക്കവും വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP