Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാരിക്കേഡുകൾ മുഴുവൻ നീക്കി; സഞ്ചാര നിയന്ത്രണത്തിൽ ഇളവ് കിട്ടിയതോടെ ആളുകളും റോഡിൽ സജീവം; സ്‌കൂളിലും ഓഫീസിലും ഹാജർ ഉയരുന്നു; നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെ; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കാശ്മീരി പണ്ഡിറ്റുകളും; മനുഷ്യാവകാശ ലംഘനമുണ്ടെന്ന ആരോപണവും സജീവം; നിയന്ത്രണങ്ങൾ നീക്കുമ്പോഴും താഴ് വരയിൽ ശാന്തതയെന്ന് സൈന്യം

ബാരിക്കേഡുകൾ മുഴുവൻ നീക്കി; സഞ്ചാര നിയന്ത്രണത്തിൽ ഇളവ് കിട്ടിയതോടെ ആളുകളും റോഡിൽ സജീവം; സ്‌കൂളിലും ഓഫീസിലും ഹാജർ ഉയരുന്നു; നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെ; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കാശ്മീരി പണ്ഡിറ്റുകളും; മനുഷ്യാവകാശ ലംഘനമുണ്ടെന്ന ആരോപണവും സജീവം; നിയന്ത്രണങ്ങൾ നീക്കുമ്പോഴും താഴ് വരയിൽ ശാന്തതയെന്ന് സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കാശ്മീരിൽ കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയം. കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും റോഡുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ സുരക്ഷാസേന നീക്കം ചെയ്തു. ഇതിന് ശേഷവും താഴ്‌വരയിൽ സ്ഥിതി സമാധാനപരമാണെന്നും അനിഷ്ട സംഭവങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. ഇത് കേന്ദ്ര സർക്കാരിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. സഞ്ചാര നിയന്ത്രണത്തിൽ ഇളവുകൾ ലഭിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങുകയും ഗതാഗതം വർധിക്കുയും ചെയ്തിട്ടുണ്ട്. എന്നാൽ കടകൾ ഇനിയും തുറന്നിട്ടില്ല. തുടർച്ചയായ 18 ാം ദിവസവും ഇന്റ്ർനെറ്റ്, മൊബൈൽ ഫോൺ വിലക്കു തുടരുന്നു. അതേ സമയം, മുന്മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരടക്കം തടവിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയനേതാക്കളുടെ മോചനം നീളാനാണു സാധ്യത. ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗെസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്.

മുന്മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു. റോഡുകൾ തുറന്നെങ്കിലും ബസുകൾ ഓടിത്തുടങ്ങിയിട്ടില്ല. ചിലയിടങ്ങളിലും ടാക്സി കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെയും സ്‌കൂളുകളിൽ അദ്ധ്യാപകരുടെയും ഹാജർ മെച്ചപ്പെട്ടു. കുട്ടികൾ കുറവാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണു പ്രാഥമിക വിദ്യാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവിട്ടത്. ഈ മാസം 5നുശേഷം കശ്മീർ താഴ്‌വരയിൽ കടകൾ തുറന്നിട്ടില്ല.

അതിനിടെ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്തുണച്ച് കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ പാനൂൺ കശ്മീർ രംഗത്തെത്തി. 700 പ്രമുഖർ പ്രസ്താവനയിൽ ഒപ്പുവച്ചു. കശ്മീരി പണ്ഡിറ്റുകൾ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. അതിനിടെ കശ്മീരിൽ സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ് അറിയിച്ചു. കരസേന അന്വേഷണത്തിന് ഉത്തരവിട്ടാൽ തെളിവുകൾ ഹാജരാക്കാമെന്നും അവർ വ്യക്തമാക്കി. കണ്ണിൽ കണ്ടവരെയെല്ലാം കസ്റ്റഡിയിലെടുത്തും വീടുകളിൽ റെയ്ഡ് നടത്തിയും ജനങ്ങളെ പീഡിപ്പിച്ചും സൈന്യം കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന് കഴിഞ്ഞ് 18 നാണ് ഷെഹ്ല പറഞ്ഞത്. ആരോപണങ്ങൾ നിഷേധിച്ച സൈന്യം, തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചനടത്താൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. യു.എസ്. മാധ്യമമായ ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. ''ഇന്ത്യയോട് സംസാരിക്കുന്നതിൽ അർഥമില്ല. എല്ലാതരത്തിലുമുള്ള ചർച്ചകളും ഞാൻ നടത്തിക്കഴിഞ്ഞു. ദൗർഭാഗ്യവശാൽ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സമാധാനത്തിനും ചർച്ചയ്ക്കുമായി ഞാൻ തുടങ്ങിവെച്ച ശ്രമങ്ങൾ അവർ തമാശയായാണ് എടുത്തതെന്നു തോന്നുന്നു. ഇതിൽക്കൂടുതൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല'' -ഇമ്രാൻ അഭിമുഖത്തിൽ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും തർക്കം ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നും അന്താരാഷ്ട്രസമൂഹം ഒന്നിച്ചാവശ്യപ്പെടുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മധ്യസ്ഥത വഹിക്കാമെന്ന് ഒട്ടേറെ രാജ്യങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യ അതംഗീകരിച്ചാൽമാത്രമേ കശ്മീർ വിഷയത്തിൽ പുരോഗതിയുണ്ടാകൂവെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. ഇന്ത്യ സമ്മതംമൂളുന്നതുവരെ പാക്കിസ്ഥാന് ഒന്നുംചെയ്യാനാവില്ലെന്നും പാക് വിദേശമന്ത്രാലയവക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. മധ്യസ്ഥത വഹിക്കാൻ താത്പര്യമുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വീണ്ടും ആവർത്തിച്ചിരുന്നു. ഇതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP