ബോണസ് വൈകിയപ്പോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത് ഓണം വിത്ത് എംഡി ഹാഷ്ടാഗ്; പ്രതിഷേധം ഭയന്ന് സുരക്ഷ ഭീഷണിയെന്ന് വ്യാജ പരാതി നൽകി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്; പേരൂർക്കട എസ്ഐക്ക് പരാതി നൽകിയത് മുത്തൂറ്റ് വിജിലൻസ് വൈസ് പ്രസിഡന്റും റിട്ടയേഡ് എഐജിയുമായ വേണുഗോപാൽ; ജീവനക്കാരെ ചൊൽപ്പടിക്ക് നിർത്താൻ വിരമിക്കുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കുന്നതും പതിവ് പരിപാടി; ഇല്ലാത്ത പ്രതിഷേധത്തിന്റെ പേരിൽ എന്തിന് പരാതിയെന്ന് ചോദിച്ച് ജീവനക്കാരും
September 12, 2019 | 07:35 PM IST | Permalink

എം മനോജ് കുമാർ
തിരുവനന്തപുരം: ഇല്ലാത്ത പ്രതിഷേധത്തിന്റെ പേരിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പേരിൽ പൊലീസിൽ കള്ളപ്പരാതി. കടുത്ത തൊഴിൽ പ്രശ്നങ്ങൾ കാരണം മുത്തൂറ്റ് ജോർജ് ഗ്രൂപ്പ് പ്രതിസന്ധിയിൽ കുടുങ്ങി നിലകൊള്ളൂമ്പോഴാണ് തൊഴിൽ പ്രശ്നങ്ങളുടെ പേരിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പരാതിയും പൊലീസിൽ എത്തുന്നത്. ബോണസ് പ്രശ്നങ്ങളുടെ പേരിൽ ചില ജീവനക്കാർ മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎംഡി തോമസ് ജോൺ മുത്തൂറ്റിന്റെ കുറവൻകോണത്തുള്ള വസതിക്ക് മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പക്ഷെ ആരും ഒരു പ്രശ്നവും സൃഷ്ടിക്കാത്ത സമയത്ത് തന്നെയാണ് ഈ പരാതി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പൊലീസിൽ നൽകിയത്.
ഓണത്തിനു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ജീവനക്കാർക്ക് ബോണസ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാർ ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. ഒരു പ്രശ്നവും ഇല്ലാത്ത സമയത്ത് എന്തിനാണ് ഇങ്ങിനെ ഒരു പരാതി എന്നാണ് ജീവനക്കാർ തന്നെ സ്വയം ചോദിക്കുന്നത്. ഓണത്തിനു ബോണസ് വൈകിയപ്പോൾ ഓണം ചില ജീവനക്കാർ ഓണം വിത്ത് എംഡി എന്ന പേരിൽ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഓണം വിത്ത് എംഡി എന്ന സ്റ്റാറ്റസ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽ ഭീതി വിതച്ചു. മുത്തൂറ്റ് ജോർജ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ തങ്ങളിലെക്കും പടരുമോ എന്ന ഭയം ഇവരിൽ പടർന്നു. ഈ ഭീതിയാണ് കള്ളപരാതിക്ക് പിന്നിൽ എന്നാണു അറിയുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാർക്ക് ബോണസ് നൽകി. ചിലർക്ക് നൽകിയിട്ടുമില്ല. ഇവർ പ്രശ്നമുണ്ടാക്കിയേക്കും എന്ന സൂചനയാണ് സ്റ്റാറ്റസിൽ ഗ്രൂപ്പ് കണ്ടത്. പക്ഷെ ആരും ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. ഓണം സമാധാനപരമായി കടന്നുപോവുകയും ചെയ്തു.
ഓണത്തിനു ജീവനക്കാർക്ക് ബോണസ് നൽകി. എന്നാൽ ബോണസ് പോരാ എന്ന് പറഞ്ഞു ചില ജീവനക്കാർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊലീസ് സംരക്ഷണം വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഇത് തീർത്തും കൃത്രിമയായ ഒരു പരാതിയാണ്. ബോണസ് ഇതുപോരാ എന്ന് മുത്തൂറ്റിലെ ഒരു ജീവനക്കാരനും പറഞ്ഞിട്ടില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ആരും സ്ഥാപനത്തിലെ അധിപന്മാരെ സമീപിച്ചിട്ടില്ല. അതുകൊണ്ട് കാമ്പില്ലാത്ത പരാതിയാണ് ഇവർ പൊലീസിൽ നൽകിയിരിക്കുന്നത്. ചില ജീവനക്കാർക്ക് ബോണസ് നൽകിയിട്ടില്ല. പക്ഷെ അത് പരാതിയിൽ പറഞ്ഞിട്ടില്ല. അതിനു പകരമാണ് ബോണസ് പോരാ എന്ന് പറഞ്ഞു ചിലർ പ്രശ്നമുണ്ടാക്കും എന്ന് പറഞ്ഞു കള്ളപ്പരാതിയുമായി പൊലീസിൽ എത്തിയത്.
ജീവനക്കാർ പ്രശ്നമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയപ്പോൾ ഈ പരാതിയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്വീകരിക്കുന്ന തന്ത്രവും പരാതിയോടൊപ്പം തന്നെ സംസാരവിഷയവുമായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎംഡി തോമസ് ജോൺ മുത്തൂറ്റിന്റെ വസതിക്ക് പൊലീസ് സംരക്ഷണം വേണം എന്നുള്ള ആവശ്യമുള്ള പരാതി പൊലീസിൽ നൽകിയിരിക്കുന്നത് മുത്തൂറ്റ് വിജിലൻസ് വിംഗിൽ അസോസിയേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എ.കെ.വേണുഗോപാലാണ്. ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് നിന്ന് എഐജിയായി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. പരാതി നൽകിയപ്പോൾ തന്നെ ഇദ്ദേഹം തന്റെ പൊസിഷൻ കൂടി പരാതിയിൽ വലുതായി കാണിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എന്നാണ് പരാതിയിൽ തന്റെ പോസ്റ്റ് ആയി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനൊപ്പം റിട്ടയേർഡ് എന്ന് കൂടി ചേർത്തിട്ടുണ്ട്. റിട്ടയേർഡ് എന്നത് ആദ്യം കാണുന്നില്ല. പോസ്റ്റിനു ഒടുവിലാണ് കാണിച്ചിരിക്കുന്നത്. ഒരു എഐജി റാങ്കിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ പൊലീസ് എസ്ഐയ്ക്ക് പരാതി നൽകുമ്പോൾ ഉടൻ നടപടി വരും എന്ന് മുത്തൂറ്റിനു ഉറപ്പ്. അതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥനെക്കൊണ്ട് മുത്തൂറ്റ് പരാതി നൽകുന്നത് എന്നാണ് പരാതിയ്ക്കൊപ്പം ഉയരുന്ന ആക്ഷേപം.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഈ രീതികൾക്കെതിരെയാണ് മുത്തൂറ്റ് ജീവനക്കാരിൽ നിന്നും രോഷം ഉയരുന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ ഉയർന്ന പോസ്റ്റുകളിൽ നിയമിക്കുക. ഇതിൽ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടാകും. ലേബർ ഡിപ്പാർട്ട്മെന്റിന്ലെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരെ വച്ച് എല്ലാ നിയമലംഘനങ്ങളും മുത്തൂറ്റിൽ യഥേഷ്ടം നടക്കുന്നു. ഈ പരാതിയുടെ വെളിച്ചത്തിൽ മുത്തൂറ്റ് ജീവനക്കാരിൽ നിന്നും ഉയരുന്ന ആക്ഷേപം കൂടിയാണിത്. ഇത് സർക്കാർ ഗൗരവകരമായി കാണണം എന്നാണ് മുത്തൂറ്റ് ജീവനക്കാർ ആവശ്യപ്പെടുന്നത്.